കേന്ദ്ര സർക്കാരിനെതിരെ കേരളം പ്രക്ഷോഭത്തിലേക്ക്. വയനാട് ദുരന്തത്തിൽ കേരളത്തിന്‌ ആവശ്യമായ സഹായധനം നൽകാതെ കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ഒക്ടോബർ 15 മുതൽ നവംബർ 15 വരെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സമിതി യോഗത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു.കേരളത്തിനുളള സഹായം വേഗത്തിലാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ചത് ആർ എസ് എസ് എന്ന് എംവി ഗോവിന്ദൻ. പൂരം കലക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഉദ്യോഗസ്ഥ വീഴ്ചയുമുണ്ടായിട്ടുണ്ടെന്നും എം വി ഗോവിന്ദൻ സമ്മതിച്ചു. ആരോപണം ശരിയെങ്കിൽ കർക്കശമായ നടപടി ഉണ്ടാകും എന്നും അദ്ദേഹം പ്രതികരിച്ചു.തൃശ്ശൂരില്‍ യു.ഡി.എഫ്. വോട്ടുകളാണ് ബി.ജെ.പി.യുടെ വിജയത്തിന് കാരണമായതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.മതരാഷ്ട്രവാദത്തിനെതിതിരേ ശക്തമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.മലപ്പുറം ജില്ലയുടെ അട്ടിപ്പേർ അവകാശം പറഞ്ഞ് ആരും വരേണ്ട. മലപ്പുറം ജില്ല രൂപീകരിച്ചത് ഇഎംഎസ് സർക്കാരിന്‍റെ കാലത്താണ്. മലപ്പുറം ജില്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പ്രധാന കേന്ദ്രമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

എഡിജിപിയെ മാറ്റുന്നതിനുള്ള സമയം കുറിച്ചു വച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം. റിപ്പോർട്ടിന്റെ വെളിച്ചത്തിൽ വേണ്ട നടപടി ഇടത് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് മാധ്യമങ്ങളോട് ബിനോയ് വിശ്വം പറഞ്ഞു. ഏത് വിഷയത്തിൽ ആയാലും ഇടതുപക്ഷ പരിഹാരമാണ് സിപിഐ ലക്ഷ്യമെന്നും ബിനോയ് വിശ്വം പറഞ്ഞു.

എഡിജിപി എംആർ അജിത് കുമാറിന് വീഴ്ചയുണ്ടെന്ന് വിലയിരുത്തലുമായി സിപിഎം. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അജിത് കുമാറിനെതിരെ നടപടി വരും. ഡിജിപി റിപ്പോർട്ടിൽ എഡിജിപിക്കെതിരെ പരാമർശം ഉണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം നടപടി ഉറപ്പാക്കുമെന്നാണ് റിപ്പോർട്ട്.

 

പതിനഞ്ചിന് നിയമസഭാ സമ്മേളനം അവസാനിപ്പിക്കാൻ ഇന്ന് ചേർന്ന കാര്യോപദേശക സമിതി തീരുമാനിച്ചു. 18 ന് പിരിയാനായിരുന്നു തീരുമാനം. 15 നുള്ളിൽ നിയമനിർമ്മാണ നടപടികൾ തീർക്കാനാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

 

സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ പിവി അൻവറിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. മലപ്പുറം ജില്ലാ സെക്രട്ടറി ആർഎസ്എസ് എന്ന് അൻവർ പ്രചരിപ്പിക്കുകയാണ്. പി ശശിക്കെതിരായ അൻവറിന്റെ പരാതിയിൽ കാതലായ പ്രശ്നം ഒന്നുമില്ലെന്നും പി ശശിയെ ബോധപൂർവ്വം അപമാനിക്കാനുള്ള പ്രയോഗം മാത്രമാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

 

നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള പൊലീസ് റിപ്പോര്‍ട്ട് അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൊലീസ് സേനയുടെ തന്നെ വിശ്വാസ്യത തകര്‍ന്നുവെന്നും . ഗണ്‍മാന്‍മാര്‍ക്കെതിരെ നടപടി ഇല്ലെങ്കില്‍ നിയമപരമായി ഏതറ്റം വരെയും പോകുമെന്നും വിഡി സതീശൻ വാർത്താക്കുറിപ്പിൽ പറ‌ഞ്ഞു.

മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാരെ കുറ്റവിമുക്തരാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ക്രൈംബ്രാഞ്ച് നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ ഗണ്‍മാനും മറ്റു സുരക്ഷാ ജീവനക്കാരും കെ എസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകരെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ലഭ്യമാണെന്നും സുധാകരൻ ചൂണ്ടികാട്ടി.

 

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാളെ മുതൽ ബ്ലോക്ക് തലം കേന്ദ്രീകരിച്ച് കെപിസിസി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. നാളെ മുതല്‍ 20 വരെ സംസ്ഥാന വ്യാപക ക്യാമ്പയിന്‍ നടത്താനാണ് തീരുമാനം.കോണ്‍ഗ്രസ് നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുടെ തുടര്‍ച്ചയായാണ് ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.

വയനാട്ടിലെ യഥാര്‍ഥ കണക്ക് കേന്ദ്രസര്‍ക്കാരിന് നല്‍കിയോ എന്ന് ചോദിക്കേണ്ട പ്രതിപക്ഷം, ഭരണപക്ഷത്തിന് വിധേയപ്പെട്ടുവെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. നിയമസഭയുടെ ആദ്യദിനം തന്നെ കണ്ടത് പിണറായി സതീശൻ അന്തർധാരയാണെന്നും അദ്ദേഹം പറഞ്ഞു.വീഴ്ചകൾ ചോദ്യം ചെയ്യേണ്ട പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ കുഴലൂത്തുകാരനായി മാറിയെന്നും വി.മുരളീധരൻ പറഞ്ഞു.

കണ്ണൂരിലെ ഒരു പ്രമുഖ നേതാവ് തനിക്കൊപ്പമുണ്ടെന്ന പി.വി അന്‍വറിന്റെ അവകാശവാദത്തില്‍ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ.അന്‍വറിന്റെ കൂടെ കണ്ണൂരിലെ ഒരു പ്രമുഖനെന്നല്ല, കേരളത്തിലെ ഒരു സി.പി.എം. അനുഭാവി പോലും അന്‍വറിനൊപ്പമില്ല’ – എന്ന്ഡി.വൈ.എഫ്.ഐ. നേതാവ് വി.കെ. സനോജ് പറഞ്ഞു.

 

ലേ ലഡാക്കിൽ വിമാനാപകടത്തിൽ 56 വർഷം മുൻപ് മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇലന്തൂർ കാരൂർ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയിൽ പൂർണ്ണ ഔ​ദ്യോ​ഗിക ബഹുമതികളോടെ നടന്നു. സർക്കാരിനായി മന്ത്രി വീണ ജോർജ്ജ് അന്തിമോപചാരം അർപ്പിക്കാനെത്തി. രാഹുൽ ഗാന്ധിയുടെ അനുശോചന സന്ദേശവും ചടങ്ങിൽ വായിച്ചു.

 

എറണാകുളം ഉദയംപേരൂരില്‍ അന്‍പതോളം സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക് മാറുന്നു. സിഐടിയു മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം എല്‍.സുരേഷിന്‍റെ നേതൃത്വത്തിലാണ് സിപിഎo പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നത്. ഉദയംപേരൂര്‍ നടക്കാവില്‍ അടുത്ത വെള്ളിയാഴ്ച നടക്കുന്ന സമ്മേളനത്തില്‍ ഇവര്‍ കോണ്‍ഗ്രസ് പാർട്ടി അംഗത്വം സ്വീകരിക്കും.

പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിലൂടെ കടന്ന് പോകുന്ന സ്കൂൾ വാഹനങ്ങൾക്ക് ടോൾ നൽകാത്തതിന് വക്കീൽ നോട്ടീസ്. ഇരുപത്തഞ്ചോളം വാഹനങ്ങൾക്കായി ലക്ഷക്കണക്കിന് രൂപ അടക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. സ്കൂൾ വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കില്ലെന്ന് നേരത്തെ ധാരണയുണ്ടായിരുന്നു. എന്നാൽ ഇത് ലംഘിച്ചുകൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

നിലമ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മകൾക്ക് നേരെ ലൈംഗികാതിക്രമം. ഇന്നലെ രാത്രിയാണ് ക്രൂരകൃത്യം നടന്നത്. സംഭവത്തിൽ അയൽവാസിയായ ഒഡീഷ സ്വദേശി അലി ഹുസൈൻ (53) എന്ന റോബിനെ പോലീസ് അറസ്റ്റ് ചെയ്തു.

 

കേരളത്തില്‍ ഇന്ന് കൂടുതല്‍ ജില്ലകളിൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്.വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു . തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .

തൃശൂരിലെ എടിഎം കൊള്ളയില്‍ അറസ്റ്റിലായ പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികള്‍ സഞ്ചരിച്ചിരുന്ന കണ്ടൈനറില്‍ നിന്ന് കണ്ടെത്തിയ അറുപത്തിയെട്ട് ലക്ഷത്തോളം രൂപ തൃശൂരിലെ മൂന്ന് എടിഎമ്മില്‍ നിന്നു കൊള്ളയടിച്ച പണമാണെന്ന് റിമാന്‍റ് റിപ്പോര്‍ട്ട്. അതിനിടെ തൃശൂരില്‍ നാലാമതൊരു എടിഎം കൂടി കൊള്ളയടിയ്ക്കാന്‍ സംഘം ശ്രമിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.

ഇടുക്കി പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീലാലിനെ സർവീസിൽ നിന്ന് പുറത്താക്കി. ഇടുക്കി മെഡിക്കൽ കോളേജിലെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരിക്കെ നടത്തിയ തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടപടി.

ഇടുക്കി ജില്ലയിലെ ആദ്യ ടോള്‍ പ്ലാസ ദേവികുളം ലാക്കാട് പ്രവര്‍ത്തനം തുടങ്ങി. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയ മൂന്നാര്‍-ബോഡിമെട്ട് റോഡിലാണ് ടോള്‍ പ്ലാസ സ്ഥാപിച്ചിട്ടുള്ളത്. വെള്ളിയാഴ്ച രാവിലെ എട്ടിന് ടോള്‍ പിരിക്കാന്‍ തുടങ്ങി.

കണ്ണൂരില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരന്‍ വീണ് പരിക്കേറ്റ സംഭവത്തില്‍ അങ്കണവാടി വര്‍ക്കറേയും ഹെല്‍പ്പറേയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മന്ത്രി വീണാ ജോര്‍ജ് അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടർന്നാണ് നടപടിയെടുത്തത്. കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

 

അമേരിക്ക പേപ്പട്ടിയെന്നും ഇസ്രയേൽ രക്തരക്ഷസെന്നും വിമർശിച്ചു ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമെനയി. ഇറാൻ ഇസ്രയേലിനെതിരെ നടത്തിയ മിസൈലാക്രമണം പരിമിതമാണെന്നും ശത്രുവിൻ്റെ ലക്ഷ്യം മുസ്‌ലിം രാജ്യങ്ങൾ തിരിച്ചറിയണമെന്നും പറ‌ഞ്ഞ അയത്തൊള്ള, മുസ്‌ലിം രാജ്യങ്ങളോട് ഒന്നിച്ച് നിൽക്കാനും ആവശ്യപ്പെട്ടു. അഞ്ച് വർഷത്തിനിടെ ആദ്യമായി നടത്തിയ വെള്ളിയാഴ്ച നമസ്കാരത്തിലായിരുന്നു ഖമെനയി രൂക്ഷ വിമർശനം ഉന്നയിച്ചത്.

ഇന്ത്യക്ക്പശ്ചിമേഷ്യൻ സംഘർഷത്തിൽ ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. മേഖലയിലാകെ സംഘർഷം പടരുന്നത് അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മേഖലയിലെ രാജ്യങ്ങൾ ചർച്ചയിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്നും അദ്ദേഹം പറഞ്ഞു .

 

ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ പാകിസ്ഥാനിലേക്ക്. ഇസ്ലാമാബാദിൽ ഈ മാസം 15,16 തീയതികളിലാണ് എസ് സി ഒ യോഗം നടക്കുക.10 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്ഥാനിലേക്ക് പോകുന്നത്.

 

പട്ടികജാതി വിഭാഗങ്ങളിലെ കൂടുതല്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കു പ്രത്യേക സംവരണത്തിന് അര്‍ഹതയുണ്ടെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്തുള്ള പുനപരിശോധന ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി. സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെയാണ് തീരുമാനം.

ചില ബേക്കറികൾ വിൽക്കുന്ന കേക്കുകളിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ ഉള്ളതായി കണ്ടെത്തല്‍. കർണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ബേക്കറികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വകുപ്പ് അറിയിച്ചു.

ഇസ്രയേൽ നിർമിക സാങ്കേതികവിദ്യയിലൂടെ പ്രായം കുറയ്ക്കാമെന്ന് വാഗ്ദാനം നൽകി നിരവധിപ്പേരെ കബളിപ്പിച്ചതായി പരാതി. ഉത്തർപ്രദേശിലെ കാൺപൂരിൽ യുവ ദമ്പതികൾക്കെതിരെയാണ് നിരവധിപ്പേർ പരാതി നൽകിയിരിക്കുന്നത്. 35 കോടിയോളം രൂപ ഇവർ പലരിൽ നിന്നായി തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.വഞ്ചനാ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.

പ്രതിഷേധത്തിന്റെ ഭാ​ഗമായി കെട്ടിടത്തിൽ നിന്നും എടുത്തുചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ. എം.എൽ.എ നനർഹരി സിർവാളാണ് ആറാമത്തെ നിലയിൽ നിന്നും ചാടിയത്. ദംഗർ സമൂഹത്തെ പട്ടികജാതി വിഭാ​ഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സുരക്ഷാ വലയിലേക്ക് വീണ പ്രതിഷേധക്കാർ തിരികെ കയറിയ ശേഷം കുത്തിയിരുന്ന് പ്രതിഷേധം തുടർന്നു.

ജമ്മു കശ്മീരിനെ തെറ്റായി ചിത്രീകരിച്ച് പ്രസിദ്ധീകരിച്ച ഇന്ത്യന്‍ ഭൂപടം ഇസ്രയേല്‍ വെബ്‌സൈറ്റില്‍നിന്ന് നീക്കംചെയ്തു. ഇന്ത്യയില്‍നിന്നുള്ള പ്രതിഷേധത്തെത്തുടര്‍ന്നാണ് ഇസ്രയേല്‍ സര്‍ക്കാര്‍ തങ്ങളുടെ വെബ്‌സൈറ്റില്‍നിന്ന് ഭൂപടം നീക്കിയത്.

യാത്രക്കാരുമായി പറന്നുയരുന്നതിനിടെ വിമാനത്തിന് തീപിടിച്ചു. തെക്കൻ ഇറ്റലിയിലെ ബ്രിൻഡിസി എയർപോട്ടിൽ വ്യാഴാഴ്ചയാണ് സംഭവം. വിമാനത്തിന്റെ ചിറകിന് തീപിടിച്ചത് ക്യാബിൻ ക്രൂവിന്റെയും യാത്രക്കാരുടെയും ശ്രദ്ധയിൽപ്പെട്ടതോടെ അടിയന്തര നടപടി സ്വീകരിച്ചതിനാൽ വൻ അപകടം ഒഴിവായി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *