അര്.ജി. കര് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ നാല് സഹപ്രവർത്തകരെ നുണപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി സി.ബി.ഐ. ഇവരുടെ മൊഴികളിൽ പരസ്പര വിരുദ്ധമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത് എന്നാണ് പുറത്തുവരുന്ന വിവരം. ട്രെയിനി ഡോക്ടർമാരേയും ഒരു ഹൗസ് സർജനേയും ഒരു ഇന്റേണിനേയുമാണ് നുണപരിശോധനയ്ക്ക് വിധേയരാക്കുക.
ജാതീയ അധിക്ഷേപമുണ്ടെങ്കിൽ മാത്രമേ എസ്.സി / എസ്.ടി പീഡന നിരോധന നിയമ പ്രകാരം കേസ് എടുക്കാകൂ എന്ന് സുപ്രീം കോടതി. പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്കെതിരെ അപകീർത്തികരമായി നടത്തുന്ന എല്ലാ പരാമർശങ്ങൾക്കെതിരേയും 1989 ലെ എസ്.സി / എസ്.ടി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.പി.വി ശ്രീനിജിൻ എം.എൽ.എയ്ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്കറിയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർണായക വിധിപ്രസ്താവം.
സിനിമയിൽ അവസരങ്ങൾ ആർക്കും നിഷേധിക്കാൻ സാധിക്കില്ലെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു സിദ്ധിഖ്. ആർക്കും ആരുടെയും അവസരങ്ങൾ ഇല്ലാതാക്കാൻ കഴിയില്ല. സക്സസ്ഫുള്ളായിട്ടുള്ള സിനിമകളുടെ ഭാഗമായവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയേ ഉള്ളൂ എന്നും സിദ്ധിഖ് പറഞ്ഞു. പവർഗ്രൂപ്പിനെക്കുറിച്ച് അറിയില്ലെന്നും പവർ ഗ്രൂപ്പ് ഒരാളുടെ തൊഴിൽ നഷ്ടപ്പെടുത്തുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും സിദ്ധിഖ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വേട്ടക്കാരുടെ പേര് പുറത്തുവിടണമെന്ന നിർദ്ദേശം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചർച്ച ചെയ്യുമെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് വ്യക്തമാക്കി. അമ്മയിൽ ഭിന്നതയില്ലെന്നും സിദ്ധിഖ് കൂട്ടിച്ചേർത്തു. കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് ആരും ഇതേവരെ ആരും നേരിട്ട് പരാതിപ്പെട്ടിട്ടില്ലെന്നും സിദ്ധിഖ് പറഞ്ഞു. പരാതി കിട്ടിയാൽ നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം നടനും അമ്മ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരെ ഉയര്‍ന്ന ആരോപണം പരിശോധിക്കുമെന്നും സിദ്ദിഖ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലോ അത് പുറത്തുവിടുന്നതിലോ സർക്കാറിന് ഒളിച്ചു കളിക്കാൻ ഒന്നുമുണ്ടായിരുന്നില്ലെന്ന് എംവി ഗോവിന്ദൻ. ജസ്റ്റിസ് ഹേമ സർക്കാറിനോട് ആവശ്യപ്പെട്ടത് കൊണ്ടാണ് ചില ഭാഗങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയത്. സർക്കാർ ഒരു ഭാഗവും വെട്ടിക്കളഞ്ഞിട്ടില്ല. മൊഴികളുടെ രഹസ്യാത്മകത സംരക്ഷിക്കുകയാണ്ചെയ്തത്. ലഭിക്കാത്ത ഭാഗങ്ങൾ ഉണ്ടെങ്കിൽ അത് നിയമപരമായി വാങ്ങി എടുക്കാo. മലയാള സിനിമയെ സംരക്ഷിക്കുക എന്നാണ് ഇടതു സർക്കാർ തീരുമാനം. സർക്കാരിന് പരിമിതിയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയെടുക്കാൻ ആരുടെയും പരാതിയുടെ ആവശ്യമില്ലെന്ന് സിപിഐ നേതാവ് ആനി രാജ. സമയബന്ധിതമായ നടപടി സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവണം. റിപ്പോർട്ട് വൈകിയത് പോലെ നടപടി വൈകരുതെന്നും ഒരു കേസുമില്ലാതെ പരിഹരിക്കേണ്ട കാര്യങ്ങളുണ്ടെന്നും ആനി രാജ ദില്ലിയിൽ പറഞ്ഞു.
വയനാട് ദുരന്തബാധിതരിൽ ഒരു കുടുംബത്തിൽ ഒരാൾക്ക് തൊഴിൽ ഉറപ്പാക്കുമെന്ന് മന്ത്രി കെ. രാജൻ. ഇന്ന് നടന്ന തൊഴിൽ മേളയിൽ 67 അപേക്ഷ കിട്ടിയിട്ടുണ്ട്. അപേക്ഷിച്ച എല്ലാവർക്കും തൊഴിൽ ഉറപ്പാക്കും. ക്യാമ്പുകളിൽ നിന്നും മാറ്റിയ ആളുകൾക്കൊപ്പം സർക്കാറുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി . രണ്ടു ദിവസം കൊണ്ട് ക്യാമ്പ് അവസാനിപ്പിക്കും. 16 കുടുംബം മാത്രമാണ് ഇനി ക്യാമ്പിൽ നിന്നും മാറാനുളളത്. എല്ലാവർക്കും മതിയായ താമസ സൗകര്യം ഒരുക്കിയ ശേഷം മാത്രമേ ക്യാമ്പ് അവസാനിപ്പിക്കുവെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി മന്ത്രി വീണാ ജോര്‍ജ്. പി.ഒ.എസ്. മെഷീന് വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കും എന്നും മന്ത്രി പറഞ്ഞു.
തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകന്റെ കൈവെട്ടിയ കേസില്‍ കണ്ണൂർ സ്വദേശി സഫീർ അറസ്റ്റിൽ. എൻഐഎ സംഘം ഇന്നലെയാണ് ഇയാളെ തലശ്ശേരിയിൽ നിന്നും കസ്റ്റഡിയിലെടുത്തത്. പ്രതിയെ കൊച്ചി പ്രത്യേക എഐഎ കോടതിയിൽ ഹാജരാക്കി. മുഖ്യപ്രതി അശമന്നൂർ സവാദിന് മട്ടന്നൂരിൽ ഒളിത്താവളം ഒരുക്കിയത് സഫീറാണെന്ന് എൻഐഎ പറയുന്നു.
ഓണത്തിന് മുന്നോടിയായി അന്യ സംസ്ഥാനങ്ങളില്‍ നിന്നും ചെക്ക് പോസ്റ്റുകള്‍ വഴി കടന്നുവരുന്ന ഭക്ഷ്യ പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിലേയ്ക്കായി ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓണത്തോടനുബന്ധിച്ച് ചെക്ക് പോസ്റ്റുകളില്‍ കൂടുതല്‍ പരിശോധന നടത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു.
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയില്‍ നിന്നും മുന്‍ മാനേജര്‍ മധാ ജയകുമാര്‍ മോഷ്ടിച്ചതില്‍ ആറ് കിലോഗ്രാം സ്വര്‍ണം കണ്ടെത്തി. തമിഴ്നാട്ടിലെ തിരുപ്പൂരിലെ കാത്തലിക് സിറിയന്‍ ബാങ്കിന്റെ രണ്ട് ശാഖകളില്‍ നിന്നും ഡി.ബി.എസ്. ബാങ്കില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്. തിരുപ്പൂരിലെ വിവിധ ഭാഗങ്ങളില്‍ പ്രതിയെ എത്തിച്ച് നടത്തിയ തെളിവെടുപ്പ് തുടരുകയാണ്.
എയർ ഇന്ത്യയ്ക്കും കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും പിഴ ചുമത്തി സിവിൽ വ്യോമയാന ഡയറക്ടറേറ്റ്.പൈലറ്റുമാരെ ജോലിക്ക് നിയോഗിക്കുന്നതിൽ വരുത്തിയ പിഴവിന് ആണ് നടപടി.പരിശീലനകനില്ലാതെ ട്രെയിനി പൈലറ്റ് യാത്രാ വിമാനം പറത്തിയ സംഭവത്തിലാണ് 99 ലക്ഷം രൂപയുടെ പിഴ. ഇക്കഴിഞ്ഞ ജൂലൈ ഒൻപതിന് മുംബൈയിൽ നിന്ന് റിയാദിലേക്കുള്ള വിമാനമാണ് ഇത്തരത്തിൽ പരിശീലകനില്ലാതെ ട്രെയിനി പൈലറ്റും മറ്റൊരു പൈലറ്റും ചേർന്ന് പറത്തിയത്.