ഇന്ത്യയില്‍ മുപ്പതു ശതമാനം ആളുകള്‍ ഒരിക്കല്‍ പോലും അവരുടെ രക്തസമ്മര്‍ദ്ദത്തിന്റെ നില പരിശോധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്-നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫോര്‍മാറ്റിക്സ് റിസര്‍ച്ച് പുറത്തുവിട്ട് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിദശമാക്കുന്നത്. രാജ്യത്ത് കുതിച്ചുയരുന്ന ജീവിതശൈലി രോഗങ്ങളുടെ പട്ടികയില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്ന രോഗമാണ് രക്തസമ്മര്‍ദ്ദം. ജീവിതശൈലിയിലെ മാറ്റവും ഭക്ഷണരീതിയുമെല്ലാം രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകും. കൃത്യമായി പരിശോധിക്കത്തതും രോഗനിര്‍ണയം വൈകുന്നതും ആരോഗ്യം മോശമാക്കും. രാജ്യത്ത് 30 ശതമാനം ആളുകള്‍ തങ്ങളുടെ രക്തസമ്മര്‍ദ്ദ നില ഒരിക്കലും പരിശോധിക്കാത്തതിനെ നിസാരമായി കാണാന്‍ കഴിയില്ലെന്ന് ഗവേഷകര്‍ പറയുന്നു. 40 വയസ്സിനു മുകളിലുള്ളവര്‍ വര്‍ഷത്തിലൊരിക്കലെങ്കിലും രക്തസമ്മര്‍ദ നില പരിശോധിച്ചിരിക്കണം. അപകടസാധ്യതാവിഭാഗത്തിലല്ലാത്ത 18 വയസ്സിനും 40നും ഇടയില്‍ പ്രായമുള്ളവര്‍ ഓരോ മൂന്നു മുതല്‍ അഞ്ചുവര്‍ഷത്തിനിടയിലും പരിശോധിച്ചിരിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഹൈപ്പര്‍ടെന്‍ഷന്‍ രോഗികള്‍ മാസത്തിലൊരിക്കലെങ്കിലും രക്തസമ്മര്‍ദത്തിന്റെ നില പരിശോധിക്കണമെന്നും വിദഗ്ധര്‍ പറയുന്നു. കൂടാതെ 34 ശതമാനം ഇന്ത്യക്കാരും രക്തസമ്മര്‍ദ്ദം ഉയരുന്നതിന് തൊട്ടുമുമ്പുള്ള അവസ്ഥയിലാണെന്നും പഠനത്തില്‍ പറയുന്നു. അതായത് സാധാരണ രക്തസമ്മര്‍ദ്ദത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ഇടയില്‍ തോത് തുടരുന്നവര്‍. ഇതു പരിശോധിക്കാതെ പോവുകവഴി രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കാമെന്നും ഗവേഷകര്‍ പറയുന്നു. പതിനെട്ടിനും അമ്പത്തിനാലിനും ഇടയില്‍ പ്രായമുളള 7,43,067 പേരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. അമിതവണ്ണം, പൊണ്ണത്തടി തുടങ്ങിയവ ഉള്ളവരില്‍ ഹൈപ്പര്‍ടെന്‍ഷന്‍ കൂടുതലാണെന്ന് കണ്ടെത്തി. ഹൈപ്പര്‍ടെന്‍ഷന്‍ പലപ്പോഴും ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്നതിനാല്‍ കൂടുതല്‍ കരുതലോടെ സമീപിക്കേണ്ട വിഷയമാണെന്നും ഗവേഷകര്‍ പറയുന്നു.