mid day hd

വയനാട്ടിലെ ദുരിതബാധിതരുടെ വായ്പ ബാങ്കുകൾ പൂർണമായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലിശ ഇളവ്, തിരിച്ചടവിനുള്ള കാലാവധി നീട്ടൽ, ഇതൊന്നും പരിഹാര മാർഗമല്ല. ദുരന്തം നടന്ന പ്രദേശത്തെ മുഴുവൻ കടങ്ങളും പൂർണമായും എഴുതിത്തളളണം. കടബാധ്യത സർക്കാർ ബാധ്യതയായി ഏറ്റെടുക്കേണ്ട അവസ്ഥയില്ല ബാങ്കുകൾ തന്നെ അത് വഹിക്കണം. ബാങ്കുകൾക്ക് താങ്ങാവുന്ന തുക മാത്രമേ വായ്പ ഇനത്തിലുളളുവെന്നും എസ്എൽബിസി യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

 

 

വയനാട്ടിലെ ദുരിതബാധിതർക്കുളള സർക്കാരിന്റെ അടിയന്തിര ധനസഹായം അക്കൗണ്ടിൽ വന്നതിന് പിന്നാലെ വായ്പാ ഇഎംഐ പിടിച്ച സംഭവത്തിൽ കേരളാ ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധം. യുവജന സംഘടനകളായ ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് ,യൂത്ത് ലീഗ്, യുവമോർച്ച അടക്കം സംഘടനകളാണ് ബാങ്കിന് മുന്നിൽ പ്രതിഷേധിക്കുന്നത്. ദുരിത ബാധിതരുടെ പണം അക്കൗണ്ടിൽ നിന്നും പിടിച്ച ബാങ്ക് മാനേജർ മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

 

 

 

 

വയനാട്ടിൽ ദുരിതബാധിതരുടെ അക്കൗണ്ടിലെത്തിയ സർക്കാർ ധനസഹായം വായ്പാ ഇഎംഐ യിലേക്ക് പിടിച്ച കേരള ഗ്രാമീൺ ബാങ്ക് തിരുത്തൽ നടപടി തുടങ്ങി. ഇഎംഐ തുക പിടിച്ച 3 പേർക്ക് പണം തിരികെ നൽകിയെന്ന് കേരളാ ഗ്രാമീൺ ബാങ്ക് അറിയിച്ചു. ഇ എംഐ പിടിച്ചത് സാങ്കേതിക പിഴവ് മൂലമാണെന്നും, പണം ഉടൻ തന്നെ റീഫണ്ട് ചെയ്യാൻ നിർദേശിച്ചിട്ടുണ്ടെന്നും ബാങ്ക് അറിയിച്ചു. പിഴവ് സംഭവിച്ചെങ്കിൽ തിരുത്തുമെന്നും ,കേന്ദ്ര സർക്കാരിൻ്റെയും റഗുലേറ്റർ ബോഡിയുടെയും നിർദേശങ്ങൾ പാലിക്കുമെന്നും ബാങ്ക് ചെയർപേഴ്സൺ വിശദീകരിച്ചു.

 

 

 

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. സിംഗിൽ ബെഞ്ചിനെ സമീപിക്കാമെന്ന് ഹൈക്കോടതി നടിയോട് പറഞ്ഞു. ഇന്ന് തന്നെ സിംഗില്‍ ബഞ്ചിലെ സമീപിച്ചാല്‍ കേസ് ഇന്നുതന്നെ പരിഗണിക്കുമെന്നാണ് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ അവസരത്തില്‍ നിയമ നടപടിയുമായി രഞ്ജിനി മുന്നോട്ട് പോകുമെന്നാണ് സൂചന.

 

 

 

സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് പുറത്തുവിടും. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്കാണ് റിപ്പോർട്ട് കൈമാറുക. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചവരോട് ഇന്ന് ഉച്ചയ്ക്ക് ഹാജരാകാൻ സാംസ്കാരിക വകുപ്പ് നിർദ്ദേശം നൽകി. നടി രഞ്ജിനിയുടെ ഹർജി കേരള ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സാംസ്കാരിക വകുപ്പിൻ്റെ അറിയിപ്പ് .

 

 

 

 

കെ.ടി.ഡി.സി ചെയർമാനും സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി കെ ശശിക്കെതിരെ സിപിഎം അന്വേഷണ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ പാ൪ട്ടി ഫണ്ടിൽ നിന്നും ലക്ഷങ്ങൾ ശശി തിരിമറി ചെയ്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന് കണ്ടെത്തി. സിപിഎം പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ടിൽ നിന്ന് 10 ലക്ഷവും ജില്ലാ സമ്മേളനം ഫണ്ടിൽ നിന്ന് 10 ലക്ഷവുമാണ് പികെ ശശി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും ശശിയെ ഒഴിവാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു.

 

 

 

 

പി.കെ. ശശിക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അദ്ദേഹം നിലവിലെ ചുമതലകളില്‍ അതുപോലെ തുടരുമെന്നും നിലവില്‍ പി.കെ ശശി ജില്ലാ കമ്മിറ്റി അംഗമാണെന്നും ഗോവിന്ദൻ വ്യക്തമാക്കി. പി.കെ. ശശിക്കെതിരായ നടപടിയെക്കുറിച്ച് താനറഞ്ഞിട്ടില്ലെന്ന് മന്ത്രി എം.ബി. രാജേഷും പ്രതികരിച്ചു. ഇന്നലെ എന്താണ് തീരുമാനം ഉണ്ടായതെന്ന് താനറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

ഇടുക്കി ജില്ലയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് മുതി‍ർന്ന സിപിഎം നേതാവായ എംഎം മണി എംഎല്‍എ. ഇടുക്കിയില്‍ നിന്നുള്ള ആളുകളെ ഇറക്കി വിടാന്‍ ദൈവം തമ്പുരാന്‍ മുഖ്യമന്ത്രിയായാലും കഴിയില്ല. വനം വകുപ്പ് ഇനിയും പ്രശ്‌നം ഉണ്ടാക്കിയാല്‍, പുറത്ത് ഇറങ്ങി നടക്കാന്‍ വിഷമിക്കും. സംഘടിതമായി സമരം നടത്തേണ്ട സമയമാണിത്. സർക്കാർ നമ്മുടേതാണെന്ന് നോക്കേണ്ട കാര്യമില്ലെന്നും എം എം മണി പറഞ്ഞു.

 

 

 

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ കുടുംബത്തെ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ ഇന്ന് സന്ദർശിക്കും. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ എത്തിയാണ് കൂടിക്കാഴ്ച. കുടുംബത്തിൻ്റെ ആവശ്യ പ്രകാരം പലതവണ ഗംഗവലി പുഴയിൽ ഇറങ്ങി മൽപെ തെരച്ചിൽ നടത്തിയിരുന്നു. ലോറിയിൽ മരം കെട്ടിയ കയർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ കണ്ടെത്തിയെങ്കിലും അർജുനെ കുറിച്ച് സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല.

 

 

 

സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ടില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.കേന്ദ്രവിഹിതത്തിന്‍റെ ലഭ്യതക്കുറവ് അനുസരിച്ച് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ്. നിലവിൽ വൈദ്യുതി പ്രതിസന്ധിയില്ല.ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വര്‍‍ദ്ധനവും പവര്‍ എക്സ്ചേഞ്ച് മാര്‍‍ക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവും കാരണം കഴിഞ്ഞ ദിവസം വൈദ്യുതി നിയന്ത്രണം ആവശ്യമായി വരുമെന്ന് കെഎസ്ഇബി അറിയിപ്പ് നല്‍കിയുരുന്നു.

 

 

 

ശബരിമല സന്നിധാനത്ത് ഒന്നരവർഷമായി സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ എത്രയും പെട്ടെന്നു തന്നെ നീക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. 6,65,127 ടിൻ കേടായ അരവണയാണ് സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ശാസ്ത്രീയമായി നശിപ്പിക്കണമെന്ന കോടതി നിർദേശം വന്നെങ്കിലും നടപടികൾ നീണ്ടുപോയി. ഇപ്പോൾ ആറര ലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റാനാണ് ഏറ്റുമാനൂർ ആസ്ഥാനമായ കമ്പനി കരാറെടുത്തിരിക്കുന്നത്.

 

 

 

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിക്കുന്നത് അവികസിത പ്രദേശങ്ങളിൽ എവിടെയെങ്കിലും ആയിരിക്കണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ആ പ്രദേശത്തിൻറെ മികച്ച സുസ്ഥിരവികസനം സാധ്യമാക്കാമെന്നും അത്തരമൊരു വികസനം റിയൽ എസ്റ്റേറ്റ്, വാടക വിപണികൾ ഉൾപ്പെടെയുള്ള പ്രാദേശിക സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കും. വികസനത്തിനായി പുതിയ സോണുകൾ സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

 

 

മലപ്പുറം കണ്ടനകത്ത് റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ച കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിൽ. നിരവധി മോഷണ കേസുകളിൽ പ്രതിയായ രണ്ട് പേർ അടക്കമുള്ള പ്രതികളാണ് അറസ്റ്റിലായത്. കോലോളമ്പ് സ്വദേശി പ്രശാന്ത് എന്ന കീടം പ്രശാന്ത്, പൊന്നാനി സ്വദേശി അൻസാര്‍ എന്ന ചട്ടി അൻസാർ, മാട്ടം സ്വദേശി നൗഷാദ് അലി എന്നിവരാണ് പിടിയിലായത്.

 

 

 

 

കപ്പൽ ജോലിക്കിടെ ആലപ്പുഴ പുന്നപ്ര സ്വദേശി വിഷ്ണുവിനെ കാണാതായി ഒരു മാസമായിട്ടും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും ലഭിച്ചിക്കുന്നില്ലെന്ന് കുടുംബം. നീതി തേടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിഷ്ണുവിന്‍റെ കുടുബം. ചെന്നൈ ആസ്ഥാനമായ ഡെൻസായ് മറൈൻ കാർഗോ ഷിപ്പിങ് കമ്പനിയിലെ SSI റസല്യൂട്ട് എന്ന ചരക്ക് കപ്പലിലെ ട്രെയിനി വൈപ്പറായിരുന്നു വിഷ്ണു.

 

 

 

മലയാളി നഴ്സ് യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു. വോര്‍സെറ്റ് ഷെയറിലെ റെഡ്ഡിച്ച് അല്ക്സാണ്ട്ര എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്സായിരുന്ന സോണിയ സാറ ഐപ്പാണ് നിര്യാതയായത്. കോട്ടയം ചിങ്ങവനം സ്വദേശിനിയായ സോണിയ നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരികെ യുകെയിലെത്തിയതായിരുന്നു.

 

 

 

ഭരണങ്ങാനത്ത് ഫ്ലാറ്റിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്. പുലർച്ചെ 12 .30 ആയിരുന്നു അപകടം. ഭരണങ്ങാനം മേരിഗിരി ജംഗ്ഷനിൽ ഫ്ലാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം മുറിയെടുത്തതായിരുന്നു അമ്പാടി സന്തോഷ്. മുകളിലത്തെ നിലയിലെ ബാൽക്കണിയിൽ നിന്നും കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു.

 

 

 

മൂന്ന് ടണ്ണോളം ഭക്ഷണവും ഇന്ധനവും മറ്റ് ആവശ്യവസ്‌തുക്കളുമായി റഷ്യയുടെ ആളില്ലാ പേടകം പ്രോഗ്രസ്സ് 89 കാര്‍ഗോ ഷിപ്പ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു.ബോയിങ് സ്റ്റാര്‍‌ലൈനര്‍ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവര്‍ക്കും ഈ വസ്‌തുക്കള്‍ സഹായകമാകും. വരുന്ന ആറ് മാസക്കാലം ഈ കാര്‍ഗോ ഷിപ്പ് രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഡോക് ചെയ്യപ്പെട്ട് കിടക്കും. ബഹിരാകാശ നിലയത്തിലെ അവശിഷ്ടങ്ങളുമായായിരിക്കും ഭൂമിയിലേക്ക് റഷ്യയുടെ ആളില്ലാ പേടകത്തിന്‍റെ മടക്കം.

 

 

 

കൗമാരക്കാരായ പെൺകുട്ടികളുടെ ആരോഗ്യത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവിനെ പ്രശംസിച്ച് യുണിസെഫ് . മധ്യപ്രദേശിലെ 19 ലക്ഷം പെൺകുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 57.18 കോടി രൂപ ട്രാൻസ്ഫര്‍ ചെയ്ത സമഗ്ര ശിക്ഷ സാനിറ്റേഷൻ ആൻഡ് ഹൈജീൻ സ്കീം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓഗസ്റ്റ് 11-ന് ഭോപ്പാലിലായിരുന്നു ഇതിന്‍റെ ഔദ്യോഗിക തുടക്കം.

 

 

 

കരുണാനിധിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് പ്രത്യേക നാണയം പുറത്തിറക്കിയ ചടങ്ങിനെ ചൊല്ലി അണ്ണാഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിക്ക് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ബിജെപിയുമായി രഹസ്യ ബന്ധത്തിന്‍റെ ആവശ്യം ഡിഎംകെയ്ക്കില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. പതുങ്ങിപ്പോയി ബന്ധം സ്ഥാപിക്കുന്നത് എടപ്പാടിയുടെ സ്വഭാവമാണെന്നും ഡിഎംകെയുടെ ആശയങ്ങൾ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും സ്റ്റാലിൻ വിശദീകരിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചടങ്ങിൽ പങ്കെടുത്തിരുന്നു.

 

 

 

പശ്ചിമ ബംഗാളിലെ ജാർഗ്രാമിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ വിരട്ടിയോടിക്കാനുള്ള ശ്രമത്തിനിടെ പിടിയാനയ്ക്ക് തീയിട്ട് നാട്ടുകാർ. പടക്കവും തീയും പടർന്നായിരുന്നു ആനയ്ക്ക് ദാരുണാന്ത്യം. ജനവാസമേഖലയിലെത്തുന്ന വന്യമൃഗങ്ങളെ തുരത്താനായി രൂപീകരിച്ച ഹല്ലാ പാർട്ടിയിലെ ആളുകളാണ് ആനയ്ക്ക് തീയിട്ടത്.

 

 

 

ജനസംഖ്യാ വർധനവ് രാജ്യത്തിന് വലിയ വെല്ലുവിളിയാണെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണ മൂർത്തി. അടിയന്തരാവസ്ഥ കാലഘട്ടം മുതൽ ജനസംഖ്യാ നിയന്ത്രണത്തിൽ ഇന്ത്യക്കാർ ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രയാഗ്‌രാജിലെ മോത്തിലാൽ നെഹ്‌റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു നാരായണ മൂർത്തി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *