കേന്ദ്ര പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി നടപ്പുവര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ രേഖപ്പെടുത്തിയത് മുന്‍വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 1,299 ശതമാനം അധിക ലാഭം. ഏകദേശം 14 ഇരട്ടിയോളം വരുമിത്. 682 കോടി രൂപയില്‍ നിന്ന് 9,543 കോടി രൂപയായാണ് ലാഭം വര്‍ദ്ധിച്ചത്. എന്നാല്‍, പാദാടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചിലെ 13,428 കോടി രൂപയെ അപേക്ഷിച്ച് ലാഭം ഇടിഞ്ഞു. മുഖ്യ പ്രവര്‍ത്തന മേഖലയില്‍ വലിയ കുതിച്ചുചാട്ടം നടത്താനും എല്‍.ഐ.സിക്ക് സാധിച്ചില്ല. നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനമാണ് ലാഭക്കുതിപ്പിന് സഹായിച്ചത്. അറ്റ പ്രീമിയം വരുമാനം 2022-23 ജൂണ്‍പാദത്തിലെ 98,351.76 കോടി രൂപയില്‍ നിന്ന് 98,362.75 കോടി രൂപ മാത്രമായാണ് വര്‍ദ്ധിച്ചത്. അതേസമയം, നിക്ഷേപങ്ങള്‍ വഴി നേടുന്ന വരുമാനം 69,571 കോടി രൂപയില്‍ നിന്ന് 30 ശതമാനം വര്‍ദ്ധിച്ച് 90,309 കോടി രൂപയായത് കമ്പനിക്ക് നേട്ടമായി. പ്രവര്‍ത്തനേതര വരുമാനം 160.09 കോടി രൂപയില്‍ നിന്ന് 75.54 കോടി രൂപയായി കുറഞ്ഞു. ആദ്യ വര്‍ഷ പ്രീമിയം വരുമാനം 7,475.81 കോടി രൂപയില്‍ നിന്ന് 8 ശതമാനം കുറഞ്ഞ് 6,848.75 കോടി രൂപയുമായി. കഴിഞ്ഞ പാദത്തില്‍ 32.16 ലക്ഷം വ്യക്തിഗത പോളിസികളാണ് എല്‍.ഐ.സി വിതരണം ചെയ്തത്. 2022-23 ജൂണ്‍പാദത്തിലെ 36.81 ലക്ഷത്തേക്കാള്‍ കുറഞ്ഞു. എല്‍.ഐ.സിയുടെ മൊത്തം നിഷ്‌ക്രിയ ആസ്തി 5.84 ശതമാനത്തില്‍ നിന്ന് 2.48 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി പൂജ്യമാണ്.