നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസുകള്‍ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി നല്കി. കേരളത്തില്‍ ഭരണത്തിലുള്ളവര്‍ പ്രതികളായ കേസ് അട്ടിമറിക്കാന്‍ സാധ്യത ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ബംഗളൂരുവിലേക്കു മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വപ്ന സുരേഷ് കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കേ കേസ് ഗൗരവമായി കൈകാര്യം ചെയ്യാനാണ് നീക്കം. കേരളത്തില്‍ കേന്ദ്ര ഏജന്‍സികളുടെ നീക്കം തടയാന്‍ നിയോഗിച്ച ജൂഡീഷ്യല്‍ അന്വേഷണ കമ്മീഷന്റെ കാലാവധി നീട്ടിയിരിക്കേയാണ് കേസ് ബംഗളൂരുവിലേക്കു മാറ്റുന്നത്.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ് സിക്കു വിട്ട തീരുമാനം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷനു മുഖ്യമന്ത്രി നിയമസഭയില്‍ നല്കിയ മറുപടിയിലാണ് ഈ വിവരം വെളിപെടുത്തിയത്. പി.എസ്.സി വഴി നിയമനം നടത്താന്‍ തുടര്‍ നടപടി എടുത്തിട്ടില്ല. യോഗ്യരായവരെ നിയമിക്കും. നിയമ ഭേദഗതി കൊണ്ട് വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ലീഗിനെ തള്ളിയും മുസ്ലിം സംഘടനകളെ പിന്തുണച്ചുമാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.
ശ്രീലങ്കയുടെ പ്രസിഡന്റായി റനില്‍ വിക്രമസിംഗെയെ തെരഞ്ഞെടുത്തു. ഗോതബായ രാജപക്സെ നാടുവിട്ടു പ്രസിഡന്റ് പദവി രാജിവച്ചതിനെത്തുടര്‍ന്നാണ് വിക്രമസിംഗെയെ പ്രസിഡന്റായി നിയമിച്ചത്. വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ത്രികോണ മല്‍സരത്തില്‍ 134 വോട്ടു നേടിയാണ് വിക്രമസിംഗെ തെരഞ്ഞെടുക്കപ്പെട്ടത്.
കെ റെയില്‍ പദ്ധതി സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തിന്റെ ഡിപിആറില്‍ വിശദാംശങ്ങളില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. കെ റെയിലിനോട് ആവശ്യപ്പെട്ട വിവരങ്ങള്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് ശബരിനാഥിനെ അറസ്റ്റ് ചെയ്തതിനെതിരേ നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാന്‍ പ്രതിപക്ഷത്തിന് അവസരം നിഷേധിച്ചു. സബ് മിഷനായി പ്രശ്നം, നോട്ടീസ് നല്കിയ ഷാഫി പറമ്പിലിന് അവതരിപ്പിക്കാം എന്നായിരുന്നു ചെയര്‍ പറഞ്ഞത്. നിയമ മന്ത്രി പി രാജീവ് ക്രമപ്രശ്നം ഉന്നയിച്ചതോടെയാണ് ചെയര്‍ അനുമതി നിഷേധിച്ചത്. വാക്കുതര്‍ക്കത്തിനു ശേഷം പ്രതിപക്ഷം സഭവിട്ടു.
മുഖ്യമന്ത്രിക്കെതിരെ ശബരീനാഥ് വധശ്രമ ഗൂഡാലോചന നടത്തിയെന്ന കേസില്‍ തെളിവില്ലെന്നു കോടതി. ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് ഈ നിരീക്ഷണം. മൂന്നു പ്രതികളുടെ ഫോണ്‍ പൊലീസ് മുമ്പ് കസ്റ്റഡിയിലെടുത്തതാണ്. ചാറ്റില്‍ മുഖ്യമന്ത്രിയെ വധിക്കുന്നതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്ല. പ്രതിഷേധിക്കാമെന്നാണ് ചാറ്റിലുള്ളത്. ഗൂഡാലോചന തെളിയിക്കുന്ന ഒന്നും പൊലിസ് ഹാജരാക്കിയിട്ടില്ലെന്നും കോടതി വിലയിരുത്തി.
