പാരീസിലും ഇന്ത്യന്‍ ഹോക്കി ടീമിന് വെങ്കലത്തിളക്കം. വ്യാഴാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്‌പെയിനിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്‌സിലും ഇന്ത്യന്‍ ടീം മെഡലണിഞ്ഞിരിക്കുന്നത്.പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ നാലാം മെഡലാണിത്. ഒളിമ്പിക് ഹോക്കി ചരിത്രത്തിലെ മൂന്നാം വെങ്കലവും.ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.

വയനാട്ടിലെ ദുരന്തബാധിത മേഖല പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഈമാസം 10 ന് രാവിലെ 10 മണി മുതല്‍ ജില്ലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി. കല്‍പ്പറ്റ, മേപ്പാടി ടൗണുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ഇവിടേക്ക് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അത്യാവശ്യ വാഹനങ്ങളെ മാത്രമേ കയറ്റിവിടുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.ശനിയാഴ്ച 11.55 ന് പ്രധാനമന്ത്രി വയനാട്ടിൽ എത്തും.12 മണി മുതൽ 3 മണി വരെ പ്രധാനമന്ത്രി വയനാട്ടിലുണ്ടാകുമെന്നാണ് വിവരം.

വയനാട്  ദുരന്തബാധിതരെ സഹായിക്കുന്നതിനുള്ള കളക്ഷൻ സെന്‍ററിൽ ഏഴ് ടൺ പഴകിയ തുണി എത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് സംസ്കരിക്കേണ്ടി വന്നത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി. ഫലത്തിൽ ഇത്‌ ഉപദ്രവമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 225 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 195 ശരീരഭാഗങ്ങൾ കണ്ടെത്തി. ഡിഎൻ എ സാമ്പിൾ ഫലം വന്നാലെ കൃത്യമായ എണ്ണം കണക്കാക്കാനാകു.കുട്ടികൾ അടക്കം 1942 പേർ ക്യാമ്പിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 91 സര്‍ക്കാര്‍ ക്വാര്‍ട്ടേ്സുകള്‍ താല്‍ക്കാലിക പുനരധിവാസത്തിനായി സജ്ജമാക്കിയിട്ടുണ്ട്. നാളെ ദുരന്ത ബാധിത മേഖലയിൽ ജനകീയ തെരച്ചിൽ നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വയനാട് സൺറൈസ് വാലിയിൽ നടത്തിയ തെരച്ചിലിൽ ഇന്നും ശരീരഭാ​ഗങ്ങൾ കണ്ടെത്തി. ദുരന്തഭൂമിയിൽ നിന്നും അകലെ വളരെ ദുർഘടമായ മേഖലയായിരുന്നു ഇവിടം.ഇന്നത്തെ തെരച്ചിൽ സംഘത്തിൽ 25 അം​ഗങ്ങളുണ്ടായിരുന്നു. കൂടാതെ ഇന്ന് സൺറൈസ് വാലിയിലേക്ക് പോയ സംഘത്തിൽ കേരളത്തിന്റെ കെടാവർ നായ്ക്കളായ മായയും മർഫിയുമുണ്ടായിരുന്നു.

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മറ്റന്നാള്‍ പ്രധാനമന്ത്രി വയനാട്ടിലെത്തുമെന്നും  മുഖ്യമന്ത്രി പറഞ്ഞു.  വയനാട്ടില്‍ സമഗ‌ പുനരധിവാസം ആവശ്യമാണ്. പ്രധാനമന്ത്രിയുടെ സന്ദശനത്തിൽ അനുകൂല നടപടി പ്രതീക്ഷിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.

വയനാട്ടിലെ ദുരന്ത തീവ്രത അറിയാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒമ്പതംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിന്‍റെ ടീം ലീഡര്‍ ആയ കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്‍റ് സെക്രട്ടറി  രാജീവ് കുമാര്‍ ഇന്ന് ഓഫീസില്‍ എത്തി സന്ദര്‍ശിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ ക്യാമ്പുകളില്‍ കഴിയുന്നവരുടെ താല്‍ക്കാലിക പുനരധിവാസം ഉറപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലെ 27 ക്വാര്‍ട്ടേഴ്സുകള്‍ ഉള്‍പ്പെടെ 91 സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ ലഭ്യമാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് . അടിയന്തര പുനരധിവാസത്തിന് ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

വയനാട്ടിലെ ദുരന്തബാധിതർക്കായുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ത്രിതല പഞ്ചായത്ത് പരിധികളില്‍ ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍, ഫ്‌ളാറ്റുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയവയുടെ പട്ടിക അടിയന്തരമായി നല്‍കാന്‍ തദ്ദേശസ്ഥാപന മേധാവികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായി മന്ത്രി കെ രാജന്‍ പറഞ്ഞു. പുനരധിവാസത്തിന് സൗകര്യമൊരുക്കുന്ന കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കുന്നതെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും പറഞ്ഞു.

വയനാട് ദുരന്തത്തിൽ സൈന്യത്തിന്‍റെയും എന്‍ഡിആര്‍എഫിന്‍റെയും സാന്നിധ്യം കൂടാതെ കേന്ദ്രത്തിന്‍റെ ഒരു സഹായവും ഉണ്ടായിട്ടില്ലെന്ന് വി ഡി സതീശൻ. കേന്ദ്രം സാമ്പത്തികമായി സഹായിക്കണം. വയനാട് പുനരധിവാസ പ്രക്രിയയ്ക്കു വേണ്ടിയുള്ള പ്രത്യേക പാക്കേജാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ടത്. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള വാണിങ് സിസ്റ്റം വയനാട് ഉള്‍പ്പെടെ സംസ്ഥാനത്താകെ പ്രയോജനപ്പെടുത്തണം ഇന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഹൈക്കോടതി ഇടപെടൽ. വിഷയത്തിൽ സ്വമേധയാ കേസെടുക്കാൻ റജിസ്ട്രിക്ക് ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. അനധികൃത ഖനനം, പ്രളയമടക്കമുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ നിയമപരമായി എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ആലോചിക്കണമെന്നും കോടതി വ്യക്തമാക്കി. മാധ്യമ വാർത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെയും അടിസ്ഥാനത്തിലാണ് വയനാട് ഉരുൾപൊട്ടലിൽ സ്വമേധയാ കേസെടുക്കുന്നത്.

കേരളത്തിൽ കഴിഞ്ഞ 13 വർഷത്തിനുള്ളിൽ ക്വാറികളുടെ എണ്ണം 3104ൽ നിന്ന് 561 എണ്ണമായി കുറഞ്ഞെന്ന് മന്ത്രി പി രാജീവ്. ക്വാറികൾ പ്രവർത്തിക്കുന്നതുകൊണ്ടാണ് വയനാട് ഉരുൾപൊട്ടൽ സംഭവിച്ചതെന്ന അപൂർവം ചില നിരീക്ഷണങ്ങളും ലേഖനങ്ങളും കാണുകയുണ്ടായെന്നും എന്നാൽ കഴിഞ്ഞ കുറച്ച് കാലമായി ക്വാറികളുടെ എണ്ണം കുറയുകയാണുണ്ടായതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

വയനാട് ഉരുള്‍പൊട്ടലിലെ ദുരന്ത ബാധിതരുടെ ക്യാമ്പുകളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ കളക്ഷൻ സെന്‍ററില്‍ ആവശ്യത്തിനുണ്ടെന്ന് വയനാട് ജില്ലാ കളക്ടര്‍ മേഘശ്രീ അറിയിച്ചു. ഇതിനാല്‍ തല്‍ക്കാലത്തേക്ക് കളക്ഷൻ സെന്‍ററിൽ ഭക്ഷ്യ സാധനങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചതായും കളക്ടര്‍ അറിയിച്ചു.

വയനാട് ദുരന്തത്തിന് കാരണം അനധികൃത കുടിയേറ്റങ്ങളാണെന്നും,  ദുരന്തത്തിന്‍റെ ഇരകൾ അനധികൃത കയ്യേറ്റക്കാരാണെന്നുമുള്ള രീതിയിൽ നടത്തിയ പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവിന്  മന്ത്രി എ കെ ശശീന്ദ്രൻ കത്തയച്ചു.  ദുരന്തത്തിന്‍റെ ഇരകളെ അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിക്കുന്നത്  അപലപനീയമാണ്. ദുരന്തത്തിന് ഇരകളായവരുടെ മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും രക്ഷാപ്രവർത്തകർ വീണ്ടെടുക്കുന്ന വേളയിൽ ഈ പ്രസ്താവന വേദനാജനകമാണെന്നും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

വയനാട് ദുരന്തത്തിന്‍റെ അടിസ്ഥാനത്തിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താൽപര്യഹർജിയെത്തി.നിരവധി സംഘടനകൾ അവരുടെ അക്കൗണ്ട് ശരിയായ വിധത്തിൽ വിനിയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സംവിധാനമില്ലെന്നാണ് ഹർജിയിലെ പ്രധാന ആക്ഷേപം. ഈ സാഹചര്യത്തിൽ സർക്കാർ തലത്തിൽ മോണിട്ടറിങ് സംവിധാനം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ രോഗി 42 മണിക്കൂർ കുടുങ്ങിയ സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഹാജരാക്കിയ റിപ്പോർട്ട് അപൂർണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ. ജൂലൈ 14 ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളും പ്രവർത്തിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കണം. അന്ന് ലിഫ്റ്റ് ഓപ്പറേറ്റർമാരുടെ സേവനം ലഭ്യമായിരുന്നോ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

 

 

കരിവെള്ളൂർ ആണൂരിലെ ശിവദം അപ്പാർട്ട്മെന്റിൽ   കൊലക്കേസ് പ്രതിയായ യുവതിയെ കഞ്ചാവുമായി പിടികൂടി. കേരള എക്സൈസ് പയ്യന്നൂർ റേഞ്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. കോട്ടയം സ്വദേശി കെ ശിൽപ്പയാണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു വയസുകാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിലും ശിൽപ പ്രതിയാണെന്ന് പറയുന്നു .  എൻഡിപിഎസ് വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്തു.

കേന്ദ്ര വഖഫ് കൗണ്‍സിലന്റെയും സംസ്ഥാന ബോര്‍ഡുകളുടേയും അധികാരങ്ങള്‍ കുറച്ചുകൊണ്ട് സര്‍ക്കാരിന്റെ നിയന്ത്രണം ശക്തമാക്കുന്ന ബില്ലിനെ ലോക്‌സഭയില്‍ എതിര്‍ത്ത് പ്രതിപക്ഷം. വഖഫ് ബോര്‍ഡുകളില്‍ മുസ്‌ലിം ഇതരരെ ഉള്‍പ്പെടുത്തുന്നത് ചൂണ്ടിക്കാട്ടി, അയോധ്യക്ഷേത്ര ഭരണസമിതിയിലും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലും ഹിന്ദു വിശ്വാസികളല്ലാത്തവരെ ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്ന് കെ.സി. വേണുഗോപാല്‍ എം.പി ചോദിച്ചു. ബില്‍ ഭരണഘടനയ്ക്ക് എതിരായ ആക്രമണമാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് 30 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി എം.ബി രാജേഷ് അറിയിച്ചു. നഗരസഭകൾ വഴി തുക ഉടൻ തന്നെ തൊഴിലാളികൾക്ക് വിതരണം ചെയ്യും.  ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ പദ്ധതിക്കായി ആകെ അനുവദിച്ചത് 62.94 കോടി രൂപയാണ്.

മയക്കുമരുന്ന് കേസുകളിൽ തുടർച്ചയായി ഉൾപ്പെടുന്ന പ്രതികളെ കരുതൽ തടങ്കലിൽ വെക്കാനുള്ള നിയമവ്യവസ്ഥ കർശനമായി നടപ്പിലാക്കാൻ എക്സൈസ് സേനയ്ക്ക്  മന്ത്രി എം ബി രാജേഷ് നിർദേശം നൽകി. ലഹരിമരുന്ന് നിരോധന നിയമപ്രകാരം കേരളത്തിൽ ആദ്യമായി ഒരു പ്രതി കരുതൽ തടങ്കലിലായി തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്. മയക്കുമരുന്ന് കേസുകളിലെ സ്ഥിരം കുറ്റവാളികൾക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിച്ച് പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു.

അങ്കമാലി-ശബരി റെയില്‍പ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി പാര്‍ലമെന്റില്‍ നല്‍കിയ മറുപടി തെറ്റിദ്ധാരണാജനകമാണെന്ന് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാന്‍. സംസ്ഥാനത്തെ എല്ലാ റെയില്‍ വികസന പദ്ധതികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ വളരെ സജീവമായ പിന്തുണയാണ് നല്‍കിവരുന്നത്. അങ്കമാലി -ശബരി പാതയുടെ കാര്യത്തിലും ഈ പിന്തുണ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് വിവരം ഇനി അറിയാo. എന്നാൽ പരീക്ഷാ ഫലത്തിനൊപ്പം മാർക്ക് ലഭിക്കില്ല. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം വിദ്യാർത്ഥികൾ ആവശ്യപ്പെടുന്ന പക്ഷം മാർക്ക് വിവരം വെളിപ്പെടുത്താനാണ് അനുമതി. ഇത് സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

ചെകുത്താൻ എന്ന ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന തിരുവല്ല സ്വദേശിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നടൻ മോഹൻലാലിന് എതിരെ ചെകുത്താൻ എന്ന എഫ് ബി പേജിലൂടെ നടത്തിയ അധിക്ഷേപ പരാമർശങ്ങളെ തുടര്‍ന്നാണ് കേസ് എടുത്തത്.

ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ രാജ്യസഭയിൽ അംഗമാക്കണമെന്ന ആവശ്യവുമായി ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ. ഒളിമ്പ്യൻ വിനേഷ് ഫോഗട്ടിനെ കോൺഗ്രസ് രാജ്യസഭയിലേക്ക് അയക്കുമായിരുന്നെന്നും അതിന് കഴിയാത്ത സാഹചര്യത്തിൽ ഹരിയാന സർക്കാർ രാജ്യസഭാംഗത്വം നൽകണമെന്നും ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു.

തെക്കൻ ജപ്പാനിലെ ക്യുഷു പ്രദേശത്ത് 7.1 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു. ഇതിന് പിന്നാലെ ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂകമ്പം സുനാമിക്ക് കാരണമായതായും, മിയാസാക്കി പ്രദേശങ്ങളില്‍ ഇത് എത്തിച്ചേർന്നതായും ജപ്പാനീസ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. 6.9 തീവ്രത രേഖപ്പെടുത്തിയ ആദ്യ ചലനത്തിന് തൊട്ടുപിന്നാലെ 7.1 തീവ്രതയോടെ രണ്ടാമത്തെ ഭൂചലനമുണ്ടായെന്നുമാണ് സൂചന.

ഷെയ്ക് ഹസീന എത്ര ദിവസം ഇന്ത്യയിൽ തങ്ങുമെന്ന കാര്യത്തിൽ മൗനം പാലിച്ച് വിദേശകാര്യമന്ത്രാലയം. തീരുമാനം എന്തെന്ന് പ്രതികരിക്കുന്നില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമ്മിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ  ടെലിഫോണിൽ ചർച്ച നടത്തി. ബംഗ്ളാദേശിലെ സാഹചര്യം ചർച്ച ചെയ്തു എന്ന് എസ് ജയശങ്കർ അറിയിച്ചു.

രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിച്ചാല്‍ അമ്മ ബംഗ്ലാദേശിലേക്ക് തിരിച്ചുപോകുമെന്ന് ഷെയ്ഖ് ഹസീനയുടെ മകനും അവാമി ലീഗ് നേതാവുമായ സജീബ് വാസിദ് ജോയ്.വിരമിച്ച രാഷ്ട്രീയക്കാരിയായാണോ രാജ്യത്തേക്ക് തിരിച്ചെത്തുകയെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും വാര്‍ത്താഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സജീബ് പറഞ്ഞു .

 

വഖഫ് ബില്‍ ചര്‍ച്ചയ്ക്കിടെ ലോക്‌സഭയില്‍ കൊമ്പുകോര്‍ത്ത് അഖിലേഷ് യാദവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും. വഖഫ് ബില്ലിനെ എതിര്‍ത്ത് സംസാരിക്കവെ അഖിലേഷ് നടത്തിയ പ്രസ്ഥാവന അമിത് ഷായെ പ്രകോപിപ്പിച്ചു. അഖിലേഷ് ഇത്തരം പ്രസ്താവനകള്‍ സഭയില്‍ നടത്തരുതെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് വഖഫ് ബില്‍ അവതരിപ്പിക്കപ്പെട്ടതെന്ന് പറഞ്ഞ അഖിലേഷ്, സ്പീക്കറുടെ അധികാരങ്ങളും കവരാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് ആരോപിച്ചു

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *