മലയാളത്തിലെ എവര്‍ഗ്രീന്‍ റൊമാന്റിക് ഹീറോ ശങ്കര്‍ ശക്തമായ തിരിച്ചുവരവ് നടത്തുന്ന ഫാമിലി സസ്പെന്‍സ് സെന്റിമെന്റല്‍ ത്രില്ലര്‍ ചിത്രം ‘ഓര്‍മ്മകളില്‍’ സെപ്തംബര്‍ 23ന് തീയേറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. സമ്പന്നവും പരമ്പരാഗതവുമായ ഒരു കുടുംബജീവിതത്തിന്റെ ഏറ്റക്കുറച്ചിലുകളും അതിന്റെ നന്മ തിന്മകളുമാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. ശങ്കറിനു പുറമെ, ഷാജു ശ്രീധര്‍, നാസര്‍ ലത്തീഫ്, ദീപാ കര്‍ത്താ, പൂജിത മേനോന്, വിജയകുമാരി, അജയ്, ആര്യന് കതൂരിയ, റോഷന് അബ്ദുള്‍, മാസ്റ്റര്‍ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശര്‍മ്മ, സുരേഷ്കുമാര്‍ പി , സുരേഷ് കൃഷ്ണ എന്നിവരും അഭിനയിക്കുന്നു. ഗാനരചന എം വിശ്വപ്രതാപ്, സംഗീതം ജോയ് മാക്സ്വെല്, ആലാപനം ജാസി ഗിഫ്റ്റ്, സുജാത മോഹന്‍.
ബിജു മേനോനും ഗുരു സോമസുന്ദരവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘നാലാം മുറ’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. ആകാംക്ഷയും നിഗൂഢതയും നിറച്ചു കൊണ്ടുള്ളതാണ് പോസ്റ്റര്‍. ബിജു മേനോന്റെയും ഗുരു സോമസുന്ദരത്തിന്റെയും കഥാപാത്രങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്. മൈന്റ് ഗെയിം ജോണറിലുള്ളൊരു ചിത്രമാകും നാലാം മുറയെന്നാണ് പോസ്റ്റര്‍ നല്കുന്ന സൂചന. ദീപു അന്തിക്കാട് ആണ് നാലാം മുറ സംവിധാനം ചെയ്യുന്നത്. സൂരജ് വി ദേവ് ആണ് രചന. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലന്‍സിയര്‍, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോകനാഥന് ഛായാഗ്രഹണവും കൈലാസ് മേനോന് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. പശ്ചാത്തല സംഗീതം ഗോപീ സുന്ദര്‍.
ദീപാവലി അടക്കമുള്ള ഉത്സവസീസണ്‍ മുന്നില്‍ കണ്ട് പ്രമുഖ ഇ- കോമേഴ്സ് സ്ഥാപനങ്ങളായ ഫ്ളിപ്പ്കാര്‍ട്ടും ആമസോണും വില്‍പ്പന മേള പ്രഖ്യാപിച്ചു. ബിഗ് ബില്യണ്‍ ഡേയ്സ് എന്ന പേരില്‍ ഫ്ളിപ്പ്കാര്‍ഡ് നടത്തുന്ന വ്യാപാരമേളയ്ക്ക് സെപ്റ്റംബര്‍ 23നാണ് തുടക്കമാകുക. സെപ്റ്റംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ വലിയ ഓഫറുകളാണ് ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 23ന് തന്നെയാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും ആരംഭിക്കുന്നത്. വ്യാപാരമേളയില്‍ ഐസിഐസിഐ ബാങ്കും ആക്സിസ് ബാങ്കുമായി ചേര്‍ന്ന് ഫ്ളിപ്പ്കാര്‍ട്ട് പത്തുശതമാനം ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട് അനുവദിക്കും. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ മറ്റു ഓഫറുകള്‍ക്ക് പുറമേ എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഓരോ പര്‍ച്ചെയ്സിനും പത്തുശതമാനം അധികം ഡിസ്കൗണ്ട് അനുവദിക്കും. ആദ്യ പര്‍ച്ചയെസിന് 10 ശതമാനം ക്യാഷ് ബാക്കിന് പുറമേയാണിത്.
രാജ്യത്തെ പാമോയില്‍ ഇറക്കുമതിയില്‍ കുതിച്ചുകയറ്റം. ഒരു മാസം മുന്‍പത്തേതിനേക്കാള്‍ 87 ശതമാനമായാണ് വര്‍ദ്ധന. കഴിഞ്ഞ 11 മാസത്തേതില്‍ വച്ച് ഏറ്റവും കൂടിയ നിരക്കാണിത്. ആഗസ്റ്റില്‍ 994,997 ടണ്‍ പാമോയിലാണ് ഇറക്കുമതി ചെയ്തത്. തൊട്ട് മുന്‍പത്തെ മാസം ഇത് 530,420 ടണ്ണായിരുന്നു. സണ്‍ ഫ്ളവര്‍ ഓയില്‍, സോയ ഓയില്‍ എന്നിവയേക്കാള്‍ പാം ഓയിലിന് ലഭിക്കുന്ന ഇളവുകളാണ് ഇറക്കുമതി നിരക്ക് ഉയര്‍ത്തുന്നത്. ഇന്‍ഡൊനേഷ്യ, തായ്ലന്ഡ് , മലേഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും പാമോയില്‍ ഇറക്കുമതി നടത്തുന്നത്.
ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കളായ കാവാസക്കിയില് നിന്നുള്ള റെട്രോ-സ്റ്റൈല്‍ മോട്ടോര്‍സൈക്കിളായ കവാസാക്കി ഡബ്ളിയു 175, ഈ സെപ്റ്റംബര്‍ 25-ന് ഇന്ത്യന്‍ നിരത്തുകളിലെത്തും. കവാസാക്കി ഡബ്ളിയു 800 ന് ശേഷം, കമ്പനിയുടെ ഡബ്ളിയു ലൈനപ്പില്‍ നിന്നുള്ള രാജ്യത്തെ രണ്ടാമത്തെ ഓഫറാണിത്. ഏകദേശം 1.5 ലക്ഷം രൂപ (എക്സ് ഷോറൂം) വില പ്രതീക്ഷിക്കുന്ന ഒരു മെയ്ഡ്-ഇന്‍-ഇന്ത്യ മോഡലായിരിക്കും ഡബ്ളിയു175. ശക്തിക്കായി, കവാസാക്കി ഡബ്ളിയു175 177 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യുവല്‍ ഇഞ്ചക്ഷന് സാങ്കേതികവിദ്യ ഉപയോഗിച്ച് ബൂസ്റ്റ് ചെയ്ത എയര്‍-കൂള്‍ഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. മോട്ടോര്‍ 7,500 ആര്‍പിഎമ്മില്‍ 13 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 13.2 എന്‍എം ടോര്‍ക്കും നല്കുന്നു.
കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ച സ്വാമി വിവേകാനന്ദന്, മാനവികതയുടെ പ്രവാചകനായ മഹാത്മാജി, സാമൂഹിക പരിഷ്കര്‍ത്താവ് വി. ടി ഭട്ടതിരിപ്പാട്, ഡോ പല്‍പ്പു, സി.വി. കുഞ്ഞിരാമന്, സഹോദരന് അയ്യപ്പന്, സി. കേശവന്, ടി.കെ. മാധവന്, യുഗപ്രഭാവനായ അയ്യന്‍കാളി, കെ.സി. മാമ്മന്‍മാപ്പിള, ദിവാന് സര് സി.പി. രാമസ്വാമി അയ്യര്‍ തുടങ്ങിയവരുടെ കാലഘട്ടത്തെ അനാവരണം ചെയ്യുന്ന നാടകം. ‘അഗ്നിജ്വാലകള്‍’. വി.പി. സ്വാമിനാഥന്. ഗ്രീന്‍ ബുക്സ്. വില 123 രൂപ.
ഒമൈക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ.4.6 ബ്രിട്ടനിലും വ്യാപിക്കുന്നതായി സ്ഥിരീകരണം. യുഎസില്‍ അതിവേഗം വ്യാപിച്ചുകൊണ്ടിരുന്ന ബിഎ.4.6 ആണ് യുകെയിലും പടരുന്നത്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണക്കനുസരിച്ച് ഓഗസ്റ്റ് മൂന്നാംവാരത്തില്‍ 3.3 ശതമാനം സാമ്പിളുകളും ബിഎ.4.6 ആണെന്ന് കണ്ടെത്തി. അതിനുശേഷം ഇത് 9 ശതമാനമായി ഉയര്‍ന്നു. യുഎസിലുടനീളമുള്ള സമീപകാല കേസുകളില്‍ 9 ശതമാനത്തിലധികം ബിഎ.4.6 ആണെന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്റെ കണക്ക് വ്യക്തമാക്കുന്നത്. മറ്റു പല രാജ്യങ്ങളിലും ഈ വകഭേദം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒമൈക്രോണിന്റെ ബിഎ.4 വകഭേദത്തിന്റെ പിന്‍ഗാമിയാണ് ബിഎ.4.6. ഇത് ആദ്യമായി 2022 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയിലാണ് കണ്ടെത്തിയത്. അതിനുശേഷം ബിഎ.5 വകഭേദത്തിനൊപ്പം ലോകമെമ്പാടും ഇതും വ്യാപിച്ചു. ഈ വകഭേദം കൂടുതല്‍ ഗുരുതരമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വ്യാപനശേഷിയുണ്ട്. പല നിലയിലും ബിഎ.4ന് സമാനമാണ് ബിഎ.4.6. ബിഎ.4 പോലെ സ്പൈക് പ്രോട്ടീനിലാണ് ഉള്‍പരിവര്‍ത്തനം സംഭവിക്കുന്നത്. വൈറസിന് പുറത്തുള്ള ഈ പ്രോട്ടീനാണ് കോശങ്ങളില്‍ അതിക്രമിച്ച് കയറാന്‍ സഹായിക്കുന്നത്.