night news 5

പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിച്ചുകൊണ്ട് 1964 ലെ ഭൂപതിവു ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിലവിലെ ചട്ടമനുസരിച്ച് പട്ടയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍  കഴിയില്ല. കാര്‍ഷിക, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കു മാത്രമേ സര്‍ക്കാര്‍ ഭൂമിയുടെ പട്ടയം നല്‍കാന്‍ കഴിയൂ. ഖനനം ഉള്‍പ്പടെ  പ്രവര്‍ത്തങ്ങള്‍ക്ക് അനുമതി നല്‍കാനാണ് നിയേഭേദഗതി വരുത്തുന്നത്. നിലവിലുള്ള വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പട്ടയം റദ്ദാക്കാന്‍ ചട്ടത്തില്‍ വ്യവസ്ഥ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.

സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസി തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തുടര്‍ വാദത്തിനായി ഹൈക്കോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി. ഹര്‍ജി നിലനില്‍ക്കുമോ എന്നാണ് ആദ്യം പരിശോധിക്കുന്നത്. ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഗവര്‍ണര്‍ നിലപാടെടുത്തിരുന്നു. മറ്റെതങ്കിലും സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് അധിക ചുമതല നല്‍കുകയോ പ്രോ വൈസ് ചാന്‍സലര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കുകയോയാണു വേണ്ടതെന്നാണു സര്‍ക്കാര്‍ വാദം.

ഫിഷറീസ് സര്‍വകലാശാല (കുഫോസ്) ആക്ടിംഗ് വൈസ് ചാന്‍സലറായി  ഡോ. എം റോസലിന്‍ഡ് ജോര്‍ജിനെ ഗവര്‍ണര്‍ നിയമിച്ചു. കോടതി നിയമനം റദ്ദാക്കിയ വിസി ഡോ. റിജി ജോണിന്റെ ഭാര്യയാണ് റോസിലിന്‍ഡ് ജോര്‍ജ്. ഫിഷറീസ് സര്‍വകലാശാലയിലെ ഫിഷറീസ് ഫാക്കല്‍റ്റി ഡീനും ഏറ്റവും മുതിര്‍ന്ന പ്രൊഫസറുമാണ്.

ശശി തരൂര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. വെള്ളിയാഴ്ച താരിഖ് അന്‍വര്‍ കേരളത്തിലേക്കെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തരൂരിനെതിരെ പരാതിയൊന്നും കിട്ടിയിട്ടില്ല. കെപിസിസി തന്നെ പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ടയില്‍ ശശി തരൂരിനു സെമിനാര്‍ ഒരുക്കി കോണ്‍ഗ്രസ് നയരൂപീകരണ സമിതി. ഡിസംബര്‍ നാലിന് അടൂരില്‍ ‘ യങ് ഇന്ത്യ എംപവര്‍മെന്റ്’ എന്ന വിഷയത്തിലാണു സെമിനാറെന്ന് കോണ്‍ഗ്രസ് നയരൂപീകരണ സമിതി സംസ്ഥാന അധ്യക്ഷന്‍ ജെ എസ് അടൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.

കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് ശശി തരൂരിനെ പങ്കെടുപ്പിച്ചു സെമിനാര്‍ നടത്തുന്നതിനെതിരേ കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ തീരുമാനം തങ്ങളെ അറിയിച്ചിട്ടില്ലെന്നാണു നാട്ടകം സുരേഷിന്റെ പരാതി. യൂത്ത് കോണ്‍ഗ്രസിന്റെ നടപടിക്കെതിരേ ചിലര്‍ പരാതി തന്നിട്ടുണ്ട്. ഇതു മേല്‍ഘടകത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതു വിവാദമാക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്ന് ശശി തരൂര്‍. ക്ഷണിക്കുന്ന പരിപാടികളില്‍ ഇനിയും പങ്കെടുക്കും. ആരെയും ആക്ഷേപിച്ചിട്ടില്ല. താന്‍ ഒരു ഗ്രൂപ്പിലും ഇല്ല. നേതാക്കള്‍ കാണണമെന്ന് ആവശ്യപ്പെട്ടല്‍ കാണും. മന്നം ജയന്തിക്കു ക്ഷണിച്ചത് അംഗീകാരമാണെന്നും ആ പരിപാടിക്കു പോയാല്‍ ആര്‍ക്കാണ് ദോഷമെന്നും അദ്ദേഹം ചോദിച്ചു. 2024 ല്‍ മല്‍സരിക്കുമോയെന്ന ചോദ്യത്തിനു പാര്‍ട്ടി  തീരുമാനിക്കുമെന്നു മറുപടി നല്‍കി. ബലൂണ്‍ പൊട്ടിക്കാന്‍ പ്രതിപക്ഷ നേതാവിന്റെ കയ്യില്‍ സൂചിയുണ്ടോയെന്ന് ശശി തരൂര്‍ ചോദിച്ചു. കണ്ണൂര്‍ ജില്ലയിലെ രണ്ടു പരിപാടികളില്‍ ശശി തരൂരിന് ആവേശകരമായ സ്വീകരണമാണു ലഭിച്ചത്.

കോണ്‍ഗ്രസിന്റെ ഈ പോക്ക് അപകടകരമെന്ന് മുന്‍ കെപിസിസി അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍. വ്യക്തി അധിഷ്ഠിതമായ രാഷ്ട്രീയമല്ല വേണ്ടത്. മോദിക്കെതിരെയാണ് പോരാട്ടം നടത്തേണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

പൊലീസിനും എക്‌സൈസിനും വിരലടയാള ബ്യൂറോയ്ക്കുമായി 130 വാഹനങ്ങള്‍ വാങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചു.  പൊലിസ് സ്റ്റേഷനുകള്‍ക്കായി എട്ടു കോടി 26 ലക്ഷം രൂപയ്ക്ക് 98 മഹീന്ദ്ര ബൊലേറോ വാഹനങ്ങളാണ് വാങ്ങുക. ഫിംഗര്‍പ്രിന്റ് ബ്യൂറോക്ക് മഹീന്ദ്ര ബൊലേറോ വാഹനങ്ങള്‍ വാങ്ങാന്‍ ഒരു കോടി 87 ലക്ഷം രൂപ അനുവദിച്ചു. എക്‌സൈസിന് 23 മഹീന്ദ്ര നിയോ വാഹനങ്ങള്‍ വാങ്ങാന്‍ രണ്ടു കോടി 13 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

കര്‍ഷകരെ പട്ടിണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്ന നയം സംസ്ഥാന സര്‍ക്കാര്‍ തിരുത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ സി വിജയന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആഭ്യന്തര വകുപ്പ് സെക്രട്ടറി വി വേണുവിന് ജലവിഭവ വകുപ്പിന്റെ അധിക ചുമതല. ലേബര്‍ കമ്മീഷണറായ കെ. വാസുകിക്ക് ലോക കേരള സഭയുടെ ചുമതല കൂടി നല്‍കി. ടി.വി അനുപമയെ ലാന്റ് റവന്യൂ കമ്മീഷണറാക്കി. ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി പുനീത് കുമാറിന് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മുഴുവന്‍ ചുമതലയും അധികമായി നല്‍കി. വീണ മാധവനെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഡയറക്ടറായും ഡോ എസ് കാര്‍ത്തികേയനെ സംസ്ഥാന ജിഎസ്ടി കമ്മീഷണറായും നിയമിച്ചു. ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ്‌ജ്യോതി നാഥ് കോസ്റ്റല്‍ ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പിന്റെ ചുമതലയും കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍  മാനേജിങ് ഡയറക്ടര്‍ സ്ഥാനവും നല്‍കി.

സുപ്രിം കോടതിയില്‍ സംസ്ഥാനത്തിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പുനര്‍നിയമനം നല്‍കി. സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍മാരായ സി.കെ. ശശി, നിഷെ രാജന്‍ ഷോങ്കര്‍ എന്നിവരെയാണ് മൂന്നു വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കിയത്.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ ചെയര്‍പേഴ്‌സണായി മുന്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിനെയും അംഗമായി ബി പ്രദീപിനെയും നിയമിക്കും. വി തുളസീദാസിന് ശബരിമല വിമാനത്താവളം സ്‌പെഷ്യല്‍ ഓഫീസറായി പുനര്‍ നിയമനം നല്‍കും.

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ചുകൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യക്കുറ്റം ചുമത്തണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശ്രീറാം വെങ്കിട്ടരാമനെിരായ കൊലക്കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ശ്രീറാം മദ്യപിച്ചു വാഹനമോടിച്ചെന്നു തെളിയിക്കാന്‍  കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കീഴ്‌ക്കോടതി കൊലക്കുറ്റം ഒഴിവാക്കിയത്.

കേരളത്തില്‍ അഞ്ചാംപനി പടരുന്നു. കേരളം ഉള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങളില്‍ രോഗവ്യാപനം പഠിക്കാന്‍ കേന്ദ്ര സംഘത്തെ നിയോഗിച്ചു. കേരളത്തില്‍ മലപ്പുറത്താണ് സംഘം സന്ദര്‍ശനം നടത്തുക.

സെക്രട്ടറിയേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ മുന്‍ സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ അറസ്റ്റില്‍. മലയന്‍കീഴ് സ്വദേശി ഷൈജിന്‍ ബ്രിട്ടോയാണ് ബാലരാമപുരം പൊലീസിന്റെ പിടിയിലായത്. രാമപുരം സ്വദേശിയുടെ പക്കല്‍ നിന്ന് 81 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.

നിയമന ശുപാര്‍ശ കത്ത് കേസില്‍ ഓംബുഡ്‌സ്മാന്റെ അന്വേഷണം വേണ്ടെന്ന് തിരുവനന്തപുരം നഗരസഭ. ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാലും പോലീസിലെ ക്രൈംബ്രാഞ്ചും വിജിലന്‍സും അന്വേഷണം നടത്തുന്നതിനാലും ഓംബുഡ്‌സ്മാന്റെ അന്വേഷണം വേണ്ടെന്നാണ് ഓംബുഡ്‌സ്മാന്‍ അയച്ച നോട്ടീസി തിരുവനന്തപുരം നഗരസഭാ സെക്രട്ടറി മറുപടി നല്‍കിയത്.

എറണാകുളം സബ് കോടതിയില്‍ കവര്‍ച്ചാകേസ് പ്രതി ആത്മഹത്യക്കു ശ്രമിച്ചു. എണാകുളം സ്വദേശി തന്‍സീറാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വേങ്ങരയില്‍ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹപ്രവര്‍ത്തകനായ അധ്യാപകനെ അറസ്റ്റു ചെയ്തു. കോഴിക്കോട് പയ്യോളി സ്വദേശി രാംദാസിനെ (44) ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. വേങ്ങര ഗേള്‍സ് സ്‌കൂള്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ചുമതലയുള്ള അധ്യാപകനാണ്. മരിച്ച അധ്യാപികയുമായി അടുത്ത ബന്ധമുണ്ടായിരുന്നു.

ഭാര്യ ആത്മഹത്യചെയ്തതിന് എക്സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കഴിഞ്ഞ മാസം 15 നാണ് മലപ്പുറം ചെമ്മങ്കടവിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കൊല്ലം ചാവറ സ്വദേശി ജിന്‍സി തൂങ്ങി മരിച്ച സംഭവത്തില്‍ പ്രേരണ കുറ്റം ചുമത്തി ഭര്‍ത്താവ് അലക്‌സ് അലോഷ്യസിനെയാണ് അറസ്റ്റു ചെയ്തു.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ഫെബ്രുവരിയില്‍ വതരിപ്പിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ജനപ്രിയമാക്കാന്‍ സാധ്യത. ഗ്രാമീണ വികസനവും തൊഴിലവസരങ്ങളും ഭവന നിര്‍മ്മാണങ്ങളും മെച്ചപ്പെടുത്തുന്ന നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണു സൂചനകള്‍. ബജറ്റ് തയാറാക്കുന്നതിനു മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ വിവിധ മേഖലകളിലുള്ള വിദഗ്ധരുമായി കൂടിയാലോചനകള്‍ ആരംഭിച്ചിട്ടുണ്ട്.

മംഗളുരു സ്‌ഫോടന കേസ് പ്രതികള്‍ക്കു കേരള ബന്ധമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. ഗൂഢാലോചന നടത്തിയത് കേരളത്തിലെ കൊച്ചിയിലും തമിഴ്‌നാട്ടിലെ മധുരയിലുമാണ് ആസൂത്രണം ചെയ്തതെന്ന് കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് വ്യക്തമാക്കി. പ്രതികളുടെ തീവ്രവാദ ബന്ധം സംബന്ധിച്ച് കേരളത്തിലേക്കും എസ്‌ഐടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. എന്‍ഐഎയും വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷണറായി അരുണ്‍ ഗോയലിനെ നിയമിച്ചതിന്റെ ഫയലുകള്‍ ഹാജരാക്കണമെന്നു സുപ്രീം കോടതി. നിയമന പ്രക്രിയ എങ്ങനെയെന്ന് മനസിലാക്കാനാണ് ഇതെന്ന് കോടതി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിം കോടതിയുടെ പരിഗണനയിലുള്ളപ്പോഴാണ് നിയമനം.

പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തമിഴ്‌നാട് ബിജെപി ഭാരവാഹിയും നടിയുമായ ഗായത്രി രഘുറാമിനെ ആറുമാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തു. ഒബിസി വിഭാഗം നേതാവ്  സൂര്യ ശിവക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചു.

ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ വീട്ടില്‍ നാത്തൂന്‍പോര്. ജഡേജയുടെ ഭാര്യ റിവാബ ജഡേജ, ജാംനഗര്‍ നോര്‍ത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാണ്. സഹോദരി നയ്‌നാബ കോണ്‍ഗ്രസിന്റെ പ്രചാരണ ചുമതലക്കാരിയാണ്. കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ അരയും തലയും മുറുക്കിയാണ് നയ്‌നാബ രംഗത്തുള്ളത്.

വനമേഖലയില്‍ യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുത്തി ഇരുവരുടേയും ശരീരത്തില്‍ സൂപ്പര്‍ ഗ്‌ളൂ ഒഴിച്ച് ഒട്ടിച്ച് തലയറുത്തും കുത്തിയും കൊലപ്പെടുത്തി. സംഭവത്തില്‍ 55 കാരനായ വ്യാജസിദ്ധന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ഉദയ്പൂരിലെ കേലബവാടി വനപ്രദേശത്താണ് സംഭവമുണ്ടായത്. അധ്യാപകനും വിവാഹിതനുമായ രാഹുല്‍ മീണ (30), സോനു കന്‍വര്‍ (28) എന്നിവരാണ് മരിച്ചത്. സിദ്ധനായ ഭലേഷ് കുമാറാണ് അറസ്റ്റിലായത്.  രാഹുല്‍ വീട്ടില്‍ വഴക്കുപതിവാക്കിയതോടെ ഭാര്യ സിദ്ധനെ സമീപിക്കുകയായിരുന്നു. സിദ്ധന്‍ രാഹുലിന്റേയും സോനുവിന്റേയും വിശ്വാസം നേടിയെടുത്ത് കൊലപാതകം നടത്തുകയായിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *