Untitled design 20250112 193040 0000 3

 

 

ഈദ് ദിനം നിർബന്ധിത പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള റീജിയൻ ചീഫ് കമ്മിഷണർ. 29,30,31 ദിവസങ്ങളിൽ നിർബന്ധമായും ഓഫീസിൽ എത്തണമെന്നാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. കേരളത്തിലെ കസ്റ്റംസ്, സെൻട്രൽ ജി എസ് ടി ഉദ്യോഗസ്ഥർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ചെറിയ പെരുന്നാൾ ദിനം നിർബന്ധിത പ്രവൃത്തി ദിനമാക്കിയ നടപടി ഭരണഘടനാപരമായ അവകാശങ്ങൾക്ക് വിരുദ്ധമെന്ന് ജോൺ ബ്രിട്ടാസ് എംപി. കസ്റ്റംസ് കേരള റീജിയൻ ചീഫ് കമ്മിഷണറുടെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു. കേരളത്തിലെ കസ്റ്റംസ്, സെൻട്രൽ ജി എസ് ടി ഉദ്യോഗസ്ഥർക്ക് ചെറിയ പെരുന്നാളിന് അവധി നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്.

കേരളത്തിനുള്ള എയിംസ് കോഴിക്കോട് ജില്ലയിൽ സ്ഥാപിക്കരുതെന്ന ആവശ്യവുമായി കാസർകോട് നിന്നുള്ള കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം കേന്ദ്ര ആരോഗ്യ മന്ത്രിയെ കണ്ടു. കോഴിക്കോട് മെഡിക്കൽ കോളേജും, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളുമുണ്ടെന്നും സംസ്ഥാനത്ത് പിന്നാക്കം നിൽക്കുന്ന കാസർകോട് ജില്ലയ്ക്ക് എയിംസ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എമ്പുരാൻ സിനിമയുടെ ഉള്ളടക്കത്തെ ചൊല്ലി ബിജെപി യോഗത്തിൽ ചർച്ച നടന്നെന്ന വാർത്ത നിഷേധിച്ച് ബിജെപി. ബിജെപി കോർയോഗം എമ്പുരാൻ സിനിമയെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ല. സിനിമയുടെ പ്രമോഷനോ സിനിമ ആര് കാണണം എന്നുള്ള കാര്യങ്ങൾ ഒന്നും ചർച്ച ചെയ്യുന്നത് ബിജെപിയുടെ രീതിയല്ല. അതുകൊണ്ട് സത്യവിരുദ്ധമായ ഈ വാർത്ത പിൻവലിക്കണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ ആവശ്യപ്പെട്ടു.

 

ആഴക്കടൽ ഖനനത്തിനെതിരെ വീണ്ടും തിരുവനന്തപുരം ലത്തീൻ അതിരൂപത രംഗത്ത്. ആഴക്കടൽ ഖനനം സുനാമി പോലെ തീരദേശ ജനതയെ ബാധിക്കുമെന്ന് ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ പറഞ്ഞു. കടൽ ഖനനത്തെ ഒറ്റക്കെട്ടായി എതിർക്കണം. ആ ശ്രമങ്ങൾക്കൊപ്പം തിരുവനന്തപുരം ലത്തിന് അതിരൂപത നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊടിച്ചിപ്പട്ടിയുടെ വില പോലുമുണ്ടാവില്ലെന്ന പ്രസംഗങ്ങളിലെ പ്രയോഗം സ്ത്രീവിരുദ്ധമെന്നും താനിപ്പോൾ ഈ വാക്ക് ഉപയോഗിക്കാറില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പട്ടിയും മോശം, അത് പെണ്ണായാൽ അതിലും മോശം എന്നാണ് അർത്ഥമാക്കുന്നത്. ഇതെല്ലാം മാറ്റണമെന്ന് ഗോവിന്ദൻ പറഞ്ഞു. വെളുപ്പിനെ കറുപ്പിനേക്കാൾ മികച്ചതായി കാണുന്നത് ഫ്യൂഡൽ ജീർണതയുടെ ബാക്കിയാണെന്നും അദ്ദേഹം കണ്ണൂർ കുറുമാത്തൂരിൽ പറഞ്ഞു.

