ഹമാസ് എന്ന വാക്ക് നമ്മൾ നിരവധി കേട്ടിട്ടുണ്ട്. ഹമാസ് എന്താണ് എന്ന് നമ്മളിൽ പലർക്കും കൃത്യമായി അറിയില്ല. ഇന്ന് അറിയാക്കഥകളിലൂടെ നമുക്ക് ഹമാസ് എന്ന ഗ്രൂപ്പിനെ കുറിച്ച് കൂടുതലായി അറിയാം….!!!!
പലസ്തീനിലെ ഗാസയിൽ ഭരണം നടത്തുന്ന ഒരു രാഷ്ട്രീയ-സൈനിക കക്ഷിയാണ് ഹമാസ് എന്നറിയപ്പെടുന്ന ഹറകത്തുൽ മുഖാവമത്തുൽ ഇസ്ലാമിയ്യ. പലസ്തീൻ പ്രദേശങ്ങളിലെല്ലാം സ്വാധീനം ചെലുത്തുന്ന ഹമാസ്, ഗാസയിലാണ് ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത്. ഫലസ്തീൻ പ്രദേശങ്ങൾക്കുള്ളിലെ പ്രബലമായ രാഷ്ട്രീയ ശക്തിയായി ഹമാസ് കണക്കാക്കപ്പെടുന്നു.
ഇസ്രായേൽ അധിനിവേശത്തിനെതിരായ ആദ്യ ഇൻതിഫാദ 1987ൽ ആരംഭിച്ചതിന് ശേഷമാണ് അഹ്മദ് യാസീൻ എന്ന മതപണ്ഡിതൻ ഹമാസിന് രൂപം കൊടുക്കുന്നത്. 1973 മുതൽ അതുവരെയും പ്രവർത്തിച്ചുവന്ന മുജാമഅ അൽ ഇസ്ലാമിയ്യ എന്ന സന്നദ്ധ സംഘടനയാണ് ഹമാസായി രൂപാന്തരപ്പെട്ടത്.1990-കളിൽ പി.എൽ.ഒ. യും ഫത്തഹ് പാർട്ടിയും ദ്വിരാഷ്ട്രപരിഹാരം അംഗീകരിച്ചുവെങ്കിലും ഹമാസ്, പി.എഫ്.എൽ.പി തുടങ്ങിയ സംഘടനകൾ സായുധവഴിയിൽ തന്നെ തുടർന്നുപോന്നു .
2006ലെ ഫലസ്തീൻ ലെജിസ്ലേറ്റീവ് തിരഞ്ഞെടുപ്പിൽ ഹമാസിന് ഭൂരിപക്ഷം ലഭിച്ചു. 2007ൽ ഗാസ മുനമ്പിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വെസ്റ്റ് ബാങ്കിൽ നിന്ന് പിന്മാറുകയും ചെയ്തു. 2007 മുതൽ ഇസ്രയേലിനും ഹമാസിനുമിടയിൽ നിരവധി ഏറ്റുമുട്ടലുകളുണ്ടായിട്ടുണ്ട്.പലസ്തീൻ അതിന്റെ 1948-ലെ അതിർത്തികളിൽ ഇസ്ലാമിക രാജ്യം ആയി പുനസ്ഥാപിക്കപ്പെടണമെന്നാണ് ഹമാസിന്റെ താത്പര്യം. ഫത്തഹുമായുള്ള വിവിധ കരാറുകളിലായി പലപ്പോഴും 1967-ലെ അതിർത്തികളെ മാനിക്കാമെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്ലാമിസത്തിലൂന്നിയ പലസ്തീൻ ദേശീയതയെ ഹമാസ് പ്രോത്സാഹിപ്പിക്കുന്നു; ഹമാസ് ഇസ്രയേലിനെതിരെ ജിഹാദ് എന്ന നയം പിന്തുടരുന്നു
ഹമാസിന് കീഴിലായി ദഅ്വ എന്ന സാമൂഹിക സേവന വിഭാഗം, ഇസ്സുദ്ദീൻ അൽ ഖസ്സാം ബ്രിഗേഡ്സ് എന്ന സായുധ വിഭാഗം എന്നിവ പ്രവർത്തിക്കുന്നു. ഗാസയിൽ ഇസ്ലാമിക നിയമങ്ങളുടെ പ്രയോഗവത്കരണത്തിനായി ഹമാസ് ശ്രമിച്ചുവരുന്നു.ഹമാസിൻ്റെ ഇസ്രയേൽ വിരുദ്ധതയും പി.എൽ.ഒ യുടെ അഴിമതിയും മൂലം പലസ്തീനികളിൽ പലരും ഹമാസിൽ ആകൃഷ്ടരാവുകയായിരുന്നു.
ഹമാസിൻ്റെ സിവിലിയൻ ലക്ഷ്യങ്ങളിലെ ചാവേർ സ്ഫോടനങ്ങൾ, റോക്കറ്റ് ആക്രമണങ്ങൾ എന്നിവ ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ പല രാജ്യങ്ങളെയും ഏജൻസികളെയും പ്രേരിപ്പിച്ചു. കാനഡ, ഇസ്രായേൽ, ബ്രിട്ടൻ, അമേരിക്ക, ജപ്പാൻ,ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂസിലൻഡും പരാഗ്വേയും ജപ്പാനും ഹമാസിന്റെ സൈനിക വിഭാഗത്തെ മാത്രമേ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളൂ.2006 ജനുവരിയിൽ പലസ്തീൻ പാർലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ തനിച്ചു ഭൂരിപക്ഷം നേടി. അമേരിക്കൻ ഭരണകൂടത്തിന്റെ പിന്തുണയോടെ സമാധാനപരമായി നടന്ന തെരഞ്ഞെടുപ്പിൽ യു.എസിന്റെ കരിമ്പട്ടികയിലുള്ള സംഘടനതന്നെ വിജയം നേടിയത് നിർണ്ണായക രാഷ്ട്രീയസംഭവമായി വിലയിരുത്തപ്പെടുന്നു.
ഗാസ എന്നത് ഉപരോധിതമായ ഒരു പ്രദേശമാണ്. ഈജിപ്തുമായുള്ള റഫ അതിർത്തിയൊഴികെ എല്ലാ ഭാഗത്തും ഇസ്രയേൽ നിയന്ത്രണത്തിലാണ്. ഹമാസും ഇസ്രായേലും ഗാസ മുനമ്പിൽ നിരവധി തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 2008-09, 2012, 2014, 2023 എന്നീ വർഷങ്ങളിലാണ് പ്രധാന ഏറ്റുമുട്ടലുകൾ നടന്നത്. 2023-ലെ അപ്രതീക്ഷിത നീക്കത്തിൽ അതിർത്തി ഭേദിച്ച് കടന്ന ഹമാസ് സൈനികർ ഇസ്രയേലി സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുകയും സൈനികരെയും സിവിലിയന്മാരെയുമടക്കം നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതോടെ വ്യോമാക്രമണമാരംഭിച്ച ഇസ്രയേൽ ഹമാസിനെ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
ഹറകത്തുൽ മുഖാവമത്തുൽ ഇസ്ലാമിയ്യ എന്ന അറബി പദത്തിന്റെ ചുരുക്കപ്പേരാണ് ഹമാസ് . “ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനം” എന്നാണ് പൂർണ്ണനാമത്തിന്റെ അർത്ഥം. തീക്ഷ്ണത, ശക്തി, ധീരത എന്നൊക്കെയാണ് ഹമാസ് എന്ന നാമം കൊണ്ട് അർത്ഥമാക്കുന്നത്. ഹമാസിന്റെ ചരിത്രത്തെക്കുറിച്ച് പറയാൻ ഇനിയും ഏറെയുണ്ട്. ആ ചരിത്രം എന്താണെന്ന് അറിയാ കഥകളുടെ അടുത്ത ഭാഗത്തിലൂടെ നമുക്ക് നോക്കാം.