മ്യൂച്വല്‍ഫണ്ടുകളില്‍ തവണകളായി നിക്ഷേപിക്കാവുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനിന് ഇന്ത്യയില്‍ പ്രിയമേറുന്നു. 14,276 കോടി രൂപയാണ് എസ്.ഐ.പികളിലൂടെ മാര്‍ച്ചില്‍ മ്യൂച്വല്‍ഫണ്ടുകളിലേക്ക് എത്തിയതെന്ന് അസോസിയേഷന് ഓഫ് മ്യൂച്വല്‍ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ (ആംഫി) റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇത് എക്കാലത്തെയും ഉയരമാണ്. ഫെബ്രുവരിയില്‍ ലഭിച്ചത് 13,686 കോടി രൂപയായിരുന്നു. ആകെ എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം ഫെബ്രുവരിയിലെ 6.28 കോടിയില്‍ നിന്നുയര്‍ന്ന് മാര്‍ച്ചില്‍ 6.35 കോടിയിലുമെത്തി. 21 ലക്ഷം പുതിയ എസ്.ഐ.പി അക്കൗണ്ടുകളാണ് മാര്‍ച്ചില്‍ തുറന്നത്. ഫെബ്രുവരിയിലെ പുതിയ അക്കൗണ്ടുകള്‍ 20.65 ലക്ഷമായിരുന്നു. എസ്.ഐ.പികളിലെ മൊത്തം ആസ്തി 6.74 ലക്ഷം കോടി രൂപയില്‍ നിന്ന് 6.83 ലക്ഷം കോടി രൂപയായും വര്‍ദ്ധിച്ചു. മാസം, ത്രൈമാസം, അര്‍ദ്ധവാര്‍ഷികം എന്നിങ്ങനെ തവണകളായി എസ്.ഐ.പി വഴി മ്യൂച്വല്‍ഫണ്ടുകളില്‍ നിക്ഷേപിക്കാം. 500 രൂപ മുതല്‍ നിക്ഷേപിക്കാമെന്ന് ആംഫി വ്യക്തമാക്കുന്നു. പുതുതായി 40 ലക്ഷം നിക്ഷേപകരെത്തിയതാണ് കഴിഞ്ഞവര്‍ഷം നേട്ടമായത്. ആകെ നിക്ഷേപകരുടെ എണ്ണം 3.37 കോടിയില്‍ നിന്ന് 3.77 കോടിയിലുമെത്തി. മ്യൂച്വല്‍ഫണ്ടുകളിലെ ഇക്വിറ്റി സ്കീമുകളില്‍ മാര്‍ച്ചില്‍ എത്തിയ നിക്ഷേപം 20,534 കോടി രൂപയാണ്. കഴിഞ്ഞ ഒരുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിക്ഷേപമാണിത്. ഫെബ്രുവരിയില്‍ ലഭിച്ചത് 15,686 കോടി രൂപയായിരുന്നു.