ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേരയിൽ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സുരക്ഷാ സേന. രണ്ട് ഭീകരരെ വധിച്ചു. എകെ- 47, പിസ്റ്റൾ ഉൾപ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തു. പ്രദേശത്ത് തെരച്ചിൽ തുടരുന്നതായി സേന അറിയിച്ചു. രഹസ്യാന്വേഷണ ഏജൻസികളുടെയും ജമ്മു കശ്മീർ പൊലീസിന്‍റെയും സഹായത്തോടെയായിരുന്നു ഓപ്പറേഷൻ.
എഡിജിപി എംആര്‍ അജിത് കുമാറും, ആര്‍എസ്എസ് നേതാവ് റാം മാധവും മായുള്ള കൂടിക്കാഴ്ചയിൽ എഡിജിപിക്കൊപ്പം ഉണ്ടായിരുന്നവരുടെ പേരുകള്‍ പുറത്തുവന്നാൽ കേരളം ഞെട്ടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. എഡിജിപിയുടെ ഒപ്പം ഉണ്ടായിരുന്നവര്‍ ആരൊക്കെയാണെന്നും കൂടിക്കാഴ്ചയിൽ ബിസിനസുകാര്‍ മാത്രമല്ലെന്നും സതീശൻ വ്യക്തമാക്കി. കൂടിക്കാഴ്ചയുടെ അജണ്ട തൃശൂര്‍ പൂരം ആണെന്ന് താൻ പറഞ്ഞിട്ടില്ല. കാണാൻ പോകുന്നത് പൂരമല്ലേയെന്നും സതീശൻ പറഞ്ഞു. എഡിജിപി-ആര്‍എസ്എസ് ചര്‍ച്ച നടന്നുവെന്ന തന്‍റെ ആരോപണം ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍. തനിക്കെതിരായ ആരോപണങ്ങളിലെ അന്വേഷണത്തിൽ നിരപരാധിയാണെന്ന് തെളിഞ്ഞാൽ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുക്കണമെന്നാണ് കത്തില്‍ എഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്.
എഡിജിപി അജിത് കുമാറും ആർഎസ്എസ് നേതാവ് റാം മാധവും തമ്മിൽ നടന്ന ചർച്ചയിൽ ചെന്നൈയിൽ ബിസിനസ് നടത്തുന്ന മലയാളിയായ ബിസിനസുകാരുമുണ്ടെന്ന് സൂചന. കണ്ണൂർ സ്വദേശി കൂടിയായ ഈ ബിസിനസുകാരനൊപ്പം എഡിജിപി എന്തിന് ആർഎസ്എസ് നേതാവിനെ കണ്ടുവെന്നതിലാണ് ദുരുഹത. തലസ്ഥാനത്ത് നടന്ന ആർഎസ്എസിൻ്റെ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നതെന്നാണ് റിപ്പോർട്ട്.
എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത് എന്തിനെന്ന ചോദ്യത്തിന് മൂന്ന് പേർക്കേ മറുപടി പറയാൻ കഴിയുയെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. അതിൽ ഒരാൾ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അദ്ദേഹം പറഞ്ഞു. ദൂതനായി എഡിജിപിയെ അയച്ചുവെങ്കില്‍ എന്തിനെന്ന് മുഖ്യമന്ത്രി പറയണം. രണ്ടാമത് എഡിജിപിയാണെന്നും എന്തിന് ആർഎസ്എസ് നേതാവിനെ കണ്ടുവെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും മുരളീധരൻ പറഞ്ഞു. അതല്ലെങ്കില്‍ എഡിജിപി എന്തിനാണ് തന്നെ കണ്ടതെന്ന് ആർഎസ്എസ് നേതാവ് തന്നെ വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർ.എസ്.എസ്. നേതാക്കളുമായി എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തത വേണമെന്ന് ഡി. രാജ. വിഷയത്തിൽ സംസ്ഥാന സിപിഐ നേതൃത്വം പ്രതികരിച്ചുവെന്നും എന്ത് പ്രതിഫലനം ഇത് ഉണ്ടാക്കുമെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന നേതൃത്വത്തോട് നിർദ്ദേശിച്ചെന്നും ഡി. രാജ വ്യക്തമാക്കി.
മലയാള സിനിമാരംഗത്തെ വനിതകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ (ഡബ്ല്യു.സി.സി) പിന്തുണയ്ക്കുന്നതിനെ രാഷ്ട്രീയമായി കാണരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഡബ്ല്യു.സി.സിയ്ക്കുള്ള പിന്തുണ സ്ത്രീപക്ഷ നിലപാടാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. നാലാമത് എന്‍. രാജേഷ് സ്മാരക പുരസ്‌കാരം ഡബ്ല്യു.സി.സിയ്ക്ക് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് കൊമ്മേരിയിൽ അഞ്ചു പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ കഴിഞ്ഞ ഒരാഴ്ച്ചയിലധികമായി 47 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കൽ ക്യാമ്പിൽ പരിശോധനക്ക് അയച്ച നാല് സാമ്പിളുകൾ ആണ് പോസിറ്റീവ് ആയത്. പത്തു പേര്‍ ആശുപത്രി വിട്ടിരുന്നു. കൊമ്മേരിയിൽ രോഗ പരിശോധനയ്ക്കായി മെഡിക്കല്‍ ക്യാമ്പ് ഉള്‍പ്പെടെ നടത്തിയിരുന്നു. പ്രദേശത്ത് പ്രതിരോധ പ്രവർത്തനം തുടരുന്നതായി കോഴിക്കോട് കോർപറേഷൻ അധികൃതർ അറിയിച്ചു.
തിരുവനന്തപുരത്ത് നാലുദിവസം കുടിവെള്ളം മുട്ടിയത് ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെ അലംഭാവം മൂലമെന്ന് റിപ്പോർട്ട്. ആസൂത്രണം ഇല്ലാതെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയതും, പ്രധാന പൈപ്പ് ലൈനിലെ വാല്‍വുകള്‍ പലതും പ്രവര്‍ത്തിക്കാത്തതും പ്രതിസന്ധി കൂട്ടി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് എംഎല്‍എമാരുടെയും കോര്‍പറേഷന്‍റെയും ആവശ്യം. അടിയന്തര സാഹചര്യങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഒന്നുംതന്നെ ജല അതോറിറ്റി പാലിച്ചില്ലെന്നാണ് പരാതി.
തൊട്ടതിനും പിടിച്ചതിനുമെല്ലാം അവധിയല്ല, മറിച്ച് കാര്യക്ഷമതയുള്ള ഭരണമാണ് സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തിന് വേണ്ടതെന്ന് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തലസ്ഥാനത്തെ ജനങ്ങൾ അതാണ് ആഗ്രഹിക്കുന്നത്.ഇന്ത്യ സഖ്യം എവിടെയെല്ലാം അധികാരത്തിലുണ്ടോ അവിടെയെല്ലാം ഭരണം അവതാളത്തിലാവുകയും രാഷ്ട്രീയമെന്നത് മുഴുവൻ സമയ അഴിമതി മാത്രമായി ചുരുങ്ങുകയും ചെയ്യുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
പാർട്ടിയോട് പ്രതിഷേധം തുടർന്ന് മുതിർന്ന സിപിഎം നേതാവ്. ക്ഷണിച്ചിട്ടും കണ്ണൂരിൽ ചടയൻ ഗോവിന്ദൻ ദിനാചരണത്തിൽ ഇ പി ജയരാജൻ പങ്കെടുത്തില്ല. ജാവദേക്കർ കൂടിക്കാഴ്ചയുടെ പേരിൽ മാറ്റിയതിന് ശേഷം നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും ഇപി പങ്കെടുത്തിരുന്നില്ല. എന്നാൽ അതൃപ്തിയില്ലെന്നും ചികിത്സയിലെന്നുമാണ് ഇപി വിട്ടുനിന്നതിനെക്കുറിച്ച് എം.വി.ജയരാജൻ പ്രതികരിച്ചത്.
വടകര വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതിയായ മുഹമ്മദ് ഖാസിം നൽകിയ ഹർജിയിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. മുഹമ്മദ് ഖാസിമാണ് വ്യാജ സ്ക്രീൻ ഷോട്ടുണ്ടാക്കിയതെന്ന് കണ്ടെത്താനായില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. കേസിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ സിംഗിൾ ബെഞ്ച്, പൊലീസിന്‍റെ തുടർ നീക്കങ്ങൾ ശരിയായ ദിശയിൽ ആകണമെന്നും നിർദേശിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഖാസിമിന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
ഓയൂരിൽ നിന്നും ആറു വയസുകാരിയെ തട്ടികൊണ്ടു പോയ കേസിൽ കോടതിയിൽ തുടരന്വേഷണം ആവശ്യപ്പെട്ടതിൽ എതിർപ്പറിയിച്ച് മുഖ്യമന്ത്രി. എഡിജിപി അജിത് കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് തുടരന്വേഷണത്തിൽ കൊല്ലം എസ് പി തീരുമാനമെടുത്തത്. എഡിജിപി അന്വേഷണം അട്ടിമറിച്ചുവെന്ന ആരോപണമുയർന്നതിന് പിന്നാലെയാണ് തുടരന്വേഷണം നിർദ്ദേശിച്ചത്. എന്നാൽ തുടരന്വേഷണമുണ്ടായാൽ രണ്ട് പ്രതികൾക്കും ജാമ്യം ലഭിക്കാനിടയാകും.
നടനും എംഎല്‍എയുമായ മുകേഷിന് മുൻകൂര്‍ ജാമ്യം നല്‍കികൊണ്ടുള്ള എറണാകുളം സെഷൻസ് കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നത് സര്‍ക്കാര്‍ വിലക്കി. ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ആഭ്യന്തര വകുപ്പിന്‍റെ ഇടപെടൽ. സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയത് തുടരന്വേഷണത്തെ ബാധിക്കുമെന്ന നിലപാടിലാണ് എസ് ഐ ടി. ഇത് ചൂണ്ടികാട്ടി അപ്പീൽ നല്‍കാനിരിക്കെയാണ് സര്‍ക്കാര്‍ വിലക്ക് നൽകിയത്.
സംവിധായകൻ രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം ലഭിച്ചു.
കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പീഡന പരാതിയിൽ 30 ദിവസത്തേക്ക് രഞ്ജിത്തിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോഴിക്കോട് പ്രിന്‍സിപ്പൽ ജില്ലാ കോടതി രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്.
കട്ടപ്പനയിൽ പ്ലസ് ടു വിദ്യാർഥിയെ എസ് ഐ മർദിച്ച സംഭവത്തിൽ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ. അടുത്ത മാസം തൊടുപുഴയിൽ നടക്കുന്ന സിറ്റിങ്ങിൽ എസ് പി യും കട്ടപ്പന ഡി വൈ എസ് പി യും വിശദീകരണം നൽകണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം. വിദ്യാർഥിയെ മർദിച്ചതിൽ എസ് ഐയുടെ വീഴ്ച മറച്ചുവെച്ച് എസ് പി റിപ്പോർട്ട് നൽകിയെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ കണ്ടെത്തൽ.
കൂടരഞ്ഞി സെന്റ് ജോസഫ് ആശുപത്രിയിലെ ഇരുമ്പ് വേലിയിൽ സ്ഥാപിച്ച ലൈറ്റിൽ നിന്നും യുവാവ് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി മരിച്ച അബിൻ ബിനുവിന്റെ കുടുംബം. സുരക്ഷിതമല്ലാത്ത രീതിയിൽ കേബിൾ വലിച്ച്, ലൈറ്റ് ഘടിപ്പിച്ചത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന് കുടുംബം ചൂണ്ടിക്കാട്ടി.
പാലക്കാട് വടക്കഞ്ചേരിയിൽ വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കഞ്ചേരി പല്ലാറോഡിൽ ആണ് സംഭവം. കണക്കൻ തുരുത്തി പല്ലാറോഡ് നാരായണൻ (70) നെയാണ് അനധികൃത വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ നാരായണനെ കാണാനില്ലായിരുന്നു.
തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് ദില്ലി ബാബു അന്തരിച്ചു. 50 വയസായിരുന്നു. കുറച്ചുനാളായി ആരോഗ്യ പ്രശ്നങ്ങളാല്‍ ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആക്സസ് ഫിലിം ഫാക്ടറി എന്ന ബാനറില്‍ നിരവധി മിഡ് ബജറ്റ് വിജയ ചിത്രങ്ങള്‍ ഒരുക്കിയ നിര്‍മ്മാതാവാണ് ദില്ലി ബാബു.
ജീവപര്യന്തം തടവുകാരനെ വനിതാ ഡി.ഐ.ജി.യുടെ വീട്ടുജോലി ചെയ്യിപ്പിച്ചതിന് 14 പോലീസുകാരുടെ പേരില്‍ കേസെടുത്തു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. ശിവകുമാറിന്റെ അമ്മ കലാവതിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ബിഹാറിലെ പട്നയിൽ ബിജെപി നേതാവിനെ മോഷ്ടാക്കൾ വെടിവച്ചു കൊന്നു. മുന്ന ശർമ്മ എന്നറിയപ്പെടുന്ന ശ്യാം സുന്ദർ മനോജ് ആണ് കൊല്ലപ്പെട്ടത്. മാല പൊട്ടിക്കാനുള്ള ശ്രമം തടുക്കുന്നതിനിടെ വെടിവക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാൻപൂരിലെ റെയിൽ പാളത്തിൽ നിന്ന് എൽപിജി സിലിണ്ടർ കണ്ടെത്തി. ഇതുവഴിയേ കടന്ന് പോകേണ്ടിയിരുന്ന കാളിന്ദി എക്സ്പ്രസ് പാളം തെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഗ്യാസ് കുറ്റിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിവേഗതയിലെത്തിയ ട്രെയിൻ ഇടിച്ച് ഗ്യാസ് കുറ്റി തെറിച്ച് പോവുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇടിച്ചത് ചാക്കിൽ പൊതിഞ്ഞ് ട്രാക്കിൽ വച്ച ഗ്യാസ് കുറ്റിയിലാണെന്ന് വ്യക്തമായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി റെയിൽവേ പൊലീസ് അറിയിച്ചു.
മുടിയുടെ കാര്യത്തിൽ സ്കൂൾ നിയമങ്ങൾ ലംഘിച്ച 66 ഓളം വിദ്യാർത്ഥികളുടെ തല മൊട്ടയടിച്ച അധ്യാപകനെ ജോലിയിൽ നിന്നും പുറത്താക്കി. തായ്‌ലന്‍റിലാണ് സംഭവം. അധ്യാപകന്‍റെ പ്രവർത്തിയിൽ വ്യാപകമായ വിമർശനം ഉയർന്നതോടെ സ്കൂൾ അധികൃതർ ഇദ്ദേഹത്തെ ജോലിയിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചു.