night news hd

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാർ നടത്തിവരുന്ന ഇടപെടലുകൾക്ക് കേന്ദ്ര അംഗീകാരം ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ സജീവമായ ഇടപെടൽ എന്ന വിഭാഗത്തിലാണ് കേരളത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

 

 

തലസ്ഥാനനഗരത്തില്‍ നാലുദിവസമായി തുടരുന്ന ജിലവിതരണ മുടക്കത്തില്‍ ജല അതോറിറ്റിയെ വിമര്‍ശിച്ച് സി.പി.എം. എം.എല്‍.എയും കോര്‍പ്പറേഷന്‍ മുന്‍ മേയറുമായ വി.കെ പ്രശാന്ത്. ജല അതോറിറ്റിക്ക്‌ വീഴ്ചയുണ്ടായെന്ന് കഴക്കൂട്ടം എം.എല്‍.എ. കുറ്റപ്പെടുത്തി. മുന്‍ധാരണയില്ലാതെയാണ് അതോറിറ്റി കാര്യങ്ങള്‍ കൈകാര്യംചെയ്തതെന്നും പ്രശാന്ത് ആരോപിച്ചു.

 

 

സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ആറ് ലക്ഷത്തോളം വരുന്ന എ എ വൈ കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻ പി ഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും.

 

 

എഡിജിപി എംആർ അജിത് കുമാർ ആരെ കാണാൻ പോകുന്നതും തങ്ങളുടെ പ്രശ്നമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎമ്മുമായി അതിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ല. എഡിജിപിയും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് മാധ്യമങ്ങളാണ്. അത്തരത്തിലുള്ള ഒരു വിവാദത്തിനും സിപിഎമ്മിലില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

എഡിജിപി എംആർ അജിത് കുമാര്‍ നെട്ടോറിയസ് ക്രിമിനൽ തന്നെയാണെന്നും അവധിയില്‍ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാനാണെന്നും പിവി അൻവര്‍ എംഎല്‍എ ആരോപിച്ചു. മാമി തിരോധാനത്തിൽ ഒളിഞ്ഞും തെളിഞ്ഞും അജിത് കുമാര്‍ ഇടപെട്ടിട്ടുണ്ട്. ഇതിന് തെളിവുകളുണ്ട്. ഈ തെളിവുകള്‍ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറുമെന്നും അൻവര്‍ പറഞ്ഞു.ഇപ്പോൾ രൂപീകരിച്ച ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസം ഉണ്ട്. സിബിഐ വരണമെന്ന ആവശ്യത്തിൽ നിന്നും തൽക്കാലം പിന്മാറാൻ കുടുംബത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പിവി അൻവര്‍ പറഞ്ഞു. അതോടൊപ്പം എഡിജിപിയെ മാറ്റുമോ എന്ന ചോദ്യത്തിന് നല്ലതിനായി പ്രാർത്ഥിക്കാം എന്നായിരുന്നു അന്‍വറിന്‍റെ മറുപടി.

 

 

എഡിജിപി എംആര്‍ അജിത് കുമാര്‍ അവധി നേരത്തെയാക്കാൻ സാധ്യത. ഈ മാസം 14 മുതല്‍ നാലു ദിവസത്തേക്കാണ് നിലവില്‍ അവധി അനുവദിച്ചിരിക്കുന്നതെങ്കിലും ആരോപണങ്ങളും നിലവിലെ വിവാദങ്ങളും തുടരുന്ന പശ്ചാത്തലത്തിലും അന്വേഷണം നടക്കുന്നതിനാലും നേരത്തെ തന്നെ അവധി ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം.

