web cover 50

തെരുവുനായ പ്രശ്നം പരിഹരിക്കാനും എബിസി വന്ധ്യംകരണ പദ്ധതി ഏകോപിപ്പിക്കാനും ജില്ലാ അടിസ്ഥാനത്തില്‍ സമിതി രൂപീകരിക്കും. ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സെക്രട്ടറി എന്നിവരടങ്ങുന്ന നാലംഗ സമിതിയാകും ജില്ലാ അടിസ്ഥാനത്തില്‍ ഏകോപിപ്പിക്കുക. തെരുവുനായ്ക്കു ഭക്ഷണ മാലിന്യം ലഭ്യമാക്കാതിരിക്കാന്‍ നടപടിയെടുക്കും. ഇതിനായി ഹോട്ടലുകള്‍, കല്യാണ മണ്ഡപം, മാംസ വ്യാപാരികള്‍ അടക്കമുള്ളവരുടെ യോഗം വിളിക്കുമെന്നു മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

ആഴക്കടല്‍ മത്സ്യബന്ധന നിയന്ത്രണത്തിന് ഇന്ത്യന്‍ യാനങ്ങള്‍ക്കുള്ള കരട് മാര്‍ഗനിര്‍ദേശം പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ ജീവനോപാധിയെ തകര്‍ക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. മത്സ്യബന്ധനമേഖലയെ എങ്ങനെ ബാധിക്കുമെന്നു പഠിക്കാന്‍ ഉന്നത സമിതിയെ നിയോഗിച്ചു. ഭേദഗതി നിര്‍ദേശങ്ങള്‍ കേന്ദ്രത്തിനു സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നന്നാക്കാത്തതിനു നാലു ജില്ലാ കളക്ടര്‍മാരോട് ഹൈക്കോടതി വിശദീകരണം തേടി. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലാ കളക്ടര്‍മാര്‍ വിശദീകരണം നല്‍കണം. 20 ദിവസം മുന്‍പ് പത്തു ലക്ഷം രൂപ ചെലവഴിച്ചു അറ്റകുറ്റപ്പണി നടത്തിയ ആലുവ പെരുമ്പാവൂര്‍ റോഡ് വീണ്ടും തകര്‍ന്നതിനു വിശദീകരണം വേണം. തൃശൂര്‍ ശക്തന്‍ ബസ്റ്റാന്‍ഡ് പ്രദേശത്തെ റോഡ് പൊളിഞ്ഞതിലും റിപ്പോര്‍ട്ട് തേടി. റോഡുകളില്‍ കുഴികള്‍ രൂപപ്പെട്ടാല്‍ ജില്ലാ കളക്ടര്‍മാര്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നു കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

പലിശനിരക്ക് വീണ്ടും വര്‍ധിപ്പിച്ചേക്കും. ഈ മാസം അവസാനത്തോടെ റിസര്‍വ് ബാങ്ക് നടത്തുന്ന പണനയ അവലോകന യോഗത്തില്‍ പലിശ നിരക്കു വര്‍ധിപ്പിക്കുമെന്നാണു സൂചനകള്‍. പണപ്പെരുപ്പം ഏഴു ശതമാനമായി വര്‍ധിച്ചിരിക്കേയാണ് പലിശ വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമാകുന്നത്.

സാമ്പത്തിക പ്രതിസന്ധിക്കിടിയിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതമായി സംസ്ഥാന സര്‍ക്കാര്‍ 1,017 കോടി രൂപ അനുവദിച്ചു. ബജറ്റില്‍ പ്രഖ്യാപിച്ച 12,903 കോടി രൂപയില്‍ 7,258 കോടി രൂപയും കൈമാറിയെന്നു സര്‍ക്കാര്‍.

നിയമസഭാ കൈയാങ്കളി കേസില്‍ പ്രതികളായ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും അടക്കം ആറ് എല്‍ഡിഎഫ് നേതാക്കള്‍ ഇന്ന് കോടതിയില്‍ ഹാജരാകും. കേസിന്റെ ഭാഗമായി കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ പ്രതികളെല്ലാം ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടിരുന്നു. കെ.ടി ജലീല്‍, കെ അജിത്, സി.കെ സദാശിവന്‍, കെ. കുഞ്ഞുമുഹമ്മദ് എന്നിവരും കേസിലെ പ്രതികളാണ്.

വെറുപ്പുകൊണ്ട് രാജ്യത്ത് അശാന്തി സൃഷ്ടിക്കുന്ന ബിജെപിക്ക് ഇപ്പോള്‍ പരിഭ്രാന്തിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹിന്ദുത്വം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. കേരളത്തിലെ റോഡുകളുടെ നിര്‍മ്മാണം അശാസ്ത്രീയമാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കൊല്ലം ജില്ലയില്‍. രാവിലെ ശിവഗിരി മഠം സന്ദര്‍ശിക്കും. നാവായിക്കുളത്തുനിന്ന് ആരംഭിക്കുന്ന യാത്ര കടമ്പാട്ടുകോണത്തിലൂടെ കൊല്ലം ജില്ലയിലേക്കു പ്രവേശിക്കും. രാവിലെ യാത്ര സമാപിക്കുന്ന ചാത്തന്നൂരില്‍ വിദ്യാര്‍ഥികളുമായി രാഹുല്‍ ഗാന്ധി സംവദിക്കും.

കെ റെയില്‍ സമരത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പിന്തുണ അറിയിച്ചെന്ന് കെ റെയില്‍ വിരുദ്ധ സമര നേതാക്കള്‍. പാരിസ്ഥിതിക- സാമൂഹിക പ്രത്യാഘാതം ഗൗരവതരമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടെന്നും അവര്‍ പറഞ്ഞു. ആറ്റിങ്ങലിലാണ് കെ റെയില്‍ വിരുദ്ധ സമര നേതാക്കള്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തിയത്.

ബിജെപി കേരള ഘടകത്തെ ഊര്‍ജസ്വലമാക്കാന്‍ മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ എത്തുന്നു. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി ഈ മാസം 23 ന് അദ്ദേഹം എത്തും. കൊച്ചിയിലും കോട്ടയത്തും തിരുവനന്തപുരത്തും സന്ദര്‍ശിക്കുകയും യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്യും.

തിരുവനന്തപുരം തിരുപുറം പഞ്ചായത്തില്‍ എല്‍ഡിഎഫിനു ഭരണം നഷ്ടമായി. യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പഞ്ചായത്ത് പ്രസിഡന്റ് പിന്തുണച്ച് പുറത്തായെങ്കിലും യുഡിഎഫ് പിന്തുണയോടെ വീണ്ടും പ്രസിഡന്റാകും. യുഡിഎഫിനും എല്‍ഡിഎഫിനും തുല്യ സീറ്റുകളുള്ള പഞ്ചായത്താണിത്. സമാജ് വാദി പാര്‍ട്ടി അംഗം ഷീനാ ആന്റണിയെ പ്രസിഡന്റാക്കിയാണ് എല്‍ഡിഎഫ് പഞ്ചായത്ത് ഭരിച്ചിരുന്നത്. ഈയിടെ എല്‍ഡിഎഫുമായി ഉടക്കിയ ഷീനാ ആന്റണി യുഡിഎഫ് അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നു.

തെരുവുനായ ആക്രമണത്തിനു നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി നിയോഗിച്ച് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സമിതിക്കു മുന്നില്‍ ഇതുവരെ ലഭിച്ചത് അയ്യായിരം പരാതികള്‍. 881 പേര്‍ക്കു നഷ്ടപരിഹാരം നല്‍കി. നായ കുറുകെ ചാടി അപകടത്തില്‍പ്പെട്ട് മരിച്ച ആള്‍ക്ക് 32 ലക്ഷം രൂപ വരെ നല്‍കിയിട്ടുണ്ട്. 2016 ലാണ് ജസ്റ്റിസ് സിരി ജഗന്‍ കമ്മിറ്റിയെ നിശ്ചയിച്ചത്. നിയമ സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറുമാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. എറണാകുളം നോര്‍ത്തിലുള്ള കോര്‍പ്പറേഷന്‍ കെട്ടിടത്തിലാണ് ഓഫീസ്. പരാതി അയക്കേണ്ട വിലാസം: ജസ്റ്റിസ് സിരി ജഗന്‍ കമ്മിറ്റി, കൊച്ചി കോര്‍പറേഷന്‍ ബില്‍ഡിംഗ്, പരമാര റോഡ്, എറണാകുളം നോര്‍ത്ത്.

വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനസ്ഥാപിച്ച് ഉത്തരവിറക്കാതെ സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് കെജിഎംഒഎ. ഉത്തരവിറക്കിയില്ലെങ്കില്‍ സമരവുമായി മുന്നോട്ടു പോകുമെന്നും കെജിഎംഒഎ അറിയിച്ചു. ഉറപ്പും വാഗ്ദാനങ്ങളും ഇനി വേണ്ടെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ടി എന്‍ സുരേഷ് പറഞ്ഞു.

അഭിഭാഷകരും പൊലീസുകാരും തമ്മിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ചതുമൂലം കൊല്ലം ജില്ലയിലെ കോടതികള്‍ സ്തംഭിച്ചു. അഭിഭാഷകനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ സമരം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് ബാര്‍ അസോസിയേഷന്റെ മുന്നറിയിപ്പ്. എന്നാല്‍ പൊലീസിനെ അക്രമിച്ച അഭിഭാഷകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് പൊലീസും.

കര്‍ണാടകയിലെ ബാഗെപ്പള്ളിയില്‍ സിപിഎം റാലിയില്‍ പ്രസംഗിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും എം.എ. ബേബിയും. 18 നു നടക്കുന്ന സമ്മേളനത്തിനു പിണറായി വിജയന്റെ ചിത്രം അടങ്ങിയ പോസ്റ്റര്‍ കര്‍ണാടക സിപിഎം ഫേസ്ബുക്കില്‍ പങ്കുവച്ചു.

തൊടുപുഴയില്‍ അമ്മയുടെ കാമുകന്‍ എട്ടുവയസുകാരനെ കൊന്ന കേസില്‍ കുട്ടിയുടെ അമ്മ അര്‍ച്ചനയെ കോടതി മാപ്പുസാക്ഷിയാക്കി. കുട്ടിയെ മര്‍ദ്ദിക്കുന്നത് കണ്ടിട്ടും മൗനം പാലിച്ചതും അരുണിന് രക്ഷപെടാന്‍ അവസരമൊരുക്കിയതുമാണ് അര്‍ച്ചനക്കെതിരേ ചുമത്തിയിരുന്ന കുറ്റം. കേസില്‍ മാപ്പുസാക്ഷിയാക്കണമെന്ന അമ്മ അപേക്ഷ നല്‍കിയിരുന്നു.

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്നുകേസില്‍ കുടുക്കാന്‍ വണ്ടന്‍മേട് മുന്‍ പഞ്ചായത്തംഗം സൗമ്യ ഏബ്രഹാം ശ്രമിച്ചെന്ന കേസില്‍ ഒരാള്‍ കൂടി പിടിയിലായി. തിരുവനന്തപുരം സ്വദേശി നോബിള്‍ നോബര്‍ട്ടിനെയാണ് വണ്ടന്മേട് പൊലീസ് അറസ്റ്റ് ചെയ്തത്. എംഡിഎംഎ ഇടപാടുകാരനാണ് ഇയാളെന്നു പോലീസ്.

തിരുവനന്തപുരം മുതലപ്പൊഴി ഹാര്‍ബറില്‍ മത്സ്യതൊഴിലാളി മുങ്ങിമരിച്ചു. ഹാര്‍ബറിലെ താഴംപള്ളി ലേലപ്പുരയ്ക്ക് സമീപം ബോട്ടില്‍ നിന്ന് കായലില്‍ വീണ് ചിറയിന്‍കീഴ് സ്വദേശി ജോണ്‍സണ്‍ (60) ആണ് മരിച്ചത്.

കോഴിക്കോട് മാങ്കാവില്‍ ട്രാന്‍സ്ജെന്‍ഡറിനു നേരെ ആക്രമണം. സിസിലി ജോര്‍ജ്ജ് എന്നയാളെയാണ് ആക്രമിച്ചത്. രാത്രി ഏളരയുടെ കാര്‍ ബ്രേക്ക് ഡൗണായി വഴിയില്‍ നിര്‍ത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടു പേര്‍ മുളക് പൊടി എറിഞ്ഞ് കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

തിരുവനന്തപുരം കോവളത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ കാറ്ററിംഗ് കോളേജ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കൊല്ലം അഗസ്ത്യക്കോട് സ്വദേശി ഷഹിന്‍ഷായാണ് മരിച്ചത്.

മയക്കുമരുന്നുമായി നഴ്സിംഗ് വിദ്യാര്‍ത്ഥികളായ ദമ്പതികള്‍ പിടിയില്‍. 200 നൈട്രോ സെപാം ഗുളികകളുമായി ചിറയിന്‍കീഴ് സ്വദേശി പ്രജിന്‍, ഭാര്യ ദര്‍ശന എസ് പിള്ള എന്നിവരാണ് തിരുവനന്തപുരത്ത് എക്സൈസിന്റെ പിടിയിലായത്.

പത്തു ലക്ഷം രൂപ വിലവരുന്ന 97 ഗ്രാം എംഡിഎംഎയുമായി നാലു യുവാക്കള്‍ വര്‍ക്കലയില്‍ അറസ്റ്റിലായി. മടവൂര്‍ സ്വദേശി റിയാദ്, നാവായിക്കുളം സ്വദേശി അര്‍ഷാദ്, പൂന്തുറ സ്വദേശി മുഹമ്മദ് ഹനീഫ, പെരുമാതുറ സ്വദേശി ഷാഹിന്‍ എന്നിവരാണ് അറസ്റ്റിലായത്.

വയനാട് നെന്മേനി പഞ്ചായത്തിലെ ഗോവിന്ദമൂലയില്‍ പുലിയിറങ്ങി. കോന്നാംകോട്ടില്‍ സത്യന്റെ വീട്ടിലെ വളര്‍ത്തുനായയെ പുലി പിടികൂടി. പുലി വരുന്ന ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. നേരത്തെ കടുവയുടെ ആക്രമണം ഉണ്ടാകാറുള്ള പ്രദേശമാണിത്.

കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിതൂക്കി. കോട്ടയം പെരുന്നയില്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിനു സമീപമാണ് സംഭവം. കൊച്ചിയില്‍ അഞ്ചു തെരുവുനായക്കള്‍ ചത്തനിലയില്‍. കൊച്ചി എരൂരിലാണ് തെരുവ് നായ്ക്കളെ വിഷം കൊടുത്ത് കൊന്നത്. പൊലീസും എസ്.പി.സി.എ പ്രവര്‍ത്തകരും സ്ഥലത്തെത്തി.

യുഎപിഎ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയിലില്‍ തന്നെ തുടരുമെന്ന് ജയില്‍ അധികൃതര്‍. സിദ്ദിഖ് കാപ്പനെതിരായ എന്‍ഫോഴ്സ്മെന്റ് കേസില്‍ ജാമ്യ ഹര്‍ജി 19 നു ലക്നോ കോടതി പരിഗണിക്കും. നേരത്തെ പരിഗണിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടു.

തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ നേതാക്കളുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്. മുന്‍ മന്ത്രിമാരായ എസ്.പി. വേലുമണി, സി. വിജയഭാസ്‌കര്‍ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. കോയമ്പത്തൂര്‍, ട്രിച്ചി, താമ്പരം, ആവടി, ചെങ്കല്‍പേട്ട് തുടങ്ങി 25 ഇടങ്ങളിലാണു റെയ്ഡ്. തെരുവ് വിളക്ക് ഇടപാടില്‍ 500 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് വേലുമണിയ്ക്കെതിരായ പരാതി. സ്വകാര്യ മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ പണം വാങ്ങിയെന്ന പരാതിയിലാണ് വിജയ ഭാസ്‌കറിനെതിരായ പരാതി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലഭിച്ച 1,200 സമ്മാനങ്ങളും ഉപഹാരങ്ങളും ലേലം ചെയ്യുന്നു. മോദിയുടെ പിറന്നാളായ 17 ന് ലേലം തുടങ്ങും. ഡല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ അവ പ്രദര്‍ശിപ്പിക്കും. അയോധ്യയിലെ രാമ ക്ഷേത്രത്തിന്റെയും കാശി വിശ്വനാഥ് ക്ഷേത്രത്തിന്റെ മോഡലുകളാണ് ലേലം ചെയ്യുന്ന ഇനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത്.

പശ്ചിമബംഗാളില്‍ ബിജെപി സംഘടിപ്പിച്ച മെഗാ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് അക്രമാസക്തമായതോടെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ കല്ലെറിയുകയും പൊലീസ് ജീപ്പ് കത്തിക്കുകയും ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

പാഞ്ഞുവന്ന 18 ചക്രങ്ങളുള്ള ട്രെയിലര്‍ സമീപ റോഡിലേക്ക് വളച്ചു കയറ്റുന്നതിനിടെ രണ്ടു കാറുകള്‍ക്കു മീതെ മറിഞ്ഞു വീണു. ഒരു കാര്‍ തകര്‍ന്നു. കാറിലുണ്ടായിരുന്ന മൂന്ന് യാത്രികരും മരിച്ചു. പഞ്ചാബിലെ ഫഗ്വാര-ചണ്ഡിഗഢ് ഹൈവേയിലുണ്ടായ ഈ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

കോണ്‍ഗ്രസ് പാര്‍ട്ടി തീര്‍ന്നെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഗുജറാത്തില്‍ പര്യടനം നടത്തുകയാണ് കെജ്രിവാള്‍.

കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര-ഹോട് സ്പ്രിംങ്‌സ് മേഖലയിലെ സൈനിക പിന്‍മാറ്റം പൂര്‍ത്തിയായി. ഇന്ത്യന്‍ സേനയും ചൈനീസ് സേനയും താല്‍ക്കാലികമായി കെട്ടി ഉയര്‍ത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൊളിച്ചു നീക്കി. പതിനാറ് തവണ നടത്തിയ കമാന്‍ഡര്‍ തല ചര്‍ച്ചക്കൊടുവിലാണ് ഇരു രാജ്യങ്ങളും സൈനിക പിന്‍മാറ്റ ധാരണയിലെത്തിയത്. അതേസമയം മറ്റു മേഖലകളിലെ പിന്‍മാറ്റത്തിനായി ഇന്ത്യയും ചൈനയും തമ്മിലുള്ള ചര്‍ച്ച തുടരും.

പ്രശസ്ത ചലച്ചിത്രകാരന്‍ ജീന്‍ ലൂക്ക് ഗൊദാര്‍ദ് അന്തരിച്ചു. 91 വയസായിരുന്നു. ഫ്രഞ്ച് സിനിമയുടെ നവോത്ഥാനത്തിനു വഴിയൊരുക്കിയ തിരക്കഥാ കൃത്തും നടനും നിര്‍മാതാവുമാണ് ഗൊദാര്‍ദ്.

എലിസബത്ത് രാഞ്ജിക്കു വേണ്ടി ഉംറ ചെയ്യാന്‍ ബാനറും പിടിച്ച് മക്കയിലെത്തിയ യെമന്‍ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഉംറ നിയമങ്ങള്‍ ലംഘിച്ച് മക്ക പള്ളിയില്‍ ബാനര്‍ ഉയര്‍ത്തിയതിനാണ് അറസ്റ്റ്.

ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്കിന്റെ തീരുമാനത്തിന് ട്വിറ്റര്‍ ഓഹരി ഉടമകളുടെ അംഗീകാരം. 4,400 കോടി ഡോളറിന് ട്വിറ്റര്‍ വാങ്ങാനുള്ള കരാറില്‍നിന്ന് പിന്മാറാന്‍ മസ്‌ക് ശ്രമിക്കുന്നതിനിടെയാണ് ട്വിറ്റര്‍ ഓഹരിയുടമകള്‍ ഇടപാടിന് അനുകൂലമായി വോട്ടു ചെയ്തത്.

ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ജഴ്‌സി. ജഴ്‌സിയുമായി ബന്ധപ്പെട്ട ടീസര്‍ വീഡിയോ എം.പി.എല്‍ സ്പോര്‍ട്സ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. രോഹിത് ശര്‍മയും ഹാര്‍ദിക് പാണ്ഡ്യയും ശ്രേയസ്സ് അയ്യരുമാണ് ടീസറിലുള്ളത്.

രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ ആക്‌സിസ് ബാങ്ക് പ്രമുഖ സംയോജിത റിയല്‍ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോമായ സ്‌ക്വയര്‍ യാര്‍ഡ്‌സുമായി ചേര്‍ന്ന് വീടു വാങ്ങുന്നവര്‍ക്കായി ‘ഓപ്പണ്‍ ഡോര്‍സ്’ എന്ന പേരില്‍ ഹോം ബയര്‍ ഇക്കോസിസ്റ്റം അവതരിപ്പിച്ചു. സ്വപ്നഭവനം സ്വന്തമാക്കുന്നതു വരെയുള്ള എല്ലാ കാര്യങ്ങളും തടസമില്ലാതെ ചെയ്യാന്‍ സഹായിക്കുന്നതാണ് ഈ പ്ലാറ്റ്‌ഫോം. രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യ ഏകീകൃത പ്ലാറ്റ്‌ഫോമായ ഓപ്പണ്‍ ഡോര്‍സ് വീടു വാങ്ങുന്ന ഉപഭോക്താക്കളുടെ മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റുന്ന തരത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. മികച്ച ബില്‍ഡര്‍മാരെക്കുറിച്ചും ഉത്പന്നങ്ങളെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങള്‍ ലഭ്യമാക്കല്‍, തടസങ്ങളില്ലാതെയുള്ള ഭവന വായ്പാ നടപടിക്രമങ്ങള്‍, വാടക, പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ്, ഹോം ഫര്‍ണിഷിംഗ്, നിയമ, സാങ്കേതിക സേവനങ്ങള്‍ എന്നിങ്ങനെ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാകും.

വണ്‍പ്ലസ് 10ആര്‍ പ്രൈം ബ്ലൂ എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വണ്‍പ്ലസ് 10ആര്‍ പ്രൈം ബ്ലൂ എഡിഷന്‍ ആമസോണില്‍ മാത്രമാണ് ലഭ്യമാകുക. ഹാന്‍ഡ്സെറ്റ് വാങ്ങുന്നവര്‍ക്ക് മൂന്നു മാസത്തെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷനും വണ്‍പ്ലസ് സൗജന്യമായി ലഭിക്കും. എന്നാല്‍ വണ്‍പ്ലസ് 10ആര്‍ പ്രൈം ബ്ലൂ എഡിഷന്റെ വിലയും കോണ്‍ഫിഗറേഷനും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 80വാട്ട് ഫാസ്റ്റ് ചാര്‍ജിങ് ശേഷിയുള്ളതാണ് ഈ ഹാന്‍ഡ്സെറ്റ് എന്ന് വണ്‍പ്ലസ് സ്ഥിരീകരിച്ചു. അതേസമയം, 80വാട്ട് വണ്‍പ്ലസ് 10ആര്‍ രണ്ട് മെമ്മറി കോണ്‍ഫിഗറേഷനുകളിലാണ് വരുന്നത്. 8 ജിബി/128 ജിബി, 12 ജിബി/256 ജിബി വേരിയന്റുകളുടെ വില യഥാക്രമം 34,999 രൂപയും 38,999 രൂപയുമാണ്.

ചിരഞ്ജീവി നായകനായി എത്തുന്ന തെലുങ്ക് ചിത്രം ‘ഗോഡ്ഫാദറി’ലെ പ്രമോ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ‘താര്‍ മാര്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന് ചുവടുകള്‍ ഒരുക്കിയിരിക്കുന്നത് പ്രഭുദേവയാണ്. നൃത്ത ചുവടുകളുമായി ചിരഞ്ജീവിയും സല്‍മാന്‍ ഖാനും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പുറത്തുവന്ന് നിമഷങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ഗാനം വൈറലായി കഴിഞ്ഞു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം. മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത് നയന്‍താരയാണ്. സത്യപ്രിയ ജയ്ദേവ് എന്നാണ് നയന്‍താര കഥാപാത്രത്തിന്‍രെ പേര്. ചിത്രത്തില്‍ സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ശിവകാര്‍ത്തികേയന്റേതായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘പ്രിന്‍സ്’ ആണ്. അനുദീപ് കെ വി സംവിധാനം ചെയ്യുന്ന ‘പ്രിന്‍സ്’ എന്ന ചിത്രത്തിന്റെ റിലീസ് ഒക്ടോബര്‍ 21നാണ്. ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടാണ് ‘പ്രിന്‍സ്’ എത്തുക. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. യുക്രൈന്‍ താരം മറിയ റ്യബോഷ്പ്കയാണ് നായിക. പ്രേംഗി അമരെന്‍, പ്രാങ്ക്സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

സംവിധായകന്‍ രോഹിത് ഷെട്ടി ഒരുപക്ഷേ ഏറ്റവും പ്രശസ്തനായത് സിനിമകളിലെ കാറുകള്‍ ഉള്‍പ്പെടുന്ന സ്റ്റണ്ടുകളുടെ പേരിലാണ്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍, ലംബോര്‍ഗിനി ഉറസ്, ഫോര്‍ഡ് മസ്താങ്, മസെരാട്ടി ഗ്രാന്‍ ടൂറിസ്‌മോ സ്‌പോര്‍ട് എന്നിവയുള്‍പ്പെടെ ഉയര്‍ന്ന നിലവാരമുള്ള ആഡംബര വാഹനങ്ങള്‍ രോഹിത് ഷെട്ടിക്കുണ്ട്. ഇപ്പോഴിതാ ഈ സെലിബ്രിറ്റി ഡയറക്ടര്‍ തന്റെ ഗാരേജില്‍ ഒരു പുതിയ മെഴ്സിഡസ് എഎംജി ജി63 എസ്യുവി ചേര്‍ത്തിരിക്കുകയാണ്. വെള്ള നിറമുള്ള മെഴ്സിഡസ് എഎംജി ജി63 ആണിത്. ഓപ്ഷണല്‍ എക്സ്ട്രാകളോ കസ്റ്റമൈസേഷന്‍ ഓപ്ഷനുകളോ ഇല്ലാതെ ഓണ്‍-റോഡില്‍ ഏകദേശം മൂന്ന്കോടി രൂപയാണ് വില ഇതിന്റെ വില.

ഒരു ഡോക്ടര്‍ എന്നതിലുപരി സമകാലിക സംഭവങ്ങളെയും പ്രശ്നങ്ങളെയും ഡോ.ജോ ജോസഫ് വിശകലനം ചെയ്യുന്നു. രാജ്യാന്തര അസമത്വം മുതല്‍ സ്ത്രീ സമത്വം വരെ എത്തി നില്‍ക്കുന്ന ചിന്താശകലങ്ങള്‍ മോടിപ്പിടിപ്പിക്കുന്നതാണ് ഈ പുസ്തകത്തിന്റെ താളുകള്‍. ‘ഹൃദയപൂര്‍വ്വം ഡോക്ടര്‍’. പ്രണത ബുക്സ്. വില 200 രൂപ.

ഡയബറ്റിക് രോഗികള്‍ക്ക് ഒരു കഷണം സവാള കൊണ്ട് ആരോഗ്യകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ വരുത്താനാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സവാളയിലടങ്ങിയിരിക്കുന്ന ഫ്ലാവനോയ്ഡ്സ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് തുലനം ചെയ്യാന്‍ സഹായിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. സാന്‍ഡിയാഗോയില്‍ നടന്ന തൊണ്ണൂറ്റി ഏഴാമത് എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ വാര്‍ഷികയോഗത്തിലാണ് പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. സവാളയുടെ നീരിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതോടൊപ്പം കൊളസ്ട്രോള്‍ നിരക്ക് കുറയ്ക്കാനുള്ള കഴിവുമുണ്ട്.അതിനാല്‍ ഡയറ്റില്‍ ഇത് ഉള്‍പ്പെടുത്തുന്നത് ടൈപ്പ് വണ്‍ ഡയബറ്റിക്സിനെ പ്രതിരോധിക്കാന്‍ വളരെയധികം ഗുണകരമാണ്. പാചകം ചെയ്യാതെ പച്ചയ്ക്ക് കഴിക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരമെന്നാണ് എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് ഇന്‍സൈറ്റ് ജേണലില്‍ പറയുന്നത്. അതിനാല്‍ സാന്‍വിച്ച്, സൂപ്പ്, സാലഡ് എന്നിവയില്‍ ധാരാളമായി സവാള ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

*ശുഭദിനം*

*കവിത കണ്ണന്‍*

അവന്‍ ഒരു കായികാഭ്യാസിയായിരുന്നു. അവനെ സംബന്ധിച്ച് വിജയം എന്നാല്‍ മത്സരത്തില്‍ ഒന്നാമതാവുക എന്നതായിരുന്നു. ഒരു ദിവസം അവന്റെ നാട്ടില്‍ ഒരു ഓട്ട മത്സരം നടക്കുകയാണ്. മത്സരം കാണാന്‍ ഒരു വിശിഷ്ട അതിഥിയുണ്ടായിരുന്നു. അടുത്ത ഗ്രാമത്തിലെ ഗുരു. അവനും രണ്ട് ചെറിയ കുട്ടികളും ഓട്ടമത്സരത്തിന് തയ്യാറായി. ആ മത്സരത്തില്‍ അവന്‍ തന്നെ വിജയിച്ചു. കാണികള്‍ എല്ലാവരും കൈയ്യടിച്ചു. പക്ഷേ, ഗുരുവിന്റെ മുഖത്ത് ഒരു സന്തോഷവും കണ്ടില്ല. അവന് ഒപ്പം മത്സരിക്കാനായി ഗുരു കരുത്തരായ രണ്ടുപേരെ കൊണ്ടു വന്നു. പക്ഷേ, ഇത്തവണയും അവന്‍ തന്നെ ജയിച്ചു. ഓരോ ജയത്തിലും അവന്‍ കൂടുതല്‍ കൂടുതല്‍ സന്തോഷവാനായി. കാണികളും കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. അപ്പോഴും ഗുരുവിന്റെ മുഖത്ത് ഒരു സന്തോഷവും കണ്ടില്ല. ഗുരു മൂന്നാമത്തെ തവണ അവനോടൊപ്പം മത്സരിക്കാന്‍ ഒരു വയസ്സായ സ്ത്രീയേയും, അന്ധനായ യുവാവിനേയും കൊണ്ടുവന്നു നിര്‍ത്തി. ഇത്തവണയും അവന്‍ ഓടി ഒന്നാമതെത്തി. തിരിഞ്ഞുനോക്കിയപ്പോള്‍ ആ വയസ്സായ സ്ത്രീയും അന്ധനായ യുവാവും സ്റ്റാര്‍ട്ടിങ്ങ് പോയിന്റില്‍ തന്നെ നില്‍ക്കുകയാണ്. സന്തോഷത്തോടെ കാണികളെ നോക്കിയ അവന്‍ നിരാശനായി. ആരും കയ്യിടിക്കുന്നില്ല. അവന് സങ്കടമായി അവന്‍ ഗുരുവിന്റെ അടുത്തെത്തി. എന്താണ് താന്‍ ജയിച്ചിട്ട് ആരും കയ്യടിക്കാത്തത്? അവന്‍ ചോദിച്ചു. വീണ്ടും മത്സരം നടത്തൂ.. പക്ഷേ ഇത്തവണ മൂന്ന് പേരും ഒരുമിച്ച് ഫിനിഷിങ്ങ് പോയിന്റിലെത്തണം. അവന്‍ വയസ്സായ സ്ത്രീയേയും അന്ധനായ യുവാവിനേയും കൈപിടിച്ച് വളരെ പതുക്കെ നടന്ന് ഫിനിഷിങ്ങ് പോയിന്റില്‍ എത്തി. ഇതു കണ്ട കാണികള്‍ അവനെ കരഘോഷത്തോടെ സ്വീകരിച്ചു. അത് കണ്ട് അവന് കൂടുതല്‍ സന്തോഷവും കൂടുതല്‍ അഭിമാനവും തോന്നി. അവന്‍ ഗുരുവിനോട് ചോദിച്ചു: ഞങ്ങളില്‍ ആര്‍ക്ക് വേണ്ടിയാണ് അവര്‍ കയ്യടിക്കുന്നത്? ഗുരു പറഞ്ഞു: മകനേ, ഇതുവരെ നീ വിജയിച്ച മത്സരങ്ങളേക്കാള്‍ വളരെ തിളക്കമുള്ളതാണ് ഈ വിജയം. ഇതില്‍ അവര്‍ കയ്യടിച്ചത് ഒരു വിജയിക്കും വേണ്ടിയല്ല.. നിന്റെ മനസ്സിന് വേണ്ടിയാണ് നമ്മുടെയൊക്കെ ജീവിതവും ഇതുപോലെ ഒരു ഓട്ടമത്സരമാണ്. മത്സരങ്ങളില്‍ നമ്മള്‍ ഒന്നാമതെത്തുന്നുണ്ടോ എന്നതിലല്ല കാര്യം, ആ ഓട്ടത്തില്‍ നമ്മള്‍ ആരെയൊക്കെ ചേര്‍ത്ത് പിടിക്കുന്നു എന്നതാണ്. നമുക്ക് ഒന്നോര്‍ക്കാം, ജീവിതമെന്ന മത്സരത്തില്‍ നാം ഓടുക തന്നെ വേണം.. പക്ഷേ, വിജയിക്കുക എന്നതല്ല പ്രധാനം, ഈ ഓട്ടത്തില്‍ നാം എങ്ങിനെ പങ്കെടുത്തു എന്നതാണ് – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *