ട്യൂണ്‍ മൂളിക്കൊടുത്താല്‍, പാട്ട് കണ്ടെത്തുന്ന പുതിയ ഫീച്ചറുമായി എത്തുകയാണ് യൂട്യൂബ്. ആപ്പിളിന്റെ മ്യൂസിക് റെക്കഗ്‌നിഷന്‍ ആപ്പായ ഷാസാമിലെ ഫീച്ചറിന് സമാനമായ സവിശേഷതയാണ് യൂട്യൂബ് അവതരിപ്പിക്കാന്‍ പോകുന്നത്. നിലവില്‍ പരീക്ഷണഘട്ടത്തിലുള്ള ഫീച്ചര്‍ വൈകാതെ യൂസര്‍മാരിലേക്ക് എത്തിയേക്കും. മൂളികൊണ്ടോ പ്ലേ ചെയ്തു കൊണ്ടിരിക്കുന്ന പാട്ട് റെക്കോഡ് ചെയ്തോ പാട്ട് കണ്ടെത്താന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കുകയാണെന്ന് യൂട്യൂബ് അറിയിച്ചുകഴിഞ്ഞു. അതേസമയം, യൂട്യൂബ് പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ എടുത്ത ചിലര്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കുന്നുണ്ട്. യൂട്യൂബിലെ വോയിസ് സെര്‍ച്ച് ബട്ടണ്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ ഉദ്ദേശിക്കുന്ന പാട്ടിന്റെ മൂന്ന് സെക്കന്റില്‍ കൂടൂതല്‍ വരുന്ന ട്യൂണ്‍ മൂളിയോ, പാട്ട് പാടിയോ, റെക്കോഡ് ചെയ്‌തോ സവിശേഷത പരീക്ഷിക്കാം. പാട്ട് കണ്ടെത്തി കഴിഞ്ഞാല്‍ യൂട്യൂബ് അതുമായി ബന്ധപ്പെട്ട ഓഫീഷ്യല്‍ മ്യൂസിക് ഉള്ളടക്കങ്ങളിലേക്കും യൂസര്‍ ജനറേറ്റഡ് വീഡിയോകളിലേക്കും ഷോര്‍ട്‌സുകളിലേക്കുമൊക്കെ യൂസര്‍മാരെ റീ ഡയറക്ട് ചെയ്യും. അതേസമയം ഒരു ക്രിയേറ്ററിന് ഒരേ സമയം ഒന്നിലധികം വീഡിയോകള്‍ അപ് ലോഡ് ചെയ്യാന്‍ കഴിയുന്ന ഫീച്ചറും യൂട്യൂബ് പരീക്ഷിക്കുന്നുണ്ട്. ഇത് ക്രിയേറ്റേര്‍സിന്റെ സമയം നഷ്ടം കുറക്കുകയും വ്യൂവേര്‍സിനെ കൂടുതല്‍ എന്‍ഗേജ് ആക്കുകയും ചെയ്യും.