നിയമസഭയിലെ പോര്‍വിളിക്കും ഏറ്റുമുട്ടലിനുമിടെ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിലെ അടിയന്തര പ്രമേയ ചര്‍ച്ച മുങ്ങിപ്പോയി. സഭ നിര്‍ത്തിവച്ച് ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും പ്രതിപക്ഷം പ്രതിഷേധങ്ങൾക്ക് കൂടുതൽ ശ്രദ്ധ കൊടുത്തതോടെ സഭ പിരിയാൻ സ്പീക്കർ തീരുമാനിച്ചു . പ്രതിപക്ഷം ഒളിച്ചോടിയെന്ന പ്രചാരണം ഉയർത്തി വിവാദങ്ങളെ നേരിടാനാണ് എൽഡിഎഫ് തീരുമാനം.
പ്രതിപക്ഷം നിയമസഭയിൽ ജനാധിപത്യ ബോധത്തെ വെല്ലുവിളിച്ചു, സത്യത്തിന് നിരക്കാത്ത ആക്ഷേപങ്ങളുമായി സർക്കാരിനെതിരെ നിലപാടെടുത്തുവെന്നും എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണൻ . പ്രതിപക്ഷം മുഖ്യമന്ത്രിയെ അഴിമതിക്കാരനാക്കി. ഇതിന് നേതൃത്വം നല്‍കുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്നും ടിപി രാമകൃഷ്ണൻ ആരോപിച്ചു.ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉണ്ടാക്കിയ പ്രശ്നങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ് എന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. അടിയന്തര പ്രമേയത്തിന് സമയം നിശ്ചയിച്ച ശേഷം അതിന് മുന്‍പായി സഭാനടപടികള്‍ വേഗത്തില്‍ തീര്‍ത്ത് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞ് നാളെ ചേരുമെന്ന് പ്രഖ്യാപിച്ച് സ്പീക്കർ ഒളിച്ചോടിയെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
കേരളത്തിലെ ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവിനുള്ള അവാര്‍ഡ് നല്‍കാൻ തീരുമാനിച്ചാൽ അതിന് ഏറ്റവും അര്‍ഹൻ വിഡി സതീശനാണെന്ന് മുഹമ്മദ് റിയാസ് പരിഹസിച്ചു. മലപ്പുറം ജില്ലയെക്കുറിച്ച് നിയമസഭയിൽ അടിയന്തര പ്രമേയത്തിൽ ചർച്ച നടത്താൻ തീരുമാനിച്ചപ്പോൾ പ്രതിപക്ഷ നേതാവ് ഓടി ഒളിച്ചു. ചർച്ച നടന്നാൽ പ്രതിപക്ഷ നേതാവിനെ സ്‌ട്രെചറിൽ കൊണ്ട് പോകേണ്ടി വരുമായിരുന്നുവെന്നും റിയാസ് പറഞ്ഞു.
നിയമസഭയിലെ ഭരണ പ്രതിപക്ഷ പോര് വെറും പ്രഹസനമാണെന്ന് കെ.സുരേന്ദ്രൻ.പ്രതിപക്ഷ നേതാവ് വിഡി സതീശൻ ശ്രമിക്കുന്നത് മുഖ്യമന്ത്രിയേയും സർക്കാരിനെയും രക്ഷിക്കാനാണ്.എഡിജിപിയെ പിണറായി വിജയൻ രക്ഷപ്പെടുത്തുകയാണ് ചെയ്തത്. ഒരു കാലിലെ മന്ത് മറ്റൊരു കാലിലേക്ക് മാറ്റുകയാണ് മുഖ്യമന്ത്രി ചെയ്തത്.എഡിജിപിയെ പുറത്താക്കിയാൽ മുഖ്യമന്ത്രിയുടെ പല കാര്യങ്ങളും പുറത്താകുമെന്ന് അദ്ദേഹം ഭയക്കുന്നുണ്ട് എന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്നു മാറ്റിയത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് രമേശ് ചെന്നിത്തല.എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്നു മാറ്റിയത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് രമേശ് ചെന്നിത്തല.സിപിഐക്കാരെ സമാധാനിപ്പിക്കാന്‍ മാത്രം ചെയ്തതാണിതെന്നും രമേശ് ചെന്നിത്തല കൂട്ടിചേർത്തു.
ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് കഴിഞ്ഞ ദിവസം പിടികൂടിയ കൂപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളായ നടി പ്രയാഗ മാർട്ടിന്റെയും നടൻ ശ്രീനാഥ് ഭാസിയുടെയും പേരുകൾ. ഇവർ ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്. ഇവർക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയിട്ടുണ്ട് എന്നും പറയപ്പെടുന്നു.
ഓം പ്രകാശിനെതിരായ ലഹരിക്കേസിൽ എളമക്കര സ്വദേശി പൊലീസ് കസ്റ്റഡിയിൽ. ബിനു ജോസഫ് ആണ് പിടിയിലായത്. എറണാകുളം സൗത്ത് പൊലീസ് പിടികൂടിയ ബിനുവിനെ മരട് പൊലീസിന് കൈമാറിയിട്ടുണ്ട്. ഇയാൾ സിനിമ താരങ്ങളെ ഓം പ്രകാശിന്റെ മുറിയിൽ എത്തിച്ചെന്നാണ് സംശയം. കേസിൽ യുവതാരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഓം പ്രകാശിന്റെ മുറിയിൽ ഉണ്ടായിരുന്നു എന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്.
കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽനിന്ന് മയക്കുമരുന്ന് പിടിച്ച സംഭവത്തിൽ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള എല്ലാവരെയും ചോദ്യംചെയ്യുമെന്ന് കൊച്ചി ഡി.സി.പി. കെ.എസ്.സുദർശൻ. ചലച്ചിത്ര താരങ്ങളായ പ്രയാഗ മാർട്ടിൻ, ശ്രീനാഥ് ഭാസി എന്നിവർ ഉൾപ്പെടെ ഇരുപതോളം പേർ ഇവരെ ഹോട്ടലിൽ സന്ദർശിച്ചതായാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം ഒരു മേഖലയേത്തന്നെ അപ്പാടെ തളര്‍ത്തിക്കളഞ്ഞ അവസ്ഥയിലേക്കെത്തിച്ചെന്ന് പ്രശസ്ത ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി.ഇത് സംബന്ധിച്ച് കര്‍ശനമായ അന്വേഷണം ആവശ്യമാണെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വിജയി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടൻ തന്നെയെന്ന് അപ്പീൽ ജൂറി കമ്മിറ്റി. വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് കമ്മിറ്റി അറിയിച്ചു. 0.005 മൈക്രോ സെക്കൻ്റിൻ്റെ വ്യത്യാസത്തിലാണ് കാരിച്ചാൽ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലേയും പരിസര പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക നിവാരണത്തിനായി ‘ഓപ്പറേഷൻ പ്രവാഹി’ന്‍റെ രണ്ടാം ഘട്ടത്തിന് സിയാൽ തുടക്കമിട്ടു. ചൊവ്വര, പുളിയാമ്പള്ളി, മഠത്തിൽമൂല എന്നിവിടങ്ങളിലായി മൂന്ന് പുതിയ പാലങ്ങൾ നിർമിക്കും. ചെങ്ങൽത്തോട്ടിൽ റഗുലേറ്റർ കം ബ്രിഡ്ജും നിർമിക്കും. 80 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത് .
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത.ശക്തമായ മഴയ്‍ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട് എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു .ശക്തമായ മഴയ്‍ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
കോഴിക്കോട് മുക്കത്ത് സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേർ പിടിയിൽ . ഒരു അസം സ്വദേശിയും അരീക്കോട് സ്വദേശികളായ രണ്ട് പേരുമാണ് പിടിയിലായത്. കൂടുതൽ പേർ പീഡിപ്പിച്ചിട്ടുണ്ടെന്ന പെൺകുട്ടിയുടെ മൊഴിയിൽ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊല്ലം പുനലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം. പുനലൂരിൽ നിന്നും കായംകുളത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസിലാണ് തീപിടിത്തമുണ്ടായത്. കൂടുതല്‍ പരിശോധനയ്ക്കുശേഷമെ കാരണം വ്യക്തമാകുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു.സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും കെഎസ്ആർടിസിയും അന്വേഷണം തുടങ്ങി.
മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. ദില്ലിയിലെ സാകേത് മാക്സ് ആശുപത്രിയിലെ നഴ്‌സ് സിബി വിനീതാണ് മരിച്ചത്. മുറിയിൽ സീലിങിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അമേരിക്കൻ കപ്പലിൽ നിന്നും കാസർകോട് സ്വദേശിയായ ജീവനക്കാരൻ ആൽബർട്ട് ആന്റണിയെ കാണാതായിട്ട് മൂന്ന് ദിവസം. ചൈനയില്‍ നിന്നും ദക്ഷിണ ആഫ്രിക്കയിലേക്ക് പോവുകയായിരുന്ന എംവി ട്രൂ കോണ്‍റാഡ് കപ്പലില്‍ നിന്നാണ് ആല്‍ബര്‍ട്ട് ആന്‍റണിയെ കാണാതായത്. ആല്‍ബര്‍ട്ടിനെ എത്രയും വേഗം കണ്ടെത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ഇറാൻ ക്വാഡ്സ് ഫോഴ്സ് തലവൻ ഇസ്മയിൽ ഖാനിയെ കാണാനില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് ശേഷമാണ് ഖാനിയെ കാണാതായതെന്ന് ഇറാനിയൻ പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു.
പാക് സ്വദേശികൾക്ക് വ്യാജ വിലാസത്തിൽ ബെംഗളൂരുവിൽ താമസിക്കാൻ ഒത്താശ ചെയ്ത നൽകിയ ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിലായി. യുപി സ്വദേശിയായ 55കാരനെ മുംബൈയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ദില്ലിയിലും ബെംഗളൂരുവിലുമാണ് ഇയാൾ പാക് കുടുംബങ്ങൾക്ക് ഹിന്ദുപേരുകളിൽ സ്ഥിര താമസത്തിനുള്ള സഹായങ്ങൾ നൽകിയെന്നാണ് വിവരം.
മറീനാ ബീച്ചിൽ വ്യോമസേന സംഘടിപ്പിച്ച എയർ ഷോ കാണാനെത്തിയ അഞ്ചുപേർ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കടുത്ത ദുഃഖം രേഖപ്പെടുത്തി.മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായധനവും അദ്ദേഹം പ്രഖ്യാപിച്ചു.എയർ ഷോ നടത്താനാവശ്യമായ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് മാറിയ രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി. ഞായറാഴ്ച ഉപമുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞുകൊടുത്ത തേജസ്വി ഇവിടെനിന്നും എസിയും സോഫയും ചെടിച്ചട്ടികളും മോഷ്ടിച്ചുകൊണ്ടുപോയി എന്നാണ് ആരോപണം. ബിഹാറിന്റെ പുതിയ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ പി.എസ്. ശത്രുധന്‍ കുമാറാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാർഷികദിനത്തിൽ അനുസ്മരണപരിപാടികളുമായി ഇസ്രയേൽ. വികാരഭരിതമായ പരിപാടികളും ബന്ദികളാക്കിയിരിക്കുന്നവരെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ടുമുള്ള റാലികളും ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു. ഹമാസ് ആക്രമണത്തിന്റെ ആരും ഇതുവരെ കാണാത്ത ദൃശ്യങ്ങൾ എന്നവകാശപ്പെട്ട് വീഡിയോയും ഇസ്രയേൽ പങ്കുവെച്ചു.
കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഒന്നാം പ്രതി സഞ്ജയ് റോയ്‌ക്കെതിരെ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു. തിങ്കളാഴ്ച കൊല്‍ക്കത്തയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.ജോലിക്കിടയിലെ വിശ്രമസമയത്ത് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ഉറങ്ങാന്‍ പോയപ്പോഴാണ് പ്രതി വനിതാ ഡോക്ടറെ ബലാംത്സംഗം ചെയ്ത് കൊന്നതെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്.സഞ്ജയ് റോയ് ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കന്‍ ശാസ്ത്രജ്ഞരായ വിക്ടര്‍ അംബ്രോസ്, ഗാരി റോവ്കിന്‍ എന്നിവര്‍ 2024-ലെ വൈദ്യശാസ്ത്ര നൊബേലിന് അര്‍ഹരായി. മൈക്രോ ആര്‍.എന്‍.എ. കണ്ടെത്തുകയും ജീന്‍ പ്രവര്‍ത്തനം ശരീരത്തില്‍ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാന പ്രക്രിയ മനസിലാക്കുകയും ചെയ്തതിനാണ് ഇരുവര്‍ക്കും നൊബേല്‍ ലഭിച്ചത്.
ഇന്ത്യക്കായി ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആദ്യ വനിതാ ജിംനാസ്റ്റിക്‌സ് താരം ദിപ കര്‍മാക്കര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ ദിപ തന്റെ കരിയര്‍ അവസാനിപ്പിക്കുന്ന കാര്യം അറിയിച്ചത്.