തൃശൂര്‍ ആസ്ഥാനമായ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) മൂന്നാംപാദമായ ഒക്ടോബര്‍-ഡിസംബറില്‍ രേഖപ്പെടുത്തിയത് 3.05 കോടി രൂപയുടെ ലാഭം മാത്രം. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 21.73 കോടി രൂപയെ അപേക്ഷിച്ച് 86 ശതമാനം കുറവാണിത്. സെപ്റ്റംബര്‍ പാദത്തില്‍ 23.16 കോടി രൂപയായിരുന്നു ലാഭം. ജൂണ്‍പാദത്തില്‍ 28.30 കോടി രൂപയുടെ ലാഭവും ബാങ്ക് നേടിയിരുന്നു. കഴിഞ്ഞപാദത്തില്‍ പക്ഷേ, ധനലക്ഷ്മി ബാങ്കിന്റെ മൊത്ത വരുമാനം 312 കോടി രൂപയില്‍ നിന്ന് 343 കോടി രൂപയായി ഉയര്‍ന്നു. മൊത്തം ബിസിനസ് 22,183 കോടി രൂപയില്‍ നിന്നുയര്‍ന്ന് 24,653 കോടി രൂപയായി; 11.14 ശതമാനമാണ് വര്‍ധന. മൊത്തം നിക്ഷേപം 12,938.70 കോടി രൂപയില്‍ നിന്ന് 10.83 ശതമാനം മെച്ചപ്പെട്ട് 14,339.94 കോടി രൂപയായി. മൊത്തം വായ്പകള്‍ 9,244.54 കോടി രൂപയില്‍ നിന്ന് 11.57 ശതമാനം വര്‍ധിച്ച് 10,313.98 കോടി രൂപയിലെത്തി. 28.37 ശതമാനമാണ് സ്വര്‍ണ വായ്പകളിലെ വളര്‍ച്ച. 2,084.15 കോടി രൂപയില്‍ നിന്ന് 2,675.36 കോടി രൂപയിലേക്കാണ് സ്വര്‍ണ വായ്പകള്‍ ഉയര്‍ന്നത്. കഴിഞ്ഞപാദത്തില്‍ കിട്ടാക്കട അനുപാത നിരക്കുകള്‍ കുറഞ്ഞത് ധനലക്ഷ്മി ബാങ്കിന് ആശ്വാസമാണ്. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 5.83 ശതമാനത്തില്‍ നിന്ന് 4.81 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 1.82 ശതമാനത്തില്‍ നിന്ന് 1.27 ശതമാനത്തിലേക്കുമാണ് കുറഞ്ഞത്. കഴിഞ്ഞപാദത്തില്‍ കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് തുക 32.6 കോടി രൂപയില്‍ നിന്ന് 19.6 ശതമാനത്തിലേക്ക് കുറയ്ക്കാനും ഇതുവഴി ബാങ്കിന് സാധിച്ചു. ബാങ്കിന്റെ വായ്പ നിക്ഷേപാനുപാതം 71.45 ശതമാനത്തില്‍ നിന്ന് 71.92 ശതമാനത്തിലേക്ക് മെച്ചപ്പെട്ടിട്ടുണ്ട്. അതേസമയം, മൂലധന പര്യാപ്തതാ അനുപാതം 12.52 ശതമാനത്തില്‍ നിന്ന് 12.37 ശതമാനമായി ഇടിഞ്ഞു.