തൊഴിലില്ലായ്മയിലുള്ള നിരാശയിലും, ഭാവിയെക്കുറിച്ചുള്ള ആശങ്കയും മൂലമാണ് കേരളത്തിലെ യുവാക്കൾക്കിടയില്‍ ലഹരി ഉപയോഗം കൂടുന്നതെന്ന് രാഹുൽ ഗാന്ധി. സമൂഹത്തിൽ അക്രമ സംഭവങ്ങൾ കൂടുകയാണെന്നും, യുവാക്കൾക്ക് പ്രതീക്ഷയും പിന്തുണയും ലക്ഷ്യബോധവും നൽകി അവർക്കൊപ്പം നിൽക്കേണ്ടത് അനിവാര്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് കേന്ദ്ര ആരോഗ്യമന്ത്രിയില്‍ നിന്ന് കിട്ടിയതായി മന്ത്രി വീണ ജോര്‍ജ്. ഇന്‍സെന്‍റീവ് വര്‍ധനയും, കോബ്രാന്‍ഡിംഗിലെ കുടിശ്ശിക നല്‍കുന്നതും പരിശോധിക്കുമെന്ന് ജെ പി നദ്ദ പറഞ്ഞതായി കൂടിക്കാഴ്ചയ്ക്ക് ശേഷം വീണ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രം തുക വര്‍ധിപ്പിക്കാതെ സംസ്ഥാനത്തിന് ഒന്നും ചെയ്യാനാവില്ലെന്നും വീണ ജോര്‍ജ് വ്യക്തമാക്കി. പാര്‍ലമെന്‍റില്‍ അര മണിക്കൂറോളം നേരം വീണ ജോര്‍ജ് ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണ ജോർജ്.
എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കളഞ്ഞു പോയ സംഭവത്തിൽ വീണ്ടും പരീക്ഷ നടത്താൻ കേരള സർവകലാശാല. ഏപ്രിൽ ഏഴിനാണ് പുനപരീക്ഷ നടത്തുക. ഉത്തര കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെ പരീക്ഷ ജോലികളിൽ നിന്ന് ഡീബാർ ചെയ്യും. അതേസമയം, പുനപരീക്ഷക്കെതിരെ കോടതി കടുത്ത പ്രതിഷേധത്തിലാണ് വിദ്യാർത്ഥികൾ. എംബിഎ മൂന്നാം സെമസ്റ്റർ പ്രൊജക്ട് ഫിനാൻസ് പരീക്ഷ എഴുതിയ 71 കുട്ടികളുടെ ഉത്തരക്കടലാസാണ് കളഞ്ഞ് പോയത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മാര്‍ച്ച് മാസത്തില്‍ എത്തിച്ചേര്‍ന്നത് 53 കപ്പലുകള്‍. ഇതോടെ ഒരു മാസം അന്‍പതിലധികം കപ്പലുകള്‍ എത്തിച്ചേര്‍ന്നു എന്ന നേട്ടമാണ് തുറമുഖം കരസ്ഥമാക്കിയിരിക്കുന്നത്. കൂടാതെ 1,12,562 ടി ഇ യു ആണ് തുറമുഖത്ത് കൈകാര്യം ചെയ്തതെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.
തൃശൂര്‍ ജില്ലയിലെ പുത്തൂരില്‍ നിര്‍മാണം പുരോഗമിക്കുന്ന സുവോളജിക്കല്‍ പാര്‍ക്ക് ആഗസ്തില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. മനുഷ്യ -വന്യമൃഗ സംഘര്‍ഷം പരിഹരിക്കുന്നതിനായി കിഫ്ബി സഹായത്തോടെ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണമെന്ന് കെ എസ് ഇ ബി അറിയിച്ചു. വൈദ്യുതി പോസ്റ്റുകളില്‍ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ച് ബഹു. ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം അവരില്‍ നിന്നും പിഴ ഈടാക്കണമെന്നും തീരുമാനിച്ചതായി കെ എസ് ഇ ബി അറിയിച്ചു.
സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍ പോഷ് നിയമത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ജെന്‍ഡര്‍ പാര്‍ക്കിന്റെ സഹായത്തോടുകൂടി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആദ്യഘട്ടമായി സിനിമാ വ്യവസായത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള 60 പേരെ ഉള്‍പ്പെടുത്തിയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 3 വ്യാഴാഴ്ച രാവിലെ 11 മണിക്ക് മസ്‌കറ്റ് ഹോട്ടലില്‍ വച്ച് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിക്കും.
എമ്പുരാൻ സിനിമയുടെ പ്രദർശനം അടിയന്തരമായി തടയണമെന്ന ആവശ്യം ഹൈക്കോടതി തളളി. സെൻസർ ബോർഡ് വിലയിരുത്തി റിലീസ് ചെയ്ത സിനിമ എന്തിനാണ് തടയുന്നതെന്ന് സിംഗിൾ ബെഞ്ച് ചോദിച്ചു. എമ്പുരാൻ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് തൃശൂർ ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗം വി.വി. വിജീഷ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
വഖഫ് നിയമ ഭേദഗതി ബില്ല് മുനമ്പത്തെ പ്രശ്നം പരിഹരിക്കുന്നതിനുള്ള മാർഗമാണെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. രാഷ്ട്രീയത്തിനതീതമായി മുനമ്പത്തെ ജനങ്ങൾക്ക് എല്ലാവരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ എംപിമാരും രാഷ്ട്രീയത്തിനതീതമായി ബില്ലിനെ അനുകൂലിക്കണം എന്നാണ് അഭ്യർത്ഥന. അഖിലേന്ത്യ അടിസ്ഥാനത്തിൽ ജനങ്ങൾ ഒരുമിച്ച് മുന്നോട്ട് വന്നിരിക്കുന്ന വിഷയമാണെന്നും ജോർജ് കുര്യൻ പറഞ്ഞു.
സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മല്ലികാ സുകുമാരനുമായി ഫോണിൽ സംസാരിച്ചു. മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയവർ മലയാള സിനിമാ വ്യവസായത്തിൽ അവിഭാജ്യ ഘടകമാണ്. ഇരുവർക്കും പിന്തുണ. സൈബർ അറ്റാക്കോ ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദമോ കേരളത്തിൽ വിലപ്പോവില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഏറെ വിലനൽകുന്ന സംസ്ഥാനമാണ് കേരളം. ആ പാരമ്പര്യം കേരളം കാത്ത് സൂക്ഷിക്കും എന്നും അദ്ദേഹം പറഞ്ഞു.
ആശാസമരത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സാഹിത്യക്കാരി സാറാ ജോസഫ്. ആശാപ്രവർത്തകരുടെ സമരം അവസാനിപ്പിക്കുവെന്നും നമ്മുടെയൊക്കെ ചോറിൽ തലമുടി പാറി വീഴുന്നു സാർ എന്നും പറഞ്ഞുകൊണ്ടാണ് സര്‍ക്കാരിനെതിരെ തുറന്നടിച്ചുകൊണ്ട് സാറാ ജോസഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഉണ്ണുന്ന ചോറിലും കുടിക്കുന്ന വെള്ളത്തിലും തലമുടി പാറി വീഴുന്നത് അത്ര സുഖമുള്ള കാര്യമല്ലെന്നും എന്തുകൊണ്ടാണ് ആശമാരുടെ സമരം സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാൻ കഴിയാത്തതെന്നും സാറാ ജോസഫ് ചോദിക്കുന്നു.
സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ മധുരയിലെത്തി. മധുര മാരിയറ്റ് ഹോട്ടൽ ഇനിയുള്ള ആറു ദിവസം മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസ് ആയി പ്രവർത്തിക്കും. മുഖ്യമന്ത്രിക്കൊപ്പം ഒമ്പത് മന്ത്രിമാരും പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനായി മധുരയിലെത്തി. തമിഴ്നാട് സർക്കാരിന്‍റെ അതിഥിയായ മുഖ്യമന്ത്രി പിണറായി വിജയനെ ഗാർഡ് ഓഫ് ഓർഡർ നൽകിയാണ് പൊലീസ് സ്വീകരിച്ചത്.
സിപിഎമ്മിൽ നേതൃത്വ പ്രതിസന്ധി ഇല്ലെന്ന് പിബി അംഗം എം എ ബേബി. താൻ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് തന്റെയും പാർട്ടിയുടെയും ശത്രുക്കൾ ആണെന്നും എം എ ബേബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാർട്ടി കൂട്ടായ നേതൃത്വത്തിൽ മുന്നോട്ട് പോകും. തുടർച്ച ഉറപ്പാക്കുകയും പുതുനിരയെ നേതൃത്വത്തിലേക്ക് കൊണ്ട് വരികയും ചെയ്യുമെന്ന് എം എ ബേബി കൂട്ടിച്ചേർത്തു.
കേരളത്തിന് ആശ്വാസമായി വേനൽ മഴ. ഇന്ന് സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ നേരിയ തോതിൽ മഴ ലഭിച്ചു. തലസ്ഥാനത്താകട്ടെ വൈകിട്ട് ഒരു മണിക്കൂറോളം നേരം കാര്യമായ തോതിൽ മഴ ലഭിച്ചു. വരും മണിക്കൂറിലും നാളെയും കൊണ്ട് സംസ്ഥാനത്ത് വേനൽ മഴ സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിൽ നിന്നും ലഭിക്കുന്ന വിവരം. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 6 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുഹൃത്തായ മലപ്പുറം സ്വദേശി സുകാന്തിനെതിരെ ഗുരുത ആരോപണവുമായി കുടുംബം. ലൈംഗിക അതിക്രമം നേരിട്ടതിന്റെയടക്കം തെളിവുകൾ കുടുംബം പൊലീസിന് കൈമാറി. സുകാന്ത് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തെന്നും കുടുംബം ആരോപിക്കുന്നു. സുകാന്തിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും ഐബി ഉദ്യോഗസ്ഥയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസമായി ഒന്നാം തീയതി ശമ്പളമെത്തി തുടങ്ങി. മാര്‍ച്ച് മാസത്തിലെ ശമ്പളം ഒറ്റത്തവണയായിട്ടാണ് വിതരണം ചെയ്തത്. ഇന്ന് തന്നെ ശമ്പള ഇനത്തിൽ 80 കോടി വിതരണം ചെയ്തെന്ന് പൂര്‍ത്തിയാക്കിയെന്ന് കെഎസ്ആർടിസി അറിയിച്ചു.
കടയ്ക്കാവൂർ പോക്സോ കേസിലെ അതിജീവിതയുടെ പേര് വിഡിയോയിൽ വെളിപ്പെടുത്തിയതിൽ യൂ ട്യൂബർ സൂരജ് പാലക്കാരന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. യൂട്യൂബിൽ സൂരജ് പാലാക്കാരൻ ഉപയോഗിക്കുന്ന ഭാഷയെയാണ് സുപ്രീം കോടതി വിമർശിച്ചത്. എന്ത് തരം ഭാഷയാണിതെന്ന് ജസ്റ്റിസുമാരായ സൂര്യ കാന്ത്, എൻ.കെ.സിങ് എന്നിവരുടെ ബെഞ്ച് ചോദിച്ചു.
ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനവ്യാപകമായി മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,384 പേരെ ഇന്നലെ പരിശോധിച്ചു. സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായായിരുന്നു പരിശോധന. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 90 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ ചേർത്തലയിലെ ഡോക്‌ടർ ദമ്പതികളിൽ നിന്ന് പണം തട്ടിയ പ്രതികള്‍ കസ്റ്റഡിയില്‍. 7.65 കോടി രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. തയ്‌വാൻ സ്വദേശികളായ സുങ് മു ചി (മാർക്ക്–42), ചാങ് ഹോ യുൻ (മാർക്കോ–34), ഇന്ത്യൻ ഝാര്‍ഖണ്ഡ് സ്വദേശിയായ സെയ്ഫ് ഹൈദർ (29) എന്നിവരെയാണ് കോടതിയിലെത്തിച്ച ശേഷം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയത്.
കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയില്‍ സിപിഎം എംപിമാര്‍ പങ്കെടുക്കും. ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് എംപിമാര്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കി. ഇതോടെ മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ കെ. രാധാകൃഷ്ണന്‍ എംപി ഡല്‍ഹിയിലേക്ക് മടങ്ങും.
2020 ൽ നടന്ന ദില്ലി കലാപവുമായി ബന്ധപ്പെട്ട് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി മന്ത്രി കപിൽ മിശ്രയ്ക്കും മറ്റുള്ളവർക്കും എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് ദില്ലിയിലെ കോടതി.തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രഥമദൃഷ്ട്യാ മന്ത്രി കപിൽ മിശ്ര കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വൈഭവ് ചൗരസ്യ അന്വേഷണം പ്രഖ്യാപിച്ചത്.
ഗുജറാത്തിലെ ദീസയിൽ പടക്ക നിർമ്മാണശാലയിലുണ്ടായ തീപിടുത്തത്തിൽ 18 പേർ മരിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നാലുപേരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച ഗുജറാത്ത് സര്‍ക്കാര്‍ ലൈസന്‍സില്ലാതെയാണ് പടക്കനിര്‍മ്മാണ ശാല പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയതോടെ രണ്ടുപേരെ ആറസ്റ്റു ചെയ്തു.
ജാർഖണ്ഡിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് ലോക്കോ പൈലറ്റുമാർക്ക് ദാരുണാന്ത്യം. ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിലാണ് എൻടിപിസിയുടെ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചത്. നാല് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഒരു ഗുഡ്സ് ട്രെയിൻ നിർത്തിയിട്ട അതേ ട്രാക്കിലേക്ക് രണ്ടാമത്തെ ട്രെയിൻ എത്തിയതോടെയാണ് അപകടമുണ്ടായത്.
ബുധനാഴ്ച ലോക്സഭയിൽ അവതരിപ്പിക്കാനിരിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാൻ ഇന്ത്യ മുന്നണി. ബില്ലിനെ ഒരേശബ്ദത്തിൽ എതിര്‍ക്കാന്‍ ചൊവ്വാഴ്ച, പാര്‍ലമെന്റ് ഹൗസില്‍ ചേര്‍ന്ന മുന്നണിയോഗത്തിൽ തീരുമാനമായി. ബില്ലിന്മേല്‍ സഭയില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാനാണ് ഇന്ത്യ മുന്നണി നേതാക്കള്‍ യോഗംചേര്‍ന്നത്.