 

 

എഡിജിപിയുടെ ആര്‍എസ്എസ് കൂടിക്കാഴ്ച ആകാംക്ഷയും ഉത്കണ്ഠയും ഉണ്ടാക്കുന്നുവെന്നും അതിന്റെ വിവരം വിശദീകരിക്കണമെന്നുമുള്ള ദുര്‍ബലമായ പ്രതികരണമാണ് സിപി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയതെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ കുറ്റപ്പെടുത്തി. സിപി ഐയെ തകര്‍ക്കുന്നതില്‍ ഗൂഢാലോചന നടത്തിയ എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്ത് കൊണ്ട് പൂരം കലക്കിയതില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്ന് പറയാനുള്ള മിനിമം ധൈര്യം സിപി ഐ കാണിക്കണമെന്ന് എംഎം ഹസന്‍ വ്യക്തമാക്കി.

 

 

കോഴിക്കോട് റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമി തിരോധനക്കേസിൽ പൊലീസിനുണ്ടായ വീഴ്ചകളും സംശയങ്ങളും കേസ് പുതുതായി ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ പരാതിയായി നല്‍കുമെന്ന് കുടുംബം. പുതിയ അന്വേഷണ സംഘത്തില്‍ വിശ്വാസമുണ്ടെന്നും. സിബിഐ വരണമെന്ന ആവശ്യത്തില്‍ ഇനി എന്ത് നിലപാട് എടുക്കണമെന്നത് നിയമവിദ്ഗരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും കുടുംബവും ആക്ഷന്‍ കമ്മിറ്റിയും പറഞ്ഞു.

 

 

ലീഡർ കെ കരുണാകരന്റെ മകൻ കെ മുരളീധരനെ തൃശൂരിൽ കൊണ്ടുവന്ന് മത്സരിപ്പിച്ച് വിഡി സതീശനും സംഘവും ബലിയാടാക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശൂരിൽ ജയിക്കാമെന്ന് പറഞ്ഞു പറ്റിച്ചു ബലിയാടാക്കി. അവിടെ വിജയസാധ്യത വിഎസ് സുനിൽകുമാറിനായിരുന്നു എന്നാണ് വിഡി. സതീശൻ ഇപ്പോൾ പറയുന്നത്. അതുകൊണ്ട് ഞങ്ങളുടെ വോട്ട് എൽഡിഎഫിലേക്കാണ് പോയതെന്നും പറയുന്നു. അപ്പോൾ പിന്നെ വിജയസാധ്യതയില്ലാത്തിടത്ത് എന്തിനാണ് കെ മുരളീധരനെ കൊണ്ടുവന്ന് മത്സരിപ്പിച്ചതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.

 

 

ഗോവയില്‍ മുസ്‍ലിം ജനസംഖ്യ കൂടുന്നുവെന്നും ക്രിസ്ത്യാനികള്‍ കുറയുന്നുവെന്നുമുളള ഗോവാ ഗവര്‍ണ‍ര്‍ പി.എസ്.ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം വിവാദത്തിൽ. എറണാകുളം കരുമാലൂര്‍ സെന്റ് മേരിസ് പള്ളിയിലെ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ ശ്രീധരന്‍ പിള്ള നടത്തിയ പരാമ‍ർശമാണ് വിവാദത്തിലായത്.

 

 

സിനിമയിൽനിന്ന് തന്നെ വിലക്കിയെന്ന ആരോപണവുമായി സംവിധായിക സൗമ്യ സദാനന്ദൻ. നടിക്ക് കാശ് വാഗ്ദാനം ചെയ്ത് വഴങ്ങാൻ ആവശ്യപ്പെട്ടതിനെ താൻ ചോദ്യം ചെയ്തതാണ് മലയാള സിനിമയിൽ നിന്ന് വിലക്ക് നേരിടാൻ കാരണമെന്നും സൗമ്യ ആരോപിച്ചു. പുതിയ പ്രൊജ്കടുകളുമായി വനിതാ നിര്‍മാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നു ഹേമ കമ്മിറ്റിക്ക് മുന്‍പിൽ ഇതെല്ലാം വെളിപ്പെടുത്തിയിട്ടുണ്ടെന്നും സൗമ്യ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

 

 

 

തൃശൂർ റെയിൽവേ സ്റ്റേഷന്റെ മേൽപ്പാലത്തിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിനെ പുതപ്പിച്ച തുണി ആശുപത്രിയിലെ തുണിയെന്നാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ നിഗമനം. കുട്ടിയെ പ്രസവിച്ചത് ആശുപത്രിയിലാണെങ്കിൽ ആശുപത്രിയിൽ രേഖകളുണ്ടാകും. മൃതദേഹം ഉപേക്ഷിച്ചവരിലേക്ക് വേഗത്തിലെത്താനാകും. കുട്ടിയെ മാസം തികയാതെ പ്രസവിച്ച താണെന്നാണ് സംശയിക്കുന്നത്.

 

 

സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കല്‍ പ്രക്രിയ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉപദേശക സമിതി രൂപീകരിച്ച് വിജ്ഞാപനമിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 1994ലെ ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമണ്‍ ഓര്‍ഗണ്‍സ് ആക്ട് പ്രകാരമായിരിക്കും ഈ സമിതി പ്രവര്‍ത്തിക്കുക. അപ്രോപ്രിയേറ്റ് അതോറിറ്റിയെ സഹായിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതാണ് ഉപദേശക സമിതിയുടെ ചുമതലകള്‍.

 

 

കേരള തീരം മുതൽ വടക്കൻ കർണാടക തീരം വരെ പുതിയ ന്യൂനമർദപാത്തി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴക്ക് സാധ്യതയെന്നും അറിയിപ്പുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് മുതൽ 10 വരെ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 

കേരള ഹോക്കി അസോസിയേഷനെതിരെയല്ല സംസാരിച്ചെതെന്ന് ഹോക്കി താരം പിആർ ശ്രീജേഷ്. ഹോക്കിയെ സ്നേഹിക്കുന്നുവെന്ന് നടിച്ച് ചിലർ എതിരെ നിൽക്കുന്നുണ്ടെന്ന് ശ്രീജേഷ് പറഞ്ഞു. കേരള ഹോക്കി അസോസിയേഷനൊപ്പം താനും സഹകരിക്കുന്നുണ്ട്. ഇതിന് തുരങ്കം വയ്ക്കുന്നവരെയാണ് വിമർശിച്ചത്. തന്റെ വാക്കുകൾ വളച്ചൊടിക്കരുതെന്നും ശ്രീജേഷ് പറഞ്ഞു. അസോസിയേഷനിൽ ഉള്ളവർ ഹോക്കിക്കായി പരിശ്രമിക്കണമെന്നും താൻ ഒറ്റക്ക് എടുത്താൽ പൊങ്ങില്ലെന്നുമായിരുന്നു ശ്രീജേഷിന്റെ പരാമർശം.

 

 

കുട്ടനാടിന്റെ കായൽ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കുവാൻ അവസരമൊരുക്കി കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ. വേഗ- 2 ബോട്ടിൽ ആകെ 120 സീറ്റുകളാണ് ഉള്ളത്. 5 മണിക്കൂര്‍ കൊണ്ട് 52 കിലോ മീറ്റർ ദൂരം സഞ്ചരിച്ചുളള യാത്രാനുഭവമാണ് ലഭിക്കുന്നത്. ജലഗതാഗത വകുപ്പുമായി ചേർന്നാണ് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ കായൽ കാഴ്ച്ചകൾ കാണാൻ അവസരമൊരുക്കുന്നത്. രാവിലെ 10.30 ന് സര്‍വ്വീസ് ആരംഭിച്ച് നാല് മണിയോടെ ആലപ്പുഴയിൽ എത്തുന്ന വിധത്തിലാണ് യാത്ര.

 

 

ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ സഹായം അഭ്യർത്ഥിച്ച് ഫോൺചെയ്ത നാട്ടുകാരന് വിചിത്ര മറുപടി നൽകി വനംവകുപ്പ് ഉദ്യോഗസ്ഥ‍ർ. ഇടുക്കി കാന്തല്ലൂരിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ സഹായമഭ്യർത്ഥിച്ചാണ്

പയസ് നഗർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നാട്ടുകാരൻ വിളിച്ചത്. എന്നാൽ വാഹനത്തിൽ ഇന്ധനമില്ലെന്നും ഇന്ധനം നിറച്ചശേഷം സ്ഥലത്തെത്താമെന്നുമായിരുന്നു മറുപടി.

 

 

ശമ്പള വർധനയും ബോണസ് വർധനയും അംഗീകരിച്ചതോടെ എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കരാര്‍ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. വിമാനത്താവളത്തിൽ സംയുക്ത സമര സമിതിയുടെ നേതൃത്തിൽ നടത്തി വന്ന സമരമാണ് ഒത്തുതീർത്തത്. ജീവനക്കാരുടെ ബോണസ് 1000 രൂപ വർദ്ധിപ്പിച്ചു. ലോഡിങ് തൊഴിലാളികളുടെ ശമ്പളം 20 ശതമാനം വർധിപ്പിച്ചു. പുഷ് ബാക്ക് ഓപ്പറേറ്റർമാർക്ക് പത്ത് ശതമാനവും ശമ്പളം വർധന അനുവദിച്ചു.

 

 

ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വ പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഒളിമ്പിക്സ് ഗുസ്തി താരം വിനേഷ് ഫോഗട്ട്. ജുലാന മണ്ഡലത്തിൽ കോൺഗ്രസിൻ്റെ സീറ്റിൽ മത്സരിക്കുന്ന താരം ജിന്ദ് മേഖലയിലാണ് തിരഞ്ഞെടുപ്പ് പ്രചാരണമാരംഭിച്ചത്. രാജ്യംവിടേണ്ടിവരുമെന്ന് കരുതിയപ്പോൾ കരുത്തുതന്നത് പ്രയങ്ക ഗാന്ധിയായിരുന്നുവെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു.

 

 

മുൻ ഗുസ്തി താരവും കിസാൻ കോൺഗ്രസ്‌ വർക്കിങ് ചെയർമാനുമായ ഭജ്റംഗ് പുനിയക്ക് വധഭീഷണി. വിദേശ ഫോൺ നമ്പറിൽ നിന്ന് വാട്ട്സാപ്പിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് വധഭീഷണിയുണ്ടായത്.

 

 

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി ചർച്ച നടത്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഈ ആഴ്ച മോസ്‌കോയിലേക്ക് പോകുമെന്ന് ദേശീയ മാധ്യമങ്ങൾ നിർദേശിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയും യുക്രൈനും സന്ദർശിക്കുകയും വ്ലാദിമിൻ പുടിൻ, സെലെൻസ്‌കി എന്നിവരുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. പിന്നാലെയാണ് ഡോലവിനെ അയക്കാൻ തീരുമാനമുണ്ടായത്.

 

 

തമിഴ് സിനിമാ മേഖലയിലെ അതിക്രമം സംബന്ധിച്ച് പരാതി നൽകാൻ കമ്മറ്റിയെ നിയോഗിച്ച് താര സംഘടനയായ നടികർസംഘം. നടി രോഹിണി അധ്യക്ഷയായിട്ടുള്ള സമിതിയെയാണ് നിയോഗിച്ചത്. പരാതിയുമായി സ്ത്രീകൾ മുന്നോട്ട് വരണമെന്ന് രോഹിണി അഭ്യര്‍ഥിച്ചു.

 

 

ഇന്ത്യയില്‍ ഒരാളില്‍ എം പോക്സ് സംശയിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദേശത്ത് നിന്നെത്തിയ യുവാവിലാണ് രോഗലക്ഷണം കണ്ടത്. ഇയാളെ ആശുപത്രി നിരീക്ഷണത്തിലേക്ക് മാറ്റിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

 

2001-ലെ പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെ കുറിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. വിഘടനവാദി നേതാവായ അഫ്‌സല്‍ ഗുരുവിനെ പൂമാലയിട്ട് സ്വീകരിക്കണമായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു.

 

 

എക്സൈസ് കോൺസ്റ്റബിൾ പരീക്ഷയുടെ ശാരീരിക ക്ഷമതാ പരീക്ഷയ്ക്കിടെ മരിച്ചത് 12 ഉദ്യോഗാർത്ഥികൾ. ജാർഖണ്ഡിലാണ് സംഭവം. 19 മുതൽ 31 വരെ പ്രായമുള്ള ഉദ്യോഗാർത്ഥികളാണ് റിക്രൂട്ട്മെന്റിന്റെ ആദ്യഘട്ടത്തിൽ മരിച്ചത്. സംസ്ഥാനത്തെ ഏഴ് കേന്ദ്രങ്ങളിലാണ് കായികക്ഷമത പരിശോധനയ്ക്കിടെ ഉദ്യോഗാർത്ഥികൾ മരിച്ചത്.

 

 

2026ഓ‌‌ടെ ചൊവ്വയിലേക്ക് സ്റ്റാ‍ർഷിപ്പുകളെ അയക്കും എന്ന പ്രഖ്യാപനവുമായി സ്പേസ് എക്സ് തലവൻ എലോൺ മസ്ക്. ചൊവ്വയിലെ ലാൻഡിംഗ് പരിശോധിക്കാനായി അൺക്രൂവ്ഡ് ടെസ്റ്റ് നടത്തും. ആ ലാൻഡിംഗ് വിജയകരമായാൽ നാല് വ‍ർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ടുള്ള പേടകം അയക്കും എന്നും സ്പേസ് എക്സ് സ്ഥാപകനും സിഇഒയുമായ മസ്ക് എക്സിലൂടെ അറിയിച്ചു.

 

 

ലക്നൗവിലെ ട്രാന്‍സ്പോര്‍ട്ട് നഗര്‍ മേഖലയില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം എട്ടായി. ഇരുപത്തിയെട്ട് പേര്‍ക്ക് പരിക്കേറ്റു. ഗോഡൗണായി ഉപയോഗിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നൽകി.

 

 

പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് പിന്നാലെ 15കാരൻ മരിച്ചു. ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി. യൂട്യൂബ് വീഡിയോ നോക്കിയാണ് ഡോക്ടർ ശസ്ത്രക്രിയ നടത്തിയത് എന്നാണ് ആരോപണം. ബിഹാറിലെ സരണിൽ ആണ് സംഭവം നടന്നത്.

 

 

ബംഗാളി ചലച്ചിത്ര സംവിധായകന്‍ അരിന്ദം സില്ലിനെ ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് ബംഗാളി സിനിമ സംവിധായകരുടെ സംഘടന ഡയറക്‌ടേഴ്‌സ് അസോസിയേഷൻ ഓഫ് ഈസ്റ്റേൺ ഇന്ത്യ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തു. പ്രാഥമിക തെളിവുകളും കണക്കിലെടുത്താണ് ഡിഎഇഐ വേഗം നടപടി എടുത്തതെന്ന് പത്രകുറിപ്പില്‍ പറയുന്നു.

 

 

റഷ്യ നടത്തിയ വൻ വ്യോമാക്രമണത്തെ പ്രതിരോധിച്ചതായി യുക്രൈൻ. 67 ഡ്രോണുകളിൽ 58 എണ്ണം വെടിവച്ചിട്ടെന്ന് യുക്രൈൻ അവകാശപ്പെട്ടു. കീവിൽ പാർലമെന്‍റ് മന്ദിരത്തിന് സമീപം ഡ്രോണുകളുടെ അവശിഷ്ടം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.

 

 

വടക്കൻ കാലിഫോർണിയയിൽ മൂന്നുമണിക്കൂർ നീണ്ട വെടിവെപ്പിൽ 39 കാരൻ എൺപതോളം മൃഗങ്ങളെ കൊലപ്പെടുത്തി. വെടിവെപ്പിൽ കുറ്റക്കാരൻ എന്ന് കണ്ടെത്തിയ വിസെൻ്റ് ജോസഫ് അറോയോയെ മൃഗങ്ങളെ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കുറ്റകൃത്യം ചുമത്തി മോണ്ടെറി കൗണ്ടി ഷെരീഫ് അറസ്റ്റ് ചെയ്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *