വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണ സംഖ്യ 281 ആയി ഉയർന്നു. രക്ഷാപ്രവർത്തനത്തിൻ്റെ മൂന്നാം ദിനമായ ഇന്നു രാവിലെ കാലാവസ്ഥ തെളിഞ്ഞത് രക്ഷാപ്രവർത്തനം ഊർജിതമാക്കി. ദുരന്തത്തിൽ പെട്ടവരെ കണ്ടെത്താൻ പുഞ്ചിരിമട്ടത്തും മുണ്ടക്കൈയും പരിശോധന തുടരുകയാണ്. ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രമെന്ന് കരുതുന്ന പുഞ്ചിരിമട്ടത്ത് വീടുകളുടെ അവശിഷ്ടങ്ങൾ പോലും കാണാനില്ലെന്നാണ് വിവരം. വലിയ ഉരുളൻ പാറകൾ മാത്രമാണ് ഇവിടെയുള്ളത്.
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ബെയ്ലി പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ യന്ത്രങ്ങളടക്കം എത്തിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ചാലിയാർ പുഴയിലും മൃതദേഹങ്ങൾക്കായി പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.12 മന്ത്രിമാർ വയനാട്ടിലുണ്ട്. എല്ലാവരും ഇവിടെ തുടരുന്നത് പ്രായോഗികമല്ല. റവന്യൂ-വനം-ടൂറിസം-എസ്സി എസ്ടി മന്ത്രിമാർ അടങ്ങുന്ന മന്ത്രിസഭാ ഉപസമിതി അവിടെ ക്യാംപ് ചെയ്ത് പ്രവർത്തിക്കും. ശ്രീറാം സാംബശിവ റാവു പ്രത്യേക ഉദ്യോഗസ്ഥനായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തത്കാലം ആളുകളെ ക്യാമ്പുകളിൽ തന്നെ താമസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനരധിവാസ പ്രക്രിയക്ക് ഫലപ്രദമായി നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാംപുകൾ തുടരും. ക്യാംപിനകത്ത് കുടുംബാംഗങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം. ക്യാംപിനകത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നല്ല നിലയിൽ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസത്തിന് നേരിട്ട് സഹായവുമായി ആരും വരരുതെന്നും അത് സ്വീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസമുണ്ടാകില്ല. കുട്ടി എവിടെയാണോ അവിടെ ഇരുന്ന് കൊണ്ട് തന്നെ വിദ്യ നൽകാനാവും. കൂടാതെ ആദിവാസി കുടുംബങ്ങളെ വനത്തിൽ നിന്ന് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. അവർ അതിന് തയ്യാറല്ല. അവർക്ക് ഭക്ഷണം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുഞ്ചിരിമട്ടത്ത് വീടുകൾ ഉണ്ടായിരുന്നുവെന്ന് കണക്കാക്കുന്ന പ്രദേശത്ത് നിന്ന് ഒരു ഓട്ടോറിക്ഷയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. പാറക്കെട്ടുകൾക്കുള്ളിൽ കുടുങ്ങിയ നിലയിലാണ് ഓട്ടോറിക്ഷ. ഇതിനുള്ളിൽ മൃതദേഹം ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്. നിലവിൽ ഹിറ്റാച്ചി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കിട്ടിയാൽ മാത്രമേ രക്ഷാപ്രവർത്തനം കാര്യക്ഷമമാകൂ എന്നാണ് രക്ഷാ പ്രവർത്തകർ പറയുന്നത്.
വയനാട്ടിൽ ദുരന്തനിവാരണ പ്രവർത്തനം തടസ്സമില്ലാതെ നടത്തുന്നതിനും, സൈന്യത്തിൻ്റെയും, രക്ഷാപ്രവർത്തകരുടെയും വാഹനങ്ങൾ സുഗമമായി സഞ്ചരിക്കുന്നതിനും വേണ്ടി വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത ഒരു വാഹനവും കടത്തിവിടില്ല. ഈങ്ങാപ്പുഴയിൽ വാഹന പരിശോധന നടത്താൻ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. ആശുപത്രി, എയർപ്പോർട്ട്, റയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക് എന്തെങ്കിലും തടസ്സമോ, ബുദ്ധിമുട്ടോ നേരിടുന്നുണ്ടെങ്കിൽ താമരശ്ശേരി ഡിവൈഎസ്പി പി.പ്രമോദിനെ നേരിട്ട് വിളിക്കാവുന്നതാണ്. നമ്പർ:+91 94979 90122
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വെള്ളാർമല സ്കൂളിനെ സംസ്ഥാനത്തെ മാതൃകാ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ബജറ്റിൽ ഒരു ജില്ലയിൽ ഒരു മാതൃക സ്കൂൾ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വയനാട്ടിലെ ഈ മാതൃക സ്കൂൾ വെള്ളാർമല സ്കൂൾ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഭൂകമ്പം ഉൾപ്പെടെ അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള കെട്ടിടം സ്കൂളിനായി നിർമ്മിക്കുമെന്നും, ഇക്കാര്യത്തിൽ അടിയന്തിരമായി നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായിട്ടുള്ള അവശ്യ വസ്തുക്കള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കുന്നുണ്ടെന്ന് കളക്ടർ അറിയിച്ചു. റേഷന്‍ കടകളിലും സപ്ലൈകോ വില്പനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും, 201 പേരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കാനായി. ഇതിൽ 90 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളതെന്നും കളക്ടർ പറഞ്ഞു. 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8304 പേരെ മാറ്റി താമസിപ്പിച്ചു. എല്ലാ ക്യാമ്പിലുമായി 3022 പുരുഷന്മാരും 3398 സ്ത്രീകളും 1884 കുട്ടികളും 23 ഗര്‍ഭിണികളുമാണ് കഴിയുന്നത്.
യുവാവിന്റെ മൃതദേഹം കാണാനില്ലെന്ന് അമ്മാവന്റെ പരാതി. ജൂലൈ 30ന് വാർത്താചാനലിലെ തത്സമയ സംപ്രേഷണത്തില്‍ കണ്ട മൃതദേഹം അനന്തരവൻ ജസ്റ്റിനുമായി സാമ്യമുള്ളതായിരുന്നെന്ന് അമ്മാവൻ ജോയി പറയുന്നു. വിദേശത്ത് താമസിക്കുന്ന ജോയി മുണ്ടക്കൈയില്‍ നിന്നുള്ള ഈ ദൃശ്യം കണ്ട് തന്റെ അനന്തരവനാണെന്ന് സംശയം തോന്നിയാണ് നാട്ടിലെത്തിയത്. എന്നാല്‍ കുടുംബം അന്വേഷിച്ചെത്തിയപ്പോള്‍ മൃതദേഹം സൂക്ഷിച്ച സ്ഥലത്ത് ഈ മൃതദേഹം കണ്ടെത്താനായില്ലെന്നും ഇദ്ദേഹം പറഞ്ഞു.
ചൂരല്‍മലയിലുള്ള ഏക മൊബൈല്‍ ടവറായ ബിഎസ്എന്‍എല്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ മൊബൈല്‍ സിഗ്നല്‍, ഇന്റര്‍നെറ്റ്, ടോള്‍-ഫ്രീ സൗകര്യങ്ങള്‍ എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കി. ചൂരല്‍മലയിലെ ടവറിന് അടിയന്തരമായി ജനറേറ്റര്‍ വൈദ്യുതി സൗകര്യം ഒരുക്കിയതും മുടക്കം കൂടാതെ മൊബൈല്‍ സിഗ്നല്‍ ലഭ്യമാക്കിയതും യുദ്ധകാല അടിസ്ഥാനത്തില്‍ ചൂരല്‍മലയിലും മേപ്പാടിയിലും 4ജി സേവനം ലഭ്യമാക്കിയതും രക്ഷാപ്രവര്‍ത്തനം ഈര്‍ജിതമാക്കാന്‍ അതിവേഗ ഇന്റർനെറ്റും ടോള്‍-ഫ്രീ നമ്പറുകളും ഒരുക്കിയതും ഇതില്‍ ഉള്‍പ്പെടും.
മുണ്ടക്കൈ ഉരുൾപൊട്ടലിലെ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായകമായ ബെയ്ലി പാലത്തിൻ്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. രാത്രിയിലും തുടർന്ന പാലത്തിന്റെ നിർമാണം കരസേനയുടെ അംഗങ്ങളാണ് നിര്‍മ്മിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ മുണ്ടക്കൈ ഭാഗത്തുള്ള കരയിൽ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് ശേഷം പണി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വയനാട്ടിലെ ചൂരൽമലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിന് വയനാട് സൈബർ ക്രൈം പൊലീസ് കേസെടുത്തു. ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയായിരുന്നു പ്രചാരണം. ഭാരതീയ ന്യായ സംഹിതയിലെ 192, 45, ദുരന്തനിവാരണ നിയമത്തിലെ 51 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്. കോയിക്കോടൻസ് 2.0′ എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്.
നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ പുഴ, ഗായത്രി പുഴ എന്നീ നദികളിലാണ് കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ കരമന, ഇടുക്കി ജില്ലയിലെ തൊടുപുഴ, തൃശ്ശൂർ ജില്ലയിലെ കീച്ചേരി, കാസറഗോഡ് ജില്ലയിലെ പയസ്വിനി എന്നീ നദികളിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. ഈ പുഴകളോട് ചേർന്നുള്ള കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.
കോഴിക്കോട് വിലങ്ങാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ കാണാതായ റിട്ടയേർഡ് അധ്യാപകൻ മാത്യു എന്ന മത്തായി മരിച്ചു. മൃതദേഹം അപകട സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെ പുഴയിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ രാത്രിയാണ് കോഴിക്കോടിൻ്റെ വടക്കൻ മേഖലയിൽ ഉരുൾ പൊട്ടൽ ഉണ്ടായത്. വാണിമേൽ പഞ്ചായത്തിലെ വിലങ്ങാടും സമീപ സ്ഥലങ്ങളായ അടിച്ചിപ്പാറ, മഞ്ഞച്ചീളി, കുറ്റല്ലൂർ, പന്നിയേരി മേഖലകളിൽ തുടർച്ചായി 9 തവണ ഉരുൾപൊട്ടിയെന്നാണ് റിപ്പോർട്ട്. തീരത്തെ 12 വീടുകൾ ഒലിച്ചു പോവുകയും ചെയ്തു.
ബാലുശ്ശേരിയിൽ മലവെള്ളം ഭൂമിയിലേക്ക് വലിയ ശബ്ദത്തോടെ ഒലിച്ചിറങ്ങുന്നതായി നാട്ടുകാര്‍. കോട്ടൂര്‍ പഞ്ചായത്ത് 5-ാം വാര്‍ഡ് പൂനത്ത് തുരുത്തമല കോളനിക്ക് സമീപമാണ് സംഭവം. ശബ്ദം കേട്ടതോടെ പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്. പേരാമ്പ്രയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. വയനാട്ടിൽ ഉണ്ടായതിന് സമാനമായ ഉരുൾ പൊട്ടലാണ് കഴിഞ്ഞ ദിവസം കോഴിക്കോട് വിലങ്ങാടും ഉണ്ടായതെന്നാണ് വിലയിരുത്തൽ.
തൃശൂർ വടക്കാഞ്ചേരി അകമല ഉരുൾപൊട്ടൽ ഭീഷണിയിലെന്ന് റിപ്പോർട്ട്. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം നാലു വകുപ്പുകൾ ചേർന്ന് പ്രദേശത്ത് സംയുക്ത പരിശോധന നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ ആളുകളോട് മാറി താമസിക്കാൻ നിർദ്ദേശം നൽകി. മണ്ണിനടിയിലൂടെ ഉറവുള്ളതിനാൽ അപകടസാധ്യത വളരെ കൂടുതലാണെന്നും പരിശോധനാ സംഘം റിപ്പോർട്ട് നൽകിയിട്ടുണ്ട്. മൈനിങ് ആൻ്റ് ജിയോളജി, സോയിൽ കൺസർവേഷൻ, ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ടുമെന്റ് ഉദ്യോഗസ്ഥരും റവന്യൂ സംഘവുമാണ് അകമലയിൽ പരിശോധന നടത്തിയത്.
സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം മധ്യ- വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തീവ്ര-അതിതീവ്ര മഴ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
കർണാടകയിലെ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ തൃശൂരിൽ നിന്ന് ഷിരൂരിലേയ്ക്ക് ഡ്രജർ കൊണ്ടുപോകില്ല. ഗംഗാവലി പുഴയിൽ ആഴവും ഒഴുക്കും കൂടുതലായതിനാൽ ഡ്രജർ ഗംഗാവലി പുഴയിൽ ഇറക്കാൻ കഴിയില്ല. വിദഗ്ധ സംഘം തൃശൂർ കലക്ടർക്ക് റിപ്പോർട്ട് നൽകി. പുഴയിലെ ഒഴുക്ക് നാലു നോട്സില്‍ കൂടുതലാണെങ്കില്‍ ഡ്രജ്ജര്‍ ഇറക്കാന്‍ പ്രയാസമാണ്.
വ്യാജ രേഖയുണ്ടാക്കി പണം തട്ടിയ സംഭവത്തിൽ കോട്ടയം ജില്ലയിലെ കാണക്കാരി മുൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായ ബാലകൃഷ്ണ വാര്യർക്ക് 12 വർഷം തടവും പിഴയും. രണ്ട് കേസ്സുകളിലായി ആകെ 12 വർഷം കഠിന തടവിനും 1,30,000 രൂപ പിഴ ഒടുക്കുന്നതിനും കോട്ടയം വിജിലൻസ് കോടതി ശിക്ഷ വിധിച്ചു.
അടിമാലിക്ക് സമീപം ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി മറിഞ്ഞു. കരടിപ്പാറയലാണ് അപകടമുണ്ടായത്. ലോറി ഡ്രൈവർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്ക് തലകീഴായി മറിയുകയായിരുന്നു.
ദില്ലിയിലെ കനത്ത മഴയിൽ പുതിയ പാർലമെൻ്റ് കെട്ടിടത്തിൽ ചോർച്ച. പുതിയ പാർലമെൻ്റിൻ്റെ ലോബിയിൽ പ്ലാസ്റ്റിക് ബക്കറ്റ് വെച്ച് വെള്ളം ശേഖരിക്കുന്ന ദൃശ്യങ്ങൾ പ്രതിപക്ഷം പങ്കുവച്ചു. പുതിയ പാർലമെന്റിനേക്കാൾ നല്ലത് പഴയ പാർലമെന്റാണെന്നും, മഴക്കാലത്തെങ്കിലും സഭ ചേരുന്നത് പഴയ പാർലമെന്റിലേക്ക് മാറ്റണമെന്നും അഖിലേഷ് യാദവ് പരിഹസിച്ചു. വിഷയം പരിശോധിക്കാൻ എല്ലാ പാർട്ടികളുടെ എംപിമാരും ഉൾപ്പെട്ട സമിതിക്ക് രൂപം നൽകണമെന്ന് ആവശ്യപ്പെട്ട് മാണിക്കം ടാഗോർ എംപി അടിയന്തര പ്രമേയ നോട്ടീസ് നൽകി.
ദില്ലിയിൽ മഴക്കെടുതിയിൽ മരണം ഏഴായി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എല്ലാ സ്കൂളുകൾക്കും അവധി നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കി വീടുകളിൽ കഴിയാനാണ് നിർദേശം. നഗരത്തിലാകെ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ മുന്നറിയിപ്പിനെ തുടർന്ന് ദില്ലി കനത്ത ജാഗ്രതയിലാണ്.
ആർമി മെഡിക്കൽ സർവ്വീസ് ഡയറക്ടർ ജനറൽ പദവിയിലേക്ക് ആദ്യമായി എത്തുന്ന വനിതയായി ലഫ്റ്റനന്റ് ജനറൽ സാധന സക്സേന നായർ. ലഫ്റ്റനന്റ് ജനറൽ സാധന സക്സേന നായർ തന്റെ പുതിയ ചുമതല ഏറ്റെടുത്തു. പൂനെയിലെ ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജിൽ നിന്നാണ് സാധന സക്സേന നായർ കോഴ്സ് പൂർത്തിയാക്കിയത്. 1.2 മില്യൺ സൈനികരുടെ ആരോഗ്യകാര്യങ്ങളാണ് ഇനി ലഫ്റ്റനറ്റ് ജനറൽ സാധന സക്സേന നായറിന്റെ ചുമതലയിലുള്ളത്.
വയനാട്ടിൽ ഉണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി ഒമാന്‍. ഉരുൾപൊട്ടലില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളോട് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് അനുശോചനം അറിയിച്ചു. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് അയച്ച സന്ദേശത്തിലാണ് ഒമാന്‍ സുല്‍ത്താന്‍ അനുശോചനം രേഖപ്പെടുത്തിയത്.
ദില്ലിയിൽ ഇരു ചക്രവാഹനങ്ങൾ ചെറുതായി ഉരസിയതിനെ തുടർന്നുണ്ടായ വാക്കു തർക്കത്തിനിടെ 30 കാരിയെ മക്കൾക്ക് മുന്നിലിട്ട് വെടിവച്ചു കൊന്നു. കിഴക്കൻ ദില്ലിയിലെ ഗോകുൽപുരിയിലാണ് സംഭവം. ഹീര സിംഗ് എന്ന 40കാരന്റെ ഭാര്യയായ സിമ്രൻജീത് കൌറാണ് കൊല്ലപ്പെട്ടത്.
ജോലിയിലും, വിദ്യാഭ്യാസത്തിലും എസ്.സി./എസ്.ടിക്കാരിലെ അതിപിന്നാക്കക്കാർക്കായി ഉപസംവരണം നൽകുന്നത് ശരിവച്ച് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. ഉപസംവരണം ശരിവച്ച ഭരണഘടനാ ബെഞ്ച് എന്നാൽ സംവരണത്തിനായി മാറ്റി വച്ചിട്ടുള്ള മുഴുവൻ സീറ്റുകളും അതി പിന്നാക്കക്കാർക്കായി നീക്കി വയ്ക്കരുതെന്നും നിർദേശിച്ചു.
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം മൂലമുണ്ടായ ദുരന്തത്തിൽ 44 പേരെ കാണാതായെന്ന് വിവരം. പ്രദേശത്ത് റോഡുകളും പാലങ്ങളും തകർന്നിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന രക്ഷാ പ്രവർത്തനം തുടരുകയാണെന്ന് സംസ്ഥാനത്തെ മന്ത്രി ജഗത് സിംഗ് നേഗി അറിയിച്ചു. രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിരവധി വീടുകൾ തകർന്നതായാണ് വിവരം. ഷിംലയിൽ മാത്രം 36 പേരെയും, മണ്ടിയിൽ എട്ട് പേരെയും കാണാതായെന്നാണ് വിവരം.
വിവാദ ഐ.എ.എസ്. പ്രബേഷണറി ഓഫീസര്‍ പൂജാ ഖേഡ്കറുടെ നിയമന ശുപാര്‍ശ റദ്ദാക്കി യു.പി.എസ്.സി. ഭാവിയില്‍ പരീക്ഷ എഴുതുന്നതില്‍നിന്ന് സ്ഥിരമായി അവരെ വിലക്കുകയും ചെയ്തു.ജൂലായ് 30-ന് വൈകുന്നേരത്തിനുള്ളിൽ വിശദീകരണം നല്കാന് അവര്‍ക്ക് സമയം അനുവദിച്ചിരുന്നു. അതിനുള്ളില്‍ വിശദീകരണം നല്‍കാത്തതിനാലാണ് യു.പി.എസ്.സി. നടപടി സ്വീകരിച്ചത്.
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണ് ബെയ്റൂത്തിലെ ഇന്ത്യൻ എംബസി അറിയിച്ചിരിക്കുന്നത്. ലെബനാനിലുള്ളവർ ജാഗ്രത പാലിക്കുകയും യാത്രകൾ പരിമിതപ്പെടുത്തുകയും വേണം. ഇന്ത്യൻ എംബസിയുമായി സമ്പർക്കത്തിലായിരിക്കണമെന്നും എംബസി അറിയിച്ചു.