നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ ഒന്നിനും സെപ്തംബര്‍ 16 നും ഇടയില്‍ രാജ്യത്തെ അറ്റ പ്രത്യക്ഷ നികുതി സമാഹരണം 8.65 ലക്ഷം കോടി രൂപയായി. വാര്‍ഷികാടിസ്ഥാനത്തില്‍ 23.5 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്. സര്‍ക്കാരിന്റെ ഈ നികുതി പിരിവില്‍ 4.47 ലക്ഷം കോടി രൂപയുടെ വ്യക്തിഗത ആദായനികുതിയും 4.16 ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് നികുതിയും ഉള്‍പ്പെടുന്നതായി ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം 1.22 ലക്ഷം കോടി രൂപയുടെ നികുതി റീഫണ്ടുകള്‍ സര്‍ക്കാര്‍ ഇഷ്യൂ ചെയ്തിട്ടുണ്ട്. റീഫണ്ടുകള്‍ ക്രമീകരിക്കുന്നതിന് മുമ്പ് ശേഖരിച്ച മൊത്ത നികുതി 9.87 ലക്ഷം കോടി രൂപയായിരുന്നു, ഇതില്‍ 18.3 ശതമാനം വര്‍ദ്ധനവുണ്ടായി. കോര്‍പ്പറേറ്റ് നികുതി, എക്‌സൈസ് തീരുവ പിരിവ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനത്തിലധികം വര്‍ധനവുണ്ടായി. ഏപ്രില്‍-ജൂലായ് കാലയളവില്‍, മൊത്ത നികുതി വരുമാനം 8.94 ലക്ഷം കോടി രൂപയായിരുന്നു, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2.8 ശതമാനം കൂടുതലാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ സമാഹരിച്ച 30.54 ലക്ഷം കോടി രൂപയില്‍ നിന്ന് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 33.61 ലക്ഷം കോടി എന്ന ലക്ഷ്യം കൈവരിക്കുന്നതിന്, ആഗസ്റ്റ്-മാര്‍ച്ച് കാലയളവില്‍ മൊത്തം നികുതി പിരിവ് 12.9 ശതമാനം ഉയരേണ്ടതുണ്ട്. ഒരു വ്യക്തിയോ സ്ഥാപനമോ നേരിട്ട് വാര്‍ഷികാടിസ്ഥാനത്തില്‍ സര്‍ക്കാരിലേക്ക് അടയ്ക്കുന്ന നികുതിയാണ് പ്രത്യക്ഷ നികുതി.