തൃശൂര്‍: മിത്തുകളെ വ്യാഖ്യാനിച്ചും പ്രചരിപ്പിച്ചും യാഥാര്‍ത്ഥ്യമാണെന്നു വരുത്തിത്തീര്‍ക്കുന്നതിനുള്ള ശ്രമങ്ങളാണ് ഏതാനും വര്‍ഷങ്ങളായി നടക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു. ശാസ്ത്രത്തെ മിത്തുകളാക്കി വ്യാഖ്യാനിക്കുന്ന രീതി വര്‍ധിച്ചുവരികയാണ്. രാജ്യത്തിന്റെ ബഹുസ്വരതയ്ക്കു ഭീഷണിയാക്കുന്ന ഭീതിജനകമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. സംവാദങ്ങള്‍ സൃഷ്ടിക്കുന്നതിനു പകരം വിവാദം സൃഷ്ടിക്കാനാണ് മാധ്യമപ്രവര്‍ത്തകര്‍ പുതിയ കാലഘട്ടത്തില്‍ ശ്രമിക്കുന്നത്. അതു തിരുത്തപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
സഹൃദയ സദസിന്റെ ആഭിമുഖ്യത്തില്‍ ‘മിത്തുകളിലെ ദൈവങ്ങള്‍’ സംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഫ്രാങ്കോ ലൂയിസ് രചിച്ച ‘100 മിത്തുകള്‍’ എന്ന പുരാണ കഥാസമാഹാര ഗ്രന്ഥം മന്ത്രി ഡോ. ആര്‍. ബിന്ദു പ്രകാശനം ചെയ്തു.
മിത്തുകളെല്ലാം കെട്ടുകഥകളല്ലെന്നും ബൈബിള്‍ കഥകള്‍ മിത്തുകളല്ലെന്നും മുഖ്യാതിഥി ദീപിക ചീഫ് എഡിറ്റര്‍ ഫാ. ജോര്‍ജ് കുടിലില്‍ അഭിപ്രായപ്പെട്ടു. പുസ്തകത്തിന്റെ കിന്‍ഡല്‍ ഇ ബുക്ക് എഡിഷന്‍ അദ്ദേഹം പ്രകാശനം ചെയ്തു.
കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടന്ന ചടങ്ങില്‍ സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം തൃശൂര്‍ ജില്ലാ പ്രസിഡന്റ് അലക്‌സാണ്ടര്‍ സാം അധ്യക്ഷനായി. കവി പ്രഫ. വി.ജി. തമ്പി പുസ്തകപരിചയം നിര്‍വഹിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത ആദ്യ കോപ്പി ഏറ്റുവാങ്ങി.
സംവാദത്തില്‍ 24 ന്യൂസ് ചാനല്‍ എഡിറ്റര്‍ പി.പി. ജയിംസ്, കേരള മീഡിയ അക്കാദമി വൈസ് ചെയര്‍മാനും ദേശാഭിമാനി ന്യൂസ് എഡിറ്ററുമായ ഇ.എസ്. സുഭാഷ്, എക്‌സ്പ്രസ് എഡിറ്റര്‍ ഡേവിസ് കണ്ണനായ്ക്കല്‍, ജീവന്‍ ടിവി ചീഫ് ന്യൂസ് എഡിറ്റര്‍ ബാബു വെളപ്പായ, ജോയ് മണ്ണൂര്‍, സഹൃദയ സദസ് ചെയര്‍മാന്‍ സി.ആര്‍. രാജന്‍, ഡെയ്‌ലി ന്യൂസ് ലൈവ് ഡോട്ട് ഇന്‍ എഡിറ്റര്‍ ഷാജി പദ്മനാഭന്‍, എഴുത്തുകാരിയും അഭിനേത്രിയുമായ ജസീന്ത മോറിസ്, മനു ഫ്രാങ്കോ, വിനു മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ആര്‍ട്ടിസ്റ്റ് പി.ജെ. ജോസഫിനെ മന്ത്രി ഡോ. ആര്‍. ബിന്ദു പൊന്നാടയണിയിച്ച് ആദരിച്ചു. ‘ഇക്കണോമിസ്റ്റ്‌സ്’ സംഘടനാ ഭാരവാഹികളായ എം.യു. ഉണ്ണികൃഷ്ണന്‍, പി.ജെ. വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഫ്രാങ്കോ ലൂയിസിനെ പൊന്നാടയണിച്ച് ആദരിച്ചു.
മഹാഭാരതം, രാമായണം, ഭാഗവതം, പഞ്ചതന്ത്രം, വിക്രമാദിത്യ, വടക്കന്‍ പാട്ട്, അറബിക്, ഗ്രീക്ക്, ബൈബിള്‍, ഈസോപ്പ് എന്നീ പത്തു പുരാണേതിഹാസങ്ങളില്‍നിന്നു തെരഞ്ഞെടുത്ത നൂറു കഥകളാണ് ‘100 മിത്തുകള്‍’ എന്ന ഗ്രന്ഥത്തിലുള്ളത്. തൃശൂരിലെ ഈലിയ ബുക്‌സാണു പ്രസാധകര്‍.