കൊളസ്‌ട്രോള്‍ ഏറ്റക്കുറച്ചിലുകള്‍ നേരത്തെ കണ്ടെത്തിയാല്‍ മരുന്നു കഴിക്കാതെ തന്നെ ഭക്ഷണക്രമത്തില്‍ വരുത്തുന്ന ലളിതമായ മാറ്റങ്ങളിലൂടെ ഗണ്യമായ വ്യത്യാസങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. ദൈനംദിന ഡയറ്റില്‍ അണ്ടിപ്പരിപ്പുകള്‍, പരിപ്പുവര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുന്നത് എല്‍ഡിഎല്‍ (ചീത്ത കൊളസ്‌ട്രോള്‍) കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കം. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനുള്ള ആദ്യപടി എല്‍ഡിഎല്‍ ലെവല്‍ കൂട്ടുന്ന ഭക്ഷണങ്ങള്‍ കുറയ്ക്കുക എന്നതാണ്. ദിവസവും ഉപ്പിടാത്ത നട്‌സ് (വാല്‍നട്ട്, ബദാം, പിസ്ത, കശുവണ്ടി എന്നിവ) മൂന്നിലൊന്ന് കപ്പ് കഴിക്കുക. ‘ന്യൂട്രിയന്റ്‌സ്’ എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഇവ സ്ഥിരമായി കഴിക്കുന്നത് ആകെ കൊളസ്‌ട്രോളും, ചീത്ത കൊളസ്‌ട്രോളും, ട്രൈഗ്ലിസറൈഡുകളും കുറയ്ക്കും. ബ്ലഡ് പ്രഷര്‍ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത ഇല്ലാതാക്കാനും നട്‌സുകള്‍ക്ക് കഴിയും. ദിവസേനയുള്ള പരിപ്പുപയറുവര്‍ഗങ്ങളുടെ ഉപയോഗം ആകെ കൊളസ്‌ട്രോളും എല്‍ഡിഎല്‍ കൊളസ്‌ട്രോളും ഗണ്യമായി കുറയ്ക്കുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുക. ഓട്‌സ്, ബാര്‍ലി തുടങ്ങിയ ധാന്യങ്ങള്‍ തിരഞ്ഞെടുക്കുക. വെണ്ണയ്ക്ക് പകരം ഒലിവ് ഓയിലോ മറ്റ് അണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളോ ഉപയോഗിക്കുക. ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക. പുകവലി ഒഴിവാക്കുക, മദ്യപാനം പരിമിതപ്പെടുത്തുക.
