യുക്രൈന്റെ മണ്ണിൽ കാട്ടിക്കൂട്ടിയ എല്ലാ ക്രൂരതകൾക്കും റഷ്യയെക്കൊണ്ട് ഉത്തരം പറയിക്കുമെന്നാണ് വ്ലാദിമിർ സെലൻസ്കി ഇന്നലെ രാജ്യത്തോടായി നടത്തിയ അഭിസംബോധനയിൽ പറഞ്ഞത്. യുദ്ധം യുക്രൈന്റെ ഹൃദയത്തിലും ആത്മാവിലും ആഴത്തിലുള്ള മുറിവേൽപ്പിച്ചതായി സെലൻസ്കി പറഞ്ഞു.
റഷ്യ യുക്രൈൻ യുദ്ധത്തിന് ഇന്ന് ഒരു വർഷം . ഈ ഒരു വർഷത്തിനിടെ യുക്രൈനിലേക്ക് ഒഴുകിയത് അത്യന്താധുനിക ആയുധങ്ങളുടെ വൻ ശേഖരമാണ്. റഷ്യയുടെ ആക്രമണത്തോട്പിടിച്ചുനിൽക്കാൻ യുക്രൈന് കഴിയുന്നതിന്റെ ഒരു പ്രധാന കാരണവും അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും എത്തിച്ചുനൽകിയ ആയുധങ്ങളാണ്. പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും ആവർത്തിക്കുമ്പോൾ യുദ്ധം ഇനിയും നീളാൻ തന്നെയാണ് സാധ്യത. ഏതൊരു യുദ്ധത്തിലും എന്ന പോലെ നിരപരാധികളായ ലക്ഷക്കണക്കിന് മനുഷ്യരുടെ തോരാക്കണ്ണീരാണ് യുക്രൈൻ യുദ്ധത്തിന്റെയും ബാക്കിപത്രം. മരിയ്ക്കുകയും പരിക്കേൽക്കുകയും ചെയ്ത റഷ്യൻ സൈനികരുടെ എണ്ണം രണ്ടു ലക്ഷം വരുമെന്നാണ് യുദ്ധമേഖലയെ നിരീക്ഷിക്കുന്നവരുടെ കണക്ക്. യുക്രെയ്നിലാകട്ടെ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം മാത്രം എണ്ണായിരം വരുമെന്ന് കണക്കുകൾ.