വീഡിയോ കാണുമ്പോള്‍ വരുന്ന പരസ്യങ്ങള്‍ തടയാനായി പരസ്യ ബ്ലോക്കറുകര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി യൂട്യൂബ്. വെബ് ബ്രൗസറുകളില്‍ ‘ആഡ് ബ്ലോക്കര്‍ എക്സ്റ്റന്‍ഷനുകള്‍’ ഡൗണ്‍ലോഡ് ചെയ്താണ് യൂട്യൂബിലെ പരസ്യങ്ങളെ തുരത്തുന്നത്. യൂട്യൂബില്‍ മാത്രമല്ല, വെബ് സൈറ്റുകളിലെ ഗൂഗിള്‍ ആഡുകളും, പോപ്-അപ് പരസ്യങ്ങളുമൊക്കെ ആഡ് ബ്ലോക്കറുകള്‍ ഉപയോഗിച്ച് തടയാന്‍ കഴിയും. പരസ്യങ്ങളില്ലാതെ, വീഡിയോകള്‍ കാണാന്‍ പണമടച്ച് പ്രീമിയം മെമ്പര്‍ഷിപ്പ് എടുക്കാനാണ് യൂട്യൂബ് ആവശ്യപ്പെടുന്നത്. ബ്രൗസറില്‍ നിന്ന് ആഡ് ബ്ലോക്കര്‍ നീക്കിയില്ലെങ്കില്‍ വീഡിയോ കാണാന്‍ കഴിയില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ആഡ് ബ്ലോക്കര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ബ്രൗസറില്‍ ഇനി മുതല്‍ യൂട്യൂബ് ഉപയോഗിക്കാന്‍ കഴിയില്ല. എന്നാല്‍, യൂട്യൂബ് അവരുടെ ബ്ലോക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആഡ് ബ്ലോക്കറുകള്‍ക്ക് പകരം മറ്റു ചില ആഡ് ബ്ലോക്കറുകള്‍ ലക്ഷക്കണക്കിന് പേരാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇന്‍സ്റ്റാള്‍ ചെയ്തത്. ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരില്‍ പലരും പരസ്യമില്ലാത്ത യൂട്യൂബ് അനുഭവത്തിനായി മൈക്രോസോഫ്റ്റിന്റെ എഡ്ജ് ബ്രൗസറിനെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. മോസില്ല ഫയര്‍ഫോക്സ് ഇന്‍സ്റ്റാള്‍ ചെയ്തവരും ഏറെയാണ്. ഈ രണ്ട് ബ്രൗസറുകളിലും പരസ്യ ബ്ലോക്കറുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വൈകാതെ, ക്രോമിന്റെ പാതയിലേക്ക് അവരും പോയേക്കുമെന്നാണ് സൂചന.