 

എൻഡിഎഫ്ഡിസി പദ്ധതിയിൽ വായ്പയെടുത്ത ഭിന്നശേഷിക്കാരിൽ തിരിച്ചടവിൽ കുടിശ്ശിക വരുത്തിയവർക്ക് സംസ്ഥാന സർക്കാർ പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു . ഇതിനു പുറമേ പലിശത്തുകയിൽ അമ്പത് ശതമാനം ഇളവനുവദിച്ച് ഒറ്റത്തവണ തീർപ്പാക്കൽ നടപ്പാക്കാൻ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർക്ക് നിർദ്ദേശവും അനുമതിയും നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

കോട്ടയം ഗവൺമെന്റ് നഴ്സിങ്ങ് കോളേജിൽ നടന്ന റാഗിങ്ങ് കൊടുംക്രൂരതയെന്ന് കുറ്റപത്രം. കേസിലെ അഞ്ച് പ്രതികളും ചേർന്ന് ഇരകളാക്കപ്പെട്ട വിദ്യാത്ഥികളെ നാല് മാസത്തിലധികം തുടർച്ചയായി പീഡിപ്പിച്ചെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. അന്വേഷണ സംഘം ഏറ്റുമാനൂർ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

 

ആശവര്‍ക്കര്‍മാര്‍ക്ക് യുഡിഎഫും ബിജെപിയും ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ച അധിക സഹായം തട്ടിപ്പെന്ന്  തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്. അപ്രായോഗികമായ തീരുമാനമെന്നും സര്‍ക്കാര്‍ അനുമതി നൽകുമോ ഇല്ലയോ എന്നത് പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു . അതേ സമയം സര്‍ക്കാര്‍ മാനദണ്ഡത്തിനും ചട്ടത്തിനും അനുസൃതമായാണ് തീരുമാനമെന്നാണ് സഹായം പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങ്ങളുട നിലപാട്.

 

മാസപ്പടി കേസിൽ മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതെന്ന ആരോപണത്തിന് തെളിവുകൾ ഹാജരാക്കാൻ മാത്യു കുഴൽനാടന് സാധിച്ചില്ലെന്ന് ഹൈക്കോടതി. അന്വേഷണം നടത്താനുള്ള മതിയായ തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ല. കരിമണൽ കമ്പനിക്ക് സർക്കാർ ഒത്താശ ചെയ്ത് നൽകിയെന്ന ആരോപണം തെളിയിക്കാനായില്ലെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.

അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് മാത്യു കുഴൽനാടൻ. ഒരുപാട് അക്രമികളും അഴിമതിക്കാരും ബലാത്സംഗം ചെയ്തവരും തെളിവില്ലാത്തതിന്റെ പേരിൽ കോടതി നടപടികളിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. എന്ന് കരുതി അവർ ചെയ്ത കുറ്റകൃത്യം ഇല്ലാതാകുന്നില്ല. ഉത്തരവിന്റെ പൂർണ്ണരൂപം കിട്ടിയതിനുശേഷം സഹപ്രവർത്തകരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും യുഡിഎഫിന് രാഷ്ട്രീയമായ തിരിച്ചടിയാണ് എന്ന് പറയാൻ ആവില്ലെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.

സമരം ചെയ്യുന്ന ആശാവർക്കർമാരോട് സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് സമരസമിതി. സർക്കാർ നടപടി അങ്ങേയറ്റം ഖേദകരമാണെന്നും വലിയ പ്രതിസന്ധിയിലൂടെയാണ് ആശമാർ കടന്നുപോകുന്നതെന്നും സമരസമിതി പറഞ്ഞു. സമരത്തിന്റെ അമ്പതാം ദിവസമായ തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ ആശമാർ മുടി മുറിച്ച് പ്രതിഷേധിക്കുമെന്നും സമരസമിതി നേതാക്കൾ വ്യക്തമാക്കി.

 

നമ്മൾ കരുതുന്നതിനും അപ്പുറം ആണ് കറുപ്പും വെളുപ്പും എന്ന വിവേചനമെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. മക്കൾ കറുത്തുപോയാൽ തീർന്നു എന്ന് കരുതുന്നവർ ഉണ്ട്. കിർത്താട്സിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ ഗോത്ര സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി.

 

മയക്ക് മരുന്ന് കുത്തിവച്ചതിലൂടെ പത്ത് പേര്‍ക്ക് എച്ച്ഐവി പടര്‍ന്ന മലപ്പുറം വളാഞ്ചേരിയില്‍ ആരോഗ്യ വകുപ്പ് രക്തപരിശോധന നാളെ തുടങ്ങും. ആദ്യഘട്ടത്തില്‍ അതിഥി തൊഴിലാളികളുടെ രക്തമാണ് പരിശോധിക്കുക. എച്ച്ഐവി സ്ഥിരീകരിച്ച പത്ത് പേരില്‍ ഒരാള്‍ മാത്രമാണ് വളാഞ്ചേരി സ്വദേശിയെന്നും ബാക്കിയുള്ളവര്‍ പല സ്ഥലങ്ങളില്‍ നിന്ന് ലഹരി ഉപയോഗത്തിന് വളാഞ്ചേരിയില്‍ എത്തിയവരാണെന്നും നഗരസഭ ചെയമാൻ പറഞ്ഞു. ലഹരിക്കെതിരെയുള്ള ബോധവത്ക്കരണവും ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

സാമൂഹിക മാധ്യമങ്ങളിൽ കവിത പ്രചരിപ്പിച്ചതിന് കോൺഗ്രസ് എംപി ഇമ്രാൻ പ്രതാപ്ഘഡിക്കെതിരെ ഗുജറാത്ത് പൊലീസ് എടുത്ത കേസ് കടുത്ത വിമർശനത്തോടെ റദ്ദാക്കി സുപ്രീംകോടതി.  ആവിഷ്ക്കാരസ്വാതന്ത്യവും പൗരന്മാരുടെ അവകാശങ്ങളും ചവിട്ടി മെതിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി.

മ്യാന്‍മാറിലും അയൽരാജ്യമായ തായ്ലൻഡിലും അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തിൽ നൂറോളം പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കെട്ടിടങ്ങൾ തകർന്നുവീണ് നിരവധി പേർ കുടുങ്ങിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായി ദൗത്യസംഘത്തെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

മ്യാൻമാറിലും തായ്‌ലൻഡിലുമുണ്ടായ ഭൂചലനത്തിൽ രാജ്യങ്ങൾക്ക് സഹായവും പിന്തുണവും വാദ്​ഗാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. മ്യാൻമാറിലേയും തായ്‌ലന്റിലെയും സർക്കാർ അധികൃതരുമായി ബന്ധപ്പെടാൻ വിദേശകാര്യമന്ത്രാലയത്തിന് നിർദ്ദേശം നൽകിയെന്നും മോദി പറഞ്ഞു.

 

ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമ ബത്ത കേന്ദ്ര സർക്കാർ ഉയർത്തി. 53% ൽ നിന്ന് 55 ശതമാനമായാണ് ഡിഎ വർധിപ്പിച്ചത്. 48.66 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും, 66.55 ലക്ഷം വരുന്ന കേന്ദ്ര സർവീസ് പെൻഷൻകാർക്കും വർധനവിൻ്റെ ഗുണം ലഭിച്ചു. 2025 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് 2 ശതമാനം ഡിഎ വർധന നടപ്പാക്കുന്നത്.

 

ബംഗ്ലാദേശും ചൈനയും ഒന്‍പത് സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചതായി ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസിന്റെ മാധ്യമ വിഭാഗം. ആരോഗ്യം, കായികം, സാംസ്‌കാരികം, സഹകരണം തുടങ്ങി ഒന്‍പത് മേഖലകളിലെ കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പു വച്ചത്.

 

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രചണ്ഡ് ലഘു യുദ്ധ ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള ഇടപാടിന് അംഗീകാരം. എച്ച്.എ.എല്ലില്‍(ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്‌) നിന്ന് കരസേനയ്ക്കും വ്യോമസേനയ്ക്കുമായി 156 പ്രചണ്ഡ് ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള ഇടപാടിനാണ് അംഗീകാരം. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയാണ് ഹെലികോപ്റ്റര്‍ ഇടപാടിന് അന്തിമ അനുമതി നല്‍കിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *