രാജ്യസഭയില്‍ 19 പ്രതിപക്ഷ എംപിമാര്‍ക്കു സസ്പെന്‍ഷന്‍. വിലവര്‍ധനയ്ക്കെതിരേ നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചവരെയാണ് ഒരാഴ്ചത്തേക്കു സസ്പെന്‍ഡ് ചെയ്തത്. കേരളത്തില്‍ നിന്നുള്ള സിപിഎം, സിപിഐ എംപിമാരായ എ.എ റഹീം, വി. ശിവദാസന്‍, പി. സന്തോഷ് കുമാര്‍ എന്നിവരും ഡിഎംകെ എംപി കനിമൊഴി സോമു, തൃണമൂല്‍ എംപിമാരായ സുഷ്മിത ദേവ്, ഡോള സെന്‍, ശാന്തനു സെന്‍ തുടങ്ങിയവരുമാണു സസ്പെന്‍ഷനിലായത്. സോണിയഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരായ പ്രതിഷേധത്തിനു പോയതിനാല്‍ കോണ്‍ഗ്രസ് എംപിമാര്‍ സഭയില്‍ ഉണ്ടായിരുന്നില്ല.
ഡല്‍ഹിയിലെ കിംഗ്സ് വേ പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുല്‍ഗാന്ധി അടക്കം അമ്പതോളം എംപിമാരെ മോചിപ്പിച്ചത് ആറര മണിക്കൂറിനുശേഷം. പോലീസ് സ്റ്റേഷനില്‍ അവര്‍ വിലക്കയറ്റ ചര്‍ച്ച നടത്തി. ജിഎസ്ടി നിരക്കും അഗ്നിപഥും രൂപയുടെ മൂല്യ തകര്‍ച്ചയുമെല്ലാം അവര്‍ ചര്‍ച്ചചെയ്തു. രാഷ്ട്രപതി ഭവനിലേക്കു മാര്‍ച്ചു ചെയ്യുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് ഇവരെ വിജയ് ചൗക്കില്‍ തടഞ്ഞ് അറസറ്റു ചെയ്തത്. പ്രതിപക്ഷത്തിന്റെ മനോവീര്യം കെടുത്താനാവില്ലെന്ന് പോലീസ് കസ്റ്റഡിയിലായിരുന്ന രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചു.
ഓണത്തിന് 14 ഇനങ്ങളുള്ള ഓണക്കിറ്റ് നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തുണിസഞ്ചിയടക്കമുള്ള കിറ്റിന് 425 കോടി രൂപയാണു ചെലവാക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 13 തവണ കിറ്റ് നല്‍കിയതിന് 5500 കോടി രൂപ ചിലവാക്കിയിരുന്നു.
സ്‌കൂളുകളിലെ ഓണപരീക്ഷ ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ. സെപ്റ്റംബര്‍ മൂന്നു മുതല്‍ 11 വരെയാണ് ഓണം അവധി. സെപ്റ്റംബര്‍ 12 ന് സ്‌കൂളുകള്‍ തുറക്കുമെന്നു മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.
ഭക്ഷ്യധാന്യങ്ങളുടെ ചില്ലറ വില്‍പനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജിഎസ്ടി കേരളം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി. നിത്യോപയോഗ സാധനങ്ങള്‍ക്ക് ജി എസ് ടി ഏര്‍പ്പെടുത്തുന്നതിനെ സംസ്ഥാനം അനുകൂലിച്ചിട്ടില്ല. ആഡംബര വസ്തുക്കള്‍ക്ക് നികുതി ഏര്‍പ്പെടുത്താനാണ് കേരളം ആവശ്യപ്പെട്ടത്. പിണറായി വിജയന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെതിരേ ഓഗസ്റ്റ് പത്തിനു രാജ്ഭവന്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് എല്‍ഡിഎഫ്. വിലക്കയറ്റം, ഇന്ധന വില വര്‍ധന, നിത്യോപയോഗ സാധനങ്ങള്‍ക്ക് ചുമത്തിയ ജിഎസ്ടി എന്നിവക്കെതിരേയാണ് രാജ്ഭവനു മുന്നില്‍ ധര്‍ണ നടത്തുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു.
സ്വാതന്ത്ര്യദിനത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം വിപുലമായി ആഘോഷിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. എല്ലാ ജില്ലാ ഓഫീസുകളും അലങ്കരിച്ച് പതാക ഉയര്‍ത്തി പ്രതിജ്ഞ ചൊല്ലും. ഓഗസ്റ്റ് 15ന് രാവിലെ 10 മണിക്ക് ജില്ലാ കേന്ദ്രങ്ങളില്‍ ആഘോഷം നടത്തും. ഓഗസ്റ്റ് 11 ന് കോഴഞ്ചേരിയിലും 12 ന് വൈക്കത്തും 13 ന് പയ്യന്നൂരിലും 14 ന് കോഴിക്കോട്ട് കടപ്പുറത്തും സ്വാതന്ത്ര്യ ദിന പരിപാടികള്‍ വിപുലമായി സംഘടിപ്പിക്കും. 15 ന് കേരളം മുഴുവന്‍ ആഘോഷം നടത്തും.
