മുത്തൂറ്റ് ഫിനാന്‍സ് നടപ്പുവര്‍ഷത്തെ (2023-24) മൂന്നാംപാദമായ ഒക്ടോബര്‍-ഡിസംബറില്‍ 23 ശതമാനം കുതിപ്പോടെ 1,145 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 933 കോടി രൂപയായിരുന്നു. ഉപകമ്പനികളെ ഒഴിച്ചുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ മാത്രം ലാഭം 901 കോടി രൂപയില്‍ നിന്ന് 14 ശതമാനം ഉയര്‍ന്ന് 1,027 കോടി രൂപയുമായി. മുത്തൂറ്റ് ഫിനാന്‍സിന്റെ സംയോജിത വായ്പാ ആസ്തി 2023-24 ഡിസംബര്‍പാദ പ്രകാരം 79,493 കോടി രൂപയില്‍ നിന്ന് 82,773 കോടി രൂപയിലെത്തി. സംയോജിത വായ്പാ ആസ്തി 80,000 കോടിയും മുത്തൂറ്റ് ഫിനാന്‍സിന്റെ ഒറ്റയ്ക്കുള്ള വായ്പാ ആസ്തി 70,000 കോടി രൂപയും എന്ന നാഴികക്കല്ല് പിന്നിട്ടു. മുത്തൂറ്റ് ഫിനാന്‍സിന്റെ ഡിസംബറിലെ വായ്പാ ആസ്തി 23 ശതമാനം ഉയര്‍ന്ന് 13,541 കോടി രൂപയാണ്. സ്വര്‍ണ വായ്പാ ആസ്തി 22 ശതമാനം വര്‍ധിച്ച് 12,397 കോടി രൂപയിലുമെത്തി. മുത്തൂറ്റ് ഫിനാന്‍സിന്റെ ആകെ ശാഖകള്‍ കഴിഞ്ഞപാദത്തില്‍ 6,325 ആയി ഉയര്‍ന്നു. ഉപകമ്പനികളുടേത് ഉള്‍പ്പെടെ 156 പുതിയ ശാഖകളാണ് കഴിഞ്ഞപാദത്തില്‍ തുറന്നത്. ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ്, മുത്തൂറ്റ് ഹോംഫിന്‍, മുത്തൂറ്റ് ഇന്‍ഷ്വറന്‍സ് ബ്രോക്കേഴ്സ്, മുത്തൂറ്റ് മണി, ഏഷ്യ അസറ്റ് ഫിനാന്‍സ് ലിമിറ്റഡ് തുടങ്ങിയ ഉപസ്ഥാപനങ്ങളാണ് മുത്തൂറ്റ് ഫിനാന്‍സിനുള്ളത്.