വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ 58 കുടുംങ്ങളിലെ  എല്ലാവരും മരണപ്പെട്ടുവെന്ന് മന്ത്രി കെ.രാജൻ. ഒരു മാസം കൊണ്ട് താത്കാലിക പുനരധിവാസം പൂർത്തിയായെന്നും  വാർ‍ത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. മരണാന്തര ധനസഹായമായി 93 കുടുംബങ്ങള്‍ക്ക് എട്ടു ലക്ഷം രൂപ വിതരണം ചെയ്തു എന്നും മന്ത്രി പറഞ്ഞു.

 

വയനാട് ദുരന്തത്തെ തുടർന്നുണ്ടായ സംസ്ഥാന സർക്കാരിന്റെ ധനസഹായ വിതരണത്തിൽ വലിയ പാളിച്ചയുണ്ടായെന്ന് ആരോപിച്ച് കൽപ്പറ്റ എംഎൽഎ ടി സിദ്ധിഖ്. ധനസഹായ വിതരണത്തിന് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ ഉള്ളവരുടെ പങ്കാളിത്തം തങ്ങൾ നിർദേശിച്ചിരുന്നുവെന്നും എന്നാൽ സർക്കാർ പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേസെടുത്ത  പരാതിയുടെ പകർപ്പും എഫ്ഐആറും ആവശ്യപ്പെട്ട്കോടതിയെ സമീപിച്ച് നടൻ സിദ്ദിഖ്. സിദ്ദിഖിനെതിരെ     യുവനടി നൽകിയ പരാതി പകർപ്പും എഫ്ഐആറും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. സിദ്ദിഖിനെതിരായ പരാതികാരിയുടെ രഹസ്യ മജിസ്ട്രേറ്റ് രേഖപ്പടുത്തും.

നടൻ സിദ്ദിഖിനെതിരെ യുവനടി നൽകിയ പീഡന പരാതിയുടെ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് അന്വേഷണ സംഘം. തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് സിദ്ദിഖിനെതിരെ സുപ്രധാന തെളിവുകള്‍ പൊലീസ്  ശേഖരിച്ചത്.

ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പൽ കമ്പനിയായ   മെഡിറ്ററേനിയൻ  ഷിപ്പിംഗ് കമ്പനിയുടെ മദർഷിപ്പ് ഡെയ്‍ല നാളെ രാവിലെ വിഴിഞ്ഞത്ത് എത്തും. 366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ളതാണ് ഈ കൂറ്റൻ കപ്പൽ. വിഴിഞ്ഞത്ത് ചരക്ക് ഇറക്കിയ ശേഷം കപ്പൽ കൊളംബോയിലേക്ക് പോകും. അദാനി പോർട്ട്സിന്റെ പ്രധാന ചരക്ക് നീക്ക പങ്കാളിയാണ് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി.

കേരള പി എസ് സി മുഖേനയുള്ള തെരഞ്ഞെടുപ്പുകളിൽ അധിക മാർക്ക് നൽകുന്നതിനുള്ള കായിക ഇനങ്ങളുടെ പട്ടികയിൽ 12 ഇനങ്ങൾ കൂടി ഉൾപ്പെടുത്തി. ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളിലേക്ക് നടത്തുന്ന തെര‌ഞ്ഞെടുപ്പുകളിൽ അധിക മാർക്ക് നൽകുന്നതിനാണ് പുതിയ ഇനങ്ങൾ കൂട്ടിച്ചേർത്തത്. ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നൽകി.

എംഎല്‍എ മുകേഷിനെ ബ്ലാക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടന്നതെന്ന് മുകേഷിന്റെ അഭിഭാഷകൻ . അതിനുള്ള ഇലക്ട്രോണിക് തെളിവുകൾ കോടതിയിൽ സമർപ്പിച്ചു. അടിയന്തര അറസ്റ്റിനുള്ള സാഹചര്യമില്ലെന്നും മുകേഷിന്റെ അഭിഭാഷകൻ ജോ പോൾ  മാധ്യമങ്ങളോട് പറഞ്ഞു.  ആരോപണങ്ങൾ സംശയാസ്പദമാണ്, നിയമനടപടികളുമായി മുകേഷ് സഹകരിക്കുമെന്നും അഭിഭാഷകൻ  വ്യക്തമാക്കി.

 

നടനും എം എൽ എയുമായ മുകേഷ് ചലച്ചിത്ര നയരൂപീകരണ സമിതിയിൽ ഇല്ലെന്ന വാദവുമായി മന്ത്രി സജി ചെറിയാൻ. മുകേഷ് ഉൾപ്പെടുന്ന 11 അംഗ സമിതിക്ക് പ്രാഥമിക രൂപം തയ്യാറാക്കാനുള്ള ചുമതലയാണുള്ളതെന്നാണ് മന്ത്രി സജി ചെറിയാന്റെ വിശദീകരണം.ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കിയേക്കും എന്ന സൂചനകൾക്കിടെയാണ് മന്ത്രിയുടെ വിചിത്ര വിശദീകരണം.

സിപിഎം ജനങ്ങളുടെ മുന്നിൽ പ്രതിക്കൂട്ടിൽ നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിരവധി ആരോപണങ്ങളാണ് മുകേഷിനെതിരെ ഉയ‍ർന്നിരിക്കുന്നത്. മുകേഷ് രാജിവെക്കുന്നതാണ് ഏറ്റവും ഉചിതമായ തീരുമാനം. മുകേഷിനെ സംരക്ഷിക്കുന്ന സിപിഎം എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു.

ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിൻ്റെ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ , അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങൾക്കാണ് എം മുകേഷിനെതിരെ കേസ്. മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചാണ് ജില്ലാ സെഷൻസ് കോടതിയുടെ ഇടപെടൽ.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ ദേശീയ വനിതാ കമ്മീഷന് പരാതി നൽകിയേക്കും. സന്ദീപ് വചസ്പതി, ശിവ ശങ്കർ എന്നിവർ ദില്ലിയിലെ ദേശീയ വനിതാ കമ്മീഷൻ ആസ്ഥാനത്ത് എത്തി പരാതി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇരയാക്കപ്പെട്ടവരുടെ സ്വകാര്യത സംരക്ഷിച്ചു തന്നെ കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.

സർക്കാരിനെതിരെ ആഞ്ഞടിച്ച് സാറ ജോസഫ് രംഗത്ത്.ലൈംഗികാരോപണം നേരിടുന്ന മുകേഷ് രാജി വെച്ച് അന്വേഷണം നേരിടേണ്ടതില്ലെന്ന് പറയുന്ന സർക്കാർ എന്ത് സുരക്ഷിതത്വമാണ് സമൂഹത്തിന് വാഗ്ദാനം ചെയുന്നത്..അധികാരത്തിലിരിക്കുന്നവർ തന്നെ ഇങ്ങനെ സംരക്ഷിക്കപ്പെടുകയാണെങ്കിൽ എന്ത് വിശ്വാസമാണ് നിങ്ങളിലുണ്ടാകുക എന്നും അവര്‍ ചോദിച്ചു.

 

മുകേഷിന്റെ വിഷയത്തില്‍ മാധ്യമങ്ങൾക്കെതിരേ മന്ത്രി സജി ചെറിയാന്‍. എന്തും ആരെപ്പറ്റിയും എപ്പോഴും പറയാൻ ഒരു മടിയും കാണിക്കാത്ത അവസ്ഥയിലാണ് മാധ്യമങ്ങളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തനിക്ക് സിനിമയിൽ നിന്ന് മോശമായ അനുഭവം നേരിട്ടിട്ടില്ല എന്ന് കരുതി ഇത്തരം സംഭവങ്ങൾ സിനിമയിലില്ല എന്ന് പറയുന്നത് ഇരകളോട് ചെയ്യുന്ന അപമാനമാണെന്ന് നടിയും നിർമാതാവുമായ ഷീലു എബ്രഹാം. പുതിയൊരു മാറ്റത്തിനുള്ള തുടക്കമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടെന്നും നിഷ്പക്ഷമായി നിന്ന് നിലപാടോട് കൂടി സംസാരിക്കുന്നവർ വേണം അസോസിയേഷനുകളുടെ തലപ്പത്ത് വരാനെന്നും ഷീലു വ്യക്തമാക്കി.

മന്ത്രി സജി ചെറിയാന്‍ ഇപ്പോള്‍ വിവാദങ്ങള്‍ക്കൊണ്ട് പ്രശസ്തനാണെന്ന് സി.പി.ഐ. നേതാവ് സി. ദിവാകരന്‍. മന്ത്രിയെ വേദിയില്‍ ഇരുത്തിയാണ് ദിവാകരന്റെ പരാമര്‍ശം.തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫിന്റെ സാക്ഷി മൊഴി രേഖപ്പെടുത്തി. കേസില്‍ നിര്‍ണായക മൊഴിയാണിത്. എറണാകുളം തമ്മനത്തുള്ള ജോഷി ജോസഫിന്റെ വീട്ടിലെത്തിയാണ് മൂന്നംഗ പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്.

 

ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവി ഒഴിഞ്ഞ് നടന്‍ ഇടവേള ബാബു. ലൈംഗികാരോപണ പരാതിയെ തുടർന്ന് കേസെടുത്ത പശ്ചാത്തലത്തിലാണ് ശുചിത്വ മിഷൻ പദവി ഒഴിഞ്ഞത്.

 

നഗരങ്ങളിൽ രണ്ട് സെന്റ് വരെയുള്ള ഭൂമിയിൽ നിർമിക്കുന്ന ചെറിയ വീടുകൾക്ക് ഇളവ്. കോർപ്പറേഷൻ/മുൻസിപ്പൽ അതിർത്തിക്കുള്ളിൽ രണ്ട് സെന്റ് വരെയുള്ള ഭൂമിയിൽ നിർമിക്കുന്ന 100 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് മുന്നിൽ 3 മീറ്റർ വരെയുള്ള വഴിയാണെങ്കിൽ, ഫ്രണ്ട് യാർഡ് സെറ്റ് ബാക്ക് ഒരു മീറ്റർ ആയി കുറച്ചുകൊണ്ട് ചട്ട ഭേദഗതി കൊണ്ടുവരുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

 

കാന്‍സര്‍ ചികിത്സാ ചെലവ് ചുരുക്കുന്നതില്‍ രാജ്യത്തിനാകെ മാതൃകയാകുന്ന ഒരു ചുവടുവെയ്പ്പാണ് കാരുണ്യ സ്പര്‍ശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.തെരഞ്ഞെടുക്കപ്പെട്ട കാരുണ്യ ഫാര്‍മസികളില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കാരുണ്യ സ്പര്‍ശം സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ് കൗണ്ടറുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

കെട്ടിക്കിടക്കുന്ന പരാതികൾക്കായി അദാലത്തുകൾ നടത്തേണ്ടി വരാത്ത വിധം കാര്യക്ഷമമാക്കി തദ്ദേശസ്വയംഭരണ സംവിധാനത്തെ മാറ്റിയെടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. തിരുവനന്തപുരം കോർപ്പറേഷൻ തല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള  പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ട് വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ കെ-ഷോപ്പി  ഇ-കോമേഴ്‌സ് പോര്‍ട്ടലിന് തുടക്കമായി. കെല്‍ട്രോണിന്റെ സഹായത്തോടെ ബിപിടി യുടെ മേല്‍നോട്ടത്തിലാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്.

കെഎസ്ആര്‍ടിസിയിലെ പെന്‍ഷൻ വൈകുന്നതിൽ സര്‍ക്കാരിന് കര്‍ശനമായ മുന്നറിയിപ്പ് നല്‍കി ഹൈക്കോടതി. പെന്‍ഷൻ മുടങ്ങിയതിന്‍റെ പേരില്‍ ഇനിയൊരു ആത്മഹത്യയുണ്ടാകരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ദുഃഖകരമാണെന്നും കെ.എസ്.ആർ ടി സി പെൻഷൻ കിട്ടാതെ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളിൽ സർക്കാരിന് ദുഃഖം തോന്നുന്നില്ലേയെന്നും കോടതി ചോദിച്ചു.

നടൻ ജയസൂര്യക്കെതിരായ കേസിൽ സിനിമയുടെ സംവിധായകൻ ബാലചന്ദ്ര മേനോൻ്റെ മൊഴി രേഖപ്പെടുത്തും. നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ സിനിമയുടെ മറ്റ് സാങ്കേതിക പ്രവർത്തകരുടെയും മൊഴിയെടുക്കും. പരാതിക്കാരിയുടെ മൊഴിയിൽ പറഞ്ഞിരിക്കുന്നവരുടെ മൊഴികളാണ് രേഖപ്പെടുത്തുക.

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ 2024 ലെ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന് സമ്മാനിച്ചു. പാറ്റ ട്രാവല്‍ മാര്‍ട്ട് 2024 ന്‍റെ ഭാഗമായി തായ്ലന്‍റിലെ ബാങ്കോക്ക് ക്വീന്‍ സിരികിറ്റ് നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പുരസ്കാരം ഏറ്റുവാങ്ങി.

അറബിക്കടലിൽ ആറ് പതിറ്റാണ്ടിനിടെ രണ്ടാമത്തെ ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യത. ഗുജറാത്ത് തീരത്ത് വടക്കൻ അറബിക്കടലിൽ വെള്ളിയാഴ്ച ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് വ്യാഴാഴ്ച അറിയിച്ചു.

കണ്ണൂരിൽ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 5.068 ഗ്രാം  മെത്താംഫിറ്റമിൻ പിടികൂടി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് സ്വദേശികളായ വൈഷ്ണവ്.കെ (28), ജിതേഷ് പി.പി (23) എന്നിവരാണ് പിടിയിലായത്.

തമിഴ് സിനിമാ രം​ഗത്തും അന്വേഷണ കമ്മിറ്റി വേണമെന്ന് നടൻ വിശാൽ. നടികൾക്ക് ബൗൺസർമാരെ നിയമിക്കേണ്ട അവസ്ഥയാണ്. അഡ്ജസ്റ്റ്മെന്റ് ചോദിക്കുന്നവരെ ചെരിപ്പൂരി അടിക്കണമെന്നും വിശാൽ പറ‍ഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ മലയാള സിനിമയിൽ ഉടലെടുത്ത വിവാദങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തര്‍പ്രദേശിൽ നരഭോജി ചെന്നായ്ക്കളുടെ ആക്രമണത്തിൽ 8 കുട്ടികളടക്കം 9 പേർ  കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ബഹ്റയിച്ച് ജില്ലയിലാണ് സംഭവം. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ വനംവകുപ്പും പൊലീസും തെരച്ചിൽ ഊർജിതമാക്കി. നാല് ചെന്നായ്ക്കളെ പ്രദേശത്ത് നിന്നും നിലവിൽ പിടികൂടിയിട്ടുണ്ട്. സ്ഥലത്ത് ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചുള്ള തെരച്ചിൽ തുടരുകയാണ്.

മുഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് താല്‍ക്കാലിക ആശ്വാസം. കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്യാനുള്ള ഉത്തരവ് മറ്റന്നാൾ വരെ തുടരും. കേന്ദ്രസർക്കാരിന്‍റെ വാദം ശനിയാഴ്ച നടക്കും.സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത് തീർത്തും ചട്ട വിരുദ്ധമെന്ന് അഡ്വ. അഭിഷേക് മനു സിംഗ്‍വി വാദിച്ചു.

ഡി കെ ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അന്വേഷണം തുടരാൻ സിബിഐയ്ക്ക് കർണാടക ഹൈക്കോടതി അനുമതി നല്‍കിയില്ല. അന്വേഷണം തുടരാൻ അനുമതി വേണമെന്ന സിബിഐ ഹർജി കോടതി തള്ളി.

 

ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക പീഡന പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായ ഷീ-ബോക്‌സ് പോർട്ടലിന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം തുടക്കം കുറിച്ചു. കേന്ദ്രമന്ത്രി  അന്നപൂർണാ ദേവിയുടെ നേതൃത്വത്തിൽ ഇന്ന് ദില്ലിയിൽ നടന്ന ചടങ്ങിൽ മന്ത്രാലയത്തിൻ്റെ പുതിയ വെബ്‌സൈറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു.

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിഷേധിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. താന്‍ ഒരു വാക്കുപോലും ഡോക്ടര്‍മാര്‍ക്കെതിരെ പറഞ്ഞിട്ടില്ലെന്നും ഒരിക്കലും ഭീഷണിപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും അവര്‍ അവകാശപ്പെട്ടു.

അപകീര്‍ത്തിക്കേസ് ചോദ്യംചെയ്ത് തിരുവനന്തപുരം എം.പി. ശശി തരൂര്‍ നല്കിയ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. നരേന്ദ്രമോദിക്കെതിരായ ശിവലിംഗത്തിലെ തേള്‍ പരാമര്‍ശത്തില്‍ ബി.ജെ.പി. നേതാവ് നല്കിയ അപകീര്‍ത്തിക്കേസ് തള്ളണമെന്ന ആവശ്യപ്പെട്ടാണ് തരൂര്‍ കോടതിയെ സമീപിച്ചത്. കേസില്‍ നടപടികള്‍ റദ്ദാക്കാന്‍ ആവശ്യമായ കാരണങ്ങളൊന്നുമില്ലെന്ന് ജസ്റ്റിസ് അനൂപ് കുമാര്‍ ചൂണ്ടിക്കാട്ടി.

 

ഇംഗ്ലണ്ട് ഫുള്‍ ബാക്ക് കീറന്‍ ട്രിപ്പിയര്‍ അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 33-കാരനായ താരം തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *