ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രിയാകുന്നു. സജി ചെറിയാന്റെ സത്യപ്രതിജ്ഞ ജനുവരി നാലിന് ബുധനാഴ്ച നടക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ തീരുമാനിച്ചത്. സജി ചെറിയാനെതിരേ കോടതി നിര്‍ദേശപ്രകാരം എടുത്ത കേസ് പോലീസ് തെളിവില്ലെന്നു റിപ്പോര്‍ട്ടു നല്‍കി തള്ളിയിരുന്നു.
വാഹനാപകടക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ മൂന്നു മാസത്തിനകം എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക യൂണിറ്റ് രൂപീകരിക്കണമെന്നു സുപ്രീംകോടതി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. വാഹനാപകട കേസുകളുടെ എഫ്ഐആര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്ത് പ്രഥമ അപകട റിപ്പോര്‍ട്ട് 48 മണിക്കൂറിനകം നഷ്ടപരിഹാര ട്രിബ്യൂണലിനു കൈമാറണം. വാഹനാപകടക്കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ പോലീസ് സ്‌റ്റേഷനുകള്‍ വേണമെന്നും സുപ്രീം കോടതി.
ശബരിമല വിമാനത്താവളത്തിന് 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. എരുമേലി സൗത്തിലും മണിമലയിലുമായാണ് ഭൂമി ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിനുപുറമേ 307 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും. 3500 മീറ്റര്‍ നീളമുള്ള റണ്‍വെ അടക്കമുള്ള മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചിട്ടുണ്ട്.
അന്ധവിശ്വാസവും അനാചാരങ്ങളും നേരിടുന്ന കാര്യത്തില്‍ ശ്രീ നാരായണ ഗുരു മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരു അവസാനിപ്പിക്കാന്‍ ശ്രമിച്ച ദുരാചാരങ്ങളെ മടക്കിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. അന്ധവിശ്വാസം മനുഷ്യനെ ക്രിമിനലാക്കി മാറ്റുന്നുവെന്നത് ആന്തൂര്‍ നരബലിയില്‍ കാണാം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്താന്‍ ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രി പറഞ്ഞു
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി ശ്യാംലാല്‍ കസ്റ്റഡിയില്‍. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്യുന്നതിനായി ടൈറ്റാനിയത്തില്‍ എത്തിച്ചത് ശ്യാംലാലാണ്. പ്രധാന ഇടനിലക്കാരി ദിവ്യ നായര്‍, ഇടനിലക്കാരന്‍ അഭിലാഷ് എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
പകല്‍ സ്ലീപ്പര്‍ ടിക്കറ്റ് നല്‍കുന്നത് റെയില്‍വേ അവസാനിപ്പിച്ചെന്നു റിപ്പോര്‍ട്ട്. മുന്‍കൂര്‍ റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്നവരുടെ സീറ്റുകള്‍ പകല്‍ സമയങ്ങളില്‍ സ്ലീപ്പര്‍ ടിക്കറ്റ് എടുത്തവര്‍ കയ്യേറുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി.
സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സി.പി.എം തീരുമാനം ജനങ്ങളെ പരിഹസിക്കലും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന സാഹചര്യം നിലനില്‍ക്കുകയാണ്. തട്ടിക്കൂട്ട് അന്വേഷണമാണ് പൊലീസ് നടത്തിയത്. സജി ചെറിയാനെ കുറ്റവിമുക്തനാക്കണമെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ അറിവോടെയാണ് അന്വേഷണം അട്ടിമറിക്കപ്പെട്ടത്. സതീശന്‍ കുറ്റപ്പെടുത്തി.
മന്ത്രിയാക്കിയാലും സജി ചെറിയാനെതിരായ കേസുമായി മുന്നോട്ടെന്ന് പരാതിക്കാരന്‍. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെടുമെന്നും പരാതിക്കാരന്‍ ബൈജു നായര്‍ പറഞ്ഞു.
കേരളത്തിലേക്ക് അതിക്രമിച്ചു കയറി പരിസ്ഥിതിലോല മേഖല അടയാളപ്പെടുത്തിയ കര്‍ണാടകയുടെ നടപടിയില്‍ സംസ്ഥാനത്തെ സ്‌പെഷല്‍ ബ്രാഞ്ച് പോലീസ് അന്വേഷണം തുടങ്ങി. കണ്ണൂര്‍ ജില്ലാ കളക്ടറുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം. അയ്യന്‍കുന്ന് പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ കര്‍ണാടക തങ്ങളുടെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
നിയമനകത്ത് വിവാദത്തില്‍ തിരുവനനന്തപുരം മേയറുടെ ഓഫീസിലെ അഞ്ച് കമ്പ്യൂട്ടര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഫോറന്‍സിക് പരിശോധനയ്ക്കു കൈമാറിയിട്ടുണ്ട്. ഡി ആര്‍ അനിലിന്റെ മൊബൈലും ക്രൈംബ്രാഞ്ച് ഫോറന്‍സിക് പരിശോധനക്കു നല്‍കി. കത്തിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ഡി ആര്‍ അനില്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയത്.
കൊറിയന്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു. പീഡനത്തിനു തെളിവില്ലെന്നു മാത്രമല്ല, മാനസിക അസ്വാസ്ഥ്യമുള്ള യുവതി പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണു പറയുന്നതെന്നും പോലീസ്. യുവതിയെ കൊറിയന്‍ എംബസി ഉദ്യോഗസ്ഥര്‍ ചെന്നൈക്ക് കൊണ്ടുപോയി.
ആത്മഹത്യ ഭീഷണി മുഴക്കി മൊബൈല്‍ ടവറിന് മുകളില്‍ കയറിയ യുവാവിനെ സാഹസികമായി താഴെയിറക്കി. നങ്ങ്യാര്‍കുളങ്ങര കോട്ടയ്ക്കകം കറുകത്തറയില്‍ ജാന്‍സനാണ് 120 അടേ ഉയരമുള്ള മൊബൈല്‍ ടവറിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
വാകേരിയില്‍ അവശനിലയില്‍ കണ്ട കടുവ ചത്തു. എസ്റ്റേറ്റിനുള്ളിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ആറു വയസുള്ള പെണ്‍കടുവയുടെ വലതു കാലിന് പരിക്കേറ്റിരുന്നു.
പുതുവത്സരാഘോഷങ്ങള്‍ക്ക് കോവളം തീരം ഒരുങ്ങി. അര്‍ധരാത്രിയോടെ മാനത്ത് പൂത്തിരികള്‍ വിരിയിക്കുന്ന വെടിക്കെട്ടും ഉണ്ടാകും. രാത്രി പന്ത്രണ്ടരയോടെ എല്ലാവരും തീരം വിടണമെന്നാണ് പൊലീസിന്റെ കര്‍ശന നിര്‍ദ്ദേശം.
കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട ഗുലാം നബി ആസാദ് മടങ്ങിവരുമെന്നത് അഭ്യൂഹം മാത്രമാണെന്ന് എഐസിസിയും ഗുലാം നബി ആസാദും. പ്രതിപക്ഷ ഐക്യത്തിന്റെ പേരില്‍ ജോഡോ യാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് എഐസിസി വ്യക്തമാക്കി.
എല്ലാ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും കെവൈസി നിര്‍ബന്ധമാക്കുന്നു. നാളെ മുതല്‍ വാഹന, ആരോഗ്യ, ട്രാവല്‍, ഹോം ഇന്‍ഷുറന്‍സ് പോളിസികള്‍ക്കെല്ലാം പുതിയ നിബന്ധന ബാധകമാകും.
തമിഴ്നാട് ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനും മുന്‍ എംപിയുമായ ഡോ. ഡി. മസ്താന്റെ (66) മരണം കൊലപാതകമെന്ന് പൊലീസ്. കടമായി നല്‍കിയ പണം തിരികെ ചോദിച്ചതാണ് കൊലക്കു കാരണം. ബന്ധുവായ കാര്‍ ഡ്രൈവര്‍ ഇമ്രാന്‍ അടക്കം നാലു പേര്‍ അറസ്റ്റിലായി. മസ്താന്റെ മകന്‍ ഷാനവാസ് നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.