നാളെ കര്‍ക്കിടക വാവുബലി. ബലിതര്‍പ്പണത്തിന് ആലുവാ മണപ്പുറം അടക്കം വിവിധ മേഖലകളില്‍ വിപുലമായ ഒരുക്കങ്ങള്‍.
യുഡിഎഫ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാതിരുന്നതിനാല്‍ മുടങ്ങിക്കിടന്ന ദേശീയപാതാ വികസനം പൂര്‍ത്തിയാക്കിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമി ഏറ്റെടുക്കാനുള്ള തുകയുടെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്നു വാഗ്ദാനം ചെയ്തതോടെയാണ് പദ്ധതികളുമായി മുന്നോട്ടുപോകാന്‍ കേന്ദ്രം തയാറായത്. ഏറ്റെടക്കേണ്ട 1,081 ഹെക്ടര്‍ ഭൂമിയില്‍ 1065 ഹെക്ടര്‍ ഏറ്റെടുത്തു. 2020 ല്‍ ദേശീയപാതാ 66 ന്റെ ഭാഗമായി 11,571 കോടി രൂപയുടെ ആറു പദ്ധതികള്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തിരുന്നു. 21,940 കോടിയുടെ നഷ്ടപരിഹാര പാക്കേജാണ് കേരളത്തില്‍ തയ്യാറാക്കിയത്. 19,898 കോടി രൂപ വിതരണം ചെയ്തു. ദേശീയപാതാ 66 ലെ 21 റീച്ചിലെ പണികള്‍ നടക്കണം. 15 റീച്ചിലെ പണികള്‍ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി വിശദീകരിച്ചു.
സംസ്ഥാനത്ത് ഏഴായിരം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നെസ്റ്റോ ഗ്രൂപ്പ് 700 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. 2021 – 22 ല്‍ 1500 കോടിയുടെ വിദേശ നിക്ഷേപം നേടി. ഉത്തരവാദ വ്യവസായവും ഉത്തരവാദ നിക്ഷേപവുമെന്ന നയം സ്വീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനത്തിന്റെ തല്‍സ്ഥിതി അറിയിക്കണമെന്നു ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സാമൂഹികാഘാത പഠനത്തെ കേന്ദ്ര സര്‍ക്കാര്‍ തള്ളുകയോ കൊള്ളുകയോ ചെയ്യാതെ കൈ കഴുകുകയിരിക്കുകയാണെന്നു കോടതി നിരീക്ഷിച്ചു. കെ റെയില്‍ പദ്ധതി നല്ലതാണ്. പക്ഷേ, നടപ്പാക്കേണ്ടത് ഈ രീതിയില്‍ അല്ലെന്ന് കോടതി പറഞ്ഞു. കേസ് അടുത്ത മാസം 10 ലേക്കു മാറ്റി.
മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളിലെ യുഎപിഎ വകുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളില്‍ ഹൈക്കോടതി ഒഴിവാക്കിയ യുഎപിഎ വകുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.
സ്വപ്നയുടെ ആരോപണങ്ങള്‍ തെളിവില്ലാത്തവയാണെന്നും കലാപത്തിനു ഗൂഡാലോചന നടത്തിയതിനു തെളിവുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍. തനിക്കെതിരായ ഗൂഡാലോചനക്കേസുകള്‍ കള്ളക്കേസുകളാണെന്ന് ആരോപിച്ചും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇങ്ങനെ വാദിച്ചത്.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ എണ്ണവും വിദ്യാഭ്യാസ യോഗ്യതയും ശമ്പള സ്‌കെയിലും സംബന്ധിച്ച വിവരങ്ങള്‍ തേടി ഗവര്‍ണറുടെ ഓഫീസ്. സ്റ്റാഫംഗങ്ങളുടെ പേരും ശമ്പളവും സംബന്ധിച്ച പട്ടിക രാജ്ഭവനു കൈമാറിയെങ്കിലും വിദ്യാഭ്യാസ യോഗ്യത വെളിപെടുത്തിയിട്ടില്ല. വിദ്യാഭ്യാസ യോഗ്യത എന്തെന്നു വീണ്ടു ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നു രാജ്ഭവന്‍ വൃത്തങ്ങള്‍.
കിഫ്ബി വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ ഉള്‍പ്പെടുത്തുന്നത് സുതാര്യതക്കു സഹായിക്കുമെന്നാണു പറഞ്ഞതെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്. കിഫ്ബി വായ്പകള്‍ സംസ്ഥാനത്തിന്റെ ബാധ്യതതന്നെയാണ്. ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കിഎഫ്ബി വായ്പകള്‍ സംസ്ഥാനത്തിന്റെ കടമായി വ്യാഖാനിക്കുന്നത് ശരിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
മാധ്യമം പത്രത്തിനെതിരെ മുന്‍മന്ത്രി കെ.ടി. ജലീല്‍ കത്ത് അയക്കാന്‍ പാടില്ലായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കത്തയച്ചെന്ന കാര്യം പരസ്യമായപ്പോഴാണ് വിവരം അറിഞ്ഞത്. ഇക്കാര്യം ജലീലിനോടു നേരിട്ടു സംസാരിച്ചിട്ടില്ല. നേരില്‍കണ്ട് വിഷയം സംസാരിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ഒരാള്‍ ഓരോ ഘട്ടത്തിലും ഓരോ ചുമതല വഹിക്കേണ്ടി വരുമെന്നതിനാലാണ് വാഹനം ഇടിച്ചു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതെന്ന് മുഖ്യമന്ത്രി. കൊല്ലപ്പെട്ട ബഷീര്‍ നമ്മുടെയെല്ലാം സുഹൃത്താണ്. കേസില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമ പ്രവര്‍ത്തകരുടെ കളക്ടറേറ്റ് മാര്‍ച്ച് ഇന്ന്. പത്ര പ്രവര്‍ത്തക യൂണിയനും കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിയും ചേര്‍ന്നാണു സമരം നടത്തുന്നത്.
കഴിഞ്ഞ ദിവസം എസ്എഫ്ഐ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ ബിരിയാണി വാങ്ങിത്തരാമെന്നു പ്രലോഭിപ്പിച്ച് പത്തിരിപ്പാല ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ഥികളെ കൊണ്ടുപോയെന്ന് ആരോപണം. കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് എസ്എഫ്ഐ നേതാക്കള്‍ക്കെതിരേ കേസെടക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പോലീസില്‍ പരാതി നല്‍കി. സ്‌കൂളിലെ ചില അധ്യാപകരുടെ ഒത്താശയോടെയാണ് തട്ടിക്കൊണ്ടുപോയതെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.
പാലക്കാട് കോലം കത്തിക്കല്‍ സമരത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുണ്ടിനു തീ പിടിച്ചു. രാഹുല്‍ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചു നടന്ന സമരത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചപ്പോഴാണു മുണ്ടിലേക്കു തീ പടര്‍ന്നത്. തീയാളിയ മുണ്ടുമായി പ്രവര്‍ത്തകന്‍ പൊലീസിനിടയിലേക്ക് ഓടി. അതിനിടെ മുണ്ട് ഊരിയെറിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറിയും പാലക്കാട് നഗരസഭാ കൗണ്‍സിലറുമായ പി.എസ് വിബിനു പൊള്ളലേറ്റു.
സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. സില്‍വര്‍ ലൈന്‍ കേരളത്തിനു ഗുണമുള്ള പദ്ധതിയാണ്. വികസനത്തിന്റെ വഴി മുടക്കാമെന്നു ചിലര്‍ ചിന്തിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷ എംപിമാര്‍ രാജ്യത്തിന്റെ വികസനത്തിനു തടസം നില്‍ക്കരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പാര്‍ലമെന്റ് തടസപ്പെടുത്താന്‍ നേതൃത്വം കൊടുക്കുന്നത് കേരളത്തിലെ എംപിമാരാണ്. കേരളത്തിലെ മണ്ഡലങ്ങളിലുള്ള വോട്ടര്‍മാര്‍ക്ക് ഇതു നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളേജിനു സമീപം കാറില്‍ യുവാവ് മരിച്ച നിലയില്‍. ഇടുക്കി കീരുത്തോട് സ്വദേശി അഖിലാണ് മരിച്ചത്. കാര്‍ ഉള്ളില്‍നിന്ന് ലോക്ക് ചെയ്തിരുന്നു. അച്ഛന്റെ ചികിത്സക്കായി ആശുപതിയിലെത്തിയ അഖില്‍ രാത്രി കാറിനുള്ളിലായിരുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി. മൂന്ന് യാത്രക്കാരില്‍ നിന്നായി രണ്ടു കിലോ 183 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ഒരു കോടി പത്ത് ലക്ഷം രൂപയോളം വിലവരും. ദുബായില്‍നിന്ന് വന്ന കുറ്റ്യാടി സ്വദേശി ആദിലില്‍, ദുബായില്‍നിന്ന് വന്ന വടകര സ്വദേശി ഹാരിസ്, കല്‍പ്പറ്റ സ്വദേശി ഇല്യാസ് എന്നിവിരെ പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരു കിലോ 163 ഗ്രാം സ്വര്‍ണവുമായി മലപ്പുറം സ്വദേശി അബ്ദുള്‍ സലീമും പിടിയിലായി.
പത്തനംതിട്ട വെട്ടിപ്പുറത്ത് കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടില്‍നിന്ന് തോക്കും വടിവാളും പിടിച്ചെടുത്തു. ആനപ്പാറ സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റു ചെയ്തു.
റിസോര്‍ട്ടില്‍ വില്‍ക്കാന്‍ ശേഖരിച്ച കാട്ടുമാംസവുമായി വയനാട്ടില്‍ നാലംഗ വേട്ടസംഘം വനംവകുപ്പിന്റെ പിടിയിലായി. എടമന സ്വദേശികളായ മേച്ചേരി സുരേഷ് (42), ആലക്കണ്ടി പുത്തന്‍മുറ്റം മഹേഷ് (29), കൈതക്കാട്ടില്‍ മനു (21), വാഴപറമ്പില്‍ റിന്റോ (32) എന്നിവരാണ് കലമാന്‍ മാംസവുമായി പിടിയിലായത്.
പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയയാളെ പോലീസ് വെറുതെ വിട്ടെന്ന് ആരോപിച്ച് തൃശൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ പോലീസും വിദ്യാര്‍ത്ഥികളുമായി സംഘര്‍ഷം. പോലീസ് ലാത്തിവീശി. വിദ്യാര്‍ത്ഥികള്‍ വിയ്യൂര്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തയാള്‍ വിയ്യൂര്‍ ജയിലിലെ ജീവനക്കാരനാണെന്ന് ആരോപണം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ എഴുപത്തിയഞ്ചുകാരന് 21 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ. വേലൂര്‍ സ്വദേശി ഗംഗാധരനെയാണ് തൃശ്ശൂര്‍ ഫാസ്ട്രാക്ക് പോക്സോ കോടതി ശിക്ഷിച്ചത്. വടക്കാഞ്ചേരിയിലെ മകളുടെ വീട്ടില്‍ പേരക്കുട്ടിക്കൊപ്പം കളിക്കാന്‍ വന്ന പത്തു വയസുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.
കെഎസ്ആര്‍ടിസി ബസില്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍. മുക്കം താഴെക്കോട്ട് മാമ്പറ്റ നൗഷാദ് (34) നെയാണ് പൊലീസ് പിടികൂടിയത്.
സമൂഹ മാധ്യമം വഴി പരിചയപ്പെട്ട് പ്രണയത്തിലായ നടുവണ്ണൂരിലെ പതിനേഴുകാരിയുമായി നാടുവിടാന്‍ ശ്രമിച്ച മണ്ണാര്‍ക്കാട് സ്വദേശി അറസ്റ്റില്‍. 29 കാരനായ ഷെമിമുദ്ദിനെയാണ് അത്തോളി പൊലീസ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. ഉള്ളിയേരി ബസ് സ്റ്റാന്‍ഡില്‍ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ കാപ്പ റദ്ദാക്കി. 2017 ന് ശേഷം കേസുകളില്ലാത്തതിനാല്‍ കാപ്പ അഡ്വസൈറി ബോര്‍ഡിന്റേതാണ് നടപടി.
അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗം നടക്കുന്ന തമിഴ്നാട്ടിലെ മധുരയില്‍ വ്യാപാരികള്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് ഭോപ്പാലില്‍ ചേര്‍ന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്സ് യോഗം തീരുമാനിച്ചു. ജിഎസ്ടി കൗണ്‍സില്‍ വ്യാപാരികളേയും ജനങ്ങളേയും ദ്രോഹിക്കുന്ന തീരുമാനങ്ങളാണു കൈക്കൊള്ളുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. സമരം തുടരുമെന്ന് കോണ്‍ഗ്രസ്. ഇന്നലെ ആറു മണിക്കൂറാണ് സോണിയയെ ചോദ്യം ചെയ്തത്. 55 ചോദ്യങ്ങളാണ് ചോദിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച 7.4 ശതമാനമായിരിക്കുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി. നേരത്തെ 8.2 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു ഐഎംഎഫ് പറഞ്ഞിരുന്നത്.
ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായിരുന്ന ആശിഷ് കുമാര്‍ ചൗഹാന്‍ രാജിവച്ചു. നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചിന്റെ മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായി ചുമതലയേല്‍ക്കുന്നതിനാണ് രാജി.
തെലുങ്കു സിനിമകളുടെ ചിത്രീകരണം ഓഗസ്റ്റ് ഒന്നിനു നിര്‍ത്തിവയ്ക്കുമെന്ന് നിര്‍മാതാക്കളുടെ സംഘടനയായ ആക്റ്റീവ് തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് ഗില്‍ഡ്. വരുമാനം കുറയുകയും ചെലവ് വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ നിര്‍മ്മാണ ചെലവു കുറയ്ക്കാന്‍ സിനിമാതാരങ്ങളുമായും സാങ്കേതിക പ്രവര്‍ത്തകരുമായും നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനാലാണ് ചിത്രീകരണം നിര്‍ത്താന്‍ തീരുമാനിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്ക്. നാളെ ഉച്ചയോടെ സബര്‍കാന്തയിലെ ഗധോഡ ചൗക്കിയില്‍ സബര്‍ ഡയറി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 44-ാമത് ചെസ് ഒളിമ്പ്യാഡ് ഉദ്ഘാടനം ചെയ്യും. 29 ന് രാവിലെ അണ്ണാ സര്‍വകലാശാലയുടെ 42-ാമത് ബിരുദദാന ചടങ്ങില്‍ പങ്കെടുക്കും.
പ്രതിഷേധങ്ങളെ കാക്കി കൊണ്ടും ജയിലറ കാട്ടിയും അടിച്ചമര്‍ത്താമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യാമോഹം നടപ്പില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. സത്യം പറയാന്‍ പാടില്ല, ശബ്ദം ഉയരാന്‍ പാടില്ല, ചോദ്യങ്ങള്‍ പാടില്ല, പ്രതിഷേധങ്ങള്‍ പാടില്ല, പ്ലക്കാര്‍ഡുകള്‍ പാടില്ല എന്ന നയത്തെ ചെറുക്കും. ജനങ്ങളെ കൊള്ളയടിക്കുന്ന വിലക്കയറ്റത്തിനും അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തുകൊണ്ടുള്ള പ്രതികാര രാഷ്ട്രീയത്തിനുമെതിരേ പ്രതിഷേധം തുടരുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ലഖിംപൂര്‍ ഖേരി കൊലക്കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി. അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയ്ക്ക് അനുവദിച്ച ജാമ്യം നേരത്തെ സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
ജാര്‍ഖണ്ഡില്‍ ബിജെപിയിലെ 16 എംഎല്‍എമാര്‍ തങ്ങളുടെ പക്ഷത്തേക്കു വരുമെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച. ബിജെപിയുടെ ജാര്‍ഖണ്ഡിലെ പ്രവര്‍ത്തനത്തില്‍ മനംമടുത്തവരാണ് പാര്‍ട്ടി വിടുന്നതെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു.
ശ്രീലങ്കയുടെ മുന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെ ശ്രീലങ്കയിലേക്ക് തിരിച്ചെത്തുമെന്ന് കാബിനറ്റ് വക്താവ് ബന്ദുല ഗുണവര്‍ധന. ജനകീയ പ്രതിഷേധത്തിനിടെ ജൂലൈ പത്തിനാണ് രാജപക്‌സെ ശ്രീലങ്കയില്‍നിന്ന് പലായനം ചെയ്തത്.
സൗദി അറേബ്യയുടെ തെക്കന്‍ മേഖലയിലുള്ള അസീര്‍ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. പ്രവിശ്യയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി.
ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ ആഭ്യന്തര കലാപത്തിനിടെ ഐക്യരാഷ്ട്ര സഭാ സേനാംഗങ്ങളായ രണ്ട് ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെട്ടു. ബിഎസ്എഫ് ജവാന്മാരാണു കൊല്ലപ്പെട്ടത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് പിന്‍മാറുമെന്ന് റഷ്യ. 2024 ന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയ പദ്ധതിയില്‍ പങ്കാളിയാകില്ലെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്മോസിന്റെ പുതിയ മേധാവി യൂരി ബോറിസോവ് പ്രഖ്യാപിച്ചു. സ്വന്തം ബഹിരാകാശ നിലയം യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ജാവലിനില്‍ വെള്ളി നേടിയ, ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറി. പരിക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കാരണമാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. കോമണ്‍വെല്‍ത്ത് ഗെയിംസിന് നാളെ തുടക്കമാകാനിരിക്കെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്കേറ്റ തിരിച്ചടിയാണ് താരത്തിന്റെ പിന്മാറ്റം.
വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനം ഇന്ന്. ഏകദിന പരമ്പരയിലെ മൂന്നാം മത്സരവും ജയിച്ച് ഇന്ത്യ 3-0ന് പരമ്പര തൂത്തൂവാരിയില്‍ അത് ഏകദിനങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിലെ ഇന്ത്യയുടെ ആദ്യ സമ്പൂര്‍ണ വിജയമാവും.
റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍-മേയ് മാസങ്ങളില്‍ ഇറക്കുമതി 4.7 മടങ്ങ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. പ്രതിദിനം 4,00,000 ബാരല്‍ എണ്ണയാണ് ഇന്ത്യ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ വിലക്കുറവില്‍ എണ്ണ ലഭിച്ചതോടെയാണ് ഇന്ത്യയുടെ ഇറക്കുമതി വര്‍ധിച്ചത്. ചൈനയും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ചിരുന്നു. 55 ശതമാനം വര്‍ധനയാണ് ചൈന എണ്ണ ഇറക്കുമതിയില്‍ വരുത്തിയത്. നിലവില്‍ റഷ്യയാണ് ചൈനയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്.
ഐഫോണ്‍ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചത് ആപ്പിളിന് വലിയ നേട്ടം ഇന്ത്യന്‍ വിപണിയില്‍ ഉണ്ടാക്കിയെന്ന് കണക്കുകള്‍. ഈ വര്‍ഷം രണ്ടാം പാദത്തില്‍ ആപ്പിള്‍ ഇന്ത്യയില്‍ 12 ലക്ഷത്തിലേറെ ഐഫോണുകള്‍ വിറ്റുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഇത് 94 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ സൈബര്‍ മീഡിയ റിസര്‍ച്ച് (സിഎംആര്‍) പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച്, ഐഫോണ്‍ 12, 13 മോഡലുകളുടെ അതിശയകരമായ വില്‍പ്പനയാണ് കാരണമായത്. ഇന്ത്യയില്‍ ഈ പാദത്തില്‍ വിറ്റ ഐഫോണുകളില്‍ ഏകദേശം 10 ലക്ഷത്തിലേറെ ഫോണുകള്‍ ‘മേക്ക് ഇന്‍ ഇന്ത്യ’ ഉപകരണങ്ങളാണ് എന്നാണ് കണക്കുകള്‍ പറയുന്നത്.
ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന ‘പീസി’ലെ രണ്ടാം ഗാനം പുറത്തിറങ്ങി. ‘കള്ളത്തരം’ എന്നു തുടങ്ങുന്ന ഗാനം ജോജു ജോര്‍ജ്ജാണ് ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ വരികളും വിഷ്വല്‍സും പ്രേക്ഷകര്‍ക്ക് പുതുമ സമ്മാനിക്കുന്നതാണ്. ഒരു കോമഡി സിനിമയുടെ സ്വഭാവമാണ് പാട്ടിന്റേത്. ദിനു മോഹന്‍ എഴുതിയ പാട്ടിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകനായ സന്‍ഫീറും സംഗീത സംവിധായകനായ ജുബൈര്‍ മുഹമ്മദും ചേര്‍ന്നാണ്. ജോജുവിനൊപ്പം ആശാ ശരത്ത്, രമ്യാനമ്പീശന്‍, അനില്‍ നെടുമങ്ങാട് സിദ്ധിഖ്, മാമുക്കോയ, അതിഥി രവി, ശാലു റഹിം, വിജിലേഷ്, പോളി വല്‍സന്‍ തുടങ്ങി വലിയ താരനിര ഈ സിനിമയിലുണ്ട്.
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’ മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ‘ദേവദൂതര്‍ പാടി’ എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ചാക്കോച്ചന്റെ കിടിലന്‍ ഡാന്‍സോടെ ആയിരുന്നു ഗാനം പുറത്തിറങ്ങിയത്. ഇപ്പോഴിതാ ഗാനം രണ്ട് മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി യൂട്യൂബില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 37 വര്‍ഷങ്ങള്‍ മുമ്പ് താന്‍ ഈണമിട്ട ഗാനം വീണ്ടും എത്തിയ സന്തോഷം പങ്കുവച്ച് ഔസേപ്പച്ചന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ‘ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു. അതേ ഓര്‍ക്കസ്ട്രയെ ഓര്‍മപ്പെടുത്തുന്ന രീതിയില്‍ ഓര്‍ക്കസ്‌ട്രേഷന്‍ പുനര്‍സൃഷ്ടിച്ചത് ഗംഭീരമായി’, എന്നാണ് ഔസേപ്പച്ചന്‍ ഗാനം പങ്കുവച്ച് കൊണ്ട് കുറിച്ചത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് അതിന്റെ ജനപ്രിയ 125 സിസി കമ്മ്യൂട്ടറായ സൂപ്പര്‍ സ്‌പ്ലെന്‍ഡറിന്റെ പുതിയ വേരിയന്റ് പുറത്തിറക്കി. പുതിയ 2022 ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്‍ 77,430 രൂപ എക്‌സ്‌ഷോറൂം പ്രാരംഭ വിലയില്‍ അവതരിപ്പിച്ചു. ഇതിന് ചില പുതിയ ഫീച്ചറുകള്‍ ലഭിക്കുന്നു കൂടാതെ 60-68 സാുഹ എന്ന സെഗ്മെന്റില്‍ മികച്ച മൈലേജ് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു.
ബോള്‍ഷെവിക്കുകളായിരുന്ന പെത്രുഷേവ്‌സ്‌ക്കയയുടെ കുടുംബാംഗങ്ങളെ ജനങ്ങളുടെ ശത്രുക്കളായി മുദ്രകുത്തി 1930 കളുടെ അവസാനം വെടിവെച്ചു കൊല്ലുകയും ലൂദ്മിള ഉള്‍പ്പെടെ ബാക്കിയായവരെ നാടുകടത്തുകയും ചെയ്തതോടെ സമൂഹത്തില്‍ അവര്‍ക്ക് അനുഭവിക്കേണ്ടി വന്ന ഒറ്റപ്പെടലും നിന്ദയും സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറത്തായിരുന്നു. മെട്രോപ്പോള്‍ എന്ന ഹോട്ടലില്‍ സുഖസമൃദ്ധിയില്‍ കഴിഞ്ഞിരുന്നവര്‍ പിന്നീട് ഒന്നില്‍ കൂടുതല്‍ കുടുംബങ്ങള്‍ ഒരുമിച്ച് താമസിച്ചിരുന്ന കമ്മ്യൂണല്‍ ഫ്‌ളാറ്റിലേക്ക് മാറേണ്ടി വന്ന എഴുത്തുകാരിയുടെ ജീവിതകഥ. ‘ഒരു പെണ്‍കുട്ടി മെട്രോപ്പോള്‍ ഹോട്ടലില്‍ നിന്നും’. പരിഭാഷ – സി.എസ് സുരേഷ്. ഗ്രീന്‍ ബുക്സ്. വില 161 രൂപ.
കോവിഡ് രോഗലക്ഷണങ്ങള്‍ ട്രാക്ക് ചെയ്യാന്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ട ആപ്പാണ് സോയ് കോവിഡ് സ്റ്റഡി ആപ്പ്. ലണ്ടനിലെ കിങ്സ് കോളജും ടെക് കമ്പനി സോയിയും ചേര്‍ന്ന് 2020 മാര്‍ച്ചില്‍ പുറത്തിറക്കിയ ആപ്പ് വിവിധ തരംഗങ്ങളിലെ കോവിഡ് ലക്ഷണങ്ങള്‍ കൃത്യമായി വേര്‍തിരിച്ചറിയാന്‍ സഹായകമായിരുന്നു. ഉപയോക്താക്കള്‍ ഈ ആപ്പില്‍ രേഖപ്പെടുത്തുന്ന രോഗലക്ഷണങ്ങളുടെ ഡേറ്റ പിന്നീട് ആരോഗ്യ വിദഗ്ധര്‍ അവലോകനം ചെയ്യുന്നതായിരുന്നു പതിവ്. ഒമിക്രോണിന്റെ ഉപവകഭേദങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി കോവിഡ് കേസുകളുടെ എണ്ണം ഉയര്‍ത്തുമ്പോള്‍ കോവിഡിനെ തിരിച്ചറിയാന്‍ സഹായിക്കുന്ന രണ്ട് വ്യക്തമായ ലക്ഷണങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സോയ് കോവിഡ് സ്റ്റഡി ആപ്പ് സഹസ്ഥാപകനും കിങ്സ് കോളജ് പ്രഫസറുമായ ടിം സ്പെക്ടര്‍. രാവിലെ എഴുന്നേറ്റ് വരുമ്പോള്‍ നല്ല ഉറക്കത്തിന് ശേഷവും ക്ഷീണം അനുഭവപ്പെടുകയും തൊണ്ടയ്ക്ക് വേദന തോന്നുകയും ചെയ്താല്‍ അത് കോവിഡ് മൂലമാകാനുള്ള സാധ്യത അധികമാണെന്ന് ടിം പറയുന്നു. ജലദോഷ പനി വരുന്നവരേക്കാള്‍ കൂടുതല്‍ കോവിഡ് രോഗികളിലാണ് ഇന്ന് തൊണ്ട വേദന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും ടിം ചൂണ്ടിക്കാട്ടി. സാധാരണ ജലദോഷത്തിന്റെ ഇരട്ടിയോളം കേസുകളാണ് കോവിഡുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യുന്നതും ഈ അനുപാതം ഇത്രയും ഉയരത്തില്‍ മുന്‍പ് വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ ഒമിക്രോണ്‍ തരംഗങ്ങളില്‍ വീണ്ടും കോവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ വന്‍വര്‍ധന ഉണ്ടായിട്ടുണ്ടെന്നും നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു.
അഡ്വര്‍ട്ടൈസിങ് പഠനം ആഗ്രഹിക്കുന്നവര്‍ക്കായി മികച്ച അവസരവുമായി പെപ്പര്‍ ക്രീയേറ്റീവ് അവാര്‍ഡ്‌സ് ട്രസ്റ്റ്. ഇതിന്റെ ഭാഗമായി അഡ്വര്‍ട്ടൈസിങ് പഠന രംഗത്തെ രാജ്യത്തെ പ്രമുഖ സ്ഥാപനമായ മയാമി ആഡ് സ്‌കൂള്‍ ഓഫ് ഐഡിയാസുമായി ധാരണാപത്രം ഒപ്പുവെച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിയായി കേന്ദ്രങ്ങള്‍ ഉള്ള സ്‌കൂളിന്റെ 17-മത് കേന്ദ്രമാണ് ബെംഗലൂരിലേത്. ബെംഗലൂരുവില്‍ നടന്ന ചടങ്ങില്‍ പെപ്പര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വേണുഗോപാലും മയാമി ആഡ് സ്‌കൂള്‍ ഓഫ് ഐഡിയാസ് ചെയര്‍മാനും ഫേമസ് ഇന്നൊവേഷന്‍സ് സ്ഥാപകനുമായ രാജ് കാംബ്ലെയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. പരസ്യരംഗത്തെ സര്‍ഗ്ഗാത്മകതയും, നൂതന സാങ്കേതിക വിദ്യകളും പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കുന്നതിനാണ് മയാമി ആഡ് സ്‌കൂള്‍ ഫോര്‍ ഐഡിയാസ് നടത്തുന്ന ഈ പ്രൊഫഷണല്‍ കോഴ്‌സുകളിലൂടെ ലക്ഷ്യമിടുന്നത്.
ശുഭരാത്രി
കവിത കണ്ണന്‍
്അവന്റെ ക്ലാസ്സില്‍ അവനൊഴികെ എല്ലാവര്‍ക്കും സൈക്കിള്‍ ഉണ്ടായിരുന്നു. ഒരുദിവസം ക്ലാസ്സില്‍ ടീച്ചര്‍ എല്ലാവരോടും അവരവരുടെ ജീവിതാഭിലാഷം എഴുതാന്‍ പറഞ്ഞു. മിക്കവരും തങ്ങള്‍ക്ക് ഭാവിയില്‍ ലഭിക്കുന്ന ജോലിയെ കുറിച്ച് എഴുതിയപ്പോള്‍ അവന്‍ മാത്രം ഇങ്ങനെ എഴുതി: എനിക്കൊരു സൈക്കിള്‍ വാങ്ങണം. അവന്റെ ആഗ്രഹം കണ്ട് ടീച്ചര്‍ക്ക് സങ്കടം തോന്നി. ടീച്ചര്‍ ഇക്കാര്യം അവന്റെ അച്ഛനോട് പറഞ്ഞു. മകന്‍ വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ ചോദിച്ചു: നിനക്ക് സൈക്കിള്‍ വാങ്ങണമെങ്കില്‍ എന്നോട് പറഞ്ഞാല്‍ പോരായിരുന്നോ? അപ്പോള്‍ അവന്‍ പറഞ്ഞു: എനിക്ക് സൈക്കിള്‍ വാങ്ങാനുള്ള പണമൊന്നും അച്ഛന്റെ ജോലിയില്‍ നിന്നും കിട്ടുന്നില്ല എന്ന് എനിക്കറിയാം. അച്ഛനെ ബുദ്ധിമുട്ടിക്കാതെ വലുതാകുമ്പോള്‍ ഞാന്‍ തന്നെ ഒരു സൈക്കിള്‍ വാങ്ങിച്ചുകൊള്ളാം… പക്വതയുണ്ടാകുന്നതിന് പ്രായമാകേണ്ട ആവശ്യമില്ല. പരിസരമറിഞ്ഞ് പ്രതികരിക്കുമ്പോഴാണ് പക്വതയുണ്ടാകുന്നത്. പ്രായമാകുന്ന എല്ലാവരും വളരുന്നില്ല. വളരണമെങ്കില്‍ തന്റേതായ തീരുമാനങ്ങളും സ്വയം തുടങ്ങിയ നടപടിക്രമങ്ങളും വേണം. പൂര്‍ണ്ണവളര്‍ച്ചയെത്തുന്നത് ഒരു ശാരീരിക പ്രക്രിയ മാത്രമല്ല, മാനസിക, ബൗദ്ധിക പ്രക്രിയ കൂടിയാണ്. വളരുന്നുണ്ടോ എന്ന് സ്വയം തിരിച്ചറിയാന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചാല്‍ മതി. അപരന്റെ പരിമിതികളെ ബഹുമാനിക്കാറുണ്ടോ, ആഗ്രഹങ്ങള്‍ക്കനുസരിച്ച് പരിശ്രമങ്ങളെ ബലപ്പെടുത്താറുണ്ടോ, ചുറ്റുപാടുകളേയും സഹജീവികളേയും ബഹുമാനിക്കാറുണ്ടോ.. തണലാകുന്നവര്‍ കൊള്ളുന്ന വെയിലിന്റെ കാഠിന്യം നിഴലില്‍ നില്‍ക്കുന്നവര്‍ അറിയാന്‍ ശ്രമിക്കുക തന്നെ വേണം. ആ തിരിച്ചറിവാണ് പക്വതയുടെ തെളിമ – ശുഭദിനം.