കെകെ രമയ്ക്കെതിരായ സിപിഎം നേതാവ് എംഎം മണിയുടെ പരാമര്‍ശങ്ങളെ തള്ളി നിയമസഭാ സ്പീക്കര്‍. മണിയുടെ പരാമര്‍ശം അനുചിതവും അസ്വീകാര്യവുമെന്നും സ്പീക്കര്‍ എം.ബി. രാജേഷ് നിയമസഭയില്‍ പറഞ്ഞു. സ്പീക്കറുടെ റൂളിംഗിനു പിറകേ, എംഎം മണി പ്രസ്താവന പിന്‍വലിച്ചു. കമ്യൂണിസ്റ്റുകാരനായ താന്‍ അങ്ങനെ പറയരുതായിരുന്നു, ഈ പരാമര്‍ശം പിന്‍വലിക്കുകയാണെന്നും മണി പറഞ്ഞു.
വാഹനനികുതി അടക്കാത്തതില്‍ കോഴിക്കോട്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ്സ് കസ്റ്റഡിയിലെടുത്ത മോട്ടോര്‍വാഹനവകുപ്പ് പരിശോധന വ്യാപകമാക്കുന്നു. നികുതി ഒടുക്കാതെ ഇന്‍ഡിഗോയുടെ എത്ര വാഹനങ്ങള്‍ ഓടുന്നുണ്ടെന്ന് പരിശോധിക്കും. വിമാനത്താവളത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് റജിസ്ട്രേഷന് വേണ്ട. എന്നാല്‍ പുറത്തേക്ക് ഓടിക്കാന്‍ നികുതി അടയ്ക്കണം. ഇത്തരം വാഹനങ്ങളെക്കുറിച്ചാണ് അന്വേഷിക്കുന്നത്.
തിരുവനന്തപുരം കോര്‍പറേഷനില്‍ വീണ്ടും ക്രമക്കേട്. പിന്നാക്ക വിഭാഗത്തിലെ സ്ത്രീകള്‍ക്കായുള്ള ജനകീയാസൂത്രണ പദ്ധതി സ്കീമുകളിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ്. വ്യാജ കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാണ് പട്ടിക വര്‍ഗവിഭാഗങ്ങള്‍ക്കായുള്ള ഫണ്ട് തട്ടിയെടുത്തത്. തദ്ദേശ സ്ഥാപനങ്ങളിലെ പട്ടിക വര്ഗവിഭാഗങ്ങളില്പെട്ട സ്ത്രീകള്‍ക്ക് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ തുടങ്ങാന്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വ്യവസായ വകുപ്പ് നല്കുന്ന പണമാണ് തട്ടിയെടുത്തത്.
കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ബി എംഎസ് പ്രവര്‍ത്തകര്‍ പട്ടിണിമാര്‍ച്ച് നടത്തി. കെഎസ്ടിഇ സംഘിന്റെ നേതൃത്വത്തിലുള്ള മാര്‍ച്ചില്‍ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കുന്ന റൂള്‍ കര്‍വിന്റെ അളവ് സംബന്ധിച്ച് അവ്യക്തത തുടരുന്നു. മുല്ലപ്പെരിയാര്‍ ഉപസമിതി യോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തത തേടിയെങ്കിലും തമിഴ്നാട് പ്രതിനിധികള്‍ കൃത്യമായ മറുപടി നല്‍കിയില്ല. റൂള്‍ കര്‍വ് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് മേല്‍നോട്ട സമിതിയാണെന്നാണ് തമിഴ്നാടിന്റെ നിലപാട്. നീരൊഴുക്ക് കുറഞ്ഞതോടെ അണക്കെട്ടിലെ ജലനിരപ്പു കുറഞ്ഞ് 135.75 അടിയായി.
നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ഇന്നലെ വൈകീട്ടാണ് സുനിയെ എത്തിച്ചത്. കേസില്‍ ജാമ്യ ഹര്‍ജി സുപ്രീം കോടതിയും തള്ളിയതിനു ശേഷമാണ് സുനിയുടെ മാനസികാരോഗ്യസ്ഥിതി മോശമായതെന്നാണ് വിവരം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരേ പരാതി. ചാറ്റ് ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ ഷാഫി അച്ചടക്ക നടപടിയെടുക്കാതിരുന്നതിനാലാണ് ശബരീനാഥിന്റെ ചാറ്റ് ചോര്‍ന്നതെന്നാണ് നേതാക്കളുടെ ആരോപണം. യൂത്ത് കോണ്‍ഗ്രസിന്റെ 12 സംസ്ഥാന നേതാക്കള്‍ ദേശീയ പ്രസിഡന്റിന് പരാതി അയച്ചു. നാലു വൈസ് പ്രസിഡന്റ്മാരും നാലു ജനറല്‍ സെക്രട്ടറിമാരും നാലു സെക്രട്ടറിമാരും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.
ആള്‍ക്കൂട്ട ആക്രമണത്തില്‍ അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസില്‍ പതിനാലാമത്തെ സാക്ഷിയും കൂറുമാറി. ആനന്ദനാണ് കോടതിയില്‍ മൊഴി മാറ്റിയത്. കേസില്‍ കൂറുമാറുന്ന നാലാമത്തെ സാക്ഷിയാണ് ആനന്ദന്.
മുഖ്യമന്ത്രി പിണറായി വിജയനു നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി. വിളപ്പില്‍ശാലയില്‍ കരിങ്കൊടി കാണിച്ച സജിന്‍ , റിജു എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ കുഴി അടക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് മരിച്ച സനു സി ജെയിംസിന്റെ കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം വാടാനപ്പള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
കൊല്ലത്ത് നീറ്റ് പരീക്ഷക്ക് വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച സംഭവത്തില്‍ അറസ്റ്റിലായ അഞ്ചു പ്രതികള്‍ക്കും കോടതി ജാമ്യം നിഷേധിച്ചു. അറസ്റ്റിലായവരുടെ ബന്ധുക്കള്‍ ചടയമംഗലം പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധ കുത്തിയിരിപ്പു നടത്തി. വസ്ത്രം അഴിപ്പിച്ചു പരിശോധിക്കണമെന്നു കര്‍ശന നിര്‍ദേശം നല്കിയ മേലുദ്യോഗസ്ഥരെ അറസ്റ്റു ചെയ്യാതെ അവരുടെ നിര്‍ദേശം അനുസരിച്ചവരെ പ്രതിയാക്കിയെന്നാണ് ആരോപണം.
വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് ഗത്യന്തരമില്ലാതെയാണെന്ന് മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ്. മുസ്ലിം ലീഗ്, കോണ്‍ഗ്രസ് അംഗങ്ങള്‍ പലവട്ടം സഭയില്‍ എതിര്‍ത്തിരുന്നതാണ്. മുസ്ലീം സംഘടനകളെ ഭിന്നിപ്പിക്കാന്‍ സര്‍ക്കാര്‍ നോക്കിയെന്നും മജീദ് കുറ്റപ്പെടുത്തി.
ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ രണ്ടു മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്തതു ഭര്‍ത്താവും പൊലീസുകാരനുമായ റെനീസ്, സിസിടിവി ക്യാമറയിലൂടെ തല്‍സമയം കണ്ടെന്ന് നിഗമനം. ഭാര്യ അറിയാതെ ക്വാര്‍ട്ടേഴ്സില്‍ സ്ഥാപിച്ചിരുന്ന ക്യാമറ റെനീസിന്റെ മൊബൈല്‍ ഫോണിലാണ് ബന്ധിപ്പിച്ചിരുന്നത്. ക്യാമറയിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസ് ഫോറന്‍സിക് ലാബിന്റെ സഹായം തേടി.
പാലക്കാട് വീണ്ടും പാട്ട് കട്ടുചെയ്യിച്ച് ജില്ലാ ജഡ്ജി. കളക്ടറേറ്റില്‍ നടന്ന ഫ്ളാഷ് മോബിന്റെ ശബ്ദം ജഡ്ജി ഇടപെട്ട് കുറപ്പിച്ചു. ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാളിനെ ആദരിച്ച് നടത്തിയ ഫ്ളാഷ് മോബിന്റെ ശബ്ദമാണ് ജില്ലാ ജഡ്ജി കലാം പാഷ ഇടപെട്ട് കുറപ്പിച്ചത്. കഴിഞ്ഞ വര്‍ഷം പ്രശസ്ത നര്‍ത്തകി നീനാ പ്രസാദിന്റെ നൃത്തത്തിന്റെ പാട്ടിന്റെ ശബ്ദം കുറപ്പിച്ചത് വിവാദമായിരുന്നു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തൃശൂരിലെ ബിജെപി നേതാവ് ഉല്ലാസ് ബാബുവിന്റെ ശബ്ദസാമ്പിള്‍ അന്വേഷണസംഘം ശേഖരിച്ചു. കൊച്ചി ചിത്രാജ്ഞലി സ്റ്റുഡിയോയിലാണ് ശബ്ദസാമ്പിളെടുത്തത്. ഫോറന്‍സിക് പരിശോധനയില്‍ ദിലീപിന്റെ ഫോണില്‍നിന്ന് ഉല്ലാസ് ബാബുവിന്റെ ഓഡിയോ സന്ദേശം കിട്ടിയിരുന്നു.
കോഴിക്കോട് ആവിക്കല്‍ സമരത്തിനു പിന്നില്‍ തീവ്രവാദ സംഘടനകളെന്ന് സിപിഎം. ഇന്നലെ പിടിയിലായ മൂന്നുപേര്‍ക്ക് മാവോയിസ്റ്റ് ബന്ധമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് പറഞ്ഞു. രാജ്യദ്രോഹ കുറ്റം ചെയ്യുന്ന സംഘടനകള്‍ ഉള്‍പ്പടെ പിന്നിലുണ്ട്. പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരുമായി ഇനി ചര്‍ച്ചയില്ല. മോഹനന് പറഞ്ഞു.
വാഹന നികുതി അടക്കാത്തതിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഒരു ബസ്സിനുകൂടി മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ബസ്സിനാണ് 37,000 രൂപ പിഴ ചുമത്തിയത്.
കോട്ടയത്ത് സബ് രജിസ്ട്രാര്‍ ഓഫീസിനു സമീപത്തെ ഓടയില്‍നിന്ന് മൃതദേഹം കണ്ടെത്തി. ഗണേഷ് എന്നയാളുടെ മൃതദേഹമാണ് ഓടയില്‍ കണ്ടെത്തിയത്. കലുങ്കില്‍ ഇരിക്കുന്നതിനിടെ ഗണേഷ് പിന്നിലേയ്ക്കു മറിഞ്ഞു വീണ് മരണം സംഭവിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
തിരുവനന്തപുരം കാട്ടാക്കടയില്‍ ആസിഡ് ആക്രമണം. അമ്മയ്ക്കും മകള്‍ക്കും പൊള്ളലേറ്റു. കാട്ടാക്കട പന്നിയോട് സ്വദേശികളായ ബിന്ദു, മകള്‍ അജിഷ്ന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിര്‍ത്തി തര്‍ക്കമാണ് കാരണമെന്ന് പോലീസ്.
2020 ല്‍ കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് അടുത്തിടെ പുറത്തിറക്കിയ വാര്‍ഷിക വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സ് 2020 പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
രണ്ടായിരാമാണ്ടില്‍ കേരളത്തില്‍ സ്ത്രീകളുടെ ജനനനിരക്കില്‍ വര്‍ധന. 1000 പുരുഷന്മാര്ക്ക് 968 സ്ത്രീകള്‍ എന്ന നിരക്കിലാണ് കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം. ഒരു പതിറ്റാണ്ടിലെ ഏറ്റവും വലിയ നിരക്കാണിത്. 2019 ല്‍ 1000 പുരുഷന്മാര്ക്ക് 960 സ്ത്രീകള്‍ എന്നായിരുന്നു അനുപാതം. 4,46,891 കുട്ടികളാണ് 2020ല്‍ ആകെ ജനിച്ചത്.
തോട്ടം തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഇടുക്കി ജില്ലാ വികസന കമ്മീഷണര്‍ അര്ജ്ജുന് പാണ്ഡ്യന്. ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ തോട്ടം ഉടമകളുടെയും യൂണിയന് നേതാക്കളുടെയും വിളിച്ച യോഗത്തിലാണ് വികസന കമ്മീഷണറുടെ പരാമര്‍ശം.
ഒളിമ്പ്യന്‍ പി.ടി. ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചൊല്ലിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉഷയെ അഭിനന്ദിച്ചു. ഭര്‍ത്താവ് ശ്രീനിവാസുമൊത്താണ് ഉഷ രാജ്യസഭയില്‍ എത്തിയത്.
നാഗാലാന്‍ഡിലെ വിവാദമായ മോണ്‍ വെടിവയ്പു കേസില്‍, സംസ്ഥാന പൊലീസ് കുറ്റക്കാരെന്ന് കണ്ടെത്തിയ മുപ്പത് സൈനികര്‍ക്കെതിരായ നടപടി നിര്‍ത്തിവക്കാന്‍ സുപ്രീം കോടതി ഉത്തരവ്. സൈനികരുടെ ബന്ധുക്കള്‍ കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് നടപടി. സംഭവത്തിനിടെ കൊല്ലപ്പെട്ട ജവാന്റെ മരണത്തെ കുറിച്ച് പ്രത്യേക സംഘം അന്വേഷിച്ചില്ലെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിലാണ് വിഘടനവാദികളാണെന്നു തെറ്റിദ്ധരിച്ച് സൈന്യം നടത്തിയ വെടിവെപ്പില്‍ 14 പേര് കൊല്ലപ്പെട്ടത്.
ലോക്സഭയിലും ഉദ്ധവ് താക്കറെയെ വെട്ടിനിരത്തി ഏക്നാഥ് ഷിന്‍ഡെ പക്ഷം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സേനാ വിഭാഗത്തിലെ രാഹുല്‍ ഷെവാലെയെ ലോക്സഭയിലെ ശിവസേന പാര്‍ട്ടി നേതാവായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള അംഗീകരിച്ചു. ലോക്സഭാ കക്ഷിയിലെ 19 സേനാംഗങ്ങളില്‍ 12 പേരും ഒപ്പിട്ട പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഭാവന ഗാവ്ലിയെ പാര്‍ട്ടിയുടെ ചീഫ് വിപ്പായും ബിര്‍ള അംഗീകരിച്ചു.
ലുലുമാളില്‍ ജോലി ചെയ്യുന്നവരില്‍ 80 ശതമാനം പേരും ഹിന്ദുക്കളാണെന്ന് ലുലു മാനേജുമെന്റ്. 80 ശതമാനം പേരും ന്യൂനപക്ഷ വിഭാഗത്തിലുള്ളവരാണെന്ന സാമൂഹ്യ മാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം തെറ്റാണ്. ജാതിയും മതവും അടിസ്ഥാനമാക്കിയല്ല, കഴിവിന്റെ മാനദണ്ഡത്തിലാണ് ജീവനക്കാരെ നിയമിച്ചതെന്നും മാനേജ്മെന്റ് അറിയിച്ചു.
കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷത്തിനിടെ താജ്മഹല്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിച്ചത് 132 കോടി രൂപ. കൊവിഡ് മഹാമാരിയുടെ കാലത്ത് എല്ലാ പൈതൃക സ്ഥലങ്ങളും അടച്ചിട്ടിരിക്കുകയായിരുന്നു.
നീറ്റ് പരീക്ഷാ തട്ടിപ്പിന്റെ അന്വേഷണം മഹാരാഷ്ട്ര, ബിഹാര്‍, യു പി സംസ്ഥാനങ്ങളിലേക്കും. തട്ടിപ്പു സംഘത്തില്‍ ഡോക്ടര്‍മാരും ഉണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം അറസ്റ്റിലായ എട്ടു പ്രതികളില്‍ നാലു പേരെ പിടികൂടിയത് പരീക്ഷ ഹാളില്‍ നിന്നാണ്. ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതുന്നതിന് സംഘം വാങ്ങിയിരുന്നത് ഇരുപത് ലക്ഷം രൂപയാണ്. പണം നല്കിയ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കും.
യൂറോപ്പില്‍ കൊടുംചൂടില്‍ നട്ടംതിരിഞ്ഞ് ജനം. കാട്ടുതീ പടര്‍ന്ന് വീടുകള്‍ കത്തിനശിക്കുകയും ഉഷ്ണതരംഗത്തില്‍ നൂറുക്കണക്കിന് ആളുകള്‍ മരിക്കുകയും ചെയ്തു. ബ്രിട്ടനില്‍ ചരിത്രത്തില്‍ ആദ്യമായി താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ജര്‍മനിയില്‍ ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിനമായിരുന്നു ഇന്നലെ. പോര്‍ച്ചുഗലിലും സ്പെയിനിലുമായി ഉഷ്ണതരംഗത്തില്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
ഗൂഗിളിന് പിഴ ചുമത്തി റഷ്യ. യുക്രൈനിലെ യുദ്ധത്തെയും മറ്റും കുറിച്ചുള്ള വ്യാജ റിപ്പോര്‍ട്ടുകള്‍ നിയന്ത്രിച്ചില്ലെന്ന് ആരോപിച്ച് 2110 കോടി റൂബിളാണ് പിഴയായി ചുമത്തിയത്.
കോമണ്‍വെല്‍ത്ത് ഗെയിംസിനൊരുങ്ങുന്ന ഇന്ത്യക്ക് നാണക്കേടായി ഉത്തേജകമരുന്ന് വിവാദം. രണ്ട് പ്രധാന താരങ്ങള്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. സ്പ്രിന്റര്‍ ധനലക്ഷ്മി, ട്രിപ്പിള്‍ജംപ് താരം ഐശ്വര്യ ബാബു എന്നിവരാണ് ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടത്. ഇതോടെ ഇരുവരെയും കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കി.
ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസിനൊരുങ്ങുന്ന ഇന്ത്യന്‍ സംഘത്തോട് ഓണ്‍ലൈന്‍ വഴി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ കരുത്തും ഉപയോഗിച്ച് മത്സരിക്കാന്‍ മോദി താരങ്ങളോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37,120 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4,640 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 10 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3,835 രൂപയാണ്.
ഒരു വര്‍ഷമോ രണ്ടുവര്‍ഷത്തില്‍ താഴെയോ കാലാവധിയുള്ള സ്ഥിരനിക്ഷേപ പദ്ധതിയുടെ പലിശ നിരക്ക് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വര്‍ധിപ്പിച്ചു. രണ്ടു കോടിയോ അതില്‍ കൂടുതലോ നിക്ഷേപം നടത്തുന്ന ടേം ഡെപ്പോസിറ്റുകള്‍ക്ക് മാത്രമാണ് ഇത് ബാധകം. അര ശതമാനത്തിന്റെ വര്‍ധന ഈ മാസം 15 മുതല്‍ പ്രാബല്യത്തില്‍ വന്നതായി എസ്ബിഐ അറിയിച്ചു. ഒരു വര്‍ഷമോ രണ്ടുവര്‍ഷത്തില്‍ താഴെയോ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 4.75 ശതമാനത്തില്‍ നിന്ന് 5.25 ശതമാനമായി ഉയര്‍ത്തി. മുതിര്‍ന്ന പൗരന്മാര്ക്കും ആനുപാതികമായ വര്‍ധന ലഭിക്കും. അവര്‍ക്ക് ഈ നിക്ഷേപ പദ്ധതിക്ക് 5.75 ശതമാനം പലിശയാണ് ലഭിക്കുക.
തമന്ന ഭാട്യ നായികയാകുന്ന സിനിമയാണ് ‘ബബ്ലി ബൗണ്‍സര്‍’. മധുര് ഭണ്ടാര്‍കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ബബ്ലി ബൗണ്‍സര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. റിലീസ് തിയ്യതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. സെപ്റ്റംബര്‍ 23ന് ആണ് ചിത്രം റിലീസ് ചെയ്യുക. ‘ബബ്ലി’ എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ തമന്നയെത്തുന്നത്.
ചിമ്പുവിന് വന്‍ തിരിച്ചുവരവ് നല്കിയ ചിത്രമായിരുന്നു ‘മാനാട്’. വെങ്കട് പ്രഭു ആണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ ‘മാനാ’ടിന്റെ റീമേക്ക് സംബന്ധിച്ചാണ് പുതിയ വാര്‍ത്ത. ‘മാനാട്’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നാഗ ചൈതന്യയാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. താന്‍ ആയിരിക്കില്ല ചിത്രത്തില്‍ നായകനാകുക എന്നും നാഗ ചൈതന്യ വ്യക്തമാക്കി. റാണ ദഗുബാട്ടി ആണ് ചിത്രത്തില്‍ നായകനാകുക. സുരേഷ് പ്രൊഡക്ഷന്‍സ് ആണ് ‘മാനാടി’ന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 12 കോടി രൂപയ്ക്കാണ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ഇ-മൊബിലിറ്റി ബ്രാന്‍ഡായ ഇവിയെം ഇന്ത്യയില്‍ 1.44 ലക്ഷം മുതല്‍ 2.16 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള മൂന്ന് ഇലക്ട്രിക്ക് സ്കൂട്ടറുകള് പുറത്തിറക്കി. കോസ്മോ, കോമറ്റ്, സാര്‍ എന്നിങ്ങനെ മൂന്ന് ഇലക്ട്രിക് സ്കൂട്ടറുകള് ആണ് കമ്പനി പുറത്തിറക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. യഥാക്രമം 1.44 ലക്ഷം, 1.92 ലക്ഷം, 2.16 ലക്ഷം രൂപ (എക്സ്-ഷോറൂം) വില. എവിയം ഡീലര്‍ഷിപ്പുകളില്‍ ഉടനീളം 999 രൂപയ്ക്ക് ഇ- സ്കൂട്ടറുകളുടെ ബുക്കിംഗ് തുറന്നിരിക്കുന്നു. ഷൈനി ബ്ലാക്ക്, മാറ്റ് ബ്ലാക്ക്, വൈന്‍ റെഡ്, റോയല്‍ ബ്ലൂ, ബീജ്, വൈറ്റ് എന്നിങ്ങനെ ആറ് കളര്‍ ഓപ്ഷനുകളിലാണ് കോമറ്റ് വരുന്നത്.
പി. എന്ന കവിയെ, മനുഷ്യനെ, ഇത് രണ്ടും കൂടിച്ചേര്‍ന്ന സവിശേഷവ്യക്തിത്വത്തെ ഏറ്റവും അടുത്തുനിന്ന് നോക്കിക്കാണുന്ന വേറിട്ട ഒരു പുസ്തകം. പി. തന്റെ ആത്മകഥകളില്‍ പറയാതിരുന്ന ജീവിതത്തെ പി യോടൊപ്പം സഹയാത്ര ചെയ്തവരുടെ ഓര്‍മ്മകളിലൂടെ പൂരിപ്പിക്കാന്‍ ശ്രമിക്കുന്നു. ആത്മനിന്ദയുടെ കറുത്ത ചായംകൊണ്ട് കവി വരച്ചു വെച്ച ആത്മകഥകള്ക്കുമപ്പുറം പി. എന്ന കവിയുടെ നേരറിവു കളിലേക്ക് ഈ പുസ്തകം ദിശ കാണിക്കുന്നു. ‘കാവ്യരൂപന്റെ കാല്പാടുകള്’. ഡോ ദീപേഷ് കരിമ്പുകര. ഡിസി ബുക്സ്. വില 351 രൂപ.
ശരീരത്തിനുള്ളില്‍ പ്യൂറൈന്‍ എന്ന രാസസംയുക്തം വിഘടിപ്പിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഉപോത്പന്നമാണ് യൂറിക് ആസിഡ്. സാധാരണ ഗതിയില്‍ വൃക്കകള്‍ രക്തത്തെ അരിച്ച് ശുദ്ധീകരിക്കുമ്പോള്‍ യൂറിക് ആസിഡ് മൂത്രത്തിലൂടെ ശരീരത്തില്‍നിന്ന് പുറന്തള്ളപ്പെടും. എന്നാല്‍ പ്യൂറൈന്‍ അധികമായി അടങ്ങിയ മാംസം, കടല്‍മീന്‍, മദ്യം തുടങ്ങിയവ കഴിക്കുമ്പോള്‍ യൂറിക് ആസിഡ് ശരീരത്തിനുള്ളില്‍ അടിഞ്ഞ് സന്ധിവേദന പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശരിയായ ഭക്ഷണക്രമത്തിലൂടെ, ശരീരത്തിലെ യൂറിക് ആസിഡ് തോതിനെ നിയന്ത്രിക്കാം. ഓറഞ്ച്, നാരങ്ങ എന്നിവ പോലെ വൈറ്റമിന്‍ സിയും സിട്രിക് ആസിഡും അടങ്ങിയ സിട്രസ് പഴങ്ങള്‍ യൂറിക് ആസിഡ് തോത് നിയന്ത്രിക്കും. ഇവയിലെ വൈറ്റമിന്‍ സി അമിതമായ യൂറിക് ആസിഡിനെ ശരീരത്തില്‍നിന്ന് പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിലെ യൂറിക് ആസിഡ് നിര്‍മാണം കുറയ്ക്കാന്‍ ഗ്രീന്‍ ടീക്ക് സാധിക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ഗൗട്ട് മൂലമുള്ള പ്രശ്നങ്ങള്‍ പിന്തുടരുന്നവര്‍ക്ക് കുടിക്കാന്‍ പറ്റിയ പാനീയമാണ് ഗ്രീന്‍ ടീ. ദിവസവും വാഴപ്പഴം കഴിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ സഹായകമാണ്. ഗൗട്ട് ആര്‍ത്രൈറ്റിസ് വേദന കുറയ്ക്കാന്‍ കാപ്പി കുടിക്കുന്നത് സഹായിക്കുമെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഉയര്‍ന്ന ഡയറ്ററി ഫൈബര്‍ അടങ്ങിയ ആപ്പിള്‍ യൂറിക് ആസിഡിന്റെ തോത് കുറയ്ക്കാന്‍ സഹായിക്കുന്നു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.96, പൗണ്ട് – 95.98, യൂറോ – 81.86, സ്വിസ് ഫ്രാങ്ക് – 82.47, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.27, ബഹറിന്‍ ദിനാര്‍ – 212.07, കുവൈത്ത് ദിനാര്‍ -259.74, ഒമാനി റിയാല്‍ – 207.94, സൗദി റിയാല്‍ – 21.28, യു.എ.ഇ ദിര്‍ഹം – 21.77, ഖത്തര്‍ റിയാല്‍ – 21.96, കനേഡിയന്‍ ഡോളര്‍ – 62.09.