മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങൾക്ക് തിരിച്ചടിനൽകി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സർക്കാർ ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ഗവർണ്ണർ പറഞ്ഞു. കണ്ണൂരില്‍ വച്ച് 3 വര്‍ഷം മുമ്പ് തനിക്ക് നേരെ ഉണ്ടായ വധശ്രമത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. ആരാണ് പൊലീസിനെ ഇതില്‍ നിന്ന് തടഞ്ഞത് എന്ന് ഗവർണ്ണർ ചോദിച്ചു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ളത് ആര്‍ക്കാണ് എന്നും അദ്ദേഹം ചോദിച്ചു.
8 ചീറ്റപ്പുലികളുമായി നമീബിയയില്‍ നിന്നും പുറപ്പെട്ട ള്ള പ്രത്യേക വിമാനം ഇന്നലെ ഗ്വാളിയാർ വിമാനത്താവളത്തിലെത്തി. മധ്യപ്രദേശിലെ കുനോ നാഷണല്‍ പാർക്കിലേക്ക് കൊണ്ടുവരുന്ന ചീറ്റപ്പുലികളെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുറന്നുവിടുന്നത്. ഒരുമാസത്തെ ക്വാറന്റീനായി അവയെ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പാർപ്പിക്കും. തുടർന്ന് ചീറ്റകളെ കുനോ നാഷണല്‍ പാർക്കിലേക്ക് സ്വൈര്യ വിഹാരത്തിന് വിടും. 1952 ലാണ് രാജ്യത്ത് ചീറ്റപുലികൾക്ക് വംശനാശം വന്നതായി പ്രഖ്യാപിക്കുന്നത്.
പരസ്യവിമര്‍ശനത്തിന്റെ പേരില്‍ മുസ്ലിം ലീഗിൽ പൊട്ടിത്തെറി ഉണ്ടാകില്ല എന്ന് എം കെ മുനീര്‍ എം എല്‍ എ. കെ എം ഷാജി കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാളാണ്. ഷാജിയുടെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രമാണ് പുറത്തു വന്നത് എന്ന് മുനീർ പറഞ്ഞു. ലീഗ്എന്ന വട വൃക്ഷത്തിൽ കയറി കസർത്തു നടത്തുന്നവർ വീണാൽ അവർക്കു പരിക്കേൾക്കുമെന്ന് , കെ എം ഷാജിയുടെ പ്രസ്താവനക്കുറിച്ച് യൂത്ത് ലീഗ് നേതാവ് ഫിറോസ് പറഞ്ഞിരുന്നു. എന്നാൽ ഈ പരാമർശം ഫിറോസ് ഉൾപ്പെടെ എല്ലാവർക്കും ബാധകമാണെന്ന് മുനീര്‍ പറഞ്ഞു.
ഓണക്കാലം കഴിഞ്ഞപ്പോൾ സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ വർധനവ് എന്ന് ആരോഗ്യ വകുപ്പ് . സെപ്തംബർ മാസം തുടക്കത്തിലുണ്ടായിരുന്നതിന്റെ ഇരട്ടിയായാണ് കൊവിഡ് കേസുകൾ ഇപ്പോൾ . സംസ്ഥാനത്ത് കഴിഞ്ഞ മാസം 1238 കൊവിഡ് കേസുകൾ ഉണ്ടായിരുന്നത് ഓണാഘോഷത്തിൻറെ തിരക്കുകൾ കഴിഞ്ഞപ്പോൾ 1800 ആയി ഉയർന്നു. കൊവിഡ് എന്ന പകർച്ചവ്യാധിയുടെ അവസാനമടുത്തതായി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ രാജ്യങ്ങൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാറായിട്ടില്ലെന്നും ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം പറഞ്ഞു
വയനാട് തരുവണയിലെ മുഫീദയുടെ മരണത്തിൽ ഒരാൾ അറസ്റ്റിൽ. മരണമടഞ്ഞ മുഫീദയുടെ ഭർത്താവ് ഹമീദിൻ്റെ ആദ്യഭാര്യയിലെ മകൻ ജാബിറിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഭർത്താവിൻ്റെ ബന്ധുക്കളും മക്കളും വിവാഹമോചനം ആവശ്യപ്പെട്ട് നടത്തിയ ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പരാതി. 3 പേരടങ്ങിയ സംഘം ഭീഷണിപ്പെടുത്തുന്നതിനിടെ മണ്ണെണ ഒഴിച്ച് മുഫീദ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇവർ തടയാൻ ശ്രമിക്കാതെ തീയാളുന്നത് കണ്ട് നിൽക്കുകയായിരുന്നുവെന്ന് മുഫീദയുടെ മകൻ പറയുന്നു.
കോട്ടയത്ത് വീട്ടിനുള്ളില്‍ അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി. മറിയപ്പള്ളി മുട്ടം സ്വദേശികളായ രാജമ്മ (85), സുഭാഷ് (55) എന്നിവരുടെ മൃതദേഹമാണ് വീടിനുള്ളിൽ കണ്ടെത്തിയത്. രോഗബാധിതയായിരുന്ന രാജമ്മ അവരുടെ കിടപ്പുമുറിയിൽ അനക്കമില്ലാതെ കിടക്കുന്നത് കണ്ട ഇളയമകൻ മധു മൂത്ത മകൻ സുഭാഷിനെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സുഭാഷും മുറിയിൽ അനക്കമില്ലാതെ കിടക്കുന്നു എന്നാണ് മധു പറഞ്ഞത് . തുടർന്ന് പോലീസിൽ അറിയിക്കുകയും പോലീസ് നടത്തിയ പരിശോധനയിൽ രണ്ടുപേരും മരണപ്പെട്ടതായി കണ്ടെത്തി.മരണകാരണം വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടം നടത്തും.