2022ല്‍ താഴേക്കുപോയ പ്രാരംഭ ഓഹരിവില്പന വിപണി പുതുവര്‍ഷത്തില്‍ കരുത്തോടെ തിരിച്ചുവരവിനൊരുങ്ങുന്നു. ഐ.പി.ഒയ്ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യയുടെ അനുമതി ലഭിച്ച 59 കമ്പനികള്‍ തുടര്‍നടപടികള്‍ക്കായി കാത്തിരിക്കുകയാണ്. ഇവ സംയുക്തമായി 88,640 കോടി രൂപ സമാഹരിക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ മറ്റ് 30 കമ്പനികള്‍ സെബിയുടെ അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ട്. ഇവ സംയുക്തമായി 51,215 കോടി സമാഹരിച്ചേക്കും. അനുമതി ലഭിക്കാനുള്ളവയില്‍ എട്ട് കമ്പനികള്‍ പുത്തന്‍ ടെക്നോളജി സ്ഥാപനങ്ങളാണ്. ഇവയുടെ ഐ.പി.യിലൂടെ പ്രതീക്ഷിക്കുന്നത് 29,000 കോടി രൂപയുടെ സമാഹരണം. സെബിയില്‍ നിന്നുള്ള നിലവിലെ കണക്കുപ്രകാരം 2023ല്‍ ഐ.പി.ഒ നടത്താന്‍ ഒരുങ്ങുന്നത് 89 കമ്പനികളാണെന്ന് പ്രൈം ഡേറ്റാബേസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവ സംയുക്തമായി സമാഹരിക്കുക 1.39 ലക്ഷം കോടി രൂപയും. ഇത് റെക്കോഡായിരിക്കും. 2021ല്‍ 65 കമ്പനികള്‍ ചേര്‍ന്ന് സമാഹരിച്ച 1.31 ലക്ഷം കോടി രൂപയാണ് നിലവിലെ റെക്കോഡ്. 2022ലെ മൊത്തം ഐ.പി.ഒത്തുകയായ 59,412 കോടി രൂപയില്‍ 20,557 കോടി രൂപയും സമാഹരിച്ചത് ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ എന്ന പെരുമയോടെ എല്‍.ഐ.സിയാണ്.