ഇന്ത്യ-പാക് അതിർത്തിയായ പഞ്ചാബിലെ തൻ തരൺ ജില്ലയിൽ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് നുഴഞ്ഞു കയറാൻ ശ്രമിച്ചയാളെ അതിർത്തി രക്ഷ സേന വെടിവച്ച് കൊലപ്പെടുത്തി. സൈന്യം തിരികെ പോകാൻ മുന്നറിയിപ്പ് നൽകിയിട്ടും ഇയാൾ ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറുന്നതിൽ നിന്ന് പിന്മാറിയില്ല. ഇതോടെയാണ് വെടിയുതിർത്തതെന്നാണ് ബിഎസ്എഫിൻ്റെ വിശദീകരണം.

 

 

 

 

സംസ്ഥാന സർക്കാർ നേട്ടങ്ങൾ അഞ്ച് സംസ്ഥാനങ്ങളിലെ വെള്ളിത്തിരയിൽ പ്രദർശിപ്പിക്കാൻ 18 ലക്ഷം രൂപ അനുവദിച്ചു. കർണ്ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്രാ,മധ്യപ്രദേശ്, ദില്ലി എന്നിവിടങ്ങളിലെ തിയേറ്ററുകളിലാണ് കേരള സർക്കാറിന്‍റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നത്. നഗരകേന്ദ്രങ്ങളിലെ 100 തിയേറ്ററുകളിലാണ് ഒന്നരമിനുട്ടുള്ള വീഡിയോ പ്രദർശിപ്പിക്കുന്നത്. സെക്രട്ടറിമാർ ഉൾപ്പെടുന്ന വർക്കിംഗ് ഗ്രൂപ്പിന്‍റെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്നാണ് ഉത്തരവിൽ പറയുന്നത്.

 

 

 

വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിൽ ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം വൈകുന്നതായി പരാതി. സർക്കാർ പ്രഖ്യാപിച്ച സഹായം വേഗത്തിൽ അനുവദിക്കണമെന്നാണ് ദുരിതബാധിതരുടെ ആവശ്യം. അതേസമയം, രേഖകൾ ശരിയാക്കാനുള്ള സമയമാണ് എടുക്കുന്നതെന്ന് അധികൃതർ വിശദീകരിക്കുന്നു. ക്യാംപിൽ കഴിയുന്നവർക്ക് 300 രൂപ വീതം നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.

 

 

 

 

വയനാട്ടിലെ ദുരന്ത ബാധിത മേഖലകളിലെ കൂടുതൽ ആളുകളുടെ വായ്പ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എംകെ കണ്ണൻ വ്യക്തമാക്കി. ചൂരൽമല ബ്രാഞ്ചിൽ നിന്ന് ആകെ നൽകിയ വായ്പ 55 ലക്ഷമാണ്. അതിൽ ഒരു ഭാഗമാണ് ഇപ്പോൾ എഴുതിത്തള്ളിയത്. തുടർ പരിശോധന നടത്തി ആവശ്യമെങ്കിൽ കൂടുതൽ പേരുടെ വായ്പ എഴുതിത്തള്ളുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പ്രാഥമിക പട്ടികയിൽ 9 പേരുടെ വായ്പകളാണ് എഴുതിതള്ളാൻ തീരുമാനിച്ചിരിക്കുന്നത്. മറ്റ് ദുരന്തബാധിതരുടെ വായ്പയുടെ കാര്യത്തിലും അനുഭാവപൂര്‍വം നിലപാടെടുക്കുമെന്ന് കേരള ബാങ്ക് അറിയിച്ചു.

 

 

 

ഉരുൾപൊട്ടലുണ്ടായ വിലങ്ങാടും വയനാടും ദുരന്തബാധിതരുടെ മുഴുവൻ വായ്‌പകളും എഴുതിത്തള്ളണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുനരധിവാസത്തിന് മൈക്രോ ലെവൽ പദ്ധതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിൻ്റെ നിർദ്ദേശങ്ങൾ മുഖ്യമന്ത്രിക്ക് നൽകിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലും വിലങ്ങാടും സ്ഥലം കണ്ടെത്തിയാൽ ഉടൻ കോൺഗ്രസിന്റെ 100 വീട് പദ്ധതി പ്രാവർത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി ദീർഘകാല പുനരധിവാസ പദ്ധതിയാണ് വേണ്ടതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദീർഘകാല പുനരധിവാസത്തിലാണ് ഇനി ശ്രദ്ധ നൽകുന്നതെന്നും, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ കാര്യങ്ങളാണ് ചർച്ച ചെയ്തതെന്നും ഗവർണർ പറഞ്ഞു. സംസ്ഥാന സർക്കാർ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കണം. അതിന്മേൽ ആവശ്യമായ എല്ലാ സഹകരണവും കേന്ദ്രം നൽകും. വയനാടിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരുടെ സഹായമാണ് എത്തുന്നതെന്നും ഗവർണർ പറഞ്ഞു.

 

 

 

വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, അട്ടമല, പ്രദേശങ്ങളിൽ വിദഗ്ധസംഘം ഇന്ന് പരിശോധന നടത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സംഘമാണ് ഇന്ന് പരിശോധന നടത്തുന്നത്. ദുരന്തമുണ്ടായ പ്രദേശങ്ങൾ വാസയോഗ്യമാണോ എന്ന് പരിശോധിക്കുന്ന സംഘം ടൗൺഷിപ്പിനായി സർക്കാർ കണ്ടെത്തിയ സ്ഥലങ്ങളിലും സന്ദർശനം നടത്തും. ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പരിശോധന നടത്തി ശുപാർശ സമർപ്പിക്കാൻ നിയോഗിച്ചിട്ടുള്ളത്.

 

 

 

 

ഒരു വിജ്ഞാപനവും പ്രസിദ്ധീകരിക്കാതെ കേരള മെഡിക്കൽ സര്‍വ്വീസസ് കോര്‍പറേഷനിൽ 186 പേരെ നിയമിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. അതിൽ 135 പേര്‍ ഇപ്പോഴും വിവിധ തസ്തികകളിൽ തുടരുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പ് രേഖ. പിഎസ്‍സി പരിധിയിലല്ലാത്ത നിയമനങ്ങൾ നിര്‍ബന്ധമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണമെന്ന സര്‍ക്കാർ നിബന്ധന പാലിക്കാതെയാണ് നിയമനങ്ങളത്രയും നടന്നിട്ടുള്ളത്.

 

 

മാള അഷ്ടമിച്ചിറയിൽ വനിത ദന്തഡോക്ടറെ തെരുവ് നായ്ക്കൾ ആക്രമിച്ചു. അഷ്ടമിച്ചിറ സ്വദേശിയായ പാർവതി ശ്രീജിത്താണ് തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഇന്നലെ ഉച്ചയ്ക്ക് ക്ലിനിക്കിൽ നിന്നും വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വരുന്ന സമയത്താണ് നായ്ക്കൾ കൂട്ടം ചേർന്ന് പാർവതിയെ ആക്രമിച്ചത്. ആക്രമണത്തിൽ ഡോക്ടർക്ക് സാരമായ പരിക്കുകൾ പറ്റുകയും വീഴ്ചയിൽ കൈക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്.

 

 

 

ആലപ്പുഴയിലെ നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് യുവതിയെ ചികിൽസിക്കുന്ന ഡോക്ടറുടെ നിർണായക മൊഴി പൊലീസിന് ലഭിച്ചു. മൊഴിയുടെ അടിസ്ഥാനത്തിൽ മരണം കൊലപാതകമാണോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. കുഞ്ഞു ജനിക്കുമ്പോൾ കരഞ്ഞിരുന്നുവെന്നു യുവതി ഡോക്ടറോട് പറഞ്ഞിരുന്നുവെന്നാണ് വിവരം. അതോടൊപ്പം പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ഇവരെ ഒരുമിച്ചു ഇരുത്തി ചോദ്യം ചെയ്താലേ വ്യക്തമാകൂ, ചികിത്സയിലുള്ള യുവതി ആശുപത്രി വിട്ട ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

 

 

 

തൊടുപുഴ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ലീഗിനെതിരെ പരസ്യ വെല്ലുവിളിയുമായി ജില്ല കോൺഗ്രസ് നേതൃത്വം. എൽഡിഎഫിന് വോട്ട് ചെയ്ത മുസ്ലിം ലീഗ് വാറോല കാട്ടി കോൺഗ്രസിനെ പേടിപ്പിക്കേണ്ടെന്ന് ഡിസിസി അധ്യക്ഷൻ സി.പി. മാത്യു പറഞ്ഞു. തൊടുപുഴ നഗരസഭയിലേക്ക് വേണമെങ്കിൽ ഒറ്റക്ക് മത്സരിക്കാൻ തയ്യാറെന്നും കോൺഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കി.

 

 

വിദ്യാർഥികളെ ബസിൽ കയറ്റാത്തതിന് ശിക്ഷയായി ജീവനക്കാരെക്കൊണ്ട് അടൂർ ട്രാഫിക് പോലീസ് ഇംപോസിഷൻ എഴുതിപ്പിച്ചു. പത്തനംതിട്ട ചവറ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസിലെ ജീവനക്കാർക്കായിരുന്നു ശിക്ഷ. കുട്ടികളെ ബസിൽ കയറ്റാതിരിക്കുകയോ, മനഃപൂർവമായി ഇറക്കിവിടുകയോ, അപമര്യാദയായി പെരുമാറുകയോ ചെയ്യില്ല എന്ന് നൂറുതവണ എഴുതിപ്പിച്ചു. ഇനി ഇത്തരത്തിൽ ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന താക്കീതും നൽകിയാണ് ട്രാഫിക് എസ്.ഐ. ഇവരെ വിട്ടയച്ചത്.

 

 

 

 

പുത്തുമലയിൽ ഭൂമി നഷ്ടപ്പെട്ട ഏഴ് കുടുംബങ്ങൾ വഴിയാധാരമായെന്ന വാർത്തയിൽ ഇടപെടലുമായി റവന്യൂ മന്ത്രി കെ രാജൻ. ഇത് പ്രത്യേക കേസായി പരിഗണിച്ച് പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ കളക്ടറുടെ റിപ്പോർട്ട് ഉടൻ വാങ്ങി തുടർനടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. ഉരുൾപൊട്ടലുണ്ടായി അഞ്ചു വർഷം കഴിഞ്ഞിട്ടും വാടക വീടുകളിൽ കഴിയുകയാണ് കുടുംബങ്ങൾ.

 

 

 

 

 

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിലായി. ഇന്ന് രാവിലെ 9ന് തെരച്ചിൽ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും തെരച്ചിലിനായി നാവികസംഘം ഇതുവരെയും എത്തിയിട്ടില്ലെന്നാണ് വിവരം. നേവിക്ക് പുഴയിലെ ഡൈവിങിന് ജില്ലാ ഭരണകൂടം ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നാണ് സൂചന.

 

 

 

ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപ തട്ടിപ്പ് കേസിൽ കെപിസിസി സെക്രട്ടറി സിഎസ് ശ്രീനിവാസനെ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. ഹീവാൻസ് ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിൻ്റെ മാനേജിങ് ഡയറക്ടറാണ് ഇദ്ദേഹം. പ്രമുഖ വ്യവസായി പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി.എ സുന്ദർ മേനോനാണ് ഹീവാൻസ് ഫിനാൻസിൻ്റെ ചെയർമാൻ. ഇദ്ദേഹത്തിൻ്റെ അറസ്റ്റിന് പിന്നാലെയാണ് ശ്രീനിവാസനും പിടിയിലായത്.

 

 

 

അശ്രദ്ധമായി വാഹനമോടിച്ചത് ചോദ്യം ചെയ്ത പൊലീസുകാരനെ കൈയ്യേറ്റം ചെയ്‌തെന്ന സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂലങ്കാവ് കുപ്പാടി നേടിയാക്കല്‍ വീട്ടില്‍ അമല്‍ തങ്കച്ചന്‍, കുപ്പാടി വരണംകുടത്ത് വീട്ടില്‍ അജയ് എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ അജയന്റെ പേരില്‍ സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി എട്ട് കേസുകളുള്ളതായി പൊലീസ് പറഞ്ഞു.

 

 

 

എറണാകുളം കടമക്കുടിയില്‍ 54 കോടി രൂപ മുടക്കി നിര്‍മിച്ച പാലം പണി വിവാദത്തില്‍. അപ്രോച്ച് റോഡിനായി ഏറ്റെടുത്ത സ്ഥലത്തു നിന്ന് മാറി പാലം പണിത് ഇറക്കിയതോടെയാണ് നിര്‍മാണത്തില്‍ അശാസ്ത്രീയത ആരോപിച്ച് നാട്ടുകാര്‍ എത്തിയിരിക്കുന്നത്. ഇനി പാലം നിലത്തുതൊടാന്‍ വീണ്ടും പണം മുടക്കി പുതിയ സ്ഥലം ഏറ്റെടുക്കേണ്ട ഗതികേടിലെത്തി നില്‍ക്കുകയാണ് കാര്യങ്ങളെന്നാണ് വിവരം.

 

 

 

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിൽ എൻഐഎ യുടെ റെയ്ഡ്. കതക് പൊളിച്ചാണ് എട്ട് പേരടങ്ങുന്ന സംഘം മുരളി കണ്ണമ്പിളളിയുടെ മകന്റെ വീടിനുള്ളിൽ കടന്നത്. ഇവർ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഹൈദരാബാദിലെ കേസുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥ സംഘം എത്തിയിരിക്കുന്നതാണ് വിവരം. ഹൃദ്രോഗിയായ മുരളി ഈ വീട്ടിൽ ഒറ്റക്കാണ് താമസം. പരിശോധന തുടരുകയാണ്.

 

 

 

ഗുണ്ടകളെ കൂട്ടി പ്രതിയെ അന്വേഷിച്ചെത്തിയ എസ്.ഐ. ആളുമാറി യുവാവിനെയും ഭാര്യയെയും മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ കേസെടുത്തു. കാട്ടാക്കട എസ്.ഐ. മനോജ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചടയമംഗലം സ്വദേശിയായ സുരേഷിനെയും ഭാര്യയെയും ആളുമാറി വീട്ടില്‍ക്കയറി മര്‍ദിച്ച സംഭവത്തിലാണ് നടപടി.

 

 

 

 

പണി പൂർത്തിയാകാത്ത റോഡിൽ ടോൾ നൽകേണ്ടിവന്ന യാത്രക്കാരന് നഷ്ടപരിഹാരം നൽകാനുള്ള ഉപഭോക്തൃ കോടതിവിധി പാലിക്കാതിരുന്ന പാലിയേക്കര ടോൾപ്ലാസ അധികൃതർക്കെതിരേ വാറന്റ്. തൃശ്ശൂർ സ്വദേശി ജോർജ് തട്ടിൽ സമർപ്പിച്ച ഹർജിയിൽ തൃശ്ശൂർ ഉപഭോക്തൃ കോടതിയാണ് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനി മാനേജിങ് ഡയറക്ടർക്കും എറണാകുളത്തെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിനുമെതിരേ വാറന്റ് പുറപ്പെടുവിച്ചത്.

 

 

 

കാട്ടില്‍ കയറി മദ്യം ഉപയോഗിക്കുന്നത് തടഞ്ഞതിലുള്ള വൈരാഗ്യത്തിൽ ഫോറസ്റ്റ് വാച്ചറെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച മൂന്ന് പേരെ സുൽത്താൻ ബത്തേരി പൊലീസ് പിടികൂടി. ചീരാല്‍ രവീന്ദ്രന്‍, കല്ലൂര്‍ രാജു, കല്ലൂര്‍ പ്രകാശന്‍ എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കേസിനാസ്പദമായ സംഭവം.

 

 

 

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. ഇരുചക്രവാഹനങ്ങളിലെത്തിയ ഇരുപതോളം പേരാണ് പാര്‍ട്ടി ഓഫീസ് അക്രമിച്ചത്. ഏഴ് അക്രമികളെ പോലീസ് കസ്റ്റഡിയിലെടുത്തു. എസ്.ഡി.പി.ഐ. പ്രവര്‍ത്തകരായ ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.

 

 

 

മലപ്പുറം മേൽമുറി മച്ചിങ്ങലിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കോഡൂർ ഉർദുനഗർ സ്വദേശി ബാദുഷയാണ് മരിച്ചത്. ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. സുസുകി ഷോറൂമിൽ ജീവനക്കാരൻ ആണ് ബാദുഷ. മൃതദേഹം മലപ്പുറം ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

 

 

കഴുത്തിൽ ഷാൾ കുരുങ്ങി വിദ്യാർത്ഥിനി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേൽ റെജി ബ്രിസിലി ദമ്പതികളുടെ ഏക മകൾ എൽവിനയാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം മുറിയിൽ ജനാലയുടെ അരികിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ അബദ്ധത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു.

 

 

 

കേന്ദ്ര ഭരണ പ്രദേശമായ ദമനിൽ കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കാനിറങ്ങി തിരകളിൽ പെട്ട് കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതശരീരം കടലിൽ നിന്നും കണ്ടെടുത്തു. ദമൻ സമാജം അംഗം പന്തളം സ്വദേശി മുരളീധരൻ നായരുടെയും പ്രീതയുടേയും മകനായ അശ്വിൻ മുരളിയെയാണ് (20) ഞായറാഴ്ച ഉച്ചക്ക് സുഹൃത്തുക്കളോടൊപ്പം കടലിൽ കുളിക്കുന്നതിനിടെ കാണാതായത്.

 

 

 

 

ദുബായ് ആസ്ഥാനമായ റേഡിയോ കേരളം 1476 AM ൽ സീനിയർ റേഡിയോ ജോക്കി ആയ രമ്യാ സോമസുന്ദരം അന്തരിച്ചു. 41 വയസായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പതിനഞ്ചു വർഷത്തിലധികമായി ലാവണ്യ മാധ്യമരംഗത്തുണ്ടായിരുന്നു.

 

 

 

അദാനിക്കെതിരായ സെബി അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിനെതിരെ ആരോപണങ്ങളുയര്‍ന്നതിനാല്‍ സംശയത്തിന്‍റെ അന്തരീക്ഷം ഒഴിവാക്കണമെന്നും അഭിഭാഷകനായ വിശാൽ തിവാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. എന്നാൽ ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലിനോട് പ്രതികരിക്കാനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആരോപണവിധേയയായ വ്യക്തിയും സെബിയും പ്രതികരിച്ച് കഴിഞ്ഞെന്ന് ധനമന്ത്രാലയം സെക്രട്ടറി വ്യക്തമാക്കി.

 

 

 

54 -ാമത് ജിഎസ്ടി കൗൺസിൽ യോഗം സെപ്റ്റംബർ 9 ന് നടക്കും. ധനമന്ത്രി നിർമ്മല സീതാരാമൻ്റെ അധ്യക്ഷതയിൽ ദില്ലിയിലാണ് യോഗം ചേരുക. യോഗത്തിൻ്റെ അജണ്ടയെക്കുറിച്ച് കൗൺസിൽ അംഗങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ല.

53-ാമത് ജിഎസ്ടി കൗൺസിൽ യോഗം ജൂൺ 22ന് ദില്ലിയിലാണ് നടന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ കൗൺസിലായിരുന്നു അത്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തിരുന്നു.

 

 

 

ഇന്ത്യന്‍ കോണ്‍സുലേറ്റിൽ കോണ്‍സല്‍ ജനറലായി ഫഹദ് അഹമ്മദ് ഖാന്‍ സൂരി ചുമതലയേറ്റു. നിലവിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം കാലാവധി കഴിഞ്ഞ് മടങ്ങിയ ഒഴിവിലാണ് നിയമനം. ആന്ധ്രപ്രദേശ് കുര്‍ണൂല്‍ സ്വദേശിയാണ് ഫഹദ് അഹമ്മദ് ഖാന്‍ സൂരി.

 

 

 

ഉത്തർപ്രദേശിൽ കൈക്കൂലിയായി കൂളർ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. കിഴക്കൻ ഉത്തർപ്രദേശിലെ മൗ ജില്ലയിലെ മധുബൻ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ മനീഷ് കുമാർ പ്രജാപതി എന്നയാളാണ് കൈക്കൂലിയായി കൂളറും 6,000 രൂപയും ആവശ്യപ്പെട്ടത്. കത്ഘര ശങ്കർ വില്ലേജിൽ നിന്നുള്ള ഓം പ്രകാശ് ശർമ എന്നയാളോടാണ് മനീഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടത്. സംഭവം പുറത്തായതോടെ മനീഷിനെ സസ്പെൻഡ് ചെയ്തു.

 

 

 

കാലിഫോർണിയയിലെ ലോസ് ആഞ്ചെലെസിൽ ശക്തമായ ഭൂകമ്പം. തിങ്കളാഴ്ച ഉച്ച തിരിഞ്ഞാണ് ഭൂകമ്പമുണ്ടായത്. 4.4 തീവ്രതയുള്ള ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം ഹൈലാൻഡ് പാർക്കാണ്. ഏറെ പ്രശസ്തമായ ഹോളിവുഡ് അടയാളവും ഗ്രിഫിത്ത് ഒബ്സർവേറ്ററിക്ക് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് സൂചന.

 

 

 

പാരീസ് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ രണ്ടാമത്തെ സംഘം നാട്ടില്‍ തിരിച്ചെത്തി. ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങുകള്‍ക്ക് ശേഷമാണ് ടീം നാട്ടിലേക്ക് തിരിച്ചത്. ന്യൂഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പി.ആര്‍ ശ്രീജേഷിനും സംഘത്തിലും ഊഷ്മളമായ സ്വീകരണമാണ് വിമാനത്താവളത്തിലും പുറത്തും ലഭിച്ചത്.

 

 

 

ഉത്തേജക വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതിന് ഇന്ത്യയുടെ പാരാലിമ്പിക്‌സ് ബാഡ്മിന്റണ്‍ താരം പ്രമോദ് ഭഗത്തിന് വിലക്കേര്‍പ്പെടുത്തി ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍. 18 മാസത്തേക്കാണ് വിലക്ക്. ടോക്യോ പാരാലിമ്പിക്‌സില്‍ ബാഡ്മിന്റണ്‍ സ്വര്‍ണ മെഡല്‍ജേതാവാണ് പ്രമോദ്. താരം 12 മാസത്തിനിടെ മൂന്ന് തവണ ഉത്തേജക വിരുദ്ധ ചട്ടം ലംഘിച്ചതായി 2024 മാര്‍ച്ച് ഒന്നിന് അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയുടെ ഉത്തേജക വിരുദ്ധ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിനെതിരേ ജൂലായ് 29-ാം തീയതി പ്രമോദ് അപ്പീല്‍ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ പ്രമോദിനെതിരേ നടപടിയെടുത്തിരിക്കുന്നത്.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *