സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു.മികച്ച ചിത്രം കാതല്‍, മികച്ച രണ്ടാമത്തെ ചിത്രം ഇരട്ട, ആടുജീവിതത്തിലൂടെ ബ്ലസ്സിയാണ് മികച്ച സംവിധായകൻ ആടുജീവിതത്തിലൂടെ പൃഥ്വിരാജിനെ മികച്ച നടനായും തെരഞ്ഞെടുത്തു. മികച്ച നടി എന്ന വിഭാഗത്തിൽ ഉർവശിയ്ക്കും, ബീന ആര് ചന്ദ്രനും അവാർഡ് ലഭിച്ചു. ഉള്ളൊഴുക്ക് എന്ന ചിത്രത്തിൽ ഉര്‍വശിയ്ക്കും തടവ് എന്ന ചിത്രത്തിലൂടെയാണ് ബീന ആര് ചന്ദ്രൻ അവാർഡ് നേടിയത്.
സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം നടി ഉർവശിയും. ആറുതവണയാണ് മൂന്നുപേരും പുരസ്കാരത്തിന് അർഹരായത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനമാണ് ഉർവശിക്ക് പുരസ്കാരം നേടിക്കൊടുത്തത്.
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ഗാനരചയിതാവ് ഹരീഷ് മോഹൻ ചിത്രം ചാവേര്‍, മികച്ച പിന്നണി ഗായകൻ വിദ്യാധരൻ മാസ്റ്റര്‍, കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രം ആടുജീവിതം സംവിധാനം ബ്ലെസ്സി, മികച്ച നവാഗത സംവിധായകൻ ഫാസില്‍ റസാഖിന് തടവ് എന്ന ചിത്രത്തിലൂടെ നേടി.
വയനാട് ഉരുൾ പൊട്ടലിൽ കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെ. നൂറിലേറെ പേരെ ഇനിയും കണ്ടെത്താൻ ഉണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തുന്ന തിരച്ചിൽ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് തിരച്ചിൽ തുടരണോ എന്ന കാര്യം സർക്കാർ ആലോചിക്കുന്നത്.
വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവ് കുമാര്‍ പറഞ്ഞു. 47 ഇടങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടത്താനുണ്ടെന്നും പ്രകൃതിദുരന്തം ഉണ്ടായ വയനാട് ഉടൻ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. സാഹചര്യം പരിശോധിച്ച് ഒന്നിച്ച് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനെ കുറിച്ച് ആലോചിക്കും. കലാവസ്ഥയടക്കമുള്ള ഘടകങ്ങൾ മാനദണ്ഡമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കവേ നിർണായക കണ്ടെത്തൽ. ഇന്ന് നടത്തിയ തെരച്ചിലിൽ ഗംഗാവലി പുഴയിൽ നിന്ന് അർജുന്റെ ലോറിയുടെ കയറും ലോഹഭാഗങ്ങളും കണ്ടെത്തി. കയർ അർജുന്റെ ലോറിയുടേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ഈശ്വർ മാൽപയുടെ സംഘത്തിന്റേതാണ് നിർണായക കണ്ടെത്തൽ. അതേ സമയം വണ്ടിയുടെ ബോഡിപാർട്ട് അർജുന്റെ വണ്ടിയുടേതല്ല.
കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എല്ലാ തെളിവും ഉണ്ടായിട്ടും പൊലീസ് ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും, കേരളത്തിന്റെ മതേതര സ്വഭാവത്തിന് കളങ്കമാണിതെന്നും നിയമപോരാട്ടം തുടരുമെന്നും വിഡി സതീശൻ പറഞ്ഞു.പൊലീസ് സിപിഎമ്മുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്നാരോപിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനാണ് യുഡിഎഫിന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ട് അടുത്ത ദിവസം പുറത്ത് വരാനിരിക്കെ ഹൈക്കോടതിയിൽ ഹർജിയുമായി നടി രഞ്ജിനി. പുറത്തുവിടുന്ന റിപ്പോർട്ടിൽ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്നും, മൊഴി നൽകിയവർക്ക് പകർപ്പ് ലഭ്യമാക്കി അവരെ കൂടി ബോധ്യപ്പെടുത്തിയാകണം റിപ്പോർട്ട് പുറത്തു വിടേണ്ടതെന്നും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു. നടിയുടെ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് പ്രത്യേക നിറം നൽകാൻ ഉത്തരവ്. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം നൽകാനാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ്. ഒക്ടോബർ 1 മുതൽ ഉത്തരവ് നിലവിൽ വരും.
സംസ്ഥാനത്ത് ഇന്നും രാത്രി 7 മുതൽ 11 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വർദ്ധനവും പവര്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവുമാണ് ഇന്നത്തെ സാഹചര്യത്തിന് കാരണം.
കാഫിര്‍ സ്ക്രീൻ ഷോട്ട് പ്രശ്നം വിശദമായി വിശകലനം ചെയ്യുമ്പോൾ യുഡിഎഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി ഉയർന്ന ഒരു പ്രത്യേക സംസ്കാരമാണ് അതിലേക്ക് നയിച്ചതെന്നാണ് വ്യക്തമാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സ്ക്രീൻ ഷോട്ടിന്റെ ഉറവിടം ആദ്യം അറിഞ്ഞ ശേഷം വിശദീകരണം ചോദിക്കേണ്ടവരോടൊക്കെ ചോദിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കാഫിര്‍ സ്ക്രീൻ ഷോട്ടിന് പിന്നിൽ പ്രവർത്തിച്ചവരെ പുറത്ത് കൊണ്ടുവരണം എന്നും അദ്ദേഹം പറഞ്ഞു.
ആയുഷ് മേഖലയില്‍ ഈ സാമ്പത്തിക വര്‍ഷം 207.9 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.താത്കാലിക ആയുഷ് ഡിസ്പെന്‍സറികള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ആയുഷ് ചികിത്സാ സ്ഥാപനങ്ങള്‍ക്കും അവശ്യ മരുന്നുകളും കന്റീന്‍ജന്‍സി ഫണ്ടുകളും ലഭ്യമാക്കും. നിര്‍ണയ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ലബോറട്ടറികള്‍ക്ക് 20 ലാബ് ജീവനക്കാരുടെ സേവനം ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
തദ്ദേശ സ്വയം ഭരണ വകുപ്പിൽ നിന്ന് ഭവന ആനുകൂല്യം ലഭിച്ച് നിർമിച്ച വീട് ഏഴ് വർഷം കഴിഞ്ഞ് വിൽക്കാൻ അനുവാദം നൽകുമെന്ന് എറണാകുളം ജില്ലാ അദാലത്തിൽ പങ്കെടുക്കുന്നതിനിടെ മന്ത്രി എം.ബി രാജേഷ് വ്യക്തമാക്കി. 2024 ജൂലൈ ഒന്നാം തീയ്യതിക്ക് ശേഷം ഭവന ആനുകൂല്യം ലഭിക്കുന്നവർക്ക് ആ വീടുകൾ കൈമാറുന്നതിന് മുമ്പുള്ള സമയ പരിധി ഏഴ് വർഷമാക്കി ചുരുക്കിക്കൊണ്ട് ഈ വർഷം ജൂലൈ ഒന്നിനു ഉത്തരവ് പുറത്തിറങ്ങിയിരുന്നു.
വിജിലന്‍സിന്റെ പുതിയ മേധാവിയായി ചുമതലയേറ്റ എഡിജിപി യോഗേഷ് ഗുപ്തക്ക് ഡിജിപിയായി സ്ഥാനക്കയറ്റം. ബിഎസ്എഫ് ഡയറക്ടർ സ്ഥാനത്തു നിന്ന് കേന്ദ്ര സർക്കാർ മാറ്റിയ നിധിൻ അഗർവാൾ കേരളത്തിലേക്ക് എത്താത്ത സാഹചര്യത്തിലാണ് സ്ഥാന കയറ്റം. സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്ന ആകെ നാല് ഡിജിപി പദവിയിൽ ഒന്ന് ഇതോടെ യോഗേഷ് ഗുപ്തയ്ക്ക് ലഭിച്ചു.
എൻഎസ്എസിനെതിരെ വ്യാജപ്രചാരണം നടക്കുന്നതായി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ജനറൽ സെക്രട്ടറിക്കും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കുമെതിരെ അറസ്റ്റ് വാറന്റ് എന്ന രീതിയിൽ വ്യാജപ്രചാരണം നടക്കുന്നുവെന്നാണ് ആരോപണം.
സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിച്ചു. ആഗസ്റ്റ് 20 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
കോഴിക്കോട് വടകരയിൽബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലാണ് തട്ടിപ്പ്. പണയം വച്ച 26 കിലോ സ്വർണ്ണവുമായി ബാങ്ക് മാനേജർ മുങ്ങി. ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖാ മാനേജർ തമിഴ്നാട് സ്വദേശി മധു ജയകുമാറാണ് തട്ടിപ്പ് നടത്തിയത്. 17 കോടി രൂപയുടെ തട്ടിപ്പ് ബാങ്ക് മാനേജരുടെ സ്ഥലംമാറ്റത്തോടെയാണ് പുറത്തായത്.കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ബാങ്ക് അധികൃതർ തയ്യാറായിട്ടില്ല.
ബീമാപ്പള്ളി ഗുണ്ടാ കൊലപാതകത്തിലെ ഒന്നാം പ്രതി ഇനാസിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഇയാളുടെ സഹോദരൻ ഇനാദ് ഇപ്പോഴും ഒളിവിലാണ്. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് ബീമാപ്പള്ളി സ്വദേശി ഷിബിലിയെ ആണ് കുത്തിക്കൊലപ്പെടുത്തിയത്. ഏതാനും ദിവസം മുമ്പ് തുടങ്ങിയ വാക്കു തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്.
പാനൂരിൽ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ ആഹ്ലാദ പ്രകടനത്തിനിടെ സംഘർഷം. എസ്എഫ്ഐ – എംഎസ്എഫ് പ്രവർത്തകർ തമ്മിലാണ് പ്രശ്നമുണ്ടായത്. സംഘർഷത്തിൽ ഇരു വിഭാഗത്തിലും പെട്ട ആറ് പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് എംഎസ്എഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.
സംവിധായകൻ മേജർ രവിയ്ക്കെതിരെ ധനകാര്യ സ്ഥാപനത്തെ പറ്റിച്ചെന്ന പരാതിയിൽ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തു. സെക്യൂരിറ്റി ജീവനക്കാരെ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാണ് ധനകാര്യ സ്ഥാപനത്തിൻ്റെ പരാതി. മേജർ രവിയുടെ തണ്ടർഫോഴ്സ് സ്ഥാപനത്തിൻ്റെ സഹഉടമകളും കേസിൽ പ്രതികളാണ്.. കോടതി നിർദ്ദേശ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പകര്‍പ്പ് അവകാശം ലംഘിച്ച് നൃത്താവിഷ്കാരം നടത്തിയെന്ന പരാതിയിൽ പ്രശസ്ത നർത്തകി മേതില്‍ ദേവികക്ക് കോടതി നോട്ടീസ്. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയുടേതാണ് നടപടി. തിരുവനന്തപുരം നിഷിലെ ഇംഗ്ലീഷ് അധ്യാപിക സില്‍വി മാക്സിയുടെ പരാതിയിൽ മേതിൽ ദേവികയുടെ വിശദീകരണം തേടിയാണ് കോടതി നോട്ടീസ് നൽകിയത്.
കേന്ദ്ര പ്രതിരോധ വകുപ്പ് സെക്രട്ടറിയായി 1989 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ രാജേഷ് കുമാർ സിംഗിനെ നിയമിക്കും. ഇത് സംബന്ധിച്ച ശുപാർശയ്ക്ക് കേന്ദ്ര കാബിനറ്റ് സമിതി അംഗീകാരം നൽകി. ഗിരിധർ അരമനയുടെ പകരക്കാരനായാണ് രാജേഷ് കുമാർ സിംഗിൻ്റെ നിയമനം.
കൊൽക്കത്തയിലെ ആർജി കർ ആശുപത്രിക്ക് നേരെ അതിക്രമമുണ്ടായ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. സർക്കാർ സംവിധാനത്തിന്റെ സമ്പൂർണ പരാജയം എന്നാണ് കോടതിയുടെ വിമർശനം.ആശുപത്രി അടച്ചുപൂട്ടുമെന്നും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് ലഭിച്ച ഇ മെയിലുകളുടെ അടിസ്ഥാനത്തിലാണ് വിഷയം പരിഗണിച്ചതെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
നിയമസഭകളുടെ കാലാവധി അഞ്ച് മാസത്തിനിടെ പൂര്‍ത്തിയാകുന്ന ജമ്മു കശ്മീരിലും ഹരിയാനയിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്മീരില്‍ മൂന്നു ഘട്ടങ്ങളിലായും ഹരിയാനയില്‍ ഒറ്റഘട്ടമായിട്ടുമായിരിക്കും തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശവുമായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ്. ബംഗാളിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്നും സ്ത്രീത്വത്തിന് അപമാനകരമായ സംഭവമാണ് നടന്നതെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. ഗവര്‍ണറെന്ന നിലയിൽ ഭരണഘടനാ പദവി ഉപയോഗിച്ച് എന്ത് ചെയ്യുമെന്നത് ഇപ്പോൾ പറയുന്നില്ല. കേന്ദ്ര സർക്കാരിനെ കാര്യങ്ങൾ അപ്പപ്പോൾ അറിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലും മികച്ചതാണെന്നും 2027-ഓടെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി രാജ്യം മാറുമെന്നാണ് പ്രതീക്ഷയെന്നും ഐ.എം.എഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഗീതാ ഗോപിനാഥ്. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം.
വരാനിരിക്കുന്ന ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് നാഷ്ണൽ കോൺഫറൻസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിച്ചാൽ മാത്രമേ തന്റെ മകൻ ഒമർ അബ്ദുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.