സ്ഫടികവും ദേവദൂതനും നേടിയ റീ റിലീസ് വിജയങ്ങള്‍ക്ക് പിന്നാലെ മറ്റൊരു മലയാള ചിത്രം കൂടി പ്രേക്ഷകരെ തേടി ബിഗ് സ്ക്രീനിലേക്ക് വീണ്ടും എത്തുകയാണ്. മലയാളികള്‍ ഏറ്റവും കൂടുതല്‍ തവണ റിപ്പീറ്റ് വാച്ച് ചെയ്ത ചിത്രങ്ങളില്‍ ഒന്നായ ‘മണിച്ചിത്രത്താഴ്’ ആണ് അത്. ചിങ്ങം 1 ആയ ഓഗസ്റ്റ് 17 നാണ് ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തിയ പതിപ്പ് തിയറ്ററുകളില്‍ എത്തുക. റീ റിലീസിനോടനുബന്ധിച്ച് അണിയറക്കാര്‍ കേരളത്തില്‍ നടത്തിയ പ്രീമിയര്‍ ഷോ കൊച്ചിയിലെ ഫോറം മാളിലെ പിവിആര്‍ ഐനോക്സില്‍ നടന്നു. ചിത്രത്തില്‍ ശ്രീദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനയ പ്രസാദ്, ചിത്രത്തിലെ ചില രംഗങ്ങള്‍ ചിത്രീകരിച്ച സംവിധായകന് സിബി മലയില്‍, എസ് എന്‍ സ്വാമി, നിര്‍മ്മാതാക്കളായ സിയാദ് കോക്കര്‍, സന്ദീപ് സേനന്, എവര്‍ഷൈന്‍ മണി, ഷെര്‍ഗ, ഷെനൂജ തുടങ്ങിയവര്‍ പ്രീമിയറിന് എത്തിയിരുന്നു. സംവിധായകന് ഫാസിലും നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനും റീമാസ്റ്ററിംഗിന് നേതൃത്വം നല്കിയ മാറ്റിനി നൌവും ചേര്‍ന്നാണ് ചിത്രം പുറത്തിറക്കുന്നത്. ഇ 4 എന്റര്ടെയ്ന്മെന്റ് ആണ് വിതരണം.