ഈ വര്‍ഷത്തെ ഏറ്റവും വിചിത്രമായ ഗാങ്ങിനെ പരിചയപ്പെടാന്‍ ഒരുങ്ങിക്കോളൂ. സോണി ലിവിന്റെ പുതിയ മലയാളം ഒറിജിനല്‍ സീരീസ് ‘4.5 ഗ്യാങ്’ എത്തുന്നു. തിരുവനന്തപുരത്തിന്റെ ചാഞ്ചാട്ടം നിറഞ്ഞ ലോകമാണ് കഥയുടെ പശ്ചാത്തലം. കൃഷാന്ത് സംവിധാനം ചെയ്ത സീരിസ് നിര്‍മിച്ചിരിക്കുന്നത് മാന്‍കൈന്‍ഡ് സിനിമാസ് ആണ്. ദര്‍ശന രാജേന്ദ്രന്‍, സഞ്ജു ശിവറാം എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സീരിസിന്റെ ട്രെയ്ലറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. കോമഡി- ആക്ഷന്‍ സീരിസായാണ് 4.5 ഗാങ്ങ് പ്രേക്ഷകരിലേക്കെത്തുന്നത്. ഇതുവരെ കാണാത്ത വേഷത്തിലാണ് ദര്‍ശന രാജേന്ദ്രന്‍ സീരിസിലെത്തുന്നത് എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. ജഗദീഷ്, ഇന്ദ്രന്‍സ്, വിജയരാഘവന്‍, ഹക്കിം ഷാ, വിഷ്ണു അഗസ്ത്യ എന്നിവര്‍ക്ക് പുറമെ, സച്ചിന്‍, ശാന്തി ബാലചന്ദ്രന്‍, നിരഞ്ജ് മണിയന്‍ പിള്ള രാജു, ശ്രീനാഥ് ബാബു, ശംഭു മേനോന്‍, പ്രശാന്ത് അലക്‌സ്, രാഹുല്‍ രാജഗോപാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഈ മാസം 29 ന് സോണി ലിവില്‍ സീരിസ് സ്ട്രീമിങ് ആരംഭിക്കും. മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളില്‍ സീരിസ് കാണാനാകും.