ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയുടെ ജയത്തിന് അനുകൂലമായ പൊതുവികാരമുണ്ടാക്കിയതിന് പിന്നിൽ തൃശ്ശൂർ പൂരം അലങ്കോലമാക്കിയ സംഭവത്തിനും പങ്കുണ്ടെന്ന ആരോപണത്തിനിടെ ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിനായി മുൻ മന്ത്രിയും സിപിഐ നേതാവുമായ വിഎസ് സുനിൽകുമാർ വിവരാവകാശ അപേക്ഷ സമർപ്പിച്ചു. സംസ്ഥാന ആഭ്യന്തര വകുപ്പിന് ഓൺലൈനായാണ് അപേക്ഷ നൽകിയിരിക്കുന്നത്. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ്, അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ എന്നിവ നൽകണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.