അദാനി ഗ്രൂപ്പിന്റെ ഫ്‌ലാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റര്‍പ്രൈസിന്റെ അറ്റാദായത്തില്‍ 44 ശതമാനം വര്‍ധന. 2023 ജൂണില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ 647 കോടിയാണ് കമ്പനിയുടെ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 497 കോടിയായിരുന്നു കമ്പനിയുടെ അറ്റാദായം. അതേസമയം, കമ്പനിയുടെ വരുമാനത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഓപ്പറേഷന്‍സില്‍ നിന്നുള്ള വരുമാനം 38 ശതമാനം കുറഞ്ഞ് 25,438 കോടിയായി. കല്‍ക്കരി വിലയിലുണ്ടായ കുറവാണ് അദാനിക്ക് തിരിച്ചടിയായത്. അദാനിയുടെ ഏഴ് എയര്‍പോര്‍ട്ടുകളിലും യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കമ്പനി നടത്തുന്ന റോഡ് നിര്‍മ്മാണവും മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഓഹരി വിപണിയിലെ തിരിച്ചടിക്കിടയിലും മികച്ച നിലയിലാണ് അദാനി എന്റര്‍പ്രൈസ് വ്യാപാരം അവസാനിപ്പിച്ചത്. 2.24 ശതമാനം നേട്ടത്തോടെ 2,529 രൂപയിലാണ് കമ്പനി ഓഹരികള്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാഴാഴ്ച ക്ലോസ് ചെയ്തത്.