കർണാടകയിലെ ഷിരൂരില്‍ ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ഗംഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്.
മൃതദേഹം, അർജുന്റേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന്കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ.മംഗ്ളൂരുവിൽ വെച്ചാണ് ഡിഎൻഎ പരിശോധന നടത്തുക. ഇതിനായി മൃതദേഹം മംഗ്ളൂരുവിലെ ലാബിലേക്ക് കൊണ്ടുപോകും. പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണമെന്നും എംഎൽഎ വ്യക്തമാക്കി.
മണ്ണിടിച്ചിലില്‍ അര്‍ജുന് പുറമേ കാണാതായ കര്‍ണാടക സ്വദേശികളായ ലോകേഷിനും ജഗന്നാഥനുംവേണ്ടി തിരച്ചില്‍ തുടരുമെന്ന് എം.എല്‍.എ. സതീഷ് കൃഷ്ണ സെയ്ൽ. തിരച്ചില്‍ വ്യാഴാഴ്ച തുടരും. ഇരുവരേയും ജീവനോടെ കണ്ടെത്താന്‍ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അർജുന്റെ മൃതദേഹം കണ്ടെത്തിയപ്പോൾ വിങ്ങിപ്പൊട്ടി ലോറി ഉടമയും സുഹൃത്തുമായ മനാഫ്. ഒരുസാധാരണ മനുഷ്യന് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്തെന്നും അർജുന്റെ അമ്മയ്ക്ക് നൽകിയ വാക്ക് താൻ പാലിച്ചെന്നും മനാഫ് പ്രതികരിച്ചു.
അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് അയക്കുമെന്ന് ജില്ലാ കളക്ടർ സ്ഥിരീകരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡിഎൻ എ പരിശോധനയുടെ ഫലം വന്നതിന് ശേഷം അർജുന്റേതെങ്കിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. 2 ദിവസത്തിനുളളിൽ ഇതുണ്ടാകുമെന്നും കളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു.
അർജ്ജുൻ്റെ ലോറിയുടെ കാബിൻ പാടേ തകർന്ന നിലയിൽ ആണ്കണ്ടെത്തിയത്. കാബിനകത്ത് നിന്ന് മൃതദേഹത്തിൻ്റെ ഭാഗം കണ്ടെത്തിയതിന് പിന്നാലെ കൂടുതൽ പരിശോധന നടത്തുകയാണ്. കാബിനുള്ളിൽ നിന്ന് മണ്ണും ചെളിയും അടക്കം ശേഖരിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങളാണ് പരിശോധന നടത്തുന്നത്.
എഡിജിപിയുടെ റിപ്പോർട്ടിന്മേൽ ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ ശുപാർശ പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ വ്യക്തമാക്കി. പൂരം റിപ്പോർട്ടിന്മേലുള്ള തുടർനടപടി വേണമെന്ന് സിപിഐ മന്ത്രിമാരടക്കം കാബിനറ്റിൽ ആവശ്യപ്പെട്ടു.സ്ഥലത്തുണ്ടായിട്ടും അജിത് കുമാർ എന്ത് ചെയ്തു, എന്ത് കൊണ്ട് റിപ്പോർട്ട് നൽകാൻ അഞ്ച് മാസമെടുത്തു എന്ന ചോദ്യമാണ് ഡിജിപി ഉന്നയിച്ചത്.
എ ഡി ജി പിക്കെതിരായ അന്വേഷണം ആരെ ബോധിപ്പിക്കാനാണെന്ന ചോദ്യവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. എ ഡി ജി പി എം.ആര്‍ അജിത് കുമാര്‍ ആര്‍ എസ് എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നതില്‍ സംശയമില്ല.ഡി ജി പിയെ കൊണ്ട് ഒരന്വേഷണം നടത്തി എ ഡി ജി പിയെ വെളളപൂശാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണോ ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണമെന്ന് സംശയമുണ്ടെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
നിലമ്പൂർ എം എൽ എ പിവി അൻവറിനെ പൂർണമായും തള്ളുന്ന തീരുമാനങ്ങളുമായി സിപിഎം. അൻവർ ഉന്നയിച്ച പരാതികളിൽ പി ശശിക്കെതിരെ പാർട്ടി അന്വേഷണം വേണ്ടെന്നും, എഡിജിപി എം.ആർ അജിത്ത് കുമാറിനെ തിരക്കിട്ട് ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചു.തൃശൂർ പൂരം കലക്കൽ സംഭവത്തിൽ ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശക്ക് അനുസരിച്ച് തുടർ നടപടി സ്വീകരിക്കാനും റിപ്പോർട്ടിൽ ധാരണയായി.
എം എൽ എ പി.വി അൻവറിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ . അൻവർ പറയുന്നത് പോലെയുള്ള കാര്യങ്ങൾ ചെയ്യുന്ന ആളല്ല മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി ശശിയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഗൗരവത്തോടെ ആരോപണം ഉന്നയിച്ചാൽ ഗൗരവമുള്ളതാകുമോ എന്നും അൻവറിനെ പരിഹസിച്ച് എംവി ഗോവിന്ദൻ മറുപടി നൽകി.പാർലമെന്ററി യോഗത്തിലും അൻവർ തിരുത്തണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്, റിപ്പോർട്ടിൻമേൽ സർക്കാർ എന്താണ് ചെയ്യുക എന്നറിഞ്ഞതിന് ശേഷം ഔദ്യോഗിക പ്രതികരണം നടത്തുമെന്നും ആ ഘട്ടത്തിൽ അഭിപ്രായം പറയുന്നതാണ് ശരിയെന്നും സിപിഐ നേതാവ് വി.എസ് സുനിൽ കുമാർ. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പരിശോധിച്ച് തള്ളേണ്ടതാണോ കൂടുതൽ നടപടി ആവശ്യമാണോ എന്ന് സർക്കാർ തീരുമാനിക്കുമെന്നും സുനിൽ കുമാർ വ്യക്തമാക്കി.
ധാർമികത ഉണ്ടെങ്കിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. സിപിഎമ്മിൽ നിന്നും അത് പ്രതീക്ഷിക്കുന്നില്ലെന്നും മുകേഷിന്‍റെ അറസ്റ്റില്‍ നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ലൈംഗീകാരോപണ കേസില്‍ അറസ്റ്റിലായ മുകേഷിനെ ജാമ്യത്തില്‍ വിട്ടതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ തടസ ഹർജി ഫയൽ ചെയ്ത് സംസ്ഥാന സർക്കാർ. സുപ്രീംകോടതിയിലാണ് ഓൺലൈനായി സർക്കാർ ഹർജി നൽകിയത്. സർക്കാരിനെ കേൾക്കാതെ സിദ്ദിഖിന്‍റെ ഹർജിയിൽ തീരുമാനമെടുക്കരുതെന്ന് ആണ്ആവശ്യം.അതേസമയം, സിദ്ദിഖിനായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
മലപ്പുറത്ത് സർക്കാർ സ്‌കൂൾ തവനൂർ കെ എം ജി വി എച്ച് എസിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ ട്രാൻസ്ഫര്‍ സര്‍ട്ടിഫിക്കേറ്റ് കാണാതായി. ടിസി മാറ്റിയത് സ്‌കൂളിനുള്ളിലുള്ളവർ തന്നെയെന്നാണ് പൊലീസ് സംശയിക്കുന്നത്. കുറ്റിപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫിഷറീസ് വകുപ്പിലെ 662 താത്കാലിക ജീവനക്കാരെ വാട്‌സാപ്പ് സന്ദേശം വഴി പിരിച്ചുവിട്ടതായി റിപ്പോർട്ട്. ജനകീയ മത്സ്യക്കൃഷിയുടെ നൂറോളം പ്രോജക്ട് കോഡിനേറ്റർമാർ, 565 അക്വാകൾച്ചർ പ്രമോട്ടർമാർ എന്നിവരെയാണ് കരാർ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ ഉത്തരവിറക്കാതെ വാട്‌സാപ്പ് സന്ദേശമയച്ച് ഒഴിവാക്കിയത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ കേസെടുക്കില്ല. സംഭവത്തില്‍ നിയമ നടപടികൾ സ്വീകരിക്കേണ്ട വകുപ്പ് ഇല്ലെന്ന് പൊലീസ് അനിൽ അക്കരയെ അറിയിച്ചു. അനിൽ അക്കരയുടെ പരാതി തൃശൂർ എസിപി ആയിരുന്നു അന്വേഷിച്ചത്.
എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ രാജനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ മന്ത്രി എ കെ ശശീന്ദ്രൻ. പ്രതികാര മനോഭാവത്തോടെയുള്ള നടപടിയാണ് പി കെ രാജന്‍റെ സസ്പെൻഷൻ എന്ന് ശശീന്ദ്രൻ ആരോപിച്ചു . നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എ കെ ശശീന്ദ്രന്‍ സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയ്ക്ക് കത്ത് നല്‍കി.
വേണാട് എക്‌സ്പ്രസിന് കൂടുതല്‍ കോച്ച് അനുവദിക്കണം എന്നാവശ്യപ്പെട്ട് മന്ത്രി വി. അബ്ദുറഹിമാന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് കത്തെഴുതി. കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ മെമു സര്‍വീസ് ആരംഭിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കേരളത്തിലെ ട്രെയിന്‍ യാത്രാദുരിതം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭാവിയില്‍ ഗുരുതര പ്രതിസന്ധികള്‍ ഉടലെടുക്കുമെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
മരടില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ചുവെന്ന് കണ്ടെത്തിയ ഫ്‌ളാറ്റുകൾക്ക് എതിരായ കേസ് കനത്ത പിഴ ഈടാക്കി തീർപ്പാക്കേണ്ടതായിരുന്നെന്ന് സുപ്രീം കോടതി ജഡ്ജി ബി.ആർ ഗവായ്. മരട് ഫ്ലാറ്റ് കേസ് ഇന്ന് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ബി. ആർ ഗവായിയുടെ സുപ്രധാനമായ നിരീക്ഷണം സുപ്രീം കോടതിയിൽ ഉണ്ടായത്.
ചാലക്കുടി കാരൂരിൽ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേർ ശ്വാസം മുട്ടി മരിച്ചു. റോയൽ ബേക്കേഴ്സിന്റെ നിർമ്മാണ യൂണിറ്റിനോട് ചേർന്ന മാലിന്യക്കുഴിയിലാണ് അപകടം ഉണ്ടായത്. ജിതേഷ് (45), സുനിൽകുമാർ (52) എന്നിവരാണ് മരിച്ചത്. ചാലക്കുടിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
അമിത വേഗത്തിലെത്തിയ കാർ ട്രെയിലറിലേക്ക് ഇടിച്ച് കയറി യാത്രികരായ ഏഴ് പേർക്ക് ദാരുണാന്ത്യം. ഗുജറാത്തില സബർകാന്ത ജില്ലയിലെ ഹിമന്ത്നഗറിന് സമീപമാണ് ബുധനാഴ്ച രാവിലെ അപകടമുണ്ടായത്. ഷാംലാജിയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന ആളുകളായിരുന്നു കാറിലുണ്ടായിരുന്നത്.
താന്‍ എക്കാലത്തും ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന വ്യക്തിയാണെന്ന് ഗുലാം നബി ആസാദ്. ദക്ഷിണ കശ്മീരിലെ ഗാന്ദെര്‍ബാല്‍ നഗരത്തിലെ തിരഞ്ഞെടുപ്പ് പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബദ്‌ലാപുരിൽ നഴ്‌സറിക്കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി അക്ഷയ് ഷിന്ദേ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് ബോംബെ ഹൈക്കോടതി. ഇത് പോലീസുമായുള്ള ഏറ്റുമുട്ടലിലായി കണക്കാക്കാനാവില്ലെന്നും പ്രഥമ ദൃഷ്ട്യാ തന്നെ ഇത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കോടതി പറഞ്ഞു.
കര്‍ഷകരുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങൾ ബിജെപി എംപി കങ്കണ റണൗട്ട് പിന്‍വലിച്ചു. സർക്കാർ പിന്‍വലിച്ച കാര്‍ഷിക ബില്ലുകള്‍ തിരിച്ചുകൊണ്ടുവരണമെന്നായിരുന്നു കഴിഞ്ഞ ദിവസം സ്വന്തം മണ്ഡലത്തില്‍ നടന്ന ചടങ്ങില്‍ കങ്കണ ആവശ്യപ്പെട്ടിരുന്നത്. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ കങ്കണ ആദ്യം അത് തന്റെ വ്യക്തിപരമായ വീക്ഷണമാണെന്നറിയിക്കുകയും പിന്നീട് പ്രസ്താവന പിന്‍വലിക്കുകയുമായിരുന്നു.