mid day hd 1

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ വീണ്ടും സര്‍ക്കാര്‍ അട്ടിമറിയെന്ന് ആരോപണം. റിപ്പോര്‍ട്ടില്‍ വിവരാവകാശ കമ്മീഷന്‍ ഒഴിവാക്കേണ്ട എന്നു പറഞ്ഞ ഭാഗം ഒഴിവാക്കുകയും ഒഴിവാക്കണം എന്നുപറഞ്ഞ ഭാഗം ഉൾപ്പെടുത്തുകയും ചെയ്തു എന്നതാണ് പുതിയ വിവാദത്തിന് കാരണം. 21 പാരഗ്രാഫുകൾ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചത്. ഇതിന് വിരുദ്ധമായാണ് സര്‍ക്കാരിന്‍റെ വെട്ടിനീക്കൽ.

 

 

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. മലയാള സിനിമാ മേഖലയിൽ നടക്കുന്നത് വ്യാപക മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ഇവ പരിശോധിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ ബൈജൂനാഥ് പറഞ്ഞു. റിപ്പോർട്ടിന്മേൽ ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും സ്വീകരിക്കാൻ പോകുന്ന നടപടികളെ കുറിച്ച് രണ്ടാഴ്ചക്കകം വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സെപ്റ്റംബറിൽ കണ്ണൂർ ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും.

 

 

 

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും സിനിമ സാംസ്ക്കാരിക വകുപ്പ് മന്ത്രിക്കും കത്ത് നൽകി. ഇരകള്‍ നല്‍കിയ മൊഴികളുടെയും സമര്‍പ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

 

 

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ താര സംഘടനയായ അമ്മ എക്സിക്യൂട്ടീവ് യോഗം ചേരാത്തതിൽ സംഘടനയിൽ ഭിന്നത. അമ്മ.നേരത്തെ പ്രതികരിക്കേണ്ടിയിരുന്നുവെന്ന് വൈസ് പ്രസിഡന്റ് ജയൻ ചേർത്തല പ്രതികരിച്ചു. പ്രതികരിക്കാൻ വൈകിയതിൽ താൻ വിഷമിക്കുന്നുവെന്നും അധികം വൈകാതെ എക്സിക്യൂട്ടീവ് ചേരുമെന്നും കൃത്യമായ പ്രതികരണം ഉണ്ടാവുമെന്നും ജയൻ ചേർത്തല പറഞ്ഞു.

 

 

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നും അതാരായാലും അങ്ങനെ തന്നെ ആയിരിക്കുമെന്നും വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഗവൺമെൻ്റിന് ഒന്നും ഒളിച്ചു വയ്ക്കാനില്ല. കുറ്റക്കാർ ആരും രക്ഷപ്പെടില്ല എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും അതിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

 

 

 

സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് സംവിധായകനും പ്രൊഡ്യൂസറുമായ ആഷിഖ് അബു. രാഷ്ട്രീയ പാര്‍ട്ടികളെക്കാളും പവര്‍ഫുള്ളായ ഗ്രൂപ്പ് സിനിമയിലും സംഘടനകളിലും ഉണ്ടെന്ന് തെളിയിക്കാന്‍ ഇനി എന്താണ് തെളിവ് വേണ്ടതെന്നും ആഷിഖ് അബു ചോദിച്ചു. എതിരഭിപ്രായങ്ങള്‍ പറയാത്ത പ്രിയപ്പെട്ട അംഗങ്ങളെ മാത്രം ചേര്‍ത്ത് പിടിക്കുന്ന ഒന്ന് മാത്രമാണ് അമ്മ സംഘടനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടാകാമെന്ന് നടൻ ജോയ് മാത്യു. രാഷ്ട്രീയത്തിലെന്നതുപോലെ സിനിമ മേഖലയിലും പല തട്ടുകളിൽ ഗ്രൂപ്പുകൾ ഉണ്ടാകാം. ദിലീപ് കേസിൽ പ്രതികരിച്ചതിനെ തുടർന്ന് തനിക്കും അവസരം നഷ്ടമായി എന്നും ജോയ് മാത്യു വെളിപ്പെടുത്തി.

 

തെറ്റു ചെയ്തവരെ സംരക്ഷിക്കാൻ പാടില്ലെന്നും സർക്കാരിന്റെ നടപടി അതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. സിനിമ മേഖലയെ മൊത്തത്തിൽ വേട്ടയാടുന്നത് ശരിയല്ല. ഞാനും എന്റെ കുടുംബവും വേട്ടയാടപ്പെട്ടിട്ടുണ്ട്. ആ വേദന എനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

 

 

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടലുണ്ടാക്കിയില്ലെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ ജോളി ചിറയത്ത്. അതിലും ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾക്ക് ശേഷമാണല്ലോ റിപ്പോർട്ട്‌ വന്നതെന്നും, ഒരുപാട് മൂലധന നിക്ഷേപമുള്ള വ്യവസായമാണ് സിനിമ എന്നതിനാൽ സൂക്ഷിച്ചേ നിലപാടെടുക്കൂ എന്ന് പറയുന്നത് ഇടതുപക്ഷ സർക്കാരിന് യോജിച്ചതല്ലെന്നും ജോളി വ്യക്തമാക്കി.

 

 

 

ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുൻപിൽ മൊഴികൊടുത്തിരുന്നുവെന്ന് വെളിപ്പെടുത്തി നടൻ ടൊവിനോ തോമസ്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നു എന്നിരുന്നാലും പ്രേക്ഷകർ സിനിമാ മേഖലയെ മുഴുവനായും തിന്മകളുടെ കേന്ദ്രമായി കാണില്ലെന്ന് പ്രതീക്ഷയുണ്ടെന്നും താരം വ്യക്തമാക്കി.

 

 

 

കേന്ദ്രമന്ത്രി പദവിയിലിരുന്ന് സിനിമ ചെയ്യാൻ സുരേഷ് ഗോപിക്ക് അനുവാദം നൽകിയേക്കില്ലെന്ന് സൂചന. കേന്ദ്ര സർക്കാർ ചട്ടങ്ങൾ സിനിമ ചെയുന്നതിൽ തടസമാകും. കടുത്ത നിലപാട് തുടർന്നാൽ മന്ത്രി പദവി ഒഴിവാക്കുന്നതും ആലോചിക്കും. അതോടൊപ്പം മന്ത്രിസ്ഥാനം പോയാല്‍ രക്ഷപ്പെട്ടേനെയെന്ന സുരേഷ് ഗോപിയുടെ പരമാര്‍ശത്തിൽ ബിജെപി കേന്ദ്രനേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി.

 

 

 

സിനിമയില്‍ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ താല്‍പ്പര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രൻ പറഞ്ഞു. അദ്ദേഹത്തിന്‍റെ താല്‍പ്പര്യത്തിന് കേന്ദ്രമാണ് മറുപടി നല്‍കേണ്ടത്. സംസ്ഥാന ഘടകത്തിന് ഇക്കാര്യത്തില്‍ അഭിപ്രായം പറയാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

 

 

 

കൊളോണിയൽ സംസ്കാരം ഇപ്പോഴും പൊലീസിൽ നിലനിൽക്കുന്നുവെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. കോഴിക്കോട് നടക്കുന്ന അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പരാമർശങ്ങളുള്ളത്. ചില ഉദ്യോഗസ്ഥർ അത്തരത്തിൽ പെരുമാറുന്നു. അച്ചടക്ക നടപടിയുടെ പേരിൽ ക്രൂരമായ വേട്ടയാടൽ നടക്കുന്നു. ഒരു ചെറിയ വീഴ്ചക്കു പോലും കടുത്ത നടപടിയാണ് ഉണ്ടാവുന്നതെന്നും റിപ്പോർട്ടിലുണ്ട്.

 

 

 

എഡിജിപി എംആര്‍ അജിത് കുമാറിനെ ഡിജിപി ഷെയ്ക്ക് ദര്‍വേശ് സാഹിബ് താക്കീത് ചെയ്തു. പൊലീസുകാരുടെ സര്‍വീസ് പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന കമ്മിറ്റിയായ പൊലീസ് എസ്റ്റാബ്ലിഷ്മെന്‍റ് ബോർഡ് യോഗത്തിൽ പങ്കെടുക്കാത്തതിനാണ് താക്കീത് ചെയ്തത്. വയനാട്ടിലെ ദുരന്ത മേഖലയിലായിരുന്നിട്ടും ഓണ്‍ലൈനായി പോലും യോഗത്തില്‍ പങ്കെടുത്തില്ലെന്നും പങ്കെടുക്കാൻ കഴിയാത്തതിന്‍റെ കാരണം അറിയിച്ചില്ലെന്നും വ്യക്തമാക്കിയാണ് ഡിജിപിയുടെ താക്കീത്.

 

 

വൈക്കം എസ്എച്ച്ഒക്കെതിരെ പരാതിയുമായി സി.കെ. ആശ എംഎൽഎ. എസ്എച്ച്ഒ കെ ജെ തോമസിനെതിരെ എംഎൽഎ നിയമസഭാ സ്പീക്കർക്ക് പരാതി നൽകി. പൊലീസ് ഓഫിസർ എംഎൽഎയെ അധിക്ഷേപിച്ചെന്നാണ് പരാതി. സ്റ്റേഷനിലെത്തി 2 മണിക്കൂർ കാത്തിരിന്നിട്ടും എസ്എച്ച്ഒ കാണാൻ തയ്യാറായില്ലെന്നും അവൾ അവിടെ ഇരിക്കട്ടെ എന്ന് എസ്എച്ച്ഒ പറഞ്ഞെന്നും എംഎൽഎ പരാതിയിൽ പറയുന്നു.

 

 

 

മാസപ്പടി കേസില്‍ സി.എം.ആര്‍.എല്ലിനെതിരായ അന്വേഷണം എസ്എഫ്ഐഒ യ്ക്ക് തുടരാമെന്ന് ഡല്‍ഹി ഹൈക്കോടതി. അതേസമയം അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ പാടില്ലെന്നും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജി അടുത്ത വെള്ളിയാഴ്ച്ച പരിഗണിക്കാനായി മാറ്റി.

 

 

 

സാങ്കേതിക രംഗത്ത് ലോകത്ത് അനുനിമിഷം വരുന്ന മാറ്റങ്ങൾ സ്കൂളിനും പൊതുസമൂഹത്തിനും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 20,000 റോബോട്ടിക് കിറ്റുകൾ കൂടി സംസ്ഥാനത്ത് സ്കൂളുകളിലേക്ക് ലഭ്യമാക്കുമെന്ന് മന്ത്രി വി. ശിവൻ കുട്ടി. ലിറ്റില്‍ കൈറ്റ്സ് സംസ്ഥാന ക്യാമ്പിന്റെയും കൈറ്റ് തയ്യാറാക്കിയ കൈറ്റ് ഗ്നൂ ലിനക്സ് 22.04 എന്ന പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം സ്യൂട്ടിന്റെ പ്രകാശനവും കൈറ്റ് റീജിയണൽ സെന്ററിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

 

 

 

നടി ശീതൾ തമ്പിയുടെ പരാതി തള്ളി ഫൂട്ടേജ് സിനിമയുടെ നിർമാതാക്കൾ. ഷൂട്ടിങ്ങിനിടെ അപകടം ഉണ്ടായപ്പോൾ വേണ്ട ചികിത്സ നൽകിയെന്ന് സിനിമയുടെ നിർമാതാക്കൾ പ്രതികരിച്ചു. പരിക്കേറ്റ് വിശ്രമിക്കുമ്പോഴും സഹായം നൽകിയെന്നും നിർമാതാക്കളായ മൂവി ബക്കറ്റ് വിശദീകരിക്കുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നും പരിക്കേറ്റ് ചികിത്സയിൽ കഴിയുമ്പോൾ ശീതളിന് കാര്യമായ രീതിയിൽ ചികിത്സാ ചിലവ് ലഭിച്ചില്ലെന്നുമാണ് വക്കീൽ നോട്ടീസിൽ പറയുന്നത്.

 

 

 

കൊല്ലം ചണ്ണപ്പേട്ടയിൽ ജനവാസ മേഖലയോട് ചേർന്ന് മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. പരപ്പാടി എസ്റ്റേറ്റിലെ 50 ഏക്കർ ഭൂമി വിലയ്ക്ക് വാങ്ങി പ്ലാന്റ് യാഥാർത്ഥ്യമാക്കാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. എന്നാൽ മനുഷ്യർ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് പ്ലാന്റ് അനുവദിക്കില്ലെന്ന് ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി.

 

 

 

വളാഞ്ചേരി കെഎസ്എഫ്ഇ ശാഖയില്‍ നടന്ന മുക്കുപണ്ടം പണയം വെച്ചുള്ള തട്ടിപ്പിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു. 79 അക്കൗണ്ടുകളില്‍ തട്ടിപ്പ് നടന്നതായാണ് പൊലീസ് കണ്ടെത്തൽ. 10 അക്കൗണ്ടുകള്‍ വഴി തട്ടിപ്പ് നടന്നുവെന്നായിരുന്നു ശാഖാ മാനേജരുടെ പരാതി. എന്നാല്‍, തട്ടിപ്പിന്‍റെ വ്യാപ്തി വലുതാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. പ്രതികള്‍ക്ക് കെഎസ്എഫ്ഇ ജീവനക്കാരുടെ സഹായം ലഭിച്ചതായാണ് പൊലീസ് നിഗമനം. അതിനാല്‍ തന്നെ ജീവനക്കാര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന കണക്കൂക്കൂട്ടലിലാണ് പൊലീസ്.

 

 

 

പാലക്കാട് പട്ടാമ്പിയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ശുചിമുറിയിൽ യുവതി തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പട്ടാമ്പിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിൽ ഓങ്ങലൂർ വാടാനാംകുറുശ്ശി വടക്കേ പുരക്കൽ ഷിതയെയാണ് തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

 

പാലക്കാട് ചാലിശ്ശേരിയിൽ പനി ബാധിച്ച് യുവതി മരിച്ചു. മുക്കൂട്ട കമ്പനിപ്പടി കണ്ടരാമത്ത് പുഞ്ചയിൽ സതീഷ്കുമാറിന്‍റെ മകൾ ഐശ്വര്യയാണ് മരിച്ചത്. ചെന്നൈയിൽ കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു.

 

 

മൂവാറ്റുപുഴയിൽ അര്‍ദ്ധ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവെപ്പ്. സംഭവത്തില്‍ ഒരാള്‍ക്ക് വെടിയേറ്റു. സഹോദരിമാരുടെ മക്കളായ കടാതി മംഗലത്ത് വീട്ടില്‍ നവീനും കിഷോറും തമ്മിലാണ് തര്‍ക്കമുണ്ടായത്. വെടിവെയ്പ്പിനിടെ നവീന്‍റെ വയറിനാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ നവീനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

 

മലയാള ചലച്ചിത്രനടൻ നിർമൽ ബെന്നി അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനംചെയ്ത ആമേൻ എന്ന ചിത്രത്തിലെ കൊച്ചച്ചനായി ശ്രദ്ധേയനായ നടനാണ് നിർമൽ ബെന്നി.

 

 

 

പോളണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രപരമായ സന്ദര്‍ശനത്തിന് യുക്രൈനിലെത്തി. 10 മണിക്കൂര്‍ തീവണ്ടിയാത്ര ചെയ്താണ് മോദി യുക്രൈന്‍ തലസ്ഥാനമായ കീവിലെത്തിയത്. 2022-ല്‍ റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയശേഷം എല്ലാ ലോകനേതാക്കളും പോളണ്ടിലിറങ്ങി തീവണ്ടിയിലാണ് യുക്രൈനിലേക്കു പോകുന്നത്. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

 

 

 

തിരുവനന്തപുരം ജില്ലയിലെ മുനമ്പത്ത് മധ്യവയസ്കനെ കുത്തിക്കൊന്നു. കൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന 50കാരനായ ബാബു എന്നയാളാണ് കൊല്ലപ്പെട്ടത്. മുനമ്പം മിനി ഹാർബറിൽ മീൻ കച്ചവടം ചെയ്യുന്നയാളാണ് ബാബു. മീൻ കൊടുക്കാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

 

 

തമിഴ്നാട് കൃഷ്ണഗിരിയിൽ വ്യാജ എൻസിസി ക്യാംപിൽ പങ്കെടുത്ത13 പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയായെന്ന കേസിൽ അറസ്റ്റിലായ യുവനേതാവ് ആത്മഹത്യ ചെയ്തു. നാം തമിഴർ കക്ഷി നേതാവായിരുന്ന ശിവരാമൻ ആണ് ജീവനൊടുക്കിയത്. സേലത്തെ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് മരണം

 

 

റഷ്യയിലെ യുക്രൈൻ ഷെല്ലാക്രമണത്തിൽ തൃശ്ശൂർ സ്വദേശിയായ സന്ദീപ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് തൃശ്ശൂർ റൂറൽ എസ്പി. ചാലക്കുടി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. മരിച്ച സന്ദീപിന്റെ കേരളത്തിൽ നിന്നുള്ള റഷ്യൻ യാത്രയെ കുറിച്ചാണ് അന്വേഷിക്കുന്നത്. സന്ദീപ് ഉൾപ്പെട്ട 12 അംഗ പട്രോളിംഗ് സംഘം കൊല്ലപ്പെട്ട വിവരം മലയാളി അസോസിയേഷൻ വഴിയാണ് കുടുംബം അറിഞ്ഞത്.

 

 

 

പ്രഥമ ദേശീയ ബഹിരാകാശ ദിനം ഇന്ന്. ദില്ലിയിലെ ഭാരത് മണ്ഡപത്തിലാണ് ദേശീയ ബഹിരാകാശ ദിന ആഘോഷച്ചടങ്ങുകൾ നടക്കുക. രാഷ്ട്രപതി ദ്രൗപതി മുർമ്മു മുഖ്യാതിഥിയാകും. ഇന്ത്യ അയച്ച ചന്ദ്രയാൻ-3 ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ്‍ ലാൻഡിംഗ് നടത്തിയതിന്‍റെ സ്‌മരാണാര്‍ഥമാണ് ഈ വര്‍ഷം മുതല്‍ ഓഗസ്റ്റ് 23ന് ദേശീയ ബഹിരാകാശ ദിനം ഇന്ത്യ ആഘോഷിക്കുന്നത്.

 

 

 

 

റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയെയും റിലയൻസ് ഹോം ഫിനാൻസിൻ്റെ മുൻ പ്രധാന ഉദ്യോഗസ്ഥരുൾപ്പെടെ 24 പേരെ വിലക്കി സെബി. വായ്പാ സ്ഥാപനമായ റിലയൻസ് ഹോം ഫിനാൻസിലെ ഫണ്ട് വകമാറ്റി തിരിമറി നടത്തിയതിനാണ് നടപടിയെടുത്തത്. അനിൽ അംബാനിക്ക് 25 കോടി രൂപ പിഴ ചുമത്തുകയും സെക്യൂരിറ്റീസ് മാർക്കറ്റുമായി ഈ കാലയളവിൽ ബന്ധപ്പെടുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു.

 

 

 

നേപ്പാളിൽ 40 ഇന്ത്യൻ യാത്രക്കാരുമായി പുറപ്പെട്ട ബസ് നദിയിലേക്ക് മറിഞ്ഞു. അപകടത്തിൽ 14 യാത്രക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. പൊഖ്‌റയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

 

 

മെട്രോ നിർമ്മാണത്തിനിടെ കൂറ്റൻ ക്രെയിൻ കെട്ടിടത്തിന് മുകളിലേക്ക് വീണു. സൂറത്ത് മെട്രോ നിര്‍മാണത്തിനിടെയാണ് സംഭവം. ആൾതാമസം ഇല്ലാത്ത കെട്ടിടം ആയതിനാൽ വൻദുരന്തം ഒഴിവായി. മൂന്നാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് സൂറത്തിലെ മെട്രോ നിർമാണത്തിനിടെ അപകടമുണ്ടാകുന്നത്.

 

 

തിരക്കേറിയ റോഡില്‍ കറൻസി നോട്ടുകൾ വലിച്ചെറിഞ്ഞ് യൂട്യൂബറുടെ വീഡിയോ ചിത്രീകരണം. ഹൈദരാബാദിലെ കുക്കട്ട്പള്ളിയിലാണ് സംഭവം. പവര്‍ ഹര്‍ഷ എന്ന മഹാദേവിനെതിരെ പോലീസ് കേസെടുത്തു. ജനപ്രീതി നേടാനും സോഷ്യല്‍ മീഡിയയില്‍ വൈറലാവാനും ലക്ഷ്യമിട്ടായിരുന്നു യൂട്യൂബറുടെ പ്രകടനം.

 

കുവൈത്തില്‍ ഭൂചലനം അനുഭവപ്പെട്ടു. വടക്ക് കിഴക്കൻ കുവൈത്തില്‍ ബുധനാഴ്ച വൈകിട്ടാണ് റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കുവൈത്ത് നാഷണല്‍ സീസ്മിക് നെറ്റ്‍‍വര്‍ക്ക് ഫോർ സയന്‍റിഫിക് റിസര്‍ച്ച് ഈ വിവരം സ്ഥിരീകരിച്ചു.

 

 

 

അമേരിക്കയ്ക്ക് വേണ്ടി പോരാട്ടം തുടരാൻ എല്ലാവരും കൈകോർക്കാൻ ആഹ്വാനം ചെയ്ത് കമല ഹാരിസ്. സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുന്ന പ്രസിഡൻ്റായിരിക്കും താനെന്ന് കമല ഹാരിസ് വ്യക്തമാക്കി. സർക്കാരിന്റെ പദ്ധതികൾ വിപുലീകരിച്ച് മധ്യവർഗ്ഗത്തെ സംരക്ഷിക്കും. രാഷ്ട്രീയ സാമൂഹ്യ വ്യത്യാസങ്ങളില്ലാതെ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആകും താനെന്നും കമല ഹാരിസ് ചിക്കാഗോയിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ കൺവെൻഷനിൽ സംസാരിക്കവെ വ്യക്തമാക്കി.

 

 

 

മുഴുവൻ സർക്കാർ ജീവനക്കാരും സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന സംസ്ഥാന സർക്കാർ ഉത്തരവ് പാലിച്ചില്ലെങ്കിൽ ഉത്തർപ്രദേശിൽ 13 ലക്ഷത്തിലധികം സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കില്ലെന്ന് മുന്നറിയിപ്പ്. സർക്കാർ ജീവനക്കാർ തങ്ങളുടെ ജംഗമ, സ്ഥാവര സ്വത്തുക്കൾ ഓഗസ്റ്റ് 31-നകം സർക്കാർ പോർട്ടലായ മാനവ് സമ്പത്തിൽ വെളിപ്പെടുത്തണമെന്നും അല്ലാത്തപക്ഷം ഈ മാസത്തെ ശമ്പളം നൽകില്ലെന്നും സർക്കാർ അറിയിച്ചു.

 

 

വിനേഷ് ഫോഗട്ടിൻ്റെ ആരോപണം തള്ളി ദില്ലി പൊലീസ്. സുരക്ഷ പിന്‍വലിച്ചതല്ലെന്നും നിലവില്‍ പ്രതിഷേധങ്ങള്‍ ഹരിയാനയില്‍ നടക്കുന്നതിനാല്‍, അവിടുത്തെ പോലീസിന് ചുമതല കൈമാറിയതാണെന്നുമായിരുന്നു ദില്ലി പോലീസിന്റെ വിശദീകരണം. ബ്രിജ് ഭൂഷണെതിരെ കോടതിയില്‍ മൊഴി കൊടുക്കേണ്ട വനിതാ ഗുസ്തി താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സുരക്ഷ ദില്ലി പോലീസ് പിന്‍വലിച്ചെന്നായിരുന്നു വിനേഷിന്റെ ആരോപണം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *