വാട്‌സ്ആപ്പില്‍ ഉപയോഗിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമാണ് മെറ്റ എ.ഐ. കൂടുതല്‍ ഫലപ്രദമായി മെറ്റ എ.ഐ ഉപയോഗിക്കാന്‍ സാധിക്കുന്ന പരീക്ഷണങ്ങളിലാണ് കമ്പനിയുളളത്. ഇതിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് ചാറ്റ്‌ബോട്ടുമായി സംസാരിക്കാന്‍ സാധിക്കുന്ന സവിശേഷത ഉടന്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഐ.ഒ.എസ് 24.16.10.70 വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പില്‍ ഉപയോക്താക്കള്‍ക്കായി മെറ്റ വോയ്സ് ചാറ്റ് മോഡ് ലഭ്യമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വോയ്സ് ചാറ്റ് മോഡ് ഡിഫോള്‍ട്ടായി വാട്‌സ്ആപ്പില്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിക്കില്ല. ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ചാറ്റ്‌ബോട്ടുമായുളള ശബ്ദ സംഭാഷണം നിര്‍ത്താനും സാധിക്കും. കൂടാതെ ഉപയോക്താക്കളുടെ ചോദ്യം കേള്‍ക്കുന്നത് മെറ്റ എ.ഐ നിര്‍ത്തിയെന്ന സ്ഥിരീകരണവും അവര്‍ക്ക് ലഭിക്കും. ഇത് സ്മാര്‍ട്ട്‌ഫോണിലെ മൈക്രോഫോണ്‍ ഉപയോഗിക്കുമ്പോള്‍ അറിയാന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു. മെറ്റ എ.ഐ ചാറ്റ്ബോട്ടില്‍ വോയ്സ് സംഭാഷണങ്ങള്‍ നല്‍കി ടെക്സ്റ്റാക്കി മാറ്റുന്ന സവിശേഷതയും വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. ബ്രീഫ്, ഫുള്‍ എന്നിങ്ങനെ രണ്ട് ഓപ്ഷനുകളില്‍ മെറ്റ എ.ഐയുമായി സംവദിക്കാനുളള ഓപ്ഷനും ലഭ്യമാക്കും. ഉപയോക്താക്കളുടെ സങ്കീര്‍ണ്ണമായ ഒരു ചോദ്യത്തിനുള്ള പ്രതികരണമോ അല്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് വിശദമായ വിവരങ്ങള്‍ ആവശ്യമുള്ളപ്പോള്‍ മെറ്റ എ.ഐയുടെ സമഗ്രവുമായ ഉത്തരങ്ങളോ നല്‍കാന്‍ സാധിക്കുന്ന ഓപ്ഷനാണ് ഫുള്‍ മോഡ്. ദൈര്‍ഘ്യമേറിയ സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കാത്ത ഉപയോക്താക്കള്‍ക്ക് അനുയോജ്യമായ രീതിയില്‍ സംക്ഷിപ്തമായും പോയിന്റുകളായും ഉത്തരങ്ങള്‍ നല്‍കാന്‍ ചാറ്റ്‌ബോട്ടിനെ അനുവദിക്കുന്നതായിരിക്കും സംക്ഷിപ്ത മോഡ്.