പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് പാര്‍ട്ട് 1&2 എന്ന രണ്ട് ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമ ലോകത്ത് നിരവധി ആരാധകരെ സൃഷ്ടിച്ച നടനാണ് യാഷ്. കെജിഎഫ് സിനിമകള്‍ക്ക് ശേഷം നിരവധി ആരാധകരാണ് യാഷിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നത്. ‘യാഷ് 19’ എന്ന ടാഗ് ലൈന്‍ കൊടുത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ‘ലയേഴ്‌സ് ഡയസ്’, ‘മൂത്തോന്‍’ എന്നീ സിനിമകളുടെ സംവിധായികയും ദേശീയ പുരസ്‌കാര ജേതാവായ ഗീതു മോഹന്‍ദാസ് ആയിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. യാഷ് തന്നെയാണ് തന്റെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അപ്‌ഡേറ്റ് പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനൊപ്പം പ്രൊഡക്ഷന്‍ ഹൗസായ കെവിഎന്‍ പ്രൊഡക്ഷന്‍സും സഹകരിച്ചുള്ള പോസ്റ്റില്‍ ചിത്രത്തിന്റെ ഔദ്യോഗിക പേര് 2023 ഡിസംബര്‍ 8 ന് രാവിലെ 9:55 ന് പ്രഖ്യാപിക്കുമെന്നാണ് യാഷ് പറഞ്ഞിരിക്കുന്നത്. കെജിഎഫ് സിനിമകള്‍ക്ക് ശേഷം മറ്റ് സിനിമകള്‍ ഒന്നും തന്നെ യാഷിന്റെതായി പുറത്തിറങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ യാഷ് 19 ന് വേണ്ടി പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നിരവധി നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ മൂത്തോന്‍ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായതിനാല്‍ പ്രീ- റിലീസ് ഹൈപ്പ് നല്ലപോലെ യാഷ് 19 നുണ്ട്.