കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ, യൂട്യൂബ്, വെബ് ബ്രൗസറുകള്‍ എന്നിവയുള്‍പ്പെടെ വിവിധ പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഏകദേശം 1.155 ലക്ഷം ഉള്ളടക്ക ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ടെക് ഭീമനായ ഗൂഗിളിനോട് ആവശ്യപ്പെട്ടതായി സര്‍ഫ്ഷാര്‍ക്കിന്റെ റിപ്പോര്‍ട്ട്. 2013-നും 2022-നും ഇടയിലായി, 19,600-ലധികം തവണയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഉള്ളടക്കം നീക്കം ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചത്. പ്രധാനമായും ‘മാനനഷ്ടം’ ആണ് പൊതു കാരണമായി ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയത്. ഗൂഗിളിന്റെ കീഴിലുള്ള വിവിധ പ്ലാറ്റ്ഫോമുകളില്‍, യൂട്യൂബില്‍ നിന്നുള്ള ഉള്ളടക്കങ്ങളാണ് കൂടുതലായും കേന്ദ്ര സര്‍ക്കാരിന്റെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായത്. ഇന്ത്യ നീക്കം ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച ഉള്ളടക്കങ്ങളില്‍ ഭൂരിഭാഗവും യൂട്യൂബ് (8.8കെ), ഗൂഗിള്‍ പ്ലേ ആപ്പുകള്‍ (4.3കെ), വെബ് സെര്‍ച്ച് (1.4കെ) എന്നിവയില്‍ നിന്നായിരുന്നു. ഗൂഗിളില്‍ നിന്ന് ഉള്ളടക്കം നീക്കം ചെയ്യുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ മൊത്തം 19,600 അഭ്യര്‍ത്ഥനകളാണ് നടത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പ്രതിദിനം ശരാശരി അഞ്ച് അഭ്യര്‍ത്ഥനകള്‍ സര്‍ക്കാര്‍ നടത്തി. യൂട്യൂബ്, ഗൂഗിള്‍ സെര്‍ച്, ബ്ലോഗ്ഗര്‍ എന്നിവയില്‍ നിന്ന് ഉള്ളടക്കം നീക്കം ചെയ്യാനാണ് കൂടുതല്‍ അഭ്യര്‍ഥനകള്‍ ലഭിച്ചത്. പഠനമനുസരിച്ച്, ഗൂഗിളില്‍ നിന്നുള്ള ഉള്ളടക്കം നീക്കംചെയ്യല്‍ അഭ്യര്‍ത്ഥനകളില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു, ഇത് കഴിഞ്ഞ ദശകത്തിലെ ഒരു പ്രധാന പ്രവണതയെ സൂചിപ്പിക്കുന്നു.