Untitled design 20250112 193040 0000 2

 

കശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു. വിമാനത്താവളത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. ഇന്നത്തെ ചടങ്ങുകൾക്ക് ശേഷം മൃതദേഹം ആശുപത്രിയിൽ സൂക്ഷിക്കും. 2 ദിവസത്തിന് ശേഷം അമേരിക്കയിലുള്ള സഹോദരൻ എത്തിയതിന് ശേഷമായിരിക്കും സംസ്കാരം.മഹാരാഷ്ട്ര സ്വദേശികളായ അതുൽ മേനെ, ഹേമന്ത് ജോഷി, സഞ്ജയ് ലേലെ എന്നിവരുടെ മൃതദേഹം ഡോംബിവലിയിലും എത്തിച്ചു.

ജമ്മു കശ്മീരിലെ പഹൽഗാമിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാൻ്റെ പങ്ക് വ്യക്തമായതോടെ തക്കതായ മറുപടി നൽകാൻ കേന്ദ്രം. നിരപരാധികളായ, 26 കുടുംബങ്ങളുടെ അത്താണികളായ പുരുഷ വിനോദസഞ്ചാരികളെ കൊന്നൊടുക്കിയ ക്രൂരതയോട് കടുത്ത നടപടികളിലൂടെയാണ് മറുപടി. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചന.

ജമ്മു കശ്മീരിലെ പഹൽഗാമിൽ ഇന്നലെയുണ്ടായ ഭീകരാക്രമണം 15 മിനിറ്റ് നീണ്ടുനിന്നെന്ന് സ്ഥിരീകരണം. നാല് ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരിൽ രണ്ട് പേർ കശ്മീരികളും രണ്ട് പേർ പാക്കിസ്ഥാനിലെ പഖ്‌തൂൺ വംശജരുമാണ്. ഭീകരർ ക്യാമറയുമായാണ് വന്നതെന്നും സ്റ്റീൽ ബുള്ളറ്റുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും സ്ഥിരീകരിച്ചു. ഭീകരർ പകർത്തിയ ദൃശ്യങ്ങൾ പ്രചരിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുമെന്ന് ഏജൻസികൾ വ്യക്തമാക്കി.

ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ വിവാദ പ്രതികരണവുമായി റോബർട്ട് വദ്ര. ഹിന്ദുത്വത്തെ കുറിച്ച് മാത്രം സർക്കാർ സംസാരിക്കുമ്പോൾ ന്യൂനപക്ഷം അരക്ഷിതരാകുന്നുവെന്ന് റോബർട്ട് വദ്ര പറഞ്ഞു. വാർത്താ ഏജൻസിയോടായിരുന്നു വദ്രയുടെ പ്രതികരണം. രാജ്യത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ വേർതിരിവുണ്ടായിട്ടുണ്ട്. മതം തിരിച്ചറിഞ്ഞ് കൊല നടത്തിയതിൻ്റെ കാരണം മറ്റൊന്നല്ല. പ്രധാനമന്ത്രിക്കുള്ള സന്ദേശമെന്നും വദ്ര പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ച നാവിക സേന ഉദ്യോഗസ്ഥനായ വിനയ് നർവാളിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കശ്മീരിൽ മധുവിധു ആഘോഷിക്കാനെത്തിയതായിരുന്നു വിനയും ഭാര്യ ഹിമാൻഷിയും. വിവാഹം കഴിഞ്ഞ് ആറ് ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് ഭർത്താവ് കൊല്ലപ്പെടുന്നത്.

പഹൽഗാം ആക്രമണത്തെ അപലപിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. മേഖലയിലെ സ്ഥിരതയേയും സുരക്ഷയേയും ബാധിക്കുന്ന നടപടി എന്നാണ് ഭീകരാക്രമണത്തെ സംബന്ധിച്ച് താലിബാൻ ​ഗവൺമെന്റിന്റെ പ്രതികരണം.

 

പഹൽ​ഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. നാളെ വൈകിട്ട് മൂന്ന് മണിക്കാണ് യോ​ഗം നടക്കുക. സർവ്വകക്ഷി യോ​ഗത്തിലേക്ക് എല്ലാ പ്രധാനപ്പെട്ട പാർട്ടികൾക്കും ക്ഷണമുണ്ട്. നിലവിൽ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരെയും ചീഫ് സെക്രട്ടറിയെയുമുൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് ലഫ.​ഗവർണർ മനോജ് സിൻഹയും ഉന്നതതല യോ​ഗം ചേരുന്നുണ്ട്.

പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരർക്ക് ചുട്ട മറുപടി നൽകണം എന്നാവശ്യപ്പെട്ട് കശ്മീർ ജനതയും രാഷ്ട്രീയ പാർട്ടികളും രം​ഗത്ത്. ഭീകരർക്ക് സഹായം നൽകിയവരേയും തേടി ചെന്ന് തിരിച്ചടി നൽകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. സുരക്ഷാ വീഴ്ചയിലും പരിശോധന വേണമെന്ന് കോൺഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടു. പൈശാചിക മനസ്സുള്ളവർക്കേ ഇത്തരമൊരു കൃത്യം ചെയ്യാനാകൂ എന്ന് സുപ്രീംകോടതി ആഞ്ഞടിച്ചു.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ദക്ഷിണ കശ്‌മീരിലെ കുൽഗാം ജില്ലയിലാണ് ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കൂടുതൽ സൈനികരും സിആർപിഎഫ് ജവാന്മാരും കശ്‌മീർ പൊലീസും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ആർക്കെങ്കിലും പരുക്കേറ്റതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല.

 

പഹൽ​ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച അദ്ദേഹം പഹൽ​ഗാമിലെ ഭീകരാക്രമണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും അമേരിക്ക ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം നിലകൊള്ളുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

 

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ. കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. കർണാടക സ്വദേശികളായ രണ്ട് പേരും ആന്ധ്ര സ്വദേശിയും ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനുമായ ഒരാളുമാണ് കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.

പഹൽഗാമിലെ ഭീകരാക്രമണം  മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമെന്ന് സമസ്‌ത. ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടങ്ങള്‍ നിതാന്ത ജാഗ്രത പുലര്‍ത്തണം. മനുഷ്യത്വരഹിതമായ ഇത്തരം ചെയ്തികളില്‍ നിന്നും അക്രമികള്‍ പിന്തിരിയണമെന്നും സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവർ ആവശ്യപ്പെട്ടു.

 

പുതിയ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം പത്താമുദയത്തിലാണെന്ന ആരോപണങ്ങൾക്കും വിവാദങ്ങൾക്കും മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവർക്കും സൗകര്യം ഉള്ള ഒരു സമയം തീരുമാനിക്കുകയാണ് ചെയ്തതെന്ന് പിണറായി വിശദീകരിച്ചു. പഞ്ചാംഗം നോക്കി പ്രത്യേകത കണ്ടുപിടിച്ചാണ് ചിലർ ഉദ്ഘാടന ദിനം വിവാദമാക്കിയത്. അതൊന്നും ഏശുന്ന പാർട്ടിയല്ല സിപിഎം എന്ന് പിണറായി പറഞ്ഞു.

സിപിഎം സംസ്ഥാന കമ്മിറ്റിക്ക് ഇനി പുതിയ ആസ്ഥാനം. എകെജി സെന്റർ എന്നുതന്നെയാണ് പേര്. പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ  ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നിലവിലെ ആസ്ഥാനമായ തിരുവനന്തപുരത്തെ എകെജി സെന്ററിന് എതിര്‍വശത്ത്  വാങ്ങിയ 32 സെന്റിലാണ് 9 നില കെട്ടിടം. സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി അടക്കം മുതിർന്ന നേതാക്കൾ മന്ത്രിമാർ ഘടകക്ഷി നേതാക്കൾ എന്നിവരെല്ലാം ഉദ്ഘാടന ചടങിനെത്തിയിരുന്നു.

 

കുടിവെള്ള   കണക്ഷൻ വിച്ഛേദിച്ചതിനെ കുറിച്ച് അന്വേഷിക്കാൻ ജല അതോറിറ്റിയുടെ പോങ്ങുംമൂട് ഓഫീസിലെത്തിയ ഉപഭോക്താവിനെ   ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതിയിൽ  ഉദ്യോഗസ്ഥർക്കെതിരെയുള്ള  തുടർനടപടി തിരുവനന്തപുരം സിറ്റി ജില്ലാ പൊലീസ് മേധാവിക്ക്  തീരുമാനിക്കാമെന്ന്  മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പറഞ്ഞു.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഡോ. എ ജയതിലകിനെ അടുത്ത ചീഫ് സെക്രട്ടറിയായി നിശ്ചയിച്ചു. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഈ മാസം 30ന് വിരമിക്കുന്ന മുറയ്ക്ക് ജയതിലക് ചുമതലയേൽക്കും. ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

 

 

തലശ്ശേരി സ്പിരിച്വല്‍ നെക്സസ്, വര്‍ക്കല-ദക്ഷിണ കാശി എന്നീ ടൂറിസം പദ്ധതികള്‍ക്കായി 50 കോടി രൂപ അനുവദിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കേന്ദ്ര ടൂറിസം മന്ത്രാലയമാണ് ഫണ്ട് അനുവദിച്ചത്.പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്നും ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

 

വിഷുക്കാലത്ത് വന്‍തോതില്‍ വിറ്റുപോയ പ്ലാസ്റ്റിക് കണിക്കൊന്നയുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പരിസ്ഥിതിക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആണ് കേസെടുത്ത് തദ്ദേശ സ്വയം ഭരണ വകുപ്പ് ഡയറക്ടര്‍ക്ക് നോട്ടീസയച്ചത്.ഒറ്റ തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് കണിക്കൊന്ന കേരളത്തിലെ മാലിന്യപ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുമെന്നാണ് പരാതി.

 

തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ പ്രതി അമിതിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. പ്രതി മൊബൈൽ ഫോൺ ഉപേക്ഷിച്ച അറതൂട്ടി പാലത്തിന് സമീപത്ത് എത്തിച്ച് നടത്തിയ തെളിവെടുപ്പിനൊടുവിൽ പാലത്തിന് അടിയിലെ തോട്ടിൽ നിന്നും ഒരു മൊബൈൽ ഫോൺ കണ്ടെടുത്തിരുന്നു.ഇന്ന് ഉച്ചയോടെ കോട്ടയത്തെത്തിച്ചാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യക്തി വൈരാ​ഗ്യമാണ് കൊലപാതകത്തിനുള്ള കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *