കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി. 50 വയസു കഴിഞ്ഞവര്‍ക്കും 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്കും വിരമിക്കാം. വിആര്‍എസ് നല്‍കാനുള്ള 7500 പേരുടെ പട്ടികയും തയാര്‍. ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ 1100 കോടി രൂപ വേണ്ടി വരും. ശമ്പള ചെലവ് 50 ശതമാനം കുറയ്ക്കാനാണ് നീക്കം. 26,000 ത്തോളം ജീവനക്കാരുള്ള കെഎസ്ആര്‍ടിസിയില്‍ പതിനയ്യായിരം ജീവനക്കാര്‍ മതിയെന്നാണ് ധനവകുപ്പിന്റെ നിര്‍ദേശം. വിആര്‍എസ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
പൊതുജനങ്ങളുടെ പണം കട്ടെടുത്തോ, കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാരും കരുതേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂരിപക്ഷം ജീവനക്കാരും അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്നവരാണ്. എന്നാല്‍ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഏതെങ്കിലും തരത്തില്‍ ലാഭമുണ്ടാക്കാമെന്ന ചിന്ത ചിലര്‍ക്കുണ്ട്. അവരെ സര്‍ക്കാര്‍ വെറുതേ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുത്തില്ലെങ്കില്‍ തൊഴിലുണ്ടാകില്ലെന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു മേലധികാരികളുടെ ഭീഷണി നിര്‍ദേശം. മയ്യില്‍ ഗ്രാമ പഞ്ചായത്തിലെ തൊഴിലാളികള്‍ക്കു ലഭിച്ച ഭീഷണി വാട്‌സ്ആപ് സന്ദേശം പുറത്തായി. ആരേയും ഭീഷണിപ്പെടുത്തേണ്ടതില്ലെന്നും മാര്‍ച്ചില്‍ ധാരാളം പേര്‍ എത്തുന്നുണ്ടെന്നും എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു.
ദേശീയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ കെഎസ്ആര്‍ടിസി വരുത്തിയ കുടിശ്ശികയായ 251 കോടി രൂപ ആറു മാസത്തിനകം അടച്ചു തീര്‍ക്കണമെന്ന് ഹൈക്കോടതി. ഒമ്പതിനായിരം ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് പിടിച്ച തുക വക മാറ്റിയ കോര്‍പ്പറേഷന്‍ നടപടിക്കെതിരെ ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം തട്ടിയെടുത്ത സംഭവത്തില്‍ പരിശോധന ആവശ്യപ്പെട്ടത് മുഖ്യമന്ത്രി തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കോണ്‍ഗ്രസ് നേതാക്കളായ വി.ഡി സതീശനും അടൂര്‍ പ്രകാശും ഒപ്പിട്ടു നല്‍കിയ ശുപാര്‍ശകളിലും തട്ടിപ്പുണ്ട്. എല്ലാം പുറത്തുവരട്ടെയെന്നും ഗോവിന്ദന്‍ പറഞ്ഞു. ദുരിതാശ്വാസ നിധി സിപിഎമ്മുകാര്‍ ചോര്‍ത്തിയെന്നാണല്ലോ ആരോപണം. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നത് കോണ്‍ഗ്രസ് നേതാക്കളുടെ പേരല്ലേയെന്നും അദ്ദേഹം ചോദിച്ചു.
കിഫ്ബി എടുത്ത വായ്പയില്‍ തിരിച്ചടച്ച തുക സംസ്ഥാനത്തിന്റെ വായ്പാ കണക്കില്‍നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രം അനുവദിച്ചാല്‍ സംസ്ഥാനത്തിന് ഈ വര്‍ഷം രണ്ടായിരം കോടി രൂപകൂടി കടമെടുക്കാന്‍ കഴിയുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലന്‍.
കെപിസിസി നേതൃത്വം കൂടിയാലോചനയില്ലാതെയാണു തീരുമാനങ്ങളെടുക്കുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി റായ്പൂരിലെ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍. പുതിയ കെപിസിസി അംഗങ്ങളെ തീരുമാനിച്ചത് വര്‍ക്കിംഗ് പ്രസിഡന്റായ താന്‍ പോലും അറിഞ്ഞില്ല. കെ സുധാകരനും വിഡി സതീശനും എതിരായ പരാതികള്‍ പരിശോധിക്കണം. പ്ലീനറിക്ക് ശേഷം കേരളത്തിലെ പ്രശ്‌നങ്ങളില്‍ പരിഹാരം കാണണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു.
കോഴിക്കോടുനിന്നു ദമാമിലേക്കു പറന്നുയര്‍ന്ന കരിപ്പൂര്‍ – ദമാം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് തകരാര്‍മൂലം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കേണ്ടിവന്ന സംഭവത്തില്‍ പൈലറ്റിന് സസ്‌പെന്‍ഷന്‍. ടേക്ക് ഓഫിനിടെ പിന്‍ചിറക് നിലത്ത് ഉരസിയുണ്ടായ അപകടത്തിനു കാരണം വിമാനത്തിന്റെ ഭാര നിര്‍ണ്ണയത്തില്‍ പൈലറ്റിനുണ്ടായ പിഴവാണെന്നാണു റിപ്പോര്‍ട്ട്.
മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമത്തിലെ സ്ത്രീ വിവേചന വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം വനിത കൂട്ടായ്മ. കേസ് ജൂലൈയില്‍ പരിഗണിക്കുമ്പോള്‍ പിതാവിന്റെ സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യ അവകാശം വേണമെന്ന നിലപാട് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.
ആലപ്പുഴയില്‍ ഒരു ആഡംബര റിസോര്‍ട്ട് കൂടി പൊളിച്ചുനീക്കുന്നു. കായല്‍ കൈയ്യേറിയും തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ചും പണിതുയര്‍ത്തിയ ചേര്‍ത്തല കോടം തുരുത്തിലെ എമറാള്‍ഡ് പ്രിസ്റ്റീനാണ് പൊളിക്കുന്നത്. ഉളവൈപ്പ് കായലിനു നടുവില്‍ ഒഴുകി നടക്കുന്ന കോട്ടേജുകള്‍ അടക്കുള്ള എല്ലാ കെട്ടിടങ്ങളും ഒരു മാസത്തിനകം പൊളിക്കണമന്ന് ആവശ്യപ്പെട്ട് ഉടമകള്‍ക്ക് നോട്ടീസ് നല്‍കി.
കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തനിക്കെതിരേ സമരത്തിനിറങ്ങിയതു മയക്കുമരുന്ന് വില്‍പന തടയാന്‍ ശ്രമിച്ചതിനാണെന്നു പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ട അധ്യാപിക രമ. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അരുതാത്ത പലതും നടക്കുന്നു. ഇതു ചോദ്യം ചെയ്തതിനാണ് എസ്എഫ്‌ഐ സമരം നടത്തിയതെന്നും രമ വിശദീകരിച്ചു.
കോഴിക്കോട് നാഷണല്‍ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണത്തിന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. ഇതു സംബന്ധിച്ച ശുപാര്‍ശ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ നല്‍കി. ചികിത്സാ രേഖകളില്‍ തിരിമറി നടത്തിയെന്ന പരാതി അന്വേഷിക്കാന്‍ ഫൊറന്‍സിക് പരിശോധനയും നടത്തും.
കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ബഷീറിനെ കാണാതായി. ഫോണ്‍ ഉള്‍പ്പെടെ ക്വാര്‍ട്ടേഴ്‌സില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അമിത ജോലി ഭാരവും തൊഴില്‍ സമ്മര്‍ദ്ദവും കാരണം കടുത്ത മനോവിഷമത്തിലായിരുന്നു ബഷീറെന്ന് സഹപ്രവര്‍ത്തകര്‍.
ഒറ്റപ്പാലം വാണിയംകുളത്ത് ഡിവൈഎഫ്‌ഐ നേതാവിനെ കുത്തിക്കൊന്നു. പനയൂര്‍ മിനിപ്പടി സ്വദേശി ശ്രീജിത്ത് (27) ആണു കൊല്ലപ്പെട്ടത്. അയല്‍വീട്ടില്‍ മദ്യപിച്ചു വഴക്കുണ്ടാക്കുന്ന ജയദേവനോടു സംസാരിക്കുന്നതിനിടെയാണ് കുത്തേറ്റത്. കൂടെയുണ്ടായിരുന്ന നാലു പേര്‍ക്കും കുത്തേറ്റു. ജയദേവനെ അറസ്റ്റു ചെയ്തു.
മുറ്റത്തെ ചവറുകള്‍ക്കു തീയിട്ടതിനിടെ ആളിപ്പടര്‍ന്നു പൊള്ളലേറ്റ വയോധികന്‍ മരിച്ചു. വര്‍ക്കല പുന്നമൂട് വാച്ചര്‍മുക്ക് രശ്മിയില്‍ വിക്രമന്‍നായരാണ് (74) മരിച്ചത്. തീയണയ്ക്കാന്‍ എത്തിയ അഗ്നിശമനസേനാംഗങ്ങള്‍ക്കിടയില്‍ മകന്‍ വിഷ്ണവും ഉണ്ടായിരുന്നു.
പാലക്കാട് പാടൂര്‍ വേലക്കിടെ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞതുമൂലം പരിഭ്രാന്തി. ആനപ്പന്തലില്‍ നിരന്നതിനു പിറകേ, പിന്നിലുണ്ടായിരുന്ന ആന ചിന്നംവിളിച്ചതോടെ പരിഭ്രാന്തനായ ആന മുന്നോട്ട് ഓടുകയായിരുന്നു. എലിഫന്റ് സ്‌ക്വാഡും പാപ്പാന്മാരും ആനയെ തളച്ചു. ഒന്നാം പാപ്പാന്‍ നെന്മാറ കരിമ്പാറ സ്വദേശി രാമന്(63) ആനക്കിടയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റു.
അമ്പലപ്പുഴയില്‍ ഉത്സവത്തിനിടെ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് സ്വദേശി സലിം കുമാറിന്റെ മകന്‍ അതുലാ (26)ണ് മരിച്ചത്.
കാറില്‍ ഒന്നിലധികം തവണ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചയാള്‍ക്കെതിരേ പൊലീസ് കേസെടുക്കുന്നില്ലെന്ന പരാതിയുമായി യുവതി. അപകടത്തില്‍ പരിക്കേറ്റ പയ്യന്നൂര്‍ സ്വദേശി ഷിഫാന പരിക്കേറ്റ് ചികിത്സയിലാണ്. എന്നാല്‍ വാഹനം ഇടിപ്പിച്ച സുറൂര്‍ റഹ്‌മാന്‍ നല്‍കിയ പരാതിയില്‍ ഷിഫാനയുടെ ഭര്‍ത്താവിനെതിരേ ചന്തേര പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.
പ്രതിപക്ഷ സഖ്യത്തിനുള്ള നിര്‍ണായക രാഷ്ട്രീയപ്രമേയം കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ ഇന്ന് അവതരിപ്പിക്കും. വരാനിരിക്കുന്ന നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ സഖ്യമുണ്ടാക്കണമെന്ന നിര്‍ദ്ദേശമാണു ചര്‍ച്ച ചെയ്യുന്നത്. ഇതിന് പുറമെ, സാമ്പത്തികം, വിദേശകാര്യ വിഷയങ്ങളിലും പ്രമേയങ്ങള്‍ അവതരിപ്പിക്കും.
നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷവുമായി അധികാരത്തില്‍ വരുമെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ. നരേന്ദ്ര മോദിയുടെ ജനപിന്തുണ വര്‍ധിക്കുന്നതില്‍ പ്രതിപക്ഷത്തിന് അസ്വസ്ഥതയാണെന്നും ബിജെപി ഒറ്റയ്ക്ക് വന്‍ ഭൂരിപക്ഷം നേടുമെന്നും അമിത് ഷാ അവകാശപ്പെട്ടു.
ഉത്തര്‍പ്രദേശില്‍ 2005 ല്‍ ബിഎസ്പി എംഎല്‍എയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷി ഉമേഷ് പാലിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെടിവച്ചുകൊന്നു. രണ്ട് അംഗരക്ഷകര്‍ക്കു പരിക്കേറ്റു. പ്രയാഗ് രാജില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനു പിറകേ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന്റെ തകര്‍ച്ച തുടങ്ങി ഒരു മാസമാകുന്ന ഇന്നുവരെ അദാനി ഗൂപ്പ് നേരിട്ടത് 12 ലക്ഷം കോടി രൂപയുടെ തകര്‍ച്ച. ഒരു മാസം കൊണ്ട് ലോക ധനികരുടെ പട്ടികയില്‍ ആദ്യ മൂന്നില്‍ നിന്ന് 27 ാം സ്ഥാനത്തേക്കാണ് അദാനി വീണത്.
യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രസിഡന്റ് ഷി ജിന്‍ പിംഗുമായി കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹമുണ്ടെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ സെലന്‍സ്‌കി. ചൈന ഇടപെട്ടാല്‍ ഒരു വര്‍ഷം നീണ്ട യുദ്ധം അവസാനിപ്പിക്കാനാകുമെന്ന പ്രതിക്ഷയിലാണ് സെലന്‍സ്‌കി.