തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദമായ ഒക്ടോബര്‍-ഡിസംബറില്‍ 305.36 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ (2022-23) സമാനപാദത്തിലെ 102.75 കോടിയേക്കാള്‍ 197.19 ശതമാനവും ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ 103 കോടി രൂപയേക്കാള്‍ 11 ശതമാനവും കൂടുതലാണിത്. ബാങ്കിന്റെ മൊത്തം ബിസിനസ് ഇക്കാലയളവില്‍ 1,76,841 കോടി രൂപയായി. പ്രവര്‍ത്തന ലാഭം മുന്‍ വര്‍ഷത്തെ 203.24 കോടി രൂപയില്‍ നിന്ന് 483.45 കോടി രൂപയായും വര്‍ധിച്ചു. 137.87 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. മൊത്ത വരുമാനം സെപ്റ്റംബര്‍ പാദത്തിലെ 1,186 കോടി രൂപയില്‍ നിന്ന് 7 ശതമാനം ഉയര്‍ന്ന് 1,271 കോടി രൂപയായി. 2022-23 സെപ്റ്റംബര്‍-ഡിസംബര്‍ പാദത്തിലെ 791 കോടി രൂപയേക്കാള്‍ 61 ശതമാനം അധികമാണിത്. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി മുന്‍വര്‍ഷത്തിലെ സമാനപാദത്തിലെ 5.48 ശതമാനത്തില്‍ നിന്ന് 4.74 ശതമാനമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 2.26 ശതമാനത്തില്‍ നിന്ന് 1.61 ശതമാനത്തിലേക്കും കുറയ്ക്കാന്‍ ബാങ്കിനു കഴിഞ്ഞു. ബാങ്കിന്റെ മൊത്തം വായ്പാ വിതരണം 10.80 ശതമാനം വളര്‍ച്ചയോടെ 70,117 കോടി രൂപയില്‍ നിന്നും 77,686 കോടി രൂപയിലെത്തി. ബാങ്കിന്റെ റീറ്റെയ്ല്‍ നിക്ഷേപങ്ങള്‍ 7.25 ശതമാനം വര്‍ധിച്ച് 95,088 കോടി രൂപയിലെത്തി. പ്രവാസി നിക്ഷേപം 4.55 ശതമാനം വര്‍ധിച്ച് 29,236 കോടി രൂപയിലെത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാസ നിക്ഷേപം 2.83 ശതമാനം വര്‍ധിച്ചു.