നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദ പ്രവര്‍ത്തന ഫലം പ്രഖ്യാപിച്ച് എച്ച്.ഡി.എഫ്.സി. ബാങ്ക്. പ്രതീക്ഷിച്ചതിലും മുകളിലുള്ള പ്രകടനവുമായി അറ്റാദായം 30% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി 11,952 കോടി രൂപയായി. അറ്റ വരുമാനം മുന്‍വര്‍ഷം ഇതേ കാലയളവിലെ 25,870 കോടി രൂപയില്‍ നിന്ന് 26.9 ശതമാനം വര്‍ദ്ധിച്ച് 32,829 കോടി രൂപയായി ഉയര്‍ന്നു. അറ്റ പലിശ വരുമാനം മുന്‍ വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് 21% ഉയര്‍ച്ചയോടെ 23,599 കോടി രൂപയിലെത്തി. മൊത്തം നിഷ്‌ക്രിയ ആസ്തി മാര്‍ച്ച് പാദത്തിലെ 1.12 ശതമാനത്തില്‍നിന്ന് 1.17 ശതമാനമായി ഉയര്‍ന്നു. മൊത്തം നിക്ഷേപം 19.2 ശതമാനം ഉയര്‍ന്ന് 19.13 ലക്ഷം കോടിയായി. ഈ പാദത്തിലെ മൊത്തം നിക്ഷേപത്തിന്റെ 42.5% കാസ ആണ്. ആഭ്യന്തര റീട്ടെയില്‍ വായ്പകളില്‍ 20% എന്ന ശക്തമായ വളര്‍ച്ച നേടിയതിന്റെ ഫലമായി ബാങ്കിന്റെ മൊത്തം വായ്പാ മൂല്യം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16% വര്‍ധനയോടെ 16.16 ലക്ഷം കോടി രൂപയിലേക്ക് എത്തി. വാണിജ്യ, ഗ്രാമീണ ബാങ്കിംഗ് വായ്പകള്‍ 29% വളര്‍ന്നപ്പോള്‍ കോര്‍പ്പറേറ്റ്, മറ്റ് ഹോള്‍സെയില്‍ വായ്പകളുടെ വിഭാഗം 11.2% വര്‍ധന നേടിയെടുത്തു. സേവിംഗ്സ്, കറന്റ് അക്കൗണ്ടുകളുടെ എണ്ണത്തിലും എച്ച്.ഡി.എഫ്.സി ബാങ്ക് നേട്ടമുണ്ടാക്കി. 10.7 ശതമാനമാണ് വര്‍ധന. സേവിംഗ്സ് അക്കൗണ്ടില്‍ 5.6 ലക്ഷം കോടിയും കറന്റ് അക്കൗണ്ടില്‍ 2.52 ലക്ഷം കോടിയും നിക്ഷേപം സമാഹരിച്ചിട്ടുണ്ട്. ലയനത്തിനു ശേഷം എച്ച്.ഡി.എഫ്.സി ലിമിറ്റഡിന്റെ ഓഹരി ഉടമകള്‍ക്ക് നല്‍കിയ എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ പുതിയ ഓഹരികള്‍ കഴിഞ്ഞ ദിവസമാണ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ബാങ്കിന്റെ വിപണി മൂല്യം 12.66 ലക്ഷം കോടി രൂപയായി. ഇതോടെ ലോകത്തെ ഏഴാമത്തെ വലിയ ബാങ്കായി എച്ച്.ഡി.എഫ്.സി ബാങ്ക്.