പുതിയമന്ത്രി പദവിയില്‍ ജനതാല്പര്യം അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് എം ബി രാജേഷ്. ഇത്രയും കാലം സ്പീക്കറായിരുന്നപ്പോൾ കൂടുതല്‍ സമചിത്തതയോടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനായെന്നും അതൊരു നല്ല അനുഭവ സമ്പത്തായിരുന്നെന്നും സഭയില്‍ ശരിയായ ശരിയായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനായെന്നും എം ബി രാജേഷ് പറഞ്ഞു. എ എന്‍ ഷംസീര്‍ സഭയെ നയിക്കാന്‍ കഴിവുള്ളയാളെന്നും രാജേഷ് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ എം വി ഗോവിന്ദന് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതോടെയാണ് എം ബി രാജേഷിനെ മന്ത്രിയാക്കാനും എ എൻ ഷംസീറിനെ സ്പീക്കറാക്കാനും പാർട്ടി തീരുമാനിച്ചത്.
കെ സുരേന്ദ്രന്റെ മകന്റെ നിയമനത്തിനായി നടന്ന പരീക്ഷയെക്കുറിച്ചും ആക്ഷേപം. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ടെക്നിക്കൽ ഓഫീസർ തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ നടപടികളും ലാബ് പരീക്ഷയും പ്രഹസനമായിരുന്നുവെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം അടിസ്ഥാനപ്പെടുത്തി വിളിച്ച തസ്തികയുടെ രണ്ടാം ഘട്ട പരീക്ഷയുടെ ചോദ്യങ്ങൾ ഏറെയും ബയോടെക്നോളജി വിഷയത്തിൽ നിന്നായിരുന്നു.നിയമന വിവരങ്ങൾ മറ്റ് ഉദ്യോഗാർത്ഥികളുടെ മുന്നിൽ മറച്ചുവച്ചു എന്നത് മാത്രമല്ല, എല്ലാ ചട്ടങ്ങളും പാലിച്ച് നടത്തിയെന്ന് പറയുന്ന പരീക്ഷയുടെ നടപടികളെ കുറിച്ചും ഉയരുന്നത് സംശയങ്ങൾ.
വഖഫ് ബോർഡ് നിയമനത്തിലും ജെൻഡർ യൂണിഫോം വിഷയത്തിലും സമസ്തയുടെ നിലപാട് ശരിയെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ .സമസ്തയോടും കാന്തപുരം സുന്നി വിഭാഗത്തോടും വിരോധം ഇല്ലാത്തത് കൊണ്ടാണ് അവരുടെ അഭിപ്രായങ്ങൾ മാനിക്കുന്നതെന്നും ഇപി ജയരാജൻ പറഞ്ഞു. നിയമസഭാ കയ്യാങ്കളി കേസിലെ ഹൈക്കോടതി വിധി തിരിച്ചടിയല്ല.സി പി ഐ പാർട്ടി സമ്മേളനത്തിലെ പല വിമർശനങ്ങൾക്കും മറുപടിയുടെ ആവശ്യമില്ല. സിപിഎം സിപിഐ തമ്മിലടിക്കുവേണ്ടി പലരും ശ്രമിക്കുന്നു എന്നും ജയരാജൻ പറഞ്ഞു.
മന്ത്രിയാകണോ സ്പീക്കര്‍ ആകണമോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്ന് നിയുക്ത സ്പീക്കർ എ എൻ ഷംസീര്‍. സഭയ്ക്കുള്ളില്‍ ഭരണഘടനാപരമായ രീതിയില്‍ മാത്രമെ പ്രവര്‍ത്തിക്കുകയുള്ളു. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകും. എന്നാൽ രാഷ്ട്രീയം പറയേണ്ടിടത്ത് ഇനിയും പറയുമെന്നും ഷംസീർ പറഞ്ഞു.
മലപ്പുറത്ത് സംസ്ഥാന പാത വികസനത്തിനായി മരം മുറിച്ച് പക്ഷികളെ കൊന്നൊടുക്കിയ ഉപ കരാറുകാരനെതിരെ കേസെടുത്തെന്ന് സോഷ്യല്‍ ഫോറസ്ട്രി ഡിഎഫ്ഒ . കഴിഞ്ഞ ദിവസം മേലാറ്റൂരിൽ വനം വകുപ്പിന്റെ അനുമതിയില്ലാതെ മരം മുറിച്ചപ്പോൾ നിരവധി പക്ഷികള്‍ക്ക് ജീവന് നഷ്ടമായത് വാർത്തയായിരുന്നു.
വീണ്ടും തെരുവ് നായ ആക്രമണം.പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ 12 വയസ്സുകാരി ഗുരുതരാവസ്ഥയിൽ. കുട്ടി പാൽ വാങ്ങാൻ പോകുന്നതിനിടെയാണ് തെരുവുനായയുടെ കടിയേറ്റത് .റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്റെ മകൾ അഭിരാമിക്ക് കൈയിലും കാലിലും കണ്ണിന് താഴെയുമായി ഏഴിടത്ത് തെരുവുനായയുടെ കടിയേറ്റു.ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി വാക്സിൻ എടുത്തുവെങ്കിലും ഇന്നലെ വൈകീട്ടോടെ തീരെ വയ്യാതായ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഇടുക്കി മാങ്കുളത്ത് നാട്ടുകാരെ ആക്രമിച്ച പുലിയെ തല്ലിക്കൊന്നു. ഇന്ന് പുലര്‍ച്ചെ അമ്പതാംമൈല്‍ സ്വദേശി ഗോപാലനെയാണ് പുലി ആക്രമിച്ചത്. രണ്ട് ആടുകളെയും പുലി കൊന്നിരുന്നു. വനം വകുപ്പ് സ്ഥാപിച്ച കൂടിൽ പുലി കുടുങ്ങിയിരുന്നില്ല.