മന്ത്രി സജി ചെറിയാൻ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബ്ലസ്സിയുടെ ആടു ജീവിതം അവാര്‍ഡുകള്‍ വാരിക്കൂട്ടി. മികച്ച നടൻ പൃഥ്വിരാജ്. ബീന ആര് ചന്ദ്രനും ഉര്‍വശിയും മികച്ച നടിമാരായി. കാതല്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച സംവിധായകൻ ബ്ലെസിയാണ്. മികച്ച രണ്ടാമത്തെ ചിത്രം ഇരട്ട. മികച്ച സ്വഭാവ നടൻ പൂക്കാലം എന്ന ചിത്രത്തിലൂടെ വിജയരാഘവനും മികച്ച സ്വഭാവ നടിയായി ശ്രീഷ്മ ചന്ദ്രൻ പൊമ്പിളൈ ഒരുമൈ യിലൂടെയും നേടി. മികച്ച കഥാകൃത്ത് ആദര്‍ശ് സുകുമാരൻ (കാതല്‍), മികച്ച ഛായാഗ്രാഹണം സുനില്‍ കെ എസ് (ആടുജീവിതം), മികച്ച തിരക്കഥാകൃത്ത് രോഹിത് (ഇരട്ട), മികച്ച ഗാനരചയിതാവ് ഹരീഷ് മോഹൻ (ചാവേര്‍), മികച്ച സംഗീത സംവിധാനം (ഗാനം) ജസ്റ്റിൻ വര്‍ഗീസ് (ചാവേര്‍), മികച്ച സംഗീത സംവിധായകൻ മാത്യൂസ് പുളിക്കല്‍ (കാതല്‍), മികച്ച പിന്നണി ഗായകൻ വിദ്യാധരൻ മാസ്റ്റര്‍, മികച്ച പിന്നണി ഗായിക ആൻ ആമി, കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രം ആടുജീവിതം.
എല്ലാ സിനിമയ്ക്കും പിന്നില്‍ വലിയൊരു അദ്ധ്വാനമുണ്ടെന്നും ആടുജീവിതത്തിന്റെ കാര്യത്തില്‍ അത് വളരെ വലുതായിരുന്നു എന്നുമാണ് പുരസ്കാര നേട്ടത്തിൽ പൃഥ്വിരാജ് പ്രതികരിച്ചത്. 2008 കാലത്ത് ഈ ചിത്രത്തെക്കുറിച്ച് ചിന്തിക്കുന്ന കാലത്ത് അസാധ്യം എന്ന് പലരും പറഞ്ഞിരുന്നുവെന്നും. എന്നാല്‍ അത് വെല്ലുവിളിയായി എടുത്ത് 16 കൊല്ലം ഇതിനായി മാറ്റിവച്ച ബ്ലെസി ചേട്ടനാണ് ഇതിന്റെ ഒരു ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.
അർജുൻ ഉൾപ്പെടെയുള്ള മൂന്നുപേർക്കായി ഗംഗാവലി പുഴയിലെ തെരച്ചിൽ തുടങ്ങി. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ സംഘം പുഴയിലിറങ്ങിയെങ്കിലും പുഴയിൽ കലക്കം കൂടുതലാണെന്ന് നാവികസേന വിശദീകരിച്ചു. ഈശ്വർ മൽപേയും തെരച്ചിലിനിറങ്ങും. കലക്കവെള്ളം വെല്ലുവിളിയാണ്. എന്നാൽ കലക്കവെള്ളത്തിലും തിരക്കിൽ നടത്തി പരിചയമുള്ളവരാണ് ഒപ്പം ഉള്ളത്. അതുകൊണ്ടുതന്നെ വെള്ളത്തിനടിയിൽ ഇറങ്ങി പരിശോധനകൾ തുടരുമെന്നും ഈശ്വർ മാൽപേ പറഞ്ഞു.
കർണാടകയിലെ ഷിരൂര്‍ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിനായി ഡ്രെഡ്ജര്‍ എത്തിക്കുന്നതില്‍ പ്രതിസന്ധി. പുഴയിലെ മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിനായാണ് ഡ്രെഡ്ജര്‍ എത്തിക്കുന്നത്. ഇതിനിടെ, ഗംഗാവലി പുഴയില്‍ നടത്തിയ തെരച്ചിലിനിടെ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗങ്ങള്‍ വീണ്ടും കണ്ടെത്തി. നാവിക സേന ഇന്ന് നടത്തിയ തെരച്ചിലിലാണ് കൂടുതല്‍ ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.
കൊൽക്കത്തയിലെ ആർ. ജി കർ മെഡിക്കൽ കോളേജിലെ യുവവനിതാ ഡോക്ടർ അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഡോക്ടര്‍മാരുടെ പണിമുടക്ക്. ശനിയാഴ്ച രാവിലെ ആറ് മണി മുതൽ ഞായറാഴ്ച രാവിലെ ആറ് മണിവരെയാണ് പണിമുടക്ക്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിൽ ഒപി ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്കരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.
ജൂനിയർ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാരെ എല്ലാം ഉടൻ പിടികൂടും എന്ന് സിബിഐ ഉറപ്പ് നൽകിയെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ അച്ഛൻ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നിരസിക്കുകയാണെന്നും രാജ്യം മുഴുവൻ പ്രതിഷേധത്തിൽ ഒപ്പം നിൽക്കുന്നവർക്ക് നന്ദിയെന്നും പിതാവ് പറഞ്ഞു. ഇതിനിടെ കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി വേണം എന്നാവശ്യപ്പെട്ട് മമത ബാനർജി പ്രതിഷേധം നയിക്കും. ഇന്ന് വൈകിട്ട് നാലുമണിക്കാണ് മമത ബാനര്‍ജിയുടെ റാലി.
കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിനു പിന്നിൽ യുഡിഎഫ് തന്നെയാണെന്ന് സിപിഎം നേതാവ് ഇപി ജയരാജൻ. യുഡിഎഫിന്റെ കൈകൾ പരിശുദ്ധമാണോയെന്നും ഇപി ജയരാജൻ ചോദിച്ചു. വർഗീയ പ്രചരണത്തിന് എതിരായിട്ടായിരുന്നു കെകെ ലതിക സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തതെന്നും, എല്ലാവരും ഇങ്ങനെ പോസ്റ്റ് ചെയ്യാറുണ്ട്. കെകെ ശൈലജ ലതികയെ തള്ളിപ്പറഞ്ഞത് എന്തുകൊണ്ടെന്നറിയില്ല. അത് അവരോട് തന്നെ ചോദിക്കണം. പൊലീസ് അന്വേഷണം സത്യസന്ധമെന്ന് പ്രതിപക്ഷം അംഗീകരിച്ചല്ലോയെന്നും അദ്ദേഹം പറഞ്ഞു.
കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എല്ലാ തെളിവും ഉണ്ടായിട്ടും പൊലീസ് ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും, കേരളത്തിന്റെ മതേതര സ്വഭാവത്തിന് കളങ്കമാണിതെന്നും നിയമപോരാട്ടം തുടരുമെന്നും വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഇടപെട്ടത് കൊണ്ടാണ് സത്യം പുറത്ത് വന്നത്, ഇല്ലെങ്കിൽ കാസിമിന്റെ തലയിൽ ഇരുന്നേനെ. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യേണ്ട കേസ് ആണിതെന്നും അല്ലെങ്കിൽ ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഓണക്കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്. ബജറ്റ് വിഹിതത്തിന് പുറമെ 120 കോടി രൂപയാണ് സപ്ലൈകോയ്ക്ക് അധികമായി ലഭ്യമാക്കിയതെന്നും ധനവകുപ്പ് വ്യക്തമാക്കി.
മാധ്യമ പ്രവർത്തകനായ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ കുറ്റം നിഷേധിച്ചു. കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചശേഷമാണ് ശ്രീരാം വെങ്കിട്ടരാമൻ കുറ്റം നിഷേധിച്ചത്. കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോഴും ശ്രീറാം ഹാജരാകാത്തതിനെ കോടതി വിമർശിച്ചിരുന്നു. തുടർന്നാണ് ഇന്ന് ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലാണ് ഹാജരായത്.
സംസ്ഥാന സർക്കാർ ഓണം വാരാഘോഷം വേണ്ടെന്ന് തീരുമാനിച്ചതിന് പിന്നാലെ നാലാം ഓണനാളിലെ പുലിക്കളി വേണ്ടെന്നായിരുന്നു തൃശൂർ കോർപറേഷന്റെ തീരുമാനം. എന്നാല്‍ ഒരുക്കങ്ങളെല്ലാം പാതിവഴിയിലാണെന്നും പുലിക്കളി നടത്തണമെന്നും സംഘങ്ങള്‍ ആവശ്യപ്പെട്ടതോടെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള പുലിക്കളി നടത്തുന്ന കാര്യത്തില്‍ തൃശ്ശൂര്‍ മേയര്‍ സര്‍ക്കാരിനോട് അഭിപ്രായം തേടി കത്തയച്ചു.
പത്തനംതിട്ട പെരുനാട് കൂനംകരയിൽ റബർ തോട്ടത്തിൽ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. പെരുനാട്പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഒന്നര വർഷമായി വെട്ടാതെ കിടന്ന റബർതോട്ടമായതിനാൽ ആരും അങ്ങോട്ട് പോകാറുണ്ടായിരുന്നില്ല. ഇവിടെ മരം മുറിക്കാനായി ഇന്നലെ വൈകുന്നേരം ആളുകളെത്തിയപ്പോൾ അവരിലൊരാളാണ് തലയോട്ടിയുടെ ഭാഗം കണ്ടത്.
കോട്ടക്കലിൽ കൂട്ടുകാരുമൊത്ത് കുളത്തിലിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കോട്ടക്കൽ ചിനക്കൽ സ്വദേശി പൂക്കയിൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ് അഫ്ല ഹാണ് മരിച്ചത്. ഇന്നലെയാണ് അപകടം നടന്നത്. കുളിയ്ക്കാനിറങ്ങിയ കുട്ടി കുളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
തലസ്ഥാനനഗരിയില്‍ വീണ്ടും കൊലപാതകം. റൗഡിലിസ്റ്റില്‍പെട്ട ബീമാപ്പള്ളി സ്വദേശി ഷിബിലിയാണ് പൂന്തൂറയില്‍ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. കൊലനടത്തിയ ഹിജാസ് ഒളിവിലാണ്. ഹിജാസും ഷിബിലിയും സുഹൃത്തുക്കളായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
കണ്ണൂർ തേർത്തല്ലിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോടോപള്ളി സ്വദേശി മേരിക്കുട്ടിയാണ് മരിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു മേരിക്കുട്ടി. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന ഗുഡ്സ് ഓട്ടോ സ്കൂട്ടറിലിടിച്ചാണ് ദുരന്തമുണ്ടായത്.
ഐഎസ്ആര്‍ഒ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി-ഡി3 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് എസ്എസ്എല്‍വി-ഡി3 വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ്-08നെ എസ്എസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചു. വിക്ഷേപണത്തിന്റെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. പ്രകൃതിദുരന്തങ്ങളുടെ കാലത്ത് ഇന്ത്യക്ക് കരുത്തും പ്രതിരോധവുമാകാന്‍ ഇഒഎസ്-08 സാറ്റ്ലൈറ്റിന് കഴിയുമെന്നാണ് പ്രതീക്ഷ.
നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം ഇന്ന് മൂന്ന് മണിക്ക്. ജമ്മുകശ്മീര്‍, ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളില്‍ ആകാംക്ഷ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ന് പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണെനാണ് സൂചന.
കോടതികളുടെ വിവിധ ഡിജിറ്റലൈസേഷന് പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ വെള്ളിയാഴ്ച നടക്കുന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പങ്കെടുക്കില്ല. ഉച്ചക്ക് 2.30-ന് അദ്ദേഹം കേരളത്തില്‍ എത്തേണ്ടതായിരുന്നു. ശനിയാഴ്ച കുമരകത്ത് കോമണ്‍ വെല്‍ത്ത് ലീഗല്‍ എഡ്യൂക്കേഷന്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കുമോ എന്നകാര്യത്തില്‍ വ്യക്തതയില്ല.
ഗാസയിൽ ഇതുവരെ 40005 പേർ കൊല്ലപ്പെട്ടെന്ന് ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം. ജനസംഖ്യയുടെ 1.7% പേർ ഒക്ടോബർ 7ന് ശേഷം കൊല്ലപ്പെട്ടെന്നാണ് കണക്ക്. മരിച്ചവരിൽ ഏറെയും കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളുമാണെന്നാണ് ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം വിശദമാക്കുന്നത്.