ശ്രീലങ്കയില്‍ സ്പീക്കര്‍ മഹിന്ദ അബേയവര്‍ധനെ താത്കാലിക പ്രസിഡന്റാകും. സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനം അനുസരിച്ച് പ്രധാനമന്ത്രിയും പ്രസിഡന്റും രാജിക്കു തയ്യാറായി. വെള്ളിയാഴ്ച്ചയോ ശനിയാഴ്ച്ചയോ പാര്‍ലമെന്റ് വിളിച്ചുകൂട്ടും. മഹിന്ദ അബേയവര്‍ധനെ ഒരു മാസത്തേക്ക് താത്കാലിക പ്രസിഡന്റായാണ് അധികാരമേല്‍ക്കുന്നത്. ഒരു മാസത്തിനുശേഷം എല്ലാ പാര്‍ട്ടികള്‍ക്കും പ്രാതിനിധ്യമുള്ള സര്‍ക്കാരിനെയും പുതിയ പ്രസിഡന്റിനെയും തെരഞ്ഞെടുക്കുമെന്നാണ് ധാരണ.
വികലമായ മതേതര സങ്കല്‍പ്പമാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. വിചാരധാര പറഞ്ഞുവച്ചിട്ടുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. ആ നിലയ്ക്കുള്ള ഭരണഘടനാ ഭേദഗതികള്‍ പ്രതീക്ഷിക്കാം. ഭരണഘടനയില്‍ പാശ്ചാത്യമായി കടന്നുകൂടിയ ചില സങ്കല്‍പങ്ങള്‍ ഒഴിവാക്കേണ്ടതുണ്ടെന്നും കൃഷ്ണദാസ്.
കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വര്‍ഗീയത വളര്‍ത്തുകയാണെന്ന് കേന്ദ്രമന്ത്രി ഭഗവന്ത് കുബ്ബ. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രസ്ഥാനങ്ങളെ വളര്‍ത്തുന്നത് അപകടകരമാണ്. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചത് എല്‍ഡിഎഫ് സര്‍ക്കാറിന്റെ ചിന്താഗതിയുടെ ഭാഗമാണ്. പി.ടി ഉഷയെ വിമര്‍ശിച്ചത് അറിവില്ലായ്മ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിന്റെ അന്വേഷണം അവസാനിപ്പിക്കുന്നു. മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നത്. വ്യക്തമായ തെളിവുകളും ലഭിച്ചിട്ടില്ല.
പെണ്‍സുഹൃത്തിനെ കാണാന്‍പോയ തിരുവനന്തപുരം നരുവാമൂട് സ്വദേശിയായ കിരണ്‍ എന്ന യുവാവിനെ കാണാനില്ല. വിഴിഞ്ഞം സ്വദേശിയായ പെണ്‍സുഹൃത്തിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കാറിലും ബൈക്കിലും തങ്ങളെ കയറ്റികൊണ്ടുപോയെന്ന് ഒപ്പമുണ്ടായിരുന്ന മെല്‍വിന്‍ പറഞ്ഞു. എന്നാല്‍ ബൈക്ക് നിര്‍ത്തിയപ്പോള്‍ കിരണ്‍ ഇറങ്ങിയോടിയെന്നാണു അവരുടെ വിശദീകരണം.
രാജ്യസഭയിലേക്കു നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പി.ടി ഉഷയ്ക്കും, ആര്‍എംപി എംഎല്‍എ കെകെ രമയ്ക്കുമെതിരേ സിപിഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം നടത്തിയ പ്രസ്താവന പിന്‍വലിച്ചു മാപ്പു പറയണമെന്ന് രമേശ് ചെന്നിത്തല. ജനങ്ങളുടെ പിന്തുണയോടെ ജയിച്ചു വന്ന രമയെ അപമാനിച്ചതു തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേ വീണ്ടും ആര്‍എസ്എസ്. 2013 ല്‍ ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പരിപാടിയില്‍ സതീശന്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ ആര്‍എസ്എസ് പുറത്തുവിട്ടു. സജി ചെറിയാന്റെ ഭരണഘടനവിരുദ്ധ പ്രസംഗത്തിലെ പരമാര്‍ശം ആര്‍എസ്എസ് ആചാര്യന്‍ ഗോള്‍വര്‍ക്കറിന്റെ വിചാരധാരയിലുള്ളതാണെന്ന സതീശന്റെ പ്രസംഗത്തിനെതിരേയാണ് ഈ ചിത്രം ആയുധമാക്കിയത്. ആര്‍എസ്എസും വിചാരകേന്ദ്രവും തമ്മിലുള്ള ബന്ധം സതീശന് അറിയില്ലേയെന്നും ഗോള്‍വാര്‍ക്കറിനെ വെറുക്കുന്ന സതീശന്‍ എന്തിന് ആര്‍എസ്എസ് പരിപാടയില്‍ പങ്കെടുത്തെന്നുമുള്ള ചോദ്യത്തോടെയാണ് ചിത്രം പോസ്റ്റു ചെയ്തത്.
ആലപ്പുഴ കലവൂര്‍ ക്ഷേത്രത്തില്‍ കുഞ്ഞിന്റെ ചോറൂണിനിടെ ആനക്കൊട്ടിലിന്റെ മേല്‍ഭാഗത്തെ കോണ്‍ക്രീറ്റ് ഇളകി വീണു. അപകടത്തില്‍ കുഞ്ഞിന്റെ അമ്മയുടെ തലയ്ക്കു പരിക്കേറ്റു.കലവൂര്‍ ചിന്നമ്മ കവല സ്വദേശി ആര്യയെ ആശുപതിയില്‍ പ്രവേശിപ്പിച്ചു.
പ്രവാചക നിന്ദ നടത്തുന്നവരുടെ ലക്ഷ്യം പ്രകോപനമാണെന്നും അതില്‍ വശംവദരാകരുതെന്നും പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൌലവി. ഉത്തരവാദിത്തമുള്ളവര്‍ പ്രവാചക നിന്ദ നടത്തുന്നത് മത സൗഹാര്‍ദ്ദത്തെ ബാധിക്കും. ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാരും നീതിപീഠങ്ങളും ജാഗ്രത പാലിക്കണം. പ്രവാചകനെ അധിക്ഷേപിച്ച് ആര്‍ക്കും മുസല്‍മാന്റെ വിശ്വാസം തകര്‍ക്കാനാവില്ല. രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് അതെല്ലാം ചെയ്യുന്നതെന്നും അദ്ദേഹം ബലിപെരുന്നാള്‍ സന്ദേശത്തിനിടെ പറഞ്ഞു.
ആലപ്പുഴ മണ്ണഞ്ചേരിയില്‍ കഞ്ചാവും എംഡിഎംഎയും മാരകായുധങ്ങളുമായി യുവാവ് പിടിയില്‍. മണ്ണഞ്ചേരി ആനക്കല്‍ കളത്തില്‍ച്ചിറ സുജിത്ത് (24) ആണ് പിടിയിലായത്. നാല് ഗ്രാം എം ഡി എം എയും 90 ഗ്രാം കഞ്ചാവും മൂന്ന് വാളും ഇയാളില്‍നിന്ന് കണ്ടെടുത്തു.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മാന്നാര്‍ സ്വദേശിനിയായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ പീരുമേട് ഉപ്പുതറ ചീന്തലാര്‍ ഡിവിഷനില്‍ ചിന്താ ഭവനില്‍ അഭി എന്ന് വിളിക്കുന്ന അഭിലാഷ് (21) നെയാണ് മാന്നാര്‍ പൊലിസ് പിടികൂടിയത്.
ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്ണോയ് ബിജെപിയിലേക്ക്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഹരിയാനയിലെ എംഎല്‍എയായ കുല്‍ദീപ് വോട്ട് ചെയ്യാത്തതിനെത്തുടര്‍ന്നാണ് രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ തോറ്റത്.
ഉദയ്പൂര്‍ കൊലപാതകത്തെ മുസ്ലീം സമുദായം ഒന്നടങ്കം അപലപിക്കണമെന്ന് ആര്‍എസ്എസ്. പരിഷ്‌കൃത സമൂഹം ഇത്തരം ചെയ്തികളെ അംഗീകരിക്കില്ല. ആവിഷ്‌ക്കാര സ്വാതന്ത്ര്യം കരുതലോടെ വിനിയോഗിക്കണമെന്ന് കാളി ഡോക്യുമെന്ററി വിവാദത്തില്‍ ആര്‍എസ്എസ് പ്രചാരണ വിഭാഗം മേധാവി സുനില്‍ അമ്പേകര്‍ പ്രതികരിച്ചു.
ആസാമില്‍ യുവാവിനെ ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്തിയതിന് മൂന്നു സ്ത്രീകള്‍ അടക്കം അഞ്ചു പേരെ അറസ്റ്റു ചെയ്തു. നാട്ടുകൂട്ടം വിധിച്ചതനുസരിച്ചാണ് യുവാവിനെ ജീവനോടെ തീ കൊളുത്തിയതെന്നാണ് റിപ്പോര്‍ട്ട്. രഞ്ജിത് ബോര്‍ദലോയി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ ഒരു സ്ത്രീയുടെ മരണത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് നാട്ടുകൂട്ടം ഇങ്ങനെയൊരു വധശിക്ഷ വിധിച്ചത്.
യുക്രെയ്നില്‍ റഷ്യയുടെ രൂക്ഷമായ മിസൈല്‍ ആക്രമണം. സിവേര്‍സ്‌കില്‍ ജനവാസകേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നാലു പേര്‍ മരിച്ചു. സൂപ്പര്‍ മാര്‍ക്കറ്റിന് നേരെയും മിസൈല്‍ ആക്രമണമുണ്ടായി. മിസൈല്‍ വീണ് നഗര മധ്യത്തില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുമുണ്ട്.
ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്. പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുക. പുതിയ നായകന്‍ ജോസ് ബട്ലര്‍ ആദ്യ ജയമാണ് ലക്ഷ്യമിടുന്നത്. ട്രെന്റ്ബ്രിഡ്ജില്‍ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക.
ഇന്ത്യയുടെ മുഖ്യ വ്യവസായമേഖല മേയില്‍ 13 മാസത്തെ ഉയരമായ 18.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഏപ്രിലില്‍ 9.3 ശതമാനമായിരുന്നു. കല്‍ക്കരി, ക്രൂഡോയില്‍, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങള്‍, വളം, സ്റ്റീല്‍, സിമന്റ്, വൈദ്യുതി എന്നീ എട്ട് സുപ്രധാന വിഭാഗങ്ങളാണ് മുഖ്യ വ്യവസായമേഖലയിലുള്ളത്. ഇവയെല്ലാം മേയില്‍ പ്രതീക്ഷയേകുന്ന വളര്‍ച്ചനേടി. കല്‍ക്കരി : 25.1%, ക്രൂഡോയില്‍ : 4.6%, പ്രകൃതിവാതകം : 7.0%, റിഫൈനറി ഉത്പന്നം : 16.7%, വളം : 22.8%, സ്റ്റീല്‍ : 15.0%, സിമന്റ് : 26.3%, വൈദ്യുതി : 22.0% എന്നിങ്ങനെയാണ് വളര്‍ച്ചാകണക്ക്.
പ്രമുഖ ബാങ്കിതര ധനകാര്യസ്ഥാപനമായ കൊശമറ്റം ഫിനാന്‍സ് 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങള്‍ (എന്‍.സി.ഡി) ഉടന്‍ വിപണിയിലിറക്കും. 350 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. കൊശമറ്റത്തിന്റെ 25-ാം കടപ്പത്ര സമാഹരണമാണിത്. വിവിധ കാലാവധികളുള്ള എട്ട് പദ്ധതികളില്‍ നിന്ന് തിരഞ്ഞെടുക്കാവുന്ന കടപ്പത്രങ്ങള്‍ക്ക് ആകര്‍ഷക പലിശനിരക്കും ലഭിക്കും. കടപ്പത്രങ്ങള്‍ ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്യും. എ.എസ്.ബി.എ അടിസ്ഥാനമായുള്ള കടപ്പത്രങ്ങളില്‍ നിക്ഷേപിക്കാന്‍ ഡിമാറ്റ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടും മതി. ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിച്ചും യു.പി.ഐ വഴിയും നിക്ഷേപിക്കാം.
ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ സിനിമയാണ് ‘ഷെഫീക്കിന്റെ സന്തോഷം’. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് പന്തളത്തിന്റേതാണ് തിരക്കഥയും. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഉണ്ണി മുകുന്ദന്‍ നിര്‍മിക്കുന്ന ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’. ചിത്രത്തില്‍ അച്ഛനും അഭിനയിക്കുന്ന സന്തോഷം ഉണ്ണി മുകുന്ദന്‍ നേരത്തെ പങ്കുവെച്ചിരുന്നു. അച്ഛന്‍ തന്റെ ഭാഗം ചിത്രത്തിനായി പൂര്‍ത്തിയാക്കിയ വിവരമാണ് ഉണ്ണി മുകുന്ദന്‍ ഫോട്ടോകള്‍ പങ്കുവെച്ച് അറിയിച്ചിരുന്നത്. മനോജ് കെ ജയന്‍, ദിവ്യാ പിള്ള, ബാല, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരും മറ്റ് മുഖ്യവേഷങ്ങളിലുണ്ട്. ‘പാറത്തോട്’ എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ‘ഷെഫീഖ് ‘എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.
നവാഗതനായ രഘുമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജവാനും മുല്ലപ്പൂവും’. ‘ദൃശ്യം’ ഫെയിം സുമേഷ് ചന്ദ്രന്‍, രാഹുല്‍ മാധവ്, ശിവദ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. സാങ്കേതിക പരിജ്ഞാനമില്ലാത്ത സാധാരണക്കാരിയായ ഒരു ഹൈസ്‌കൂള്‍ അധ്യാപികയുടെ കഥപറയുന്ന ചിത്രമാണ് ഇത്. കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് സുരേഷ് കൃഷ്ണനാണ്. ദേവി അജിത്ത്, ബാലാജി ശര്‍മ്മ, നന്ദു പൊതുവാള്‍, സാധിക മേനോന്‍, വിനോദ് കെടാമംഗലം കോബ്ര രാജേഷ്, സാബു ജേക്കബ്, സന്ദീപ് കുമാര്‍,കവിത രഘുനന്ദനന്‍, അമ്പിളി, ലത ദാസ്, മാസ്റ്റര്‍ തന്‍മയി മിഥുന്‍ മാധാവന്‍, സിനി എബ്രഹാം തുടങ്ങിയവരും അഭിനയിക്കുന്നു.
ആഗോളതലത്തില്‍ ഈവര്‍ഷം ജനുവരി-മാര്‍ച്ചില്‍ വിറ്റഴിഞ്ഞത് 19.5 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍. മുന്‍വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 79 ശതമാനമാണ് വളര്‍ച്ച. മൊത്തം ഇ-വാഹനവില്പനയില്‍ 73 ശതമാനവും ബാറ്ററി ഇലക്ട്രിക് വാഹനങ്ങളായിരുന്നു (ബി.ഇ.വി). ബാക്കി പ്ളഗ്-ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളും (പി.എച്ച്.ഇ.വി). പൂര്‍ണമായും ഇലക്ട്രിക്കായി പ്രവര്‍ത്തിക്കുന്നവയാണ് ബി.ഇ.വി. ഇലക്ട്രിക്കിനൊപ്പം പെട്രോള്‍ എന്‍ജിനുമുള്ളതാണ് ഹൈബ്രിഡ് വാഹനങ്ങള്‍. മാര്‍ച്ചുപാദത്തിലും ലോകത്തെ ഇ-വിപണിയുടെ നായകസ്ഥാനത്ത് ടെസ്ലയാണ്. 68 ശതമാനം വളര്‍ച്ചയോടെ 13 ലക്ഷം യൂണിറ്റുകളുടെ വില്പന ടെസ്ല നേടി. ചൈനയാണ് ഏറ്റവും വലിയ ഇ-വാഹന വിതരണക്കാര്‍; രണ്ടാമത് യൂറോപ്പും മൂന്നാമത് അമേരിക്കയും.
ഭാരതത്തിലെ ഇതിഹാസഗ്രന്ഥമായ വാല്മീകീരമായണത്തിലെ കഥകള്‍ ലളിതമായി ആവിഷ്‌കരിച്ചിരിക്കുന്ന കൃതി.സാധാരണ ആസ്വാദകര്‍ക്കുവേണ്ടി ഗദ്യത്തില്‍ സംഗ്രഹിക്കപ്പെട്ട കഥകള്‍ .ലക്ഷ്യബോധം വളര്‍ത്തുന്ന, ഉദാത്തചിന്തകള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്ന വിശോത്തര രചനയുടെ ഗദ്യാസംഗ്രഹം. ‘വാല്മീകി രാമായണം ഗദ്യസംഗ്രഹം’. പ്രൊഫ എസ് അംബികാ ദേവി. ഗ്രീന്‍ ബുക്സ്. വില 319 രൂപ.
ധാരാളം പോഷകങ്ങള്‍ കൊണ്ട് സമ്പന്നമായ ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോയില്‍ ഫിനോക് സംയുക്തങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മഗ്നീഷ്യം, സിങ്ക്, ആന്റി ഓക്സിഡന്റ്സ് എന്നിവ ചോക്ലേറ്റില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫേറ്റ്, പ്രോട്ടീന്‍, കാല്‍സ്യം മുതലായവ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റ് ഹൃദയത്തിന്റെ ആരോഗ്യത്തിന് വരെ നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. മധുരമായതിനാല്‍ ശരീരഭാരം കൂടുമെന്ന് കരുതി ചോക്ലേറ്റ് കഴിക്കാത്തവരാണ് പലരും. എന്നാല്‍ ശരീരഭാരം നിയന്ത്രിക്കുന്നവതില്‍ വരെ കാര്യമായ പങ്കുവഹിക്കാന്‍ കഴിവുള്ളവയാണ് ഡാര്‍ക്ക് ചോക്ലേറ്റുകള്‍. പക്ഷെ മിതമായ അളവില്‍ കഴിക്കണമെന്ന് മാത്രം. ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് സഹായിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ബദാം, ഡാര്‍ക്ക് ചോക്ലേറ്റ്, കൊക്കോ എന്നിവ കഴിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരുന്നത് തടയുമെന്ന് 2017ലെ ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ പഠനത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനും ഡാര്‍ക്ക് ചോക്ലേറ്റുകള്‍ സഹായിക്കുന്നു. ചര്‍മത്തെ കൂടുതല്‍ യുവത്വം തുളുമ്പുന്നതാക്കാന്‍ ചോക്ലേറ്റുകള്‍ക്ക് കഴിയും. മാനസിക സമ്മര്‍ദം ഉണ്ടാകാന്‍ കാരണമാകുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ അളവ് കുറയ്ക്കാന്‍ ചേക്ലേറ്റ് സഹായിക്കുന്നു. ഇതിലൂടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ ചോക്ലേറ്റ് നിങ്ങളെ സഹായിക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്ന ഫ്ലവനോയ്ഡ് എന്ന ആന്റിഓക്സിഡന്റുകള്‍ പ്രമേഹം വരുന്നത് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.