താജ്മഹലിനെ കുറിച്ച് നിങ്ങൾ അറിയാക്കഥകളുടെ കഴിഞ്ഞ ഭാഗത്തിൽ വായിച്ചിരിക്കുമല്ലോ. എന്നാൽ ഇന്ന് നമുക്ക് താജ്മഹലിന്റെ വാസ്തുവിദ്യയെക്കുറിച്ച് നോക്കാം …..!!!
താജ് മഹലിന്റെ പ്രധാന ഭാഗം എന്നു പറയാവുന്നത് വെള്ള മാർബിളിൽ നിർമ്മിച്ചിട്ടുള്ള കുടീരമാണ്. ഇത് ഒരു സമചതുര സ്തംഭപാദത്തിൽ സ്ഥിതി ചെയ്യുന്നു.സാധാരണ കാണുന്ന എല്ലാ മുഗൾ, പേർഷ്യൻ വാസ്തു വിദ്യയിലേയും പോലെ ഇതിനു ചുറ്റും സമമായി പണിതീർത്തിരിക്കുന്ന ഭാഗങ്ങളും, ഇവാൻ എന്ന ഒരു കമാനാകൃതിയിലുള്ള വാതിലും, ഏറ്റവും മുകളിലായി ഒരു വലിയ കുംഭഗോപുരവും കാണാം.താജ് മഹലിന്റെ അടിസ്ഥാനം വലിയ പല-അറകളുള്ള ഘടനയാണ്. നീളം, വീതി, ഉയരം ഈ മുന്നും സമമായ അളവോടു കൂടിയ ഒരു വലിയ ഘനപദാർത്ഥത്തിന്റെ ആകൃതിയിലാണ് അടിത്തറ. ഇതിന്റെ ഏകദേശ നീളം 55 മീ. ആണ്.
നീളമുള്ള വശങ്ങളിൽ പിസ്താക് എന്നറിയപ്പെടുന്ന കമാനാകൃതിയിലുള്ള ചട്ടക്കൂടുകൾ പിടിപ്പിച്ചിട്ടുണ്ട്. മുൻപിലെ കമാനത്തിന്റെ രണ്ടു വശത്തും മുകളിലും താഴെയുമായി കൂടുതൽ പിസ്താക്കുകൾ പിടിപ്പിച്ചിട്ടുണ്ട്. നാലു വശങ്ങളിലും നാല് മീനാറുകൾ സ്ഥിതി ചെയ്യുന്നു. ഇതിന്റെ മുകളിലും ഓരോ കുംഭഗോപുരങ്ങൾ ഉണ്ട്. അകത്തെ പ്രധാന അറക്കുള്ളിൽ ഷാജഹാന്റേയും മുംതാസ് മഹലിന്റേയും ശവപ്പെട്ടികളുടെ മാതൃക കാണാം. യഥാർഥ ശവപ്പെട്ടികൾ ഇതിന്റെ താഴെയുള്ള അറകളിലാണ് സ്ഥിതി ചെയ്യുന്നത്.മാർബിൾ കൊണ്ട് നിർമ്മിച്ചിട്ടുള്ള ഗോപുരമാണ് ഇതിലെ ഏറ്റവും വലിയ ആകർഷണം. ഇതിന്റെ ഉയരം കെട്ടിടത്തിന്റെ അടിത്തറയുടെ അത്ര തന്നെ വരും. ഏകദേശം 35 മീറ്റർ ഉയരമുള്ളതാണ് ഈ കുംഭഗോപുരം. ഇതിന്റെ മുകളിലുള്ള ഗോളസ്തംഭത്തിന് 7 മീറ്റർ ഉയരമുണ്ട്.
രൂപസവിശേഷത കൊണ്ട് ഇതിനെ ഓനിയൻ ഡോം അഥവാ ഉള്ളിയുടെ ആകൃതിയുള്ള സ്തംഭം എന്ന് വിശേഷിപ്പിക്കാറുണ്ട്. ഏറ്റവും മുകളിലുള്ള ഈ ഗോള സ്തംഭത്തിന്റെ മുകളിൽ താമരയുടെ ആകൃതിയിൽ ഉള്ള ഒരു രൂപം ഉണ്ട്. ഇതിന് ചുറ്റും നാല് ചെറിയ സ്തൂപങ്ങൾ നിർമ്മിച്ചിരിക്കുന്നു. ഇതിന്റെ ആകൃതിയും പ്രധാന സ്തൂപത്തിന്റെ ആകൃതിയിൽ തന്നെയാണ്. ഇതിനെ ചത്രി സ്തൂപം എന്ന് വിശേഷിപ്പിക്കുന്നു. ഇതിന്റെ അടിഭാഗം പ്രധാന കുംഭ ഗോപുരത്തിന്റെ അകത്തേക്ക് തുറന്ന് അതിനകത്തേക്ക് വെളിച്ചം കടത്തിവിടുന്നു. അടിഭാഗത്തെ ചുമരുകളുടെ നാലു ഭാഗത്തും ശംഖുപിരിയൻ ആകൃതിയിലുള്ള അലങ്കാരങ്ങൾ ചെയ്തിട്ടുണ്ട്. ചത്രി കുംഭഗോപുരങ്ങൾ ഇവിടേയും നിർമ്മിച്ചിരിക്കുന്നു.ഈ കുംഭഗോപുരത്തിന്റേയും ചത്രിയുടെയും മുകളിലായി ഫിനിയൽ എന്ന പേർഷ്യൻ, ഹിന്ദു ചിത്രപ്പണികൾ ചെയ്തിരിക്കുന്ന ലോഹ സ്തൂപം സ്ഥിതി ചെയ്യുന്നു. ആദ്യം സ്ഥാപിച്ചപ്പോൾ ഇത് സ്വർണ്ണം കൊണ്ടുള്ളതായിരുന്നു എന്ന് പറയപ്പെടുന്നു.
കൊല്ലവർഷം 1800 വരെ സ്വർണ്ണം കൊണ്ട് നിർമ്മിച്ച സ്തൂപം ഇതിന്റെ മുകളിൽ സ്ഥിതി ചെയ്തിരുന്നു. പിന്നീട് ഈ സ്വർണ്ണത്തിന്റെ സ്തൂപം ബ്രിട്ടിഷുകാർ എടുത്ത് മാറ്റി എന്നാണ് പറയപ്പെടുന്നത്. അതിനു ശേഷം അതേ ആകൃതിയിലും വലിപ്പത്തിലുമുള്ള സ്തൂപം വെങ്കലം കൊണ്ട് നിർമ്മിച്ച് സ്ഥാപിക്കുകയായിരുന്നു. ഈ സ്തൂപത്തിന്റെ മുകളിലായി അർദ്ധ ചന്ദ്രന്റെ ആകൃതിയിൽ നിർമ്മിച്ച ഒരു ഫലകം സ്ഥിതി ചെയ്യുന്നു. ഇത് ഇസ്ലാമിക് മതത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.പ്രധാന സ്തംഭപാദത്തിന്റെ നാലു മൂലകളിലായി നാലു വലിയ മീനാരങ്ങൾ സ്ഥിതി ചെയ്യുന്നു. ഈ നാലു മീനാറുകൾക്കും 40 മീറ്റർ ഉയരമുണ്ട്. ഇവ താജ് മഹലിന്റെ പ്രതി സമത ആകൃതിയെ കാണിക്കുന്നു.
ഓരോ മീനാറുകളും താഴെ നിന്ന് മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇതിൽ മുകളിലേക്ക് പോകുന്നതിൽ രണ്ട് ബാൽക്കണികളും ഏറ്റവും മുകളിലായി അവസാനത്തെ ബാൽക്കണിയും നിർമ്മിച്ചിരിക്കുന്നു. ഏറ്റവും മുകളിലുള്ള ബാൽക്കണിയിൽ പ്രധാന ഗോപുരത്തിന്റെ ആകൃതിയിലുള്ള ചത്രി സ്ഥിതി ചെയ്യുന്നു. പ്രധാന ഗോപുരത്തിന്റെ മുകളിലുള്ള കമലാകൃതിയിലുള്ള സ്തൂപം മീനാറിന്റെ മുകളിലും പണിതിരിക്കുന്നു. നാലു മീനാരുകളും പ്രധാന സ്തംഭപാദത്തിന്റെ മൂലയിൽ നിന്ന് പുറത്തേക്ക് അല്പം ചരിച്ചാണ് പണിതിരിക്കുന്നത്. എന്തെങ്കിലും കാരണത്താൽ ഈ മീനാറുകൾ തകരുകയാണെങ്കിൽ അത് പ്രധാന ഗോപുരത്തിലേക്ക് വീഴാതെ വശങ്ങളിലേക്ക് വീഴുന്നതിനായിട്ടാണ് ഇങ്ങനെ നിർമ്മിച്ചിരിക്കുന്നത്.
താജ് മഹലിന്റെ പുറമേയുള്ള അലങ്കാരങ്ങൾ മുഗൾ വംശത്തിലെ ഏറ്റവും മികച്ച വാസ്തുവിദ്യകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. അലങ്കാരങ്ങൾ എല്ലാം കൃത്യമായ ആനുപാതത്തിലാണ് പിസ്താക്കുളിലും ചുമരുകളിലും ചെയ്തിരിക്കുന്നത്. അലങ്കാരങ്ങൾ പ്രധാനമായും മൂന്നു രീതിയിലാണ്. പെയിന്റ് ഉപയോഗിച്ചും, കുമ്മായചാന്ത് ഉപയോഗിച്ചും, കൂടാതെ പ്രധാന രീതിയായ മാർബിളിൽ കൊത്തിയതുമാണ്. ഇസ്ലാം മതത്തിന്റെ പ്രാധാന്യങ്ങളും വിലക്കുകളും കണക്കിലെടുത്ത് അലങ്കാരങ്ങൾ പ്രധാനമായും ചെയ്തിരിക്കുന്നത് കൈയക്ഷരങ്ങൾ ഉപയോഗിച്ചും, സസ്യലതാദികളുടെ രൂപാകൃതിയിലുമാണ്.താജ് മഹലിൽ കാണപ്പെടുന്ന കൈയെഴുത്തുകൾ അത്യലംകൃതമായ തുളുത് എഴുത്തു രീതിയാണ്. ഇത് പ്രധാനമായും ചെയ്തിരിക്കുന്നത് പേർഷ്യൻ കൈയെഴുത്തുകാരനായ അമാനത്ത് ഖാൻ ആണ്. ഈ കൈയെഴുത്തുകൾക്കായി ഉപയോഗിച്ചിരിക്കുന്നത് വെള്ള മാർബിളുകൾ കൊത്തി അതിൽ ജാസ്പർ എന്ന കല്ല് ഉൾച്ചേർത്തിയിരിക്കുന്ന രീതിയിലാണ്.
മുകളിലുള്ള ചുവരുകളിൽ അല്പം വലിയ അക്ഷരങ്ങളിലാണ് ഈ കൈയെഴുത്തുകൾ കൊത്തിയിരിക്കുന്നത്. താഴെ നിന്ന് നോക്കുമ്പോൾ എല്ലാ വശത്തും അക്ഷരങ്ങൾ ശരിയായ അനുപാതത്തിൽ കാണുവാൻ വേണ്ടിയിട്ടാണ് ഇത്. താജ് മഹലിന്റെ അകത്തും പുറത്തുമായി കൊത്തിയിരിക്കുന്ന ഈ കൈയെഴുത്തുകൾ ഖുറാനിൽ നിന്നുള്ള വചനങ്ങളാണ്.വളരെ സംഗ്രഹീതമായ രൂപങ്ങളാണ് പ്രധാന സ്തംഭപാദം, പ്രധാന കവാടം, മോസ്ക്, ജവാബ് എന്നിവിടങ്ങളിലും ഒരു പരിധി വരെ ഇതിന്റെ തറകളിലും ഉപയോഗിച്ചിരിക്കുന്നത്. കുംഭഗോപുരത്തിന്റേയും പ്രധാന കമാനത്തിന്റെ ആർച്ചിലും മറ്റും ചെയ്തിരിക്കുന്ന പെയിന്റിങ്ങുകൾ കൃത്യമായ ജ്യാമീതീയ രൂപങ്ങളാലാണ് തീർത്തിരിക്കുന്നത്.
എല്ലാ പ്രധാന അരികുകളിലും, ചുവരുകൾ ചേരുന്നിടത്തും ഹെറിങ്‌ബോൺ രീതിയിൽ കൊത്തുപണികൾ ചെയ്തിരിക്കുന്നു. ഉൾവശങ്ങളിൽ വെള്ള മണൽക്കല്ലുകൾ ഉപയോഗിച്ചിരിക്കുന്നു. അതുപോലെ വെള്ള മാർബിളിൽ കറുപ്പും ഇരുണ്ടതുമായ കൊത്തുപണികൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. തറകളിലും നടപ്പാതകളിലും മാർബിൾ കൊണ്ടുള്ള ബ്ലോക്കുകൾ ടെസലേഷൻ ആകൃതിയിൽ ആണ് വിരിച്ചിരിക്കുന്നത്.താഴത്തെ ചുമരുകളിൽ സസ്യങ്ങളുടെയും പൂക്കളുടെയും കൊത്തുപണികളാണ് ചെയ്തിരിക്കുന്നത്. ഈ കൊത്തുപണികൾ ചെയ്തിരിക്കുന്ന മാർബിളുകൾ നന്നായി മിനുക്കിയിരിക്കുന്നു. വെള്ള മാർബിളുകളിൽ തുരന്ന് പല നിറത്തിലുള്ള മാർബിളുകൾ ഉറപ്പിച്ചിരിക്കുന്ന രീതിയിലാണ് സസ്യലതാദികളുടെ കൊത്തുപണികൾ . വെള്ള മാർബിൾ തുരന്ന് അകത്ത് കൊത്തി വച്ചിരിക്കുന്ന കല്ലുകൾ മാർബിൾ, ജാസ്പർ, ജേഡ് എന്നിവയാണ്. ഒറ്റനോട്ടത്തിൽ തുരന്ന് കൊത്തി വച്ചിരിക്കുന്ന രീതിയിലാണെന്ന് തോന്നാത്ത രീതിയിൽ ചുമരിന്റെ അതേ നിരപ്പിൽ തന്നെയാണ് ഈ കൊത്തുപണികൾ . ആ പൂർണ്ണത അതിൽ കാണാo.
മഹലിന്റെ അകത്തളത്തിലെ കൊത്തുപണികൾ പുറമേ ചെയ്തിരിക്കുന്ന തുരന്നുള്ള പണികളേക്കാൾ ഉന്നതമായ കൽകൊത്തുപണികളാണ്. ഇത് വളരെ വിലപ്പെട്ട കല്ലുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അകത്തെ അറ എട്ട് വശങ്ങളുള്ള ഒരു അറയാണ്. ഇതിന്റെ എല്ലാ വശങ്ങളിൽ നിന്നും ഇതിലേക്കുള്ള പ്രവേശനമുണ്ട്. പക്ഷേ, തെക്കെ വശത്തെ ഉദ്യാനത്തിലേക്ക് തുറക്കുന്ന വാതിൽ മാത്രമേ ഇവിടെ ഉപയോഗിക്കാറുള്ളു. അകത്തെ അറയുടെ ചുവരുകൾക്ക് 25 മീറ്റർ ഉയരമുണ്ട്. ഇതിന്റെ മുകളിലായി സൂര്യാകൃതിയിലുള്ള ഒരു സ്തൂപം സ്ഥാപിച്ചിരിക്കുന്നു.
അകത്തേ അറയുടെ നാലു വശത്തായി നാലു ആർച്ചുകൾ സ്ഥിതി ചെയ്യുന്നു. മുകളിലത്തെ നിലയിൽ നിന്നും താഴത്തെ അറ കാണാവുന്നതാണ്. അകത്തെ ഓരോ അറകളും വളരെ ഉന്നതമായ രീതിയിൽ അലങ്കരിച്ചിരിക്കുന്നു. ഇതിൽ തുരന്നുള്ള കൊത്തുപണികളും പുറത്തേ അകത്തളത്തിലുള്ള പോലെ കൈയെഴുത്ത് കൊത്തുപണികളും, വിലപിടിപ്പുള്ള കല്ലിലുള്ള കൊത്തു പണികളും ചെയ്തിരിക്കുന്നു. ഇതിന്റെ ഒത്ത നടുക്കായി ഷാജഹാന്റേയും മുംതാസ് മഹലിന്റേയും ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നു. ഈ ശവകുടീരങ്ങളെ മറച്ചു കൊണ്ട് മാർബിൾ ജാലികൾ സ്ഥിതി ചെയ്യുന്നു. ഈ മാർബിൾ ജാലികൾ എട്ട് വശങ്ങളുള്ള ഒരു മാർബിൾ അറയാണ്. ഓരോ വശങ്ങളും സമാനമായ കൊത്തു പണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അതിനു താഴെയുള്ള തറ ഭാഗം വിലപ്പെട്ട കല്ലുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഈ കല്ലുകളിൽ സസ്യലതാദികളുടേയും വള്ളികളുടേയും ഫലങ്ങളുടേയും പുഷ്പങ്ങളുടേയും രൂപങ്ങൾ കൊത്തിയിരിക്കുന്നു.
മുസ്ലീം ആചാരമനുസരിച്ച് ശവകുടീരങ്ങൾ അലങ്കരിക്കുന്നത് നിഷേധകരമായ ഒരു കാര്യമായതിനാൽ ഷാജഹാൻ, മുംതാസ് മഹൽ എന്നിവരുടെ ശവകുടീരങ്ങൾ അകത്തേ അറയുടെ താഴെ തികച്ചും സമതലമായ ഒരു തറയിലാണ് ചെയ്യുന്നത്. അവരുടെ തലകൾ പുണ്യ നഗരമായ മെക്കയുടെ വശത്തിലേക്കാണ് തിരിച്ചു വച്ചിരിക്കുന്നത്. മുംതാസ് മഹലിന്റെ ശവകല്ലറ അകത്തളത്തിന്റെ ഒത്ത നടുക്കായിട്ടാണ് വച്ചിരിക്കുന്നത്. ഈ മാർബിൾ ഫലകങ്ങളുടെ ചുറ്റിലും വിലപ്പെട്ട കല്ലുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഇതു കൂടാതെ മുംതാസിനെ പുകഴ്ത്തിക്കൊണ്ടുള്ള കൈയെഴുത്ത് കൊത്തു പണികളും ചെയ്തിരിക്കുന്നു. ഷാജഹാന്റെ ശവക്കല്ലറ മുംതാസിന്റെ കല്ലറയുടെ അടുത്തായി സ്ഥാപിച്ചിരിക്കുന്നു. ഇത് മാത്രമാണ് ഈ മൊത്തം കെട്ടിടത്തിൽ അസമതലമായി അഥവാ അസിമട്റിക് ആയി കാണാവുന്ന ഒന്ന്.
മുംതാസിനേക്കാൾ അല്പം വലിപ്പം കൂടിയതാണ് ഷാജഹാന്റെ കല്ലറ. മുംതാസിന്റെ കല്ലറയുടെ പോലെ തന്നെ മാർബിൾ കൊണ്ടുള്ള ഒരു അറ ഇതിനും തീർത്തിരിക്കുന്നു. വിലപിടിപ്പുള്ള കല്ലുകൾ കൊണ്ടും കൈയെഴുത്ത് കൊത്തു പണികളും കൊണ്ട് ഇതിനേയും അലങ്കരിച്ചിരിക്കുന്നു. കൈയെഴുത്ത് കൊത്തുപണികൾ ഷാജഹാനെ കുറിച്ചും അദ്ദേഹത്തെ പുകഴ്ത്തി കൊണ്ട് എഴുതിയിരിക്കുന്നു. ഈ അറയുടെ മുകളിലായി ഒരു പേനയുടെ ചെപ്പ് സ്ഥിതി ചെയ്യുന്നു. ഇത് മുഗൾ വംശജരുടെ ആചാരമനുസരിച്ച് ശവക്കല്ലറകളിൽ സ്ഥാപിക്കുന്ന ഒന്നാണ്. ഇതു കൂടാതെ ദൈവത്തിന്റെ പത്തൊൻപത് പേരുകൾ ഇവിടെ കൊത്തി എഴുതിയിട്ടുണ്ട്.
താജ് മഹലിന്റെ ചുറ്റിലും ഏകദേശം 300 സ്ക്വകയർ മീറ്റർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ഉദ്യാനമാണ് ചാർ ബാഗ് ഉദ്യാനം. ഇത് ഒരു യഥാർഥ മുഗൾ ഉദ്യാനമായി കണക്കാക്കപ്പെടുന്നു. ഈ ഉദ്യാനത്തിന്റെ നടുവിലൂടെ ഉയർത്തിയ വഴികൾ കൊണ്ട് ഉദ്യാനത്തിന്റെ നാലു ഭാഗങ്ങളായും 16 പൂത്തടങ്ങളായും തിരിച്ചിരിക്കുന്നു. ഇതിന്റെ നടുക്കായി മാർബിളിൽ ഉയർത്തി പണിതിരിക്കുന്ന വെള്ള ടാങ്ക് സ്ഥിതി ചെയ്യുന്നു. താജ് കുടീരത്തിന്റേയും പ്രധാന തെക്കേ വാതിലിന്റേയും ഏകദേശം പകുതി വഴിയിലായിട്ടാണ് ഈ മാർബിൾ ടാങ്ക് സ്ഥിതി ചെയ്യുന്നത്. ഈ മാർബിൾ ടാങ്കിലെ വെള്ളത്തിൽ താജ് മഹലിന്റെ പ്രതിഫലനം കാണാവുന്നതാണ്. മറ്റു ഭാഗങ്ങളിൽ ഉദ്യാനം പലവിധ മരങ്ങൾ കൊണ്ടും ചെറിയ ഫൗണ്ടനുകൾ കൊണ്ടും അലങ്കൃതമാണ്.
ഉയർത്തി പണിതിരിക്കുന്ന ഈ മാർബിൾ വെള്ള ടാങ്ക് അൽ ഹവ്‌ദ് അൽ-കവ്‌താർ എന്നറിയപ്പെടുന്നു. പേർഷ്യൻ ഉദ്യാനങ്ങളുടെ മാതൃകയിൽ നിന്നും പ്രചോദനം കൊണ്ടിരിക്കുന്നതാണ് ചാർബാഗ് ഉദ്യാനം. ഈ രീതി ഇന്ത്യയിലേക്ക് കൊണ്ടുവന്നത് മുഗൾ ചക്രവർത്തിയായ ബാബർ ആയിരുന്നു.സാധാരണ മുഗൾ ഉദ്യാനങ്ങളിൽ ഉദ്യാനത്തിന്റെ നടുക്ക് സ്ഥിതി ചെയ്യുന്ന കുടീരം ഉദ്യാനത്തിന്റെ അറ്റത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഈ ഉദ്യാനം നിലാവിന്റെ ഉദ്യാനം എന്ന് അറിയപ്പെടുന്നു. ഈ ഉദ്യാനത്തിന്റെ വാസ്തുവിദ്യകൾ, ഇതിന്റെ അടിസ്ഥാനം, ഇഷ്ടികകൾ വിരിച്ചിരിക്കുന്ന രീതികൾ, ഫൗണ്ടനുകൾ, മാർബിൾ നടപ്പാതകൾ, ജ്യാമീതീയ പൂത്തടങ്ങൾ എന്നിവ ജമ്മു കശ്മീരിലെ ഷാലിമാർ ഉദ്യാനവുമായി സാമ്യമുള്ളതിനാൽ രണ്ടിന്റെയും രൂപകല്പന ഷാലിമാർ ഉദ്യാനം രൂപകല്പന ചെയ്ത അലി മർദാൻ തന്നെ ആണെന്ന് കണക്കാക്കപ്പെടുന്നു.
ആദ്യകാല കണക്കനുസരിച്ച് ഇവിടെ റോസ്, ഡാഫോഡിൽസ്, ഫലവൃക്ഷങ്ങൾ എന്നിവ ധാരാളമായി നില നിന്നിരുന്നതായി പറയപ്പെടുന്നു. മുഗൾ വംശത്തിന്റെ അവസാനത്തോടെ പിന്നീട് വന്ന ബ്രിട്ടീഷുകാർ ഇതിന്റെ രൂപം ലണ്ടനിലെ ഉദ്യാനങ്ങളുടെ മാതൃകയിലാക്കുകയായിരുന്നു. താജ് മഹൽ കെട്ടിട സമുച്ചയം ചുറ്റിലും ചെത്തി ഭംഗി വരുത്തിയിരിക്കുന്ന ചെങ്കൽ കൊണ്ടും ചുമരുകൾ കൊണ്ടും മറച്ചിരിക്കുന്നു. മൂന്നു വശങ്ങൾ ഇത്തരത്തിൽ മറച്ചിരിക്കുകയും യമുന നദിയുടെ ഭാഗം തുറന്നിരിക്കുകയും ചെയ്യുന്‌നു. ഈ ചുമരുകൾക്ക് ചുറ്റിലും കുറെ അധികം ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിൽ ഷാജഹാന്റെ മറ്റു ഭാര്യമാരുടെയും മുംതാസിന്റെ പ്രിയപ്പെട്ട ദാസിയുടെയും ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നു. ഈ സമുച്ചയങ്ങളെല്ലാം ചെങ്കല്ല് കൊണ്ട് നിർമ്മിതമാണ്. ഇത് സാധാരണ മുഗൾ കെട്ടിടങ്ങൾ പോലെ തന്നെയാണ്. ഉദ്യാനങ്ങളെ അഭിമുഖീകരിക്കുന്ന ഈ കെട്ടിടങ്ങളുടെ രൂപം സാധാരണ ഹിന്ദു അമ്പലങ്ങളുടെ പോലെയായിരുന്നു. പിന്നീട് ഇതിനു മുകളിൽ ഒരു മോസ്ക് സ്ഥാപിക്കുകയും ഇതിന്റെ രൂപഭാവം മുസ്ലീം മോസ്ക് പോലെ ആക്കുകയായിരുന്നു. താജ് മഹലിന്റെ പോലെ മുകളിൽ ചത്രികളും ഇതിൽ സ്ഥാപിച്ചിരിക്കുന്നു. ഈ കെട്ടിടം ഇപ്പോൾ ഒരു മ്യൂസിയം ആയി ഉപയോഗിക്കുന്നു.
താജ് മഹൽ കോംപ്ലക്സിന്റെ വാതിൽ മാർബിൾ, ചെങ്കല്ല് എന്നിവയുടെ മിശ്രിതമായിട്ടാണ് പണിതിരിക്കുന്നത്. ഇതിന്റെ കമാനാകൃതിയിലുള്ള വാതിൽ മുഗൾ വംശജരുടെ സ്ഥായിയായ വാസ്തു രൂപമാണ്. ഇതിന്റെ മുകളിലും കൈയെഴുത്ത് കൊത്തു പണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഇതു കൂടാതെ പുഷ്പ അലങ്കാരങ്ങൾ കൊണ്ട് തുരന്ന കൊത്തു പണികളും ഇതിൽ ചെയ്തിരിക്കുന്നു. ഇതിന്റെ മുകളിൽ കമാനാകൃതമായ മേൽത്തട്ട്, ചുമർ എന്നിവയിൽ സമാനാകൃതമായ ജ്യാമീതീയ രൂപങ്ങൾ കൊണ്ട് കൊത്തു പണികൾ ചെയ്തിരിക്കുന്നു.താജ് മഹൽ കെട്ടിട സമുച്ചയത്തിന്റെ രണ്ട് അറ്റങ്ങളിലായി ചെങ്കല്ല് കൊണ്ട് പണി തീർത്ത ഓരോ വലിയ കെട്ടിടങ്ങൾ കുടീരത്തെ അഭിമുഖീകരിച്ചു കൊണ്ട് നില നിൽക്കുന്നു. ഇത് പടിഞ്ഞാറ്, കിഴക്ക് വശങ്ങളിലായി സ്ഥിതി ചെയ്യുന്നു. ഈ രണ്ട് കെട്ടിടങ്ങൾ എല്ലാ രീതിയിലും ഒരേ പോലെയാണ്. പടിഞ്ഞാറെ വശത്തെ കെട്ടിടം മോസ്ക് ആയി ഉപയോഗിക്കുന്നു.
കിഴക്ക് വശത്തെ കെട്ടിടം ജവാബ് എന്ന പേരിൽ അറിയപ്പെടുന്നു. ഇത് പ്രധാനമായും മറുവശത്തെ കെട്ടിടത്തിന് സമീകരണമെന്ന നിലയിൽ നിർമിച്ചതിണെന്ന് കരുതുന്നു. ഇത് മുൻപ് ഒരു അതിഥി മന്ദിരമായും ഉപയോഗിച്ചിരുന്നു .പടിഞ്ഞാറെ മോസ്ക് കെട്ടിടത്തിന്റെ തറയിൽ 569 പ്രാർഥന ഫലകങ്ങൾ സ്ഥാപിച്ചിരിക്കുന്നു. മോസ്കിന്റെ അടിസ്ഥാന രൂപകല്പന ഷാജഹാൻ പണി കഴിപ്പിച്ചിരിക്കുന്ന മറ്റു കെട്ടിടങ്ങളെപ്പോലെ തന്നെയാണ്. ഇതിന്റെ രൂപകല്പന ഡെൽഹിയിലെ ജുമാ മസ്ജിദ് പോലെ തന്നെയാണ്. ഈ കൂടെയുള്ള കെട്ടിടങ്ങൾ 1643 ഓടെ പൂർത്തീകരിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത്.
താജ്മഹലിന്റെ വാസ്തുവിദ്യയെ കുറിച്ച് ഏകദേശം ധാരണയായല്ലോ. ഇനിയുമുണ്ട് താജ്മഹലിനെ കുറിച്ച് വളരെയേറെ അറിയാൻ. താജ്മഹലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാക്കഥകളുടെ അടുത്ത ഭാഗങ്ങളിലൂടെ നിങ്ങളിലേക്ക് എത